Saturday, 28 March 2015

വലിയവധി


        പത്തിലെ വലിയവധിക്കാലത്തേക്കായി‌ രണ്ട്‌ മഹാ പ്രശ്നങ്ങളാണ് എന്നെ അലട്ടിയിരുന്നത്‌.ഏപ്രിൽ മാസത്തിൽ മരം കയറ്റം പഠിച്ചിട്ട്‌,മേയ്‌ മാസത്തിൽ ആനിക്കാവിള സ്വന്തമായി പറിച്ച്‌ തിന്നണം.
പിന്നെ മേയ്‌ ഇരുപത്തി ഏഴിനു റിസൽട്ട്‌ വരുമ്പോൾ ഡിസ്റ്റിങ്ങ്ഷൻ ഉണ്ടെങ്കിൽ വെല്ല്യാന്റി തരാമെന്ന് പറഞ്ഞിരിക്കുന്ന കളർ റ്റിവി മേടിക്കാൻ പോകണം.
റ്റിവി കൊണ്ട്‌ വന്നാൽ എവിടെ വെയ്ക്കും?മുന്നൂൂൂറു സ്ക്വയർഫീറ്റ്‌ വീട്ടിൽ ഇനി ഒരു ടിവി സ്റ്റാന്റ്‌ വെക്കാൻ ഇടയുണ്ടോ?ഇനി അടുക്കളയിൽ വെച്ചാൽ അടുപ്പിലെ പുക തട്ടി റ്റിവി കറുത്തു പോകത്തില്ലേ?പുറകിൽ കക്കൂസിലേക്ക്‌ കടക്കുന്നതിനു മുൻപുള്ള വരാന്ത അടച്ച്‌ കെട്ടി ഒരു മുറി ആക്കാനുള്ള പൈസ അച്ഛന്റെ കയ്യിൽ ഉണ്ടാകുമോ? ഇങ്ങനെയുള്ള  അരമാർക്ക്‌ ചോദ്യങ്ങൾ; ഒരു മാർക്ക്‌ ചോദ്യങ്ങളും,രണ്ട്‌ മാർക്ക്‌ ചോദ്യങ്ങളും അവസാനം എസ്സേ ചോദ്യങ്ങളുമായി മാറിയപ്പോൾ വലിയ ശല്യമില്ലാതെ എസ്‌.എസ്‌.എൽ.സി പരീക്ഷ കടന്നു പോയി....
           പിന്നെ അവധിക്കാലം.
കൂട്ടുകാരായ സഞ്ജുവും,രാജീവും,ജോണിയുമൊക്കെ കുട്ടിക്കുരങ്ങന്മാരേ പോലെ മരത്തിൽ ഓടിക്കയറുന്നത്‌ നോക്കി നിൽക്കുമ്പോൾ തന്നെ മുട്ടു വിറയ്ക്കുന്ന എനിക്ക്‌ മരം കയറ്റം ബാലി കേറാമലയായി തന്നെ തുടർന്നു.
     ഇടക്കിടെ ഒട്ടകവും സൂചിയും സ്വപ്നരൂപത്തിൽ വന്നെന്നെ ബുദ്ധിമുട്ടിക്കുന്നതല്ലാതെ മറ്റു ശല്യങ്ങളില്ലാതെ ദിവസങ്ങൾ കടന്ന് പോകാൻ തുടങ്ങി.
    മൂന്തോട്ടിലെ ഏകഭൂപ്രഭുവായ ഓശ്ശേരിൽ രാമൻ തിരുമേനിയുടെ ഏഴങ്ങനാട്ട്‌ പാടമായിരുന്നു അക്കാലത്തെ കളിമൈതാനം.കളിയെന്ന് പറഞ്ഞാൽ ക്രിക്കറ്റ്‌.രാവിലെ മുതൽ വൈകിട്ട്‌ വരെ കളിയോട്‌ കളി.
പാടത്തിന്റെ അങ്ങേക്കരയിലാണു മനക്കലെ യക്ഷിയമ്പലം.കാട്‌ പിടിച്ച്‌ കിടക്കുന്ന ആ ഭാഗത്തേക്ക്‌ ഞങ്ങളാരും പോകാറേയില്ല.ഞങ്ങൾ മാത്രമല്ല തിരുമേനി പോലും പോയിട്ടില്ലെന്നാ കേട്ടിട്ടുള്ളത്.
   
