Saturday, 22 August 2015

മാംഗല്യം തന്തുനാനേ...

ആഗോളതലത്തിലെ സാമ്പത്തികമാന്ദ്യവും അറബിമുതലാളിമാരുടെ  തൊഴിലാളിവിരുദ്ധനടപടികളും   കാരണം ബൂലോക ബ്ലോഗർമാർ തൂലിക മടക്കി വെച്ച്‌ നാവടക്കി പണിയെടുക്കാൻ തുടങ്ങിയപ്പോൾ, വരണ്ട്‌ മരുഭൂമിയായിത്തീർന്നിരുന്ന ബൂലോകത്തേക്ക്‌ സുന്ദരനും, സുശീലനും, നിർമ്മലനുമായ ഒരു ചെറുപ്പക്കാരൻ വലതുകാൽ വെച്ച്‌ നടന്ന് കയറി. കയറിക്കഴിഞ്ഞ്‌ ആരെങ്കിലും സ്വാഗതം ചെയ്യുമെന്ന് കരുതി കാത്തിരുന്നു. ആരും വന്നില്ല. ചുറ്റും വരണ്ട ചൂടുമണലാരണ്യം മാത്രം. ഇവിടെയുണ്ടായിരുന്നെന്ന് പറയപ്പെടുന്ന മനുഷ്യരൊക്കെ എവിടെപ്പോയി?????

          അങ്ങനെ  മഞ്ഞളിച്ചിരിയ്ക്കുന്ന അവന്റെ ബ്ലോഗിലേയ്ക്ക്‌ ഗണപതിയായി, കടിഞ്ഞൂൽ വായനക്കാരനായി അരീക്കോടന്‍ സാറെത്തി...
"ഹ ഹ ഹ.ഹ്യൂമറസ് ലി റ്റോൾഡ്‌"
എന്ന് അഭിപ്രായം രേഖപ്പെടുത്തി മടങ്ങി. ആദ്യാഭിപ്രായത്തിന്റെ ബലത്തിൽ അവൻ നിർഭയം, നിരന്തരം പല പല ബ്ലോഗുകളിലായി ആയിരക്കണക്കിനു കമന്റുകൾ വാരി വിതറി. കമന്റുകൾ കമന്റുകളായി വരാനും തുടങ്ങി. പതിവായി പലരും വന്നു തുടങ്ങി. ബ്ലോഗെന്നാൽ വിശാലമനസ്കനെന്ന് മനസ്സിലാക്കിയിരുന്ന അവനോട്‌ പലരും അത്‌ ചേർക്കൂ ഇത്‌ ചേർക്കൂ എന്നോക്കെ പറഞ്ഞിട്ട്‌ പോകാനും തുടങ്ങി. അങ്ങനെ മനോമോഹനശിങ്കമായി മൗനിയായി അന്തം വിട്ട്‌ നിന്ന അവന്റെ തലയ്ക്ക്‌ മുകളിൽ പതിനാലു വാട്ടിന്റെ സി.എഫ്‌.എൽ കത്തി. അഭിപ്രായം പറഞ്ഞവരോട്‌ തന്നെ ഫോളോവർ ഗാഡ്ജറ്റ്‌ എങ്ങനെ ചേർക്കാം എന്ന് ചോദിയ്ക്കാൻ തീരുമാനിച്ചു. സ്വന്തം ബ്ലോഗിലും അവരുടെ ബ്ലോഗിലും ചോദിച്ചു..