    ഞങ്ങളുടെ ക്രിക്കറ്റ്‌ പിച്ചിൽ നിന്നും സ്ട്രൈറ്റ്‌ ആയി സിക്സ്‌ അടിച്ചാൽ പന്ത്‌ നേരേ പോയി വീഴുന്നത്‌ എന്റെ  സ്വപ്നകാമുകിയായ ആ ആഞ്ഞിലിയുടെ ചുവട്ടിലായിരിക്കും.ഞാനും അടിച്ചിട്ടുണ്ട്‌ സിക്സുകൾ.ബൗളർ ഒന്ന് കയ്യുയർത്തിയാൽ പിടിച്ചേനെ എന്നു തോന്നുന്ന രീതിയിൽ കരഞ്ഞ്‌ നെലോളിച്ച്‌ ഇപ്പം ബൗണ്ടറി ആകും എന്ന രീതിയിൽ പോകുന്ന പന്ത്‌ ചിലപ്പോളൊക്കെ ഏഴങ്ങനാട്ട്‌ പറമ്പിലെത്തിയിരുന്നു..
       അങ്ങനെ ഏപ്രിൽ കഴിഞ്ഞു.പ്രതീക്ഷിച്ചത്‌ പോലെ ആ മാസം മരത്തിൽ കയറാൻ പഠിച്ചില്ല.ആനിക്കാവിള ഇല്ലാതെ ആര് എനിക്ക്‌ കോച്ചിംഗ്‌ തരും?എന്റെ അന്നത്തെ കുഞ്ഞ്‌ കൈപ്പത്തിയുടെ വലുപ്പത്തിൽ ഇഷ്ടം പോലെ പച്ച ആനിക്കാകൾ ആ ആഞ്ഞിലിയിൽ നിറയെ ഉണ്ടായിക്കിടക്കുന്നു.ഇപ്പം പഴുക്കും ,ഇപ്പം പഴുക്കും എന്നു കരുതി കാത്തിരിക്കാൻ തുടങ്ങിയിട്ട്‌ ഒരു മാസമായി..തിരുമേനിയെ പേടിച്ചിട്ടാ, അല്ലെങ്കിൽ ഞങ്ങൾ മരത്തിന്റെ ചുവട്ടിൽ തീയിട്ട്‌ പുകച്ചാലോ എന്ന് വരെ ആലോചിച്ചു.
അവധി തീരുന്നതിനു മുൻപ്‌ ആനിക്കാ പഴുത്തില്ലെങ്കിൽ മൊത്തം പറിച്ച്‌ വീട്ടിൽ കൊണ്ടുപോയി പുകയത്ത്‌ വെച്ച്‌ പഴുപ്പിക്കാമെന്ന് ഞങ്ങൾ തീരുമാനമെടുത്തു.ആഞ്ഞിലിയെ നോക്കി നെടുവീർപ്പിടുന്നുണ്ടെങ്കിലും കളിയിൽ ഒരു മുടക്കവും വരുത്തുന്നില്ലായിരുന്നു.ഞങ്ങൾ മൂന്നാലുപേർ മാത്രമല്ല,കിഴക്കേകൂടല്ലൂരു നിന്നും കൂട്ടുകാർ ഉണ്ടായിരുന്നു.അവർക്കാർക്കും മരം കേറ്റം അറിയത്തില്ല.മൂന്തോടുകാര് പിള്ളേർക്ക്‌ മാത്രം.മരം കയറ്റം അറിയാത്ത ഞാൻ കൂടല്ലൂരും അല്ല മൂന്തോടും അല്ലാത്ത അവസ്ഥയിലായി.ആകെ നാണക്കേട്‌!!
മരം കയറ്റം അറിയാത്തവരാണു ആനിക്കാവിള  പറിക്കുന്ന തോട്ടി ഉണ്ടാക്കേണ്ടത്‌.തോട്ടി എന്ന് പറയുന്ന സാധനം വളവില്ലാത്ത നല്ല നീളമുള്ള ചൂട്ടുമടൽ ചെത്തി എടുക്കുന്നതാണ്.കുറേ തോട്ടി ഉണ്ടാക്കണം.വളഞ്ഞ്‌ പോയാൽ മാറി ഉപയോഗിക്കാൻ ആണ്.പേരക്കായും മറ്റും പറിക്കാൻ പൈപ്പ്‌ കെട്ടുന്നതു പോലെ അല്ല ആനിക്കാവിള പറിക്കാൻ പൈപ്പ്‌ കെട്ടുന്നത്‌.ഒരു കൈച്ചാൺ നീളത്തിൽ മുറിക്കുന്ന വണ്ണം കുറഞ്ഞ കാഞ്ഞിരക്കമ്പാണു പൈപ്പ്‌.കമ്പ്‌ വെട്ടി തൊലി കളഞ്ഞ്‌ അതിന്റെ പകുതിയിൽ നിന്നും താഴോട്ട്‌ കൂർപ്പിക്കും.കൂർപ്പിക്കാത്ത ഭാഗം തോട്ടിയുടെ അറ്റത്ത്‌ ചേർത്ത്‌  വരിഞ്ഞ്‌ മുറുക്കി കെട്ടും.പ്ലാസ്റ്റിക് വള്ളിയുടെ അറ്റത്ത്‌ ഒരു കുടുക്കുണ്ടാക്കി തോട്ടിയുടേയും പൈപ്പിന്റേയും മുകൾഭാഗം ചേർത്ത്‌ വലിച്ച്‌ മുറുക്കി വട്ടം ചുറ്റിക്കെട്ടാൻ തുടങ്ങും.പൈപ്പിന്റെ പകുതി ഭാഗം വരെ വരുമ്പോൾ വള്ളി പൈപ്പിന്റേയും,തോട്ടിയുടേയും ഇടയിലൂടെ എടുത്ത്‌ നാലഞ്ച്‌ തവണ കോർക്കും.എന്നിട്ട്‌ വീണ്ടും വട്ടം കെട്ടും.അപ്പോൾ ഒരു ആനിക്കാ ഞെടുപ്പ്‌ മാത്രം കയറുന്ന രീതിയിൽ പൈപ്പ്‌ വാ പൊളിക്കും.ഞാൻ ആയിരുന്നു മിക്കവാറും തോട്ടി കെട്ടുകാരൻ.
        മരത്തിൽ കയറി വിള പറിക്കാൻ കഴിയാത്തവർ താഴെ നിൽക്കും .രണ്ട്‌ പേർ ചേർന്ന് ഒരു തോർത്ത്‌ വിരിച്ച്‌ പിടിക്കും.അതിലേക്ക്‌ മുകളിലിരിക്കുന്നവർ ആനിക്കവിള പറിച്ച്‌ ഇട്ട്‌ തരും.അങ്ങനെ കഴിഞ്ഞ കൊല്ലം വരെ കൂട്ടുകാരുടെ ഔദാര്യത്തിൽ കഴിച്ച്‌ കൂട്ടി.
   ഇതിനിടെ ചില സ്വയം പരീക്ഷണങ്ങൾ ഞാൻ ചെയ്യാൻ തുടങ്ങിയിരുന്നു.കളിയിൽ  നിന്നും അവധി  എടുത്ത്‌ തറവാട്ടിലെ അനിയനുമായി അവിടെയുള്ള ഒരു ആഞ്ഞിലിയിൽ കയറാൻ തുടങ്ങി.രണ്ട്‌ മൂന്ന്  ദിവസങ്ങൾ കൊണ്ട്‌ ഞാൻ കുറച്ച്‌ ആത്മവിശ്വാസി ആയി മാറി.
    ഒരു ദിവസം വൈകുന്നേരം ഞങ്ങളുടെ കളി മുടക്കിക്കൊണ്ട്‌ വേനൽ മഴ പെയ്തു.അന്നത്തെ കളി മുടക്കിയ വിഷമത്തിൽ വീട്ടിൽ പോയ ഞങ്ങൾ പിറ്റേന്ന് പാടത്ത്‌ വന്ന് നോക്കുമ്പോൾ കാണുന്ന കാഴ്ച...
                   ... തലേന്ന് വരെ ഞങ്ങളെ പരിഹസിച്ച്‌ കൊണ്ട്‌ നിന്നിരുന്ന പച്ച ആനിയ്ക്കാകൾ ഇളംവെയിലത്ത്‌ സ്വർണ്ണക്കുട്ടപ്പന്മാരായി കേറിവാടാ മക്കളെ എന്നും പറഞ്ഞ്‌ കൊണ്ട്‌ തൂങ്ങിക്കിടക്കുന്നു.!!!!!!
     സഞ്ജുവും,രാജീവും,ജോണിയും മറത്തിന്റെ നേരേ ഓടി.ഞാൻ കൂടല്ലൂർക്കും.അവിടെ ചെന്ന് പള്ളിമുറ്റത്തു നിന്നും കൂട്ടുകാരേയും പെറുക്കിക്കൂട്ടി വന്നപ്പോൾ മൂന്തോട്‌ മരംകയറ്റക്കാർ മരത്തിന്റെ മുകളിൽ കയറി തീറ്റ തുടങ്ങിയിരുന്നു.
   