        സ്ഥലപരിചയം ഇല്ലാത്തയാൾ കോട്ടയം ടൗണിൽ വന്ന് വഴി ചോദിച്ചാൽ ചോദ്യം കേൾക്കുന്നയാൾ വല്ലാത്തൊരു പുച്ഛഭാവത്തോടെ , തലയുയർത്തി, ചുണ്ട്‌ വക്രിച്ച്‌  'ആ ' എന്ന് പറയുന്നത്‌ പോലെയുള്ള അനുഭവം. ആരും അവനെ മൈൻഡ്‌ ചെയ്തില്ല. അവസാനം സധൈര്യം അവൻ സ്വന്തമായി ഫോളോവർ ഗാഡ്ജറ്റ്‌ ചേർക്കാൻ തീരുമാനിച്ചു. അവന്റെ സെറ്റിങ്ങ്സും, ബ്ലോഗർ സെറ്റിങ്ങ്സും തമ്മിൽ പൊരുത്തപ്പെടാതിരുന്നതു കൊണ്ട്‌ അത്‌ ചേർന്നുമില്ല. ഒരു പോസ്റ്റ്‌ ഡിലീറ്റ്‌ ആകുകയും ചെയ്തു.
അറിയാൻ മേലാത്ത പണിയ്ക്ക്‌ ഇനിയില്ല എന്നുറപ്പിച്ച്‌ സ്വന്തം ബ്ലോഗിനെ ചരമക്കോളത്തിലിട്ടേക്കാം എന്ന് തീരുമാനിച്ച്‌ ഉറങ്ങാൻ കിടന്ന അവനെ ഞെട്ടിച്ച്‌ കൊണ്ട്‌ പിറ്റേന്ന് ഒരു പെൺകുട്ടിയുടെ മെയിൽ വന്നു. ഫൈസൽ ബാബുവിനോട്‌ പറഞ്ഞാൽ ഫോളൊവർ ഓപ്ഷൻ ചെയ്ത്‌ തരുമെന്ന ആ മെയിൽ വായിച്ച അവൻ സന്തോഷിച്ചു. പിന്നെ ഫേസ്ബുക്കിൽ അദ്ദേഹത്തെ തെരഞ്ഞ്‌ കണ്ടുപിടിച്ച്‌ ആവശ്യം അറിയിച്ചു. പുതുമുഖത്തോട്‌ അതീവ കാരുണ്യത്തോടെ പെരുമാറിയ ഫൈസലിക്ക അവന്റെ ബ്ലോഗിനെ മനുഷ്യർക്ക്‌ വായിക്കാൻ പറ്റിയ വിധത്തിൽ ആക്കിക്കൊടുത്തു. അവൻ പിന്നെ കൂടുതൽ കൂടുതൽ ബ്ലോഗുകളിൽ എത്താനും അഭിപ്രായം പറയാനും തുടങ്ങി.

    അങ്ങനെ 'കോളാമ്പി 'എന്ന ബ്ലോഗും സുധി അറയ്ക്കൽ എന്ന പേരും കുറച്ച്‌ ബ്ലോഗർമ്മാരൊക്കെ അറിയാൻ തുടങ്ങി.

       ബ്ലോഗ്‌ ചെയ്യണമെന്ന ആഗ്രഹത്താൽ ബ്ലോഗിലെത്തി, ആഗ്രഹം സാധിച്ച്‌ കഴിഞ്ഞപ്പോൾ അത്യാഗ്രഹം ലിങ്കിന്റെ രൂപത്തിലെത്തി. ബ്ലോഗിൽ ലിങ്കിടാൻ പഴയ പെൺകുട്ടി വീണ്ടും സഹായിച്ചു. അതാ വരുന്നു ദുരാഗ്രഹം പിന്നേം. കമന്റിൽ ലിങ്ക്‌ ചെയ്യണം. സധൈര്യം സ്വന്തമായി ലിങ്ക്‌ ഇട്ടു. ഇട്ടത്‌ ഇസ്മയിൽ കുറുമ്പടിയുടെ ബ്ലോഗിൽ. ഇട്ടത്‌ ഇങ്ങനെ.

"എനിയ്ക്കുമുണ്ട്‌ ഒരു മരം കയറ്റ അനുഭവം. വായിക്കാൻ ഇവിടെ ഞെക്കൂ."

  പിറ്റേന്ന് കുറുമ്പടിയുടെ മെയിൽ.
"ഞെക്കി. ഞെക്ക്‌ കൊള്ളുന്നില്ല."

എന്ത്‌ ഞെക്ക്‌ കൊള്ളുന്നില്ലേ?? സുധീ!!!!മുട്ടൻ പണി കിട്ടിയെടാ നിനക്ക്‌!! എന്ന് ആത്മഗതം നടത്തി ആ പോസ്റ്റിൽ പോയി നോക്കി. സംഗതി സത്യമാണ്. ഞെക്ക്‌ കൊള്ളുന്നുണ്ട്‌. പക്ഷേ സ്വന്തം പാർട്ടിക്കാർ തന്നെ കാലുവാരിയ വി.എസ്സിനെപ്പോലെ എന്റെ ബ്ലോഗിലെ പോസ്റ്റിലെത്തുന്നില്ല. ഒരു മാതിരി ചെമ്പ്ലാവ്‌ സെറ്റിന്റെ ഓഞ്ഞ പടക്കം പോലെ.

      തണുപ്പത്തും ആകെ വിയർത്തു. ഒരു ഗ്ലാസ്സ്‌ തണുത്ത വെള്ളം അകത്തേയ്ക്ക്‌ വിക്ഷേപിച്ചു. നാണക്കേട്‌ ഒഴിവാക്കാൻ വീണ്ടും ആ പെൺകുട്ടിയോട്‌ സഹായം അഭ്യർത്ഥിച്ചു. ലിങ്ക്‌ അയച്ചു തന്നു. അത്‌ കുറുമ്പടിയുടെ ബ്ലോഗിൽ പേസ്റ്റ്‌ ചെയ്തോളാൻ പറഞ്ഞു. അങ്ങനെ ചെയ്തു.