    അത്രയും ആസ്വദിച്ച്‌ അന്നു വരെ ആനിക്കാവിള കഴിച്ചിട്ടില്ലായിരുന്നു..എത്ര നാളത്തെ കാത്തിരിപ്പാ.!!!!!!
ആ ആനിയ്ക്കായെ ഞങ്ങൾ രാമവിള എന്നാണു പറന്നിരുന്നത്‌.ഒരു ടെന്നീസ്‌ ബോളിലും അൽപം കൂടിയേ അതിനു വലുപ്പം കാണൂ.പക്ഷേ അതിന്റെ രുചി..പതിനഞ്ച്‌ ചുളയിൽ കൂടുതൽ കാണില്ല.നല്ല വലുപ്പമുള്ള ചുളകൾ ആണ്.പതിനഞ്ച് വിള കഴിക്കാൻ പറ്റില്ല.അപ്പോഴേക്കും ഞങ്ങളുടെ വയർ വീർത്തു പൊട്ടാറാകും.മിച്ചം വരുന്നത്‌ ഞങ്ങൾ വീട്ടിൽ കൊണ്ടുപോകും.
     ആഘോഷമായി താഴെ നിന്ന് ആനിയ്ക്കാവിള കഴിച്ച്‌ വരുന്നതിനിടയിൽ എനിക്കൊരു ശത്രു വന്നു കൂടി.മൂന്തോട്ടിൽ തന്നെയുള്ള ഒരു ജോസൂട്ടി.അമ്മവീട്ടിൽ നിന്നു പഠിച്ചിരുന്ന അവൻ പത്താം ക്ലാസ്സ്‌ കഴിഞ്ഞതിൽ പിന്നെ സ്വന്തം വീട്ടിലേക്ക്‌ പോന്നു.നല്ല തടിയുള്ള അവൻ രാമവിള പറിയ്ക്കാൻ കയറാൻ തുടങ്ങി.അന്നേ ഒരു അമ്പത്‌ കിലോയുള്ള  അവൻ മരത്തിൽ കയറിയത്‌ എനിക്ക്‌ സഹിക്കാൻ പറ്റിയില്ല.നാണക്കേടിന്റെ പൊടിപൂരം...ആരും എന്നെ കളിയാക്കുന്നില്ലെങ്കിലും എനിക്കെന്നോട്‌ തന്നെ പുച്ഛം തോന്നി.ഹും!!!
   മരത്തിൽ കയറിയിട്ടേ ഇനി ബാക്കി കാര്യമുള്ളൂ..ആങ്ങ്‌ ഹാ!!!!
അവൻ വന്ന അന്നത്തെ ദിവസം അങ്ങനെ പോയി.
പിറ്റേ ദിവസം അവന്മാർ കയറിയത്‌ ഒന്നൂടെ കണ്ട്‌ പഠിച്ചു...
മുണ്ടിന്റെ മടക്കിക്കുത്തഴിച്‌ താറുടുത്തു .അരയിൽ ഒരു തോർത്ത്‌ കെട്ടി.
ആഞ്ഞിലിയുടെ അടുത്ത് ഒരു തെങ്ങു നിൽപ്പുണ്ട്‌.അതിൽ തളപ്പിട്ട്‌ ഒരു  പത്തടിയോളം കയറണം.അത്രയും കയറിയാൽ അവിടെ നിന്നും തെങ്ങിലോട്ട്‌ ചേർന്ന് നിൽക്കുന്ന ആഞ്ഞിലിക്കമ്പിൽ ഒരു കൈവിട്ട്‌ തൂങ്ങണം.വലത്‌ കൈ കൊണ്ട്‌ ആഞ്ഞിലിക്കമ്പിൽ പിടിച്ചാൽ പിന്നെ മറ്റേ കൈയും വിട്ട്‌ കമ്പിൽ പിടിക്കണം.അതോടൊപ്പം തന്നെ രണ്ട്‌ കാലും തെങ്ങിൽ നിന്നും വിടണം.കൂട്ടത്തിൽ കാലിൽ കിടക്കുന്ന തളപ്പ്‌ കുടഞ്ഞ്‌ കളയണം.തിയറി കണ്ട്‌ പഠിച്ചത്‌ പോലെ ഇത്രയും ഞാനും ചെയ്തു.
ദാ തൂങ്ങിക്കിടക്കുന്നു.ആദ്യത്തെ ആവേശമൊന്നും ഇപ്പോൾ ഇല്ല.തെങ്ങിൽ പിടിച്ച്‌ തിരികെ ഇറങ്ങാനുള്ള കഴിവുമില്ല.അല്ലെങ്കിലും ആയില്യം നക്ഷത്രക്കാർക്ക്‌ ഇച്ചിരി എടുത്തുചാട്ടം കൂടുതലാ.തിരിച്ച്‌ കയറാനൊട്ട്‌ അറിയത്തുമില്ല.ഒരു വിധത്തിൽ ഞാന്ന് ഞാന്ന് ആഞ്ഞിലിയുടെ തായ്ത്തടിയിൽ എത്തി.
   തൂങ്ങി വന്ന ശിഖരത്തിൽ നിന്നും നേരിട്ട്‌ മരത്തിൽ കയറാൻ പറ്റത്തില്ല.ആ കമ്പിന്റെ ഏതാണ്ട്‌ നേരേ വേറൊരു കമ്പ്‌ അൽപം ചെരിഞ്ഞ്‌ മുകളിലോട്ട്‌ പോകുന്നുണ്ട്‌.ആ കമ്പിൽ വലത്‌ കൈകൊണ്ട്‌ പിടിച്ച്‌ മരത്തിന്റെ തായ്ത്തടിയിൽ ചവുട്ടി ഉയർന്ന് ഇടത്‌ കാൽ തൂങ്ങിയ കമ്പിൽ എടുത്ത്‌ കുത്തി,തടിയിൽ ചവുട്ടിയിരിക്കുന്ന വലത്‌ കാൽ കുറേശ്ശേ പൊക്കി ആ ചെരിഞ്ഞ കമ്പിൽ വെക്കണം.അതോടൊപ്പം രണ്ട്‌ കൈ കൊണ്ടും തായ്ത്തടിയിൽ കെട്ടിപ്പിടിക്കണം.അല്ലെങ്കിൽ ഉറപ്പായും ബാലൻസ്‌ പോകും.ഏതാണ്ട്‌ നിവർന്ന് കഴിഞ്ഞാൽ പിന്നെ ഇടത്‌ കാലും കൂടെ വലതു വലത്‌ കാൽ കുത്തിയിരിക്കുന്ന കമ്പിൽ കുത്താം.ഇത്രയുമായാൽ നിവർന്ന് നിന്ന് ശ്വാസം വിടാം.പിന്നെ കുറേശ്ശേ ചവുട്ടി ചവുട്ടി കയറിപ്പോകാം.
എങ്ങനെയൊക്കെയോ ഇത്രയും കാര്യങ്ങളൊക്കെ സാധിച്ച്‌ ഞാനും ആഞ്ഞിലിയുടെ മുകളിലെത്തി.മരത്തെ വട്ടം കെട്ടിപ്പിടിച്ചിരുന്നു.
കിതപ്പ്‌ മാറിയപ്പോൾ അവന്മാർ പറിച്ചു തരുന്ന വിളകൾ തിന്നാൻ തുടങ്ങി.അൽപം കഴിഞ്ഞ്‌ ഞാനും രാമവിള പറിക്കാൻ തുടങ്ങി.ഹോ!അപ്പോൾ അനുഭവിച്ച സുഖം.പറഞ്ഞറിയിക്കാൻ വയ്യാ.
തിന്നു മടുത്തപ്പോൾ താഴെ ഇറങ്ങി.അവന്മാർ ആഞ്ഞിലികമ്പിൽ കൂടി നടന്ന് തെങ്ങിൽ പിടിച്ച്‌ ഊർന്നിറങ്ങും.
ഞാൻ വളരെ പാട്‌ പെട്ട്‌ കേറിയതിന്റെ വിപരീത പണിയൊക്കെ നടത്തി കമ്പിൽ തൂങ്ങി തെങ്ങു വരെ വന്ന് തെങ്ങിനെ ഒറ്റകെട്ടിപ്പിടുത്തമാണു.അപ്പൊ തന്നെ പിടിയും വിടും.പടേന്ന് ഊർന്നിങ്ങ്‌ പോരും.ചങ്കിലെയും ,വയറ്റിലേയും,തുടയിലേയും കുറച്ച്‌ തൊലിയൊക്കെ പോയാലെന്നാ ആനിക്കാവിള പറിക്കാൻ പറ്റിയില്ലേ.
      അങ്ങനെ മൂന്നാലു ദിവസം കൊണ്ട്‌  ഞാനും വലിയ തെറ്റില്ലാത്ത ഒരു കേറ്റക്കാരനായി.
 
     നമ്മുടെ ജോസൂട്ടിക്ക്‌ ഒരു കുഴപ്പമുണ്ടായിരുന്നു.പകൽ സമയത്ത്‌ കുറഞ്ഞത്‌ ഒരു പത്ത് തവണ എങ്കിലും അവനെ പ്രകൃതി വിളിക്കും.വിളിപ്പാടുണ്ടാകുന്നതിനു മുൻപ്‌ ശബ്ദമില്ലാതെ എക്കിളെടുക്കുന്നത്‌ പോലെയും,വീർപ്പിച്ച ബലൂണിൽ കൈ ഓടിച്ചാൽ കേൾക്കുന്നത്‌ പോലെയും വിവിധയിനം മുന്നോടിശബ്ദങ്ങൾ അവൻ പുറപ്പെടുവിച്ചിരുന്നു.
   ക്രിക്കറ്റ്‌ കളിക്കുമ്പോളായിരുന്നു അവനേക്കൊണ്ട്‌ ഞങ്ങൾ സഹികെട്ടിരുന്നത്‌. .
 
.അവൻ പന്ത്‌ ഡിഫൻഡ്‌ ചെയ്താൽ പ്രശ്നമില്ല,ഒരു ബൗണ്ടറിക്കോ,സിക്സിനോ ശ്രമിച്ചാൽ പിന്നെ പതിനഞ്ച്‌ മിനിറ്റ്‌ എങ്കിലും എടുക്കും ചിരിച്ച്‌ കുഴഞ്ഞ്‌ താഴെവീഴുന്ന സഹകളിക്കാർ നോർമ്മലായി എഴുന്നേറ്റു വരാൻ.
റണ്ണിംഗ്‌ ബിറ്റ്വീൻ ദ്‌ വിക്കറ്റ്‌ അതിലും ദയനീയം.ഒരു സിംഗിളിനു ഓടിയാൽ  കുറഞ്ഞത്‌ നാലെണ്ണവും,അബദ്ധവശാൽ ഡബിളിനു ഓടിയാൽ ഒരു ആറേഴെണ്ണവും അവന്റെ കീഴ്ഭാഗത്ത്‌ നിന്നും ഭൂമീദേവിയെ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞിരുന്നു..പൊറിയൻ എന്ന പേരു വീഴാൻ അധിക ദിവസങ്ങൾ വേണ്ടിവന്നില്ല.അവന് പ്രകൃതിക്ക് പോയി വരാൻ സൗകര്യത്തിനു വേണ്ടി ചിലപ്പോൾ കളിക്ക്‌ ബ്രേക്ക്‌ ഇടേണ്ടി വരെ വന്നിരുന്നു.
       കളിയും മരം കേറ്റവുമായി ദിവസങ്ങൾ കഴിഞ്ഞ്‌ പോയത്‌ അറിയുന്നില്ലായിരുന്നെങ്കിലും രാമവിള തീരുന്നത്‌ അറിയുന്നുണ്ടായിരുന്നു.ഇനി രണ്ടോ മൂന്നോ ദിവസം പറിക്കാനുള്ള ആനിയ്ക്കായേ ഉള്ളൂ എന്നത്‌ ഒരു ഭീകരയാഥാർത്ഥ്യമായി ഞങ്ങളെ തുറിച്ചു നോക്കി.
    ഒരു ദിവസം ഞങ്ങൾ പാടത്തേക്ക്‌ പോകാനായി ജോസൂട്ടിയെ വിളിക്കാൻ അവന്റെ വീട്ടിൽ ചെന്നു.അവൻ പരപരാ വെളുത്തപ്പോൾ വീട്ടിൽ നിന്നും ഇറങ്ങിയതാണെന്ന് അവന്റമ്മ ചിന്നമ്മച്ചേച്ചി പറഞ്ഞു.
 