    പരിചയം ബ്ലോഗ്‌ ലിങ്കുകൾ കൈമാറി വളർന്നതിനോടൊപ്പം അൽപം കൂടി വേഗതയുള്ള ഹാങ്ങൗട്ടിലേയ്ക്ക്‌ മാറി.

       എന്റെ മനസ്സിൽ ആരാധന കലർന്ന അനുരാഗം മൊട്ടിട്ടു. അപ്പുറത്തും മൊട്ടിട്ടോ എന്നറിയാൻ പല മാർഗ്ഗങ്ങളും നോക്കി.

സ്ഥിരമായിട്ട്‌ ലിങ്ക്‌ ഇട്ട്‌ തരാമോ, നമുക്ക്‌ ഒന്നിച്ച്‌ ബ്ലോഗ്‌ ചെയ്താലോ? എന്റെ ആദ്യപ്രണയം നഷ്ടസ്വപ്നമായി അവശേഷിയ്ക്കുന്നു, കല്യാണം കഴിയ്ക്കാൻ വീട്ടുകാർ നിർബന്ധിയ്ക്കുന്നു (ചുമ്മാ...) ഇങ്ങനെയുള്ള മൂന്തോടൻ പ്രയോഗങ്ങൾ വെള്ളത്തിലെ വര പോലെയായിത്തീരുന്നത്‌ നിസംഗതയോടെ നോക്കി നിൽക്കാൻ എനിയ്ക്ക്‌ കഴിഞ്ഞില്ല.

     അവസാനം സഹികെട്ട്‌ ഇഷ്ടതാരമായ ലാലേട്ടനെ മനസ്സിൽ ധ്യാനിച്ച്‌
"യൂ ആർ ദ്‌ ലൈറ്റ്‌ ഒഫ്‌ മൈ ലോൺലി ലൈഫ്‌; ലവ്‌ ഒഫ്‌ മൈ ഹാർട്ട്‌, ഡ്യൂ ഒഫ്‌ മൈ ഡെസർട്ട്‌, റ്റ്യൂൺ ഒഫ്‌ മൈ സോങ്ങ്‌, ക്വീൻ ഒഫ്‌ മൈ കിംഗ്ഡം, ആാാാാാാാൻഡ്‌ ഐ ലവ്‌ യൂ കല്യാാാാാാാാാണിക്കുട്ടീീീീീ "
എന്ന സുപ്രസിദ്ധമായ ഡയലോഗ്‌  നാടൻ സ്റ്റൈലിൽ സുധീഷീകരിച്ച്‌
"യൂ ആർ മൈ ലവ്‌, യൂ ആർ മൈ ഹാർട്ട്‌, യൂ ആർ മൈ സോൾ, യൂ ആർ മൈ ഡെസർട്ട്‌, യൂ ആർ മൈ ഡെസ്റ്റിനി, യൂ ആർ മൈ ക്വീൻ ആാാാാാാൻഡ്‌ ഐ ലാാാാാാാാവ്‌ യൂ എന്റെ കല്യാണിക്കുട്ടീീീീീ "
എന്ന് ഒറ്റ മെയിലങ്ങ്‌ ചെയ്തു.

രണ്ട്‌ ദിവസത്തേക്ക്‌ ഒരു അനക്കവുമില്ല. മൂന്നാം ദിവസം മെസേജ്‌ വന്നു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട്‌ ഒരു കൊച്ച് ബ്ലോഗേഴ്സ്‌ മീറ്റ്‌ തൃശ്ശൂർ വടക്കുന്നാഥക്ഷേത്ര സന്നിധിയിൽ വെച്ച്‌ നടന്നു. ആണുകാണലും പെണ്ണുകാണലും ഒന്നിച്ച്‌!!!.


*                   *                 *                    *
                                          
(പിറ്റേന്ന് രാവിലെ എന്റെ വീട്‌)

അമ്മിയും ബന്ധുവും കൂട്ടുകാരനുമായ സഞ്ചുവുമുണ്ട്‌.

"അമ്മീ ..ഞാനിന്നലെ ഒരു പെണ്ണുകാണാൻ പോയതാ."

ഇളിഭ്യതയോടെ പറഞ്ഞൊപ്പിച്ചു.

"ഓ!!!പിന്നേ!!! അമ്മി തൃണവൽഗണിച്ചു.

"അല്ലമ്മീ , സത്യായിട്ടും പെണ്ണുകാണാൻ പോയതാ."

"അതിനു നീ വടക്കുന്നാഥനെ തൊഴാൻ പോയതാന്നല്ലേ പറഞ്ഞത്‌."?

"അതേ!!! രണ്ട്‌ കാര്യങ്ങളും നടന്നെന്നേ ".

അമ്മിയ്ക്ക്‌ അദ്ഭുതം!!!

"അവളേത്തന്നെ കെട്ടാനും തീരുമാനിച്ചു."