      ഞങ്ങൾക്ക്‌ അപകടം മനസ്സിലായി.ഞങ്ങൾ ഓടി.കാലമാടൻ പെരുവയറനെ ഒറ്റക്ക്‌ തീറ്റിക്കാൻ പറ്റില്ലല്ലോ.ആഞ്ഞിലിയുടെ ചുവട്ടിൽ ചെന്നപ്പോളേ കേട്ടു ചറപറാന്ന് ആനിക്കുരു താഴെ വീഴുന്ന ഒച്ച.
     പിന്നെ ഓന്നും മടിച്ചില്ല.അള്ളിപ്പിടിച്ച്‌ കയറാൻ തുടങ്ങി.ആഞ്ഞിലിയുടെ തായ്ത്തടിയിൽ ഞങ്ങൾ നാലുപേരും ഏതാണ്ട്‌ ഒരുപോലെ വലിഞ്ഞെത്തിയപ്പോൾ മരച്ചില്ലകൾ ഉലയുന്ന ശബ്ദം കേട്ടു.ജോസൂട്ടി താഴോട്ട്‌ ഊർന്നിറങ്ങി വരുന്നു.
ഞങ്ങൾ വാലുവാലെ കയറാൻ  തുടങ്ങി...
   "തിന്ന് മട്ത്ത്ട്ട്ണ്ടാവും ശവം .ഇറങ്ങിപ്പോക്വാ "
"ഒതുങ്ങിക്കേടാ,കുറച്ച്‌ പടുവിള കഴിച്ചു."
അവൻ ഊർന്നു ഞങ്ങളുടെ തലക്ക്‌ മുകളിൽ വരെ വന്നിരുന്നു.
ഒന്നുകിൽ ചാടി രക്ഷപെടണം,അല്ലെങ്കിൽ ...
കയറുന്ന മരത്തിൽ നിന്നും ഓവർടേക്ക്‌ ചെയ്ത്‌ ഇറങ്ങാനും കയറാനും ഞങ്ങൾ കൊടകരക്കാരല്ലല്ലോ!!!
ഞങ്ങൾ കൂടുതൽ ചിന്തിക്കുന്നതിനു മുൻപേ തന്നെ ജോസൂട്ടിയെ പ്രകൃതി കനിഞ്ഞനുഗ്രഹിച്ചു.അനുഗ്രഹവർഷം എന്റെയും രാജീവിന്റെയും,സഞ്ജുവിന്റെയും,ജോണിയുടെയും ശരീരത്തിലൂടെ ആഞ്ഞിലിക്കുരുവിന്റെയും,അളിഞ്ഞ ചുളയുടെയും രൂപത്തിൽ പെയ്തിറങ്ങി.
       ഒരു കൈ കൊണ്ട്‌ അനുഗ്രഹം വടിച്ചെറിഞ്ഞ്‌ മുകളിലേക്ക്‌ നോക്കി.അവനതാ മുകളിലേക്ക്‌ കയറി വലിയൊരു കമ്പിൽ ചവുട്ടി നിന്ന് മുണ്ട്‌ കുടഞ്ഞുടുക്കുന്നു.
  അനുഗ്രഹത്തിനു നന്ദി പറയേണ്ടത്‌ മരത്തിനു മുകളിൽ വെച്ച്‌ വേണോ,താഴെ ഇറങ്ങിയിട്ട്‌ മതിയോ എന്നു മാത്രമേ ആശയക്കുഴപ്പമുണ്ടായിരുന്നുള്ളൂ.
  അപ്പോൾ മരത്തിനു മുകളിൽ നിന്നും അശരീരി.
"ഇനി നിങ്ങൾ ഇറങ്ങിക്കോടാ,ഞാൻ പറിച്ചിട്ട്‌ തരാം "
"ഓ, വേണ്ടെടാ ഉവ്വേ.വിശപ്പൊക്കെ പോയി.നീയിങ്ങിറങ്ങിപ്പോരേ "
ഞങ്ങൾ താഴെയെത്തി.
തെങ്ങിൽ നിന്നും ഊർന്ന് വരുന്ന ജോസൂട്ടിയെ മണ്ണിൽ സ്പർശ്ശിക്കാതെ എട്ടുകൈകൾ താങ്ങി.തിരുമേനിയുടെ വാഴത്തോട്ടത്തിലേക്ക്‌ ഒരു കുഞ്ഞുഘോഷയാത്ര.
      പൊടിപടലങ്ങൾ,പറക്കുന്ന കരിയിലകൾ,മാനഭംഗം,പാലുകാച്ച്‌,കല്യാണം,പാലുകാച്ച്‌ ,,കല്യാണം.
അവശനും ദിഗംബരനുമായി കിടക്കുന്ന ജോസൂട്ടിയേം വഹിച്ച ഘോഷയാത്ര പാടത്തെ കുളത്തിലേക്ക്‌ നീങ്ങി.കുളി കഴിഞ്ഞ്‌ വീണ്ടും ആഞ്ഞിലിയിലേക്ക്‌.
                       ★
    മൂന്നാലു ദിവസത്തിനകം എസ്‌.എസ്‌.എൽ.സി.റിസൽറ്റ്‌ വന്നു.നാലുമാർക്കിനു എന്റെ ദശാബ്ദക്കാലത്തെ സ്വപ്നം മിസ്സായി.പിന്നെയും അഞ്ച് വർഷം കഴിഞ്ഞാണ് എന്റെ അമ്മി സീരിയൽ അഡിക്റ്റ് ആയത്.

51 comments:

 1. സുധീഷിന്റെ വലിയവധി വായിച്ചപ്പോൾ. എനിക്കെന്റെ ബാല്യകാലമാണ് ഓർമ്മ. വന്നത് ജോസൂട്ടിയുടെ മരം കേറ്റം എന്നെ ഒരുപാട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു . എന്റെ നാട്ടിൽ ആനിക്കാവിള. ഞാൻ കണ്ടിട്ടില്ല. എന്തായാലും വളരെ നന്നായിട്ടുണ്ട്...ഇനിയും എഴുതണം .എന്റെ ബാല്യകാലം ഓർമ്മിപ്പിച്ചതിന് ആദ്യമേ നന്ദി പറയുന്നു....

  ReplyDelete
  Replies
  1. ഒരിക്കലും തിരിച്ച്‌ കിട്ടാത്ത ആ ബാല്യകാലം...എന്തെല്ലാമോ നഷ്ടപ്പെട്ടത്‌ പോലെ..

   ആനിക്കാവിള എന്ന് പറയുന്നത്‌ ആഞ്ഞിലിമരത്തിൽ ഉണ്ടാകുന്ന സാധനം.ആഞ്ഞിലിച്ചക്ക എന്നൊക്കെ വിളിക്കൂന്നുണ്ടോ??ശ്ശീ. നാണക്കേട്‌.

   Delete
 2. ഈ ഭാഷ കൈവിട്ടുകളയാതെ സൂക്ഷിക്കണം. മീഡിയയുടെ അതിപ്രസരം മൂലം ഒറിജിനൽ നാടൻ മലയാളം ഇല്ലാതായിക്കൊണ്ടിരിക്കയാണ്. തെളിഞ്ഞ മലയാളം കലങ്ങിക്കൊണ്ടിരിക്കുന്നു. (പിന്നെ “ആനിക്കാവിള’ എന്നൊക്കെ പറയുന്നതുകൊണ്ട് കോട്ടയം/പാലാ ഭാഗത്താണു വീട് എന്ന് സംശയിക്കുന്നു).

  ReplyDelete
  Replies
  1. അതെ.പാലായ്ക്കടുത്തുള്ള കിടങ്ങൂരാണു വീട്‌.

   ഞാൻ എന്റെ പ്രൊഫൈലിൽ പറഞ്ഞിരിക്കുന്ന പോലെ പഴയകാല ബ്ലോഗർമ്മാരെ മുഴുവൻ കുത്തിയിളക്കിയിട്ടുണ്ട്‌.താങ്കൾ അടക്കമുള്ള എല്ലവരും മറുപടിയും തരുന്നുണ്ട്‌.ഏറ്റവും സന്തോഷം തോന്നിയത്‌ എച്മുച്ചേച്ചിയും,വിശാലമനസ്കൻ സജീവേട്ടനും മറുപടി തന്നതാണു.പിന്നെ കണ്ണൂരാൻ,സതീഷ്‌ ചേട്ടൻ എന്നു വേണ്ട എല്ലാവരും എത്ര നല്ലവരാണു..അന്നത്തെ ബ്ലൊഗർമ്മാരിൽ എച്മുച്ചേച്ചി മാത്രം എഴുതുന്നുള്ളൂ.മറ്റുള്ളവരും എഴുതിയിരുന്നെങ്കിൽ!!!!

   Delete
 3. Good memories. Interesting too.keep writing

  ReplyDelete
 4. സതീശേട്ടാ.,നന്ദി!!!!
  അപ്പുക്കുട്ടനെ നോക്കി ഇരിക്കാൻ തുടങ്ങിയിട്ട്‌ രണ്ട്‌ മാസമായി.ഹും!!!!!

  ReplyDelete
 5. എതിരന്‍ കതിരവന്റെ കമന്റ് കിട്ടിയതില്‍പരം മറ്റെന്തു അഭിനന്ദനമാണ് നിനക്കിനി വേണ്ടത്.
  എഴുത്തിലെ ഈ ശൈലിയാണ് വായനാസുഖം നല്‍കുന്നത്.
  നര്‍മ്മാനുഭവം പെട്ടെന്ന് ക്ലിക്കാകും. തുടര്‍ന്നും എഴുതൂ.. വായിക്കാന്‍ ഞങ്ങളൊക്കെ ഉണ്ടെടാ സുധ്യേ.

  ReplyDelete
  Replies
  1. കണ്ണൂസേ!!!!

   നിങ്ങളൊക്കെ കത്തി നിന്നിരുന്ന ആ ഒരു സമയത്ത്‌ ഞാൻ Rocketalk എന്ന ചാറ്റ്‌ ആപ്പ്ലിക്കേഷനുമായി കുത്തിമറിയുകയായിരുന്നു.അന്നൊന്നും ഞാൻ ബ്ലോഗ്‌ എന്ന് കേട്ടിട്ട്‌ പോലുമില്ല.നല്ല വിഷമമുണ്ട്‌...ആ വിഷമം ഞാൻ അക്കാലത്തെ ബ്ലോഗ്‌ വായിച്ച്‌ തീർക്കുന്നു...

   കണ്ണൂരാൻ എത്ര അനുഗ്രഹീതനായ എഴുത്തുകാരനാണു.മാന്ത്രികശക്തിയുള്ള ആ തൂലിക ഇനിയും ചലിക്കട്ടെ!!!!
   നല്ല വാക്കുകൾക്ക്‌ നന്ദി.!!

   Delete
 6. ആനിക്കാവിള എന്നു കേട്ടപ്പോൾ ഒന്നും മനസ്സിലായില്ല. ഇതേതുവിള എന്നായി ചിന്ത. ‘കളിയിക്കാവിള’ എന്നൊരു സൂപ്പർഫാസ്റ്റ് ആനവണ്ടി പാഞ്ഞു പോകുന്നത് പലപ്പോഴും ഹൈവേയിൽ കണ്ടിട്ടുണ്ട്.

  പിന്നെ ആഞ്ഞിലിയിൽ കയറിയാണ് ആനിക്കാവിള പറിക്കുന്നതെന്നു കേട്ടപ്പഴാണ് ശ്വാസം നേരെ വീണത്. ഇത് ഞങ്ങടെ ‘ആഞ്ഞിലിച്ചക്ക’ തന്നെ..!
  എന്തായാലും മരത്തേ കയറാൻ പഠിച്ചൂല്ലൊ.
  അല്ലെങ്കിലും ഗ്രാമവാസികൾക്ക് മരത്തേ കയറാൻ എന്താ ബുദ്ധിമുട്ട്. ഒന്നും പഠിക്കാതെ തന്നെയങ്ങു കയറിക്കൊള്ളുമല്ലോ...!
  ആശംസകൾ...

  ReplyDelete
 7. മീനച്ചിൽ,പാലാ ഭാഗങ്ങളിൽ ആഞ്ഞിലിക്ക്‌ ആനി എന്നും പറയും.പൊതുവേ ആഞ്ഞിലിക്കാവിള,ആനിയ്ക്കാവിള എന്നാണു അതിനെ്റ്റെ കായെ പറയുന്നത്‌.

  പക്ഷേ ഇത്രയും ചെറിയ സാധനത്തെ ആഞ്ഞിലിച്ചക്ക എന്നൊക്കെ വിളിക്കുന്നത്‌!!!!!!!!!!!!!!!!!!

  ReplyDelete
 8. ഓ.... ആഞ്ഞിലിച്ചക്കയെയാണോ ഈ ആനിക്കാവിള എന്നൊക്കെ പറയുന്നത്...
  ഓര്‍മകള്‍ രസകരമായി.... മരം കയറ്റം ഇത്രയും വിശദീകരിക്കണമായിരുന്നോ...
  എത്രയെഴുതിയാലും തീരാത്ത ഒരു ഓര്‍മ്മപ്പുസ്തകമല്ലോ.. ബാല്യം...
  ഇനിയും പോരട്ടെ....

  ReplyDelete
 9. കല്ലോലിനി നന്ദി!!!!
  വിവരണം കൂടിപ്പോയോ??ഇഷ്ടപ്പെട്ടോ??

  ഇനി ഞാൻ എന്തെങ്കിലും എഴുത്യാൽ ശ്രദ്ധിക്കാം .കേട്ടോ.

  ReplyDelete
 10. ഒട്ടും കൃത്രിമത്വമില്ലാതെ പറഞ്ഞു. ബാല്യകാലവിശേഷങ്ങള്‍ വായിക്കുമ്പോള്‍ ഒരു സുഖം... അത് നമ്മളിലും ചില ഓര്‍മ്മകള്‍ ഉണര്‍ത്തും. സുധീ... ഇനിയും എഴുതൂ...

  ReplyDelete
 11. വായിച്ചതിൽ സന്തോഷം സുധീർച്ചേട്ടാ!!!
  ഇടക്കൊക്കെ എന്നെ അന്വേഷിച്ച്‌ വരണേ!!

  ReplyDelete
 12. കുട്ടിക്കാലത്തെ അനുഭവങ്ങൾ അതിന്റെ രസം ഒട്ടും ചോർന്നുപോകാതെ അവതരിപ്പിക്കാൻ കഴിഞ്ഞു. പഴയ ആ മനോഹരമായ കാലത്തേപ്പോലെ ഒട്ടും രാസമാലിന്യമില്ലാത്ത ലളിതമായ ഭാഷ..

  ReplyDelete
 13. മുഹമ്മദേട്ടൻ കോളാമ്പിയിൽ ആദ്യം വന്നതാണല്ലൊ...
  ഇഷ്ടമായതിൽ സന്തോഷം...

  ReplyDelete
 14. കുട്ടിക്കാലഓർമ്മകൾ രസകരമായി നിഷ്കളങ്കതയോടെ വിവരിച്ചിരിക്കുന്നു. പിന്നെ എല്ലാവരും സംശയിച്ചപോലെ എനിക്കും ആനിക്കാവിള എന്താണെന്നു മനസ്സിലായില്ല. പിന്നീടാ പിടികിട്ടിയെ ആഞ്ഞിലിചക്കയാണെന്ന് . അതിനിത്രയും ടേസ്റ്റ് ഉണ്ടോ? എന്തായാലും സുധിയുടെ വാക്കുകളിൽകൂടി ആനിക്കാവിള വളരെ രുചികരമായ ഒന്നാണെന്ന് മനസ്സിലാക്കുന്നു. കുട്ടിക്കാലഓർമ്മകൾ ഒരുപാടിഷ്ടപ്പെടുന്ന കൂട്ടത്തിലാണ് ഞാനും. ഇനിയും കൂടുതൽ എഴുതൂ. എല്ലാ ആശംസകളും.

  ReplyDelete
 15. ഗീതച്ചേച്ചീ,
  ഞങ്ങൾ കുറച്ച്‌ പേർക്ക്‌ മരണം വരെ മറക്കാനാവാത്ത ഓർമ്മകൾ തന്നതാണു ഞാൻ ആ പറഞ്ഞ ഏഴങ്ങനാട്‌ പറമ്പും,ആ ആഞ്ഞിലിയും..
  അത്ര ടേസ്റ്റി ആയ മറ്റൊരു സാധനവുമില്ല.
  വായിച്ചു ഇഷ്ടമായെന്ന് പറഞ്ഞതിനു നന്ദിയുണ്ട്‌.!!!