"എന്ത്‌ ഞങ്ങളറിയാതെയോ?" ചുളിഞ്ഞ മുഖം.

"അമ്മി തന്നെ അച്ഛനോടും സിന്ധുവിനോടും, ടുട്ടുവിനോടും പറയണം."

അമ്മി കാപ്പി കൊണ്ടുവന്നു. കൂടെ ഏത്തപ്പഴം പുഴുങ്ങിയതും.
എന്റെ കട്ടിലിൽ നിന്നും ഭിത്തിയിലേക്ക്‌ ചാരിക്കിടന്ന് കാപ്പി മൊത്തിക്കുടിയ്ക്കുന്ന രീതിയിൽ ഏറുകണ്ണിട്ട്‌ അമ്മിയെ ഒന്ന് നോക്കി .

വ്യാകുലമാതാവ്‌ തന്നെ.!!

സഹായത്തിനായ്‌ വിളിച്ച സഞ്ചു പഴ ഉപ്പേരിയാക്കി കടിച്ച്‌ കാർന്ന് തിന്ന് കൊണ്ട്‌ ഫാനിന്റെ കറക്കം ശ്രദ്ധിക്കുന്നു.
 "ദുഷ്ടാ!! കശ്മലാ !!!!! കൈവിടാതെടാ പിശാശേ!!!!. നിന്റെ കല്യാണം ഉറപ്പിച്ച്‌ കഴിഞ്ഞ്‌ കലയെ കാണാൻ പോയതും, തിരിച്ച്‌ വരുന്ന വഴിയ്ക്ക്‌ പുല്ലുമായി വന്ന അമ്മായിയമ്മയുടെ മുന്നിൽ പെടാതിരിയ്ക്കാൻ ബൈക്ക്‌ വെട്ടിച്ച്‌ വഴി തിരിച്ച്‌ വിട്ടതും ഞാനാടാ ദുഷ്ടാ!!!!"

മനസ്സിൽ ഓർത്തുകൊണ്ട്‌ ഇങ്ങനെ പറയാനേ കഴിഞ്ഞുള്ളൂ.

"തൊലി തിന്നല്ലേടാ.എന്റെ പഴോം കൂടെകഴിച്ചോ!!!"

ഏയ്‌!! അവനെന്റെ ബന്ധുവല്ല, എന്തിന് മൂന്തോടുകാരൻ പോലുമല്ല
ഏറുകണ്ണു നേർക്കണ്ണാക്കണോ അതോ  സ്ഥിരമായി അടച്ച്‌ വെക്കണോ എന്നാലോചിച്ച്‌ കൊണ്ടിരുന്നപ്പോൾ അമ്മിയ്ക്ക്‌ ചിരി പൊട്ടി.

"സന്യസിക്കാൻ പോകുവാന്ന് പറഞ്ഞതാരാടാ."?

"ഞാൻ " (ദയനീയൻ)

"കാശിയ്ക്ക്‌ പോകുവാന്ന് പറഞ്ഞിരുന്നതാരാ ?"

" ഞാനാ" (അവസ്ഥക്ക് മാററമില്ല.)

"ഹിമാലയത്തിൽ പോകുവാന്ന് പറഞ്ഞിരുന്നതോ "?

"അതും ഞാനാ " (അതീവദയനീയൻ)

"ഹിമാലയത്തിൽ അറയ്ക്കൽ ഗുഹ ഉണ്ടാക്കി ധ്യാനിയ്ക്കാൻ പോകുവാന്ന് പറഞ്ഞിരുന്നത്‌ "?

"ആ!!ആ!!ഓ!!ഓ!!!" എല്ലാം ഞാൻ തന്നെ."

മാതാവ്‌ ഒരു അവസരം കിട്ടിയപ്പോൾ തളപ്പിട്ട്‌ കയറുകയാ.

സഞ്ചു ഒന്ന് വിക്കി. വിക്കൽ ചിരിയായി, ചിരി അട്ടഹാസമായി അങ്ങ്‌ ഹിമാലയത്തിൽ വരെ കേൾക്കുന്ന രീതിയിലായി. നിന്നെ സസ്പെൻഡ്‌ ചെയ്തിരിക്കുന്നെടാ.. ഹും!!!

"ഹും!!! ഇപ്പോൾ വീട്ടുകാരറിയാതെ ഒരു പെണ്ണും കണ്ടേച്ച്‌ വന്നേക്കുന്നു. എന്നതായാലും മുൻസന്യാസിയ്ക്ക്‌ താടീം മുടീം കളഞ്ഞിട്ട്‌ ഒരു മനുഷ്യക്കോലത്തിൽ പോകാൻ മേലാരുന്നോ "?

അയ്യോ!! അത്‌ ശരിയാരുന്നു. അല്ലെങ്കിലും സാരമില്ല. ഒട്ടിയ കവിളും ക്ഷീണിച്ച്‌ ദുർബലമായ ശരീരവും മറയ്ക്കാൻ മുഖത്തിനൽപം പൗരുഷം നല്ലതാ.
മാതാവിനെന്നാ അറിയാം.!!!!.
   
"എന്നതായാലും കെട്ടാൻ തീരുമാനിച്ചല്ലോ. നല്ല കാര്യം. നന്നയി ജീവിച്ചു കണ്ടാൽ മതി."

"ആ... പിന്നല്ലാതെ."

ഒന്ന് വലിച്ചിട്ട്‌ വരാമെന്ന് കൈകൊണ്ട്‌ ആംഗ്യം കാണിച്ചിട്ട്‌ സഞ്ചു പുറത്തേക്കിറങ്ങി.
അമ്മിയെ ബ്ലോഗേഴ്സ്മീറ്റിന്റെ ഫോട്ടോ കാണിച്ചിട്ട്‌ പുറത്തേക്കിറങ്ങിയപ്പോൾ  കാറിൽ ചാരി നിന്ന് ചിരിക്കുകയും, ചുമയ്ക്കുകയും, പിന്നെ വളഞ്ഞ്‌ നിന്ന് ചങ്ക്‌ തിരുമ്മുകയും ചെയ്യുന്ന സഞ്ചു.!

*                        *                             *

അന്നേ ദിവസം തന്നെ പെൺകുട്ടിയുടെ വീട്‌.
രാത്രി ആയിരിക്കുന്നു.

'നിങ്ങൾക്കുമാകാം കോടീശ്വരൻ' കണ്ട്‌ കൊണ്ടിരിക്കുകയും, മടമട വെള്ളം കുടിയ്ക്കുകയും ചെയ്യുന്ന കഥാനായിക അവസാനം സുരേഷ്‌ ഗോപി ഗുഡ്നൈറ്റ്‌ പറഞ്ഞ്‌ പിരിഞ്ഞതിനുശേഷം കുളിക്കാനായി തുടങ്ങുന്ന അച്ഛന്റെ അടുത്ത്‌ ചെന്നു.

"തൊഴാൻ പറ്റ്യോ മോളേ "? അച്ഛന്റെ വാത്സല്യത്തോടെയുള്ള ചോദ്യം.

"അച്ഛാ എനിയ്ക്കൊരു കല്യാണം കഴിക്കണം."

"പിന്നേ!!കഴിക്കാം. അതോ കഴിച്ചിട്ടാണോ വന്നിരിക്കുന്നത്‌.?"

"പോ അച്ഛാ.ഞാനങ്ങനെ ചെയ്യുമോ "?

"അതില്ല.എന്നാലും!!!!"

"ഒരെന്നാലുമില്ല."

"മോളാരേയേലും കണ്ട്‌ വെച്ചിട്ടുണ്ടോ "?

"ഉണ്ട്‌.നല്ല ദൂരെയാ "

"അങ്ങ്‌ ദൂരെ കോട്ടയത്താ."

ചേച്ചിയെ തട്ടിക്കൊണ്ട്‌ പോകാൻ ഒരു ദുഷ്ടകശ്മലൻ അങ്ങ്‌ ദൂരെ കോട്ടയത്ത് നിന്നും എത്തിയിട്ടുണ്ടെന്ന ഗുരുതരമായ അവസ്ഥാവിശേഷം മനസ്സിലാക്കിയ അനിയനും അനിയത്തിയും രൂക്ഷമായ നോട്ടത്തോടെ ഹാജരായി.

"അമ്മേ ദേ ചേച്ചി ഒരു കോട്ടയംകാരനെ കണ്ടുപിടിച്ചിട്ട്‌ വന്നിരിക്കുന്നു.
വേണേൽ വന്നു കണ്ടോ. നാളെ നേരം വെളുത്താൽ കാണാൻ പറ്റീന്ന് വരില്ല്യ!!."

അമ്മയെത്തി..

"കോട്ടയംകാരനോ "?

കോട്ടയം എന്ന് കേട്ട അമ്മയുടെ മൂക്കത്ത്‌ വെച്ച വിരൽ വഴുതി.

"എന്നാലും ഇതെങ്ങനെയാ വെല്ല്യേച്ചീ?ഫേസ്ബുക്കാണോ??"

"അല്ലാന്നേ.ബ്ലോഗ്‌ വായിച്ചിട്ട്‌ വന്നതാ."

"ബ്ലോഗ്‌ വഴിയോ.നുണയാ അച്ഛാ.അത്‌ വഴി ആളൊന്നും വരത്തില്ല."

"അല്ലെന്നേ.ബ്ലോഗിൽ ലിങ്കിടാൻ ഒരാളെ സഹായിച്ചതാ."

"എന്തിടാൻ "? അമ്മ.