  ReplyDelete
 16. നന്ദി ഡോക്ടർ..ഇനിയും കാണാം.

  ReplyDelete
 17. ഞാനും ഈ ആനിക്കാവിളയിൽ ആദ്യം കുടുങ്ങി....പിന്നെ എല്ലാവരും പറഞ്ഞപോലെ മനസ്സിലാക്കി.നല്ല എഴുത്ത്...അഭിനന്ദനങ്ങൾ

  ReplyDelete
  Replies
  1. എന്റെ ബ്ലോഗിൽ ആദ്യം വന്ന് ഒരു കമന്റിടാൻ സന്മനസ്‌ കാണിച്ച ആളാണ് അരീക്കോടൻ സർ...
   ഞാൻ ബ്ലോഗിൽ ഉള്ളിടത്തോളം കാലം മറക്കില്ല.

   ഈ പോസ്റ്റിലും വന്നതിനു ആയിരമായിരം നന്ദി.

   Delete
 18. ആ ആഞ്ഞിലി ചക്കയുടെ സ്വാദ് പോലെ തന്നെ
  മധുര സുന്ദരമായ വിസ്മരിക്കാനാവാത്ത ഒരു ബാല്യകാല സ്മരണ

  ReplyDelete
  Replies
  1. മുരളിച്ചേട്ടാ,
   എന്റെ എല്ലാ പോസ്റ്റിലും വന്നതിനു നന്ദി.

   Delete
 19. നമ്മള്‍ക്ക് മറക്കുവാന്‍ ആവാത്ത ആ ബാല്യകാലം ഒരിക്കല്‍ കൂടി തിരികെ ലഭിക്കുവാന്‍ ആഗ്രഹിക്കാത്തവരായി ആരുണ്ട്‌ ഈ ഭൂലോകത്തില്‍ .പ്രാരാബ്ദങ്ങളും വേവലാതികളും ഇല്ലാതിരുന്ന എന്‍റെ ആ നാല്ല ബാല്യകാലത്തേക്ക് ഒരിക്കല്‍ കൂടി എന്നെ കൂട്ടിക്കൊണ്ടുപ്പോയി സുധിയുടെ എഴുത്ത് ആശംസകള്‍

  ReplyDelete
  Replies
  1. നല്ല വാക്കുകൾക്ക്‌ നന്ദി ചേട്ടാ....

   Delete
 20. കൊള്ളാം വളരെ നന്നായിട്ടുണ്ട്. ......

  ReplyDelete
  Replies
  1. കണ്ണാ,
   നമ്മുടെ ബാംഗ്ലൂരെ അന്നത്തെ ആ രാത്രി ഇവിടെ വലിയ താമസമില്ലാതെ ഇടുന്നുണ്ട്‌ ..
   be ready for that.

   Delete
 21. പഴയ ഓര്‍മ്മകള്‍ എന്നും എല്ലാര്‍ക്കും പ്രിയപ്പെട്ടത് ആകുന്നത് അത്തരം ഓര്‍മ്മകളുടെ വേരുകള്‍ ഇല്ലാതായി വരുമ്പോഴാണ്. ഇപ്പോഴത്തെ തലമുറക്ക് കുറെ കഴിയുമ്പോള്‍ അവരുടെ ഓര്‍മ്മകളും ഇതുപോലെ പഴയ ഓര്‍മ്മകളായി അവശേഷിക്കും. ഞങ്ങള്‍ ഐനിച്ചക്ക എന്നും പറയും. എന്റെ ചെറുപ്പകാലത്ത് അടുത്തടുത്ത വീട്ടുപറമ്പുകളില്‍ ഈ ഐനി മരം ഉണ്ടായിരുന്നു. ഇപ്പോള്‍ എങ്ങും കാണാനില്ല.
  ഓര്‍മ്മകള്‍ രസമായി അവതരിപ്പിച്ചു.

  ReplyDelete
 22. രാംജിയേട്ടന്റെ നല്ല വാക്കുകൾ എന്നെ ഇനിയും എഴുതാൻ പ്രേരിപ്പിക്കുന്നോ എന്നൊരു സംശയം.
  അഭിപ്രായത്തിനു വളരെ നന്ദി.!!!!

  ReplyDelete
 23. സുധി ....ഇഷ്ടപ്പെട്ടു....ഞാനും മരം കയറിന്നതില്‍ വീക്കാണ്....ആരോടും പറയണ്ട.... കുട്ടിക്കാലത്തിന്‍റെ മായിക പ്രപഞ്ചം....ഇനി ഓര്‍മ്മ ചെപ്പില്‍ മാത്രം.... സ്നേഹത്തോടെ.

  ReplyDelete
 24. ഏയ്‌!!!!!ഞാനാരൊടും പറയത്തില്ല...സംഗതി സീക്രട്ട്‌ ആയിരുന്നോട്ടേ!!!

  ReplyDelete
 25. അങ്ങിനെ ഒരു അവധിക്കാലം.ഏതായാലും മരം കേറ്റം പഠിച്ചല്ലോ. അത് നന്നായി. വിവരണം രസകരമായി. അരിക് ഒക്കെ ഒരൽപ്പം ചിന്തേര് ഇട്ടു ഒന്നു മിനുക്കി എടുത്തെങ്കിൽ കൂടുതൽ ഭംഗി ആയേനെ. പഴയ കാല അനുഭവങ്ങൾ അന്നത്തെ മാനസിക നിലയിൽ തന്നെ പറഞ്ഞു. അവതരണ രീതി നന്നായി.

  ReplyDelete
 26. ബിപിൻ സർ,
  കടിച്ചാൽ പൊട്ടാത്ത കവിതകളൊക്കെ വായിച്ച്‌ എഴുതിയ ആളെ പോലും ഞെട്ടിക്കുന്ന രീതിയിൽ കമന്റ്‌ ഇട്ട്‌ പോകുന്ന സർ ഇവിടെ വരുമെന്ന് കരുതിയില്ല.
  വളരെ നന്ദി!!!!!!!

  ReplyDelete
 27. വായനാസുഖമുള്ള ലളിതസുന്ദരമായ ശൈലി.
  ഓര്‍മ്മകളില്‍ തിമിര്‍ത്താടുന്ന അവധിക്കാലവിശേഷം രസകരമായി അവതരിപ്പിച്ചിരിക്കുന്നു.
  ആശംസകള്‍

  ReplyDelete
  Replies
  1. വളരെ വളരെ നന്ദി!!!!!!!!
   ലൈവ്‌ ആയി നിൽക്കുന്ന എല്ലാ ബ്ലോഗുകളിലും ചേട്ടന്റെ അനുഗ്രഹം ഉണ്ടായിട്ടുണ്ട്‌.
   എന്നെ അനുഗ്രഹിക്കാൻ വന്നതിനും നന്ദി.!!!!!