"ലിങ്ക്‌.അത്‌ ഇന്റർനെറ്റിലെ ഒരു സംഭവമാ അമ്മേ  ".

"ശ്ശോ!!ഞാനങ്ങ്‌ നാണിച്ച്‌ പോയി. വീണ്ടും അമ്മ.

"എന്നാലും കോട്ടയമെന്നൊക്കെ പറഞ്ഞാൽ വലിയ ചൂടന്മാരും,ആക്രാന്തികളും ആണെന്നാ കേട്ടേക്കുന്നത്‌." അച്ഛനും ഒട്ടും പുറകോട്ടല്ല.

"അല്ല.അവൻ കോട്ടയത്തെവിടെയാ "?

"പാലയ്ക്കടുത്താ.കിടങ്ങൂർ."

"ഓ!!പാലാക്കാരനാ!!!അവിടെയൊക്കെ നോട്ടെണ്ണുന്ന മിഷ്യനൊക്കെയുള്ള നാടാണല്ലൊ."?

"അങ്ങനെ ആയിരിക്കുമോ?ഏയ്‌.അങ്ങനെയൊന്നും പറഞ്ഞിട്ടില്ലല്ലോ."

"അത്‌ സാരമില്ല.പിന്നെ മനസ്സിലാക്കിക്കോളും."

"അങ്ങനെയൊന്നുമില്ല അച്ഛാ.പാവമാ.അക്ഷരനഗരി,അച്ചടിഭാഷ എന്നൊക്കെ കേട്ടിട്ടില്ലേ??"

"പിന്നേ അച്ചടിപാശ.എന്നാ ,എന്നാത്തിനാ എന്നൊക്കെ പറയുന്നതാ അച്ചരനകരിക്കാര്.ഹും!!"

അവൾ മൗനം പാലിച്ചു.

അനിയത്തി എന്തോ പറയാനാഞ്ഞ്‌ പിന്നെ വേണ്ടാന്ന് വെച്ചു. ആവശ്യം വന്നാൽ വെല്ല്യേച്ചി അല്ലേ സഹായിക്കാൻ കാണൂ.

"അച്ഛനൊന്നും പറഞ്ഞില്ല."

""കല്യാണക്കാര്യമല്ലേ?ആലോചിക്കണം മോളേ."

"എനിയ്ക്കാലൊചിക്കാനൊന്നുമില്ല."

"പക്ഷേ നീ എന്റെ മോളായത്കൊണ്ട്‌ എനിക്കാലോചിക്കണമല്ലോ. എന്തായാലും ശനിയാഴ്ച ഉച്ച ആകുമ്പോ അവനോട്‌ എന്നെ ഒന്ന് വിളിക്കാൻ പറഞ്ഞേക്ക്‌."

ശനിയാഴ്ചയ്ക്ക്‌ ഇനി നാലു ദിവസം കൂടി.

വാട്സാപ്പ്കാരന്റെ സെർവ്വറുകളെ നിലപരിശാക്കി മെസേജുകൾ ടവറുകളിൽ നിന്നും ടവറുകളിലേക്ക്‌ ചിഹ്നം വിളിച്ചു നടന്നു.

ശനിയാഴ്ച ആകാൻ കാത്തുകാത്തിരുന്നു.
സൂര്യനിന്നെന്നാ ഉച്ചയാകണ്ടേ?? ഇനി അവനെ പിടിച്ച് വീടിന്റെ  മുകളില്‍ കൊണ്ടുവന്നാലോ?? അല്ലെങ്കിൽ വേണ്ട. ഇനിയും  കരിഞ്ഞാൽ അതെന്ത് നിറമായിരിക്കുമെന്നോർത്ത് സൂര്യഭഗവാനെ വെറുതേ വിട്ടു.

ശനി.
സൂര്യൻ സാവധാനം ഉച്ചത്തിലായി.

മണി ഒന്നര.!!

വളരെ വിനയപുരസ്സരം ഫോണുമായി ചേരിപ്പാടത്തെ പകുത്ത്‌ പോകുന്ന സിമന്റ്‌ വരമ്പിന്റെ അങ്ങേ അറ്റത്തേക്ക്‌ നടന്നു.

അവിടെയെത്തി ഫോൺ ചെയ്തു.

"ഹലോ " ഭയങ്കര ഗൗരവമാണല്ലോ.!!!

"ഹലോ. ഞാൻ സുധീഷ്‌. കോട്ടയത്തു നിന്നാണ്."

"ആ.. മോള് പറഞ്ഞിരുന്നു.

"എനിയ്ക്കെന്നാ പറയേണ്ടെന്നറിയില്ല.
(ആഹാ. ഞാൻ മോളോട്‌ പറഞ്ഞിട്ടുണ്ട്‌. അതും ലാലേട്ടന്റെ ഹിറ്റ്‌ ഡയലോഗ്‌ )

"ഓ.ഇനി അത്‌ പറഞ്ഞിട്ട്‌ കാര്യമില്ലല്ലൊ. നിങ്ങളെല്ലാം തീരുമാനിച്ചിട്ടല്ലേ നിൽക്കുന്നത്‌."?

"ഏയ്‌. അല്ല. വീട്ടുകാരുടെ സമ്മതം കൂടി വേണമല്ലൊ. (സമ്മതിയ്ക്കണേ!!!!!! )

" വീട്ടിൽ പറഞ്ഞോ ?"

"നാലു വട്ടം പറഞ്ഞു. അമ്മിയോട്‌ പറഞ്ഞിട്ടുണ്ട്‌. അവിടുത്തെ സമ്മതം അറിയണം. എന്നിട്ട്‌ മത്യല്ലോ ബാക്കി കാര്യങ്ങളെല്ലാം." (എന്താകുമോ എന്തോ..??!! )

"ആദ്യം ഇങ്ങോട്ട്‌ ബന്ധുക്കളേയും കൂട്ടി വരണം. പെണ്ണു ചോദിക്കാൻ. പിന്നെ ഞങ്ങളൊക്കെ അങ്ങോട്ട്‌ വരാം. എന്നിട്ട്‌ ഒരു ദിവസം നിശ്ചയിച്ചിട്ട്‌ അന്ന് നിശ്ചയം നടത്താം."

"അപ്പോ അച്ഛനു സമ്മതമാണോ."

"എന്റെ സമ്മതം പ്രശ്നമല്ലല്ലൊ. മോൾ പറഞ്ഞത്‌ സുധിയെ മാത്രേ കെട്ടൂന്നാ. അല്ലാ എത്ര നാളായി ഈ ബന്ധം തുടങ്ങിയിട്ട്‌?"

"ഒന്നരമാസം." (രഹസ്യം ചോർത്താനാ. ഞാൻ വീഴത്തില്ല.)

"എന്തായാലും വീട്ടുകാരുടെ സമ്മതം വാങ്ങിയിട്ട്‌ അറിയിച്ചിട്ട്‌ വരിക."

"ശരി."

കുളിർമ്മയുള്ള നല്ലൊരു കാറ്റ്‌ പാടത്തൂടെ എന്നെ ലക്ഷ്യമാക്കി കടന്ന് വരുന്നതായി തോന്നി. പോകല്ലേ.. പോകല്ലെ.. എന്ന് കാറ്റിനോട്‌ പറഞ്ഞിട്ട്‌ ഇങ്ങോട്ട്‌ വരാനിടയുള്ള ചോദ്യശരങ്ങളുടെ ഉത്തരമടങ്ങുന്ന നാലുഷീറ്റ്‌ പേപ്പർ വലിച്ചുകീറി കാറ്റിനൊപ്പം കൊടുത്തുവിട്ടു.. ആർക്കെങ്കിലും ഗുണപ്പെട്ടാലോ!!!!!!!!

മുൻനിശ്ചയപ്രകാരം കാര്യങ്ങളെല്ലാം നീങ്ങി.
ജൂലൈ 13 ന് കല്യാണനിശ്ചയം നടന്നു.

ആദ്യമേ തന്നെ പിന്തുണച്ച അമ്മിയുടേയും, അമ്മി മുഖേന സമ്മതിച്ച അച്ഛന്റേയും, സിന്ധുവിന്റേയും, ടുട്ടുവിന്റേയും സമ്മതത്തോടെ ;