   Delete
 28. ഞാനിങ്ങു കാസറഗോട്ടുക്കാരൻ അയതോണ്ടാണോ എന്നറിയില്ല.., ആ പറഞ്ഞ മധുരപഴം മനസ്സിലായില്ല. ഏതായാലും നല്ലെഴുത്ത്,ആ പഴത്തിൻറെ ഒരു ഫോട്ടോ കൂടി ആവാമായിരുന്നു എന്നൊരു തോന്നൽ..,

  ആശംസകൾ

  ReplyDelete
  Replies
  1. ശിഹാബേ!!!!വായനക്കും അഭിപ്രായത്തിനും നന്ദി!!

   ഈ അഭിപ്രായങ്ങളെല്ലാം വായിച്ചപ്പോൾ എനിക്കൊരു സംശയം.മധ്യകേരളത്തിൽ മാത്രം മാത്രം കണ്ട്‌ വരുന്നതാണോ ഈ പഴം.???

   Delete
 29. ഏറെ നന്നായിരിക്കുന്നു, ഇത്രയും ദീര്‍ഘമായ എഴുത്ത് അതിവിടെ മാത്രമേ ഇത്ര ഗൌരവത്തോടെ വായിക്കപ്പെടുകയുള്ളൂ... നന്ദി നല്ലൊരു വായന സമ്മാനിച്ചതിന്...

  ReplyDelete
  Replies
  1. നന്ദി ദീപു.

   എവിടെ കാണുന്നില്ലല്ലോ!!!!????

   Delete
 30. ഞങ്ങടെ നാട്ടില്‍ ഈ രണ്ടു വിളകളും ഇല്ല, കുട്ടിക്കാലത്തിന്റെ മാധുര്യം വായിക്കുമ്പോള്‍, പിന്നെ distinction പ്രതീക്ഷിച്ചിരുന്നല്ലെ, ഞാന്‍ പിന്നെ എന്റെ distinction വീട്ടിലെ ചീമക്കൊന്നയുടെ ഇലക്കു വിട്ടുകൊടുത്തിരിക്കുകയായിരുന്നു, (daily ഇല മറിച്ചിട്ടു നോക്കും, എനിക്കു കിട്ടില്ല എന്നുറപ്പുള്ള ആ സാധനം എങ്ങാനും കിട്ടിപ്പോയാലോന്നു കരുതി)

  ReplyDelete
 31. നന്ദി shajitha ,

  ഞാൻ പറഞ്ഞ്‌ നിർത്തിയ ഭാഗം ആരും കണക്കിലെടുത്തതായി കാണുന്നില്ല..എന്റെ എഴുത്തിന്റെ പ്രശ്നമായിരിക്കുമല്ലേ???

  ReplyDelete
 32. സീരിയലിനു അടിക്ട് ആയ കാര്യം പിന്നീട് ചര്‍ച്ച ചെയ്യാം. ആനിക്കാവിള പുരാണം അസ്സലായി.

  ReplyDelete
 33. ഉദയന്‍ സര്‍,,വായിച്ച് ഒരു അഭിപ്രായം പറഞ്ഞതിന് വളരെ നന്ദി .

  ReplyDelete
 34. ആഞ്ഞിലിച്ചക്ക എന്നാണ് ഞങ്ങൾ പറയാറ്.വല്ലാത്ത നൊസ്റ്റാൽജിയ തരുന്ന എഴുത്ത് .ക്രിക്കറ്റ്‌ കളിയും,മീൻപിടുത്തവും ഒക്കെയായി കുത്തിമറിഞ്ഞു നടന്നിരുന്ന അവധിക്കാലങ്ങൾ ഓർമയിൽ വന്നു .അനുഗ്രഹമൊന്നും കിട്ടിയിട്ടില്ല.ഭാഗ്യം!
  വളരെ ഇഷ്ടപ്പെട്ടു.

  ReplyDelete
 35. ഓ.ജ്യൂവൽ!!!!

  കൈവിട്ട്‌ പോയ ചെറുപ്പകാലം സൂക്ഷിക്കാൻ എനിക്ക്‌ കിട്ടിയ മാർഗ്ഗമാണു ബ്ലോഗ്‌.ചിതറിക്കിടക്കുന്ന നുറുങ്ങോർമ്മകൾ എഴുതാനും,അത്‌ വായിച്ച്‌ ഇഷ്ടപ്പെട്ടു എന്ന് കേൾക്കാനും ഭാഗ്യം ലഭിക്കുന്നു.

  വായനക്ക്‌ വളരെ നന്ദി.

  ReplyDelete
 36. പനി പിടിച്ച് അവധിയെടുത്ത ദിവസം ഈ ബ്ലോഗിൽ കയറി നിരങ്ങാമെന്ന് കരുതി. ചേട്ടൻ വീണ്ടും എന്നെ പലതും ഓർമിപ്പിച്ചു. അവധിക്ക് നാട്ടിൽ വന്ന കസിൻ ചേട്ടനെ വെല്യമ്മച്ചി 'ശ്ശോ ആഞ്ഞിലിക്കാവെളേടെ ഒരു രുചി. പറഞ്ഞുതരാൻ പറ്റത്തില്ല' എന്ന് പറഞ്ഞ് എരിവുകയറ്റിയതും അതു കഴിഞ്ഞുണ്ടായ സംഭവങ്ങളുമൊക്കെ ഓർത്തു. ഞാൻ ഒരു കാഞ്ഞിരപ്പള്ളിക്കാരി ആയതുകൊണ്ടാവാം ഈ ബ്ലോഗ് എപ്പോഴും എന്നെയും സമാനാനുഭവങ്ങൾ ഓർമിപ്പിക്കുന്നത്.. ആശംസകൾ :)

  ReplyDelete
 37. കുഞ്ഞുറുമ്പേ!!!!ഇഷ്ടായതിൽ സന്തോഷം.അഭിപ്രായത്തിനു വളരെയധികം നന്ദി.

  ReplyDelete
 38. നല്ല എഴുത്ത്. സുന്ദരമായ ശൈലി...
  ആഞ്ഞിലിക്ക ഓറഞ്ച് നിറത്തിൽ കാണുന്ന സാധനം ആണോ?
  അതിന്റെ ഫോട്ടോ ഇടായിരുന്നുട്ടോ...
  എന്തായാലും മരകേറ്റം പഠിച്ചല്ലോ ഭാഗ്യം....
  ചുളിവിൽ നല്ല പഠിപ്പിസ്റ്റ് ആണെന്ന് എല്ലാവരെയും അറിയിക്കുകയും ചെയ്തു അല്ലേ?

  ഇഷ്ടായിട്ടോ

  ReplyDelete
 39. പഠിപ്പിസ്റ്റൊന്നുമല്ല അനിയാ.അന്നത്തെ ചില ഓർമ്മകൾ അങ്ങനെ തന്നെയെഴുതിയെന്നേയുള്ളൂ!!!!

  ReplyDelete
 40. രുചികരം, ആഞ്ഞിലിചക്കയും എഴുത്തും........ അടുത്ത രണ്ടു ദിവസം അവധിയാണ്..ഈ ബ്ലോഗ് മൊത്തമൊന്നു കേറി നിരങ്ങുന്നുണ്ട്.

  ReplyDelete