എന്റെ കഴിഞ്ഞ രണ്ട്‌ മദ്യക്കഥകൾ വായിച്ച്‌ "അകത്ത്‌ വല്ലതും ഉണ്ടാകുമോ ആവോ"എന്ന് ഉറക്കെ ആത്മഗതം നടത്തിയ അനിയത്തി വിദ്യയുടേയും, "ഇത്രയും കള്ളുകുടിച്ച മനുഷ്യനാണോ? എനിയ്ക്ക്‌ സ്വന്തം അമ്മാവനാകാൻ വിധിയില്ലേ ദൈവമേ" എന്ന് സഹതാപത്തോടെ വെല്ല്യേച്ചിയെ  നോക്കിക്കൊണ്ട്‌ കുഞ്ഞേച്ചിയോടായ്‌ പറഞ്ഞ അനിയൻ ഉണ്ണിക്കുട്ടന്റേയും, ഞാൻ മുൻപ്‌ ഇത്‌ വരെ കേട്ടിട്ടില്ലാത്ത അത്ര മധുരസ്വരത്തിനുടമയായ പ്രിയ അനന്തരവൾ നീതുവിന്റേയും, കല്യാണനിശ്ചയത്തിന്റന്ന് ഊണു കഴിച്ച്‌ കൊണ്ടിരുന്നപ്പോൾ തൊണ്ണൂറു വയസ്സ്‌ കഴിഞ്ഞ വെല്ല്യമ്മയെ താങ്ങിപ്പിടിച്ച്‌ കൊണ്ട്‌ വന്ന്  "സുധീ ഇതാണെന്റെ വെല്ല്യമ്മയുടെ ചേടത്തിയുടെ നാത്തൂൻ " എന്ന് പറഞ്ഞ്‌ മിഴുങ്ങസ്യാ നിന്ന അമ്മ ദേവയാനിയുടേയും; മറ്റെല്ലാ ബന്ധുജനങ്ങളുടേയും സമ്മതത്തോടെ ; രണ്ടായിരത്തി എഴുന്നൂറു ഈമെയിലുകളുടേയും, ആയിരത്തിയഞ്ഞൂറ് ഹാങ്ങൗട്ട്‌ മെസേജുകളുടേയും, അൻപതിനായിരത്തിനടുത്ത വാട്സാപ്പ്‌ മെസേജുകളുടേയും, നൂറ്റിയെട്ട്‌ മണിക്കൂറുകളുടെ കോൾഡ്യൂറേഷന്റേയും പിൻബലത്തിൽ, ബ്ലോഗിൽ വെച്ച്‌ കണ്ടുമുട്ടിയ ഞാനും  കല്ലോലിനി എന്ന പേരിൽ ബ്ലോഗ്‌ ചെയ്യുന്ന ദിവ്യയും പാലക്കാട്‌ തിരുമിറ്റക്കോട്‌
 അഞ്ചുമൂർത്തീക്ഷേത്രത്തിൽ വെച്ച് സെപ്റ്റംബർ 14 തിങ്കളാഴ്ച രാവിലെ 8 .35 നും 10.25 നും മധ്യേയുള്ള മുഹുർത്തത്തിൽ വിവാഹിതരാകുകയാണ്.


ഇത്‌ വരെ എന്റെ ബ്ലോഗിൽ വരികയും അഭിപ്രായം പറയുകയും, കണ്ടിട്ടും കാണാത്ത മട്ടിൽ പോകുകയും ചെയ്ത എല്ലാ പ്രിയപ്പെട്ട ബ്ലോഗർമാരുടേയും അനുഗ്രഹാശിസ്സുകളും , സഹകരണങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച്‌ കൊണ്ട്‌....

              * * *

(ബ്ലോഗർമാരെ കളിയാക്കിച്ചെയ്യാനിരിയ്ക്കുന്ന തുടർ പോസ്റ്റുകൾക്ക്‌   സമ്മതമറിയിച്ച സാക്ഷാൽ വിശാലമനസ്കനും ,എച്മുച്ചേച്ചിയുമടങ്ങുന്ന 37 ബ്ലോഗർമ്മാരെ നേരിടാനുള്ള കരുത്ത്‌ സംഭരിക്കട്ടെ.സമ്മതമറിയിച്ച എല്ലാവർക്കും നന്ദി.!!!!!!)

ചിത്രങ്ങള്‍: ഗ്രാമ്യഭാവങ്ങള്‍

171 comments:

 1. ജീവിതം തന്തുനാനേന
  കോളാമ്പിയും കല്ലോലിനിയും ബൂലോഗത്തും സുധിയും ദിവ്യയും ഭൂലോകത്തും ആയുരാരോഗ്യസൌഖ്യത്തോടെയും ദീര്‍ഘസൌമംഗല്യഭാഗ്യത്തോടെയും ക്ഷേമൈശ്വര്യങ്ങള്‍ നിറഞ്ഞും വാഴുവാന്‍ ആശംസകള്‍

  ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 9 വരെ ഞാനും ഇലയ്ക്കാട്, കുറവിലങ്ങാട് ദേശത്തൊക്കെ കാണും!

  ഈ നമ്പറില്‍ വിളിച്ചാ‍ാല്‍ എന്നെ കിട്ടാന്‍ സാദ്ധ്യതയുണ്ട് 949 553 8172

  ReplyDelete
  Replies
  1. ആദ്യ കമന്റിനു പ്രത്യേക നന്ദി അജിത്തേട്ടാ...

   അങ്ങയുടെ അനുഗ്രഹം ഉണ്ടായിരിക്കുമെന്നറിയാം.

   നമുക്കും ഒരു മീറ്റ്‌ സംഘടിപ്പിക്കാം...ഞാൻ വിളിക്കാം.ട്ടോ.


   ഒരിയ്ക്കൽ കൂടി നന്ദി.!!!!!

   Delete
 2. കലക്കി കടുകു വറുത്തു പൊളിച്ചടുക്കി......
  ആദ്യം ആലോചിച്ചു..... ഞാൻ തന്നെ തേങ്ങയുടക്കണോ????...... പിന്നെ മനസ്സിലായി ഞാനുടക്കുന്നതാ ബെസ്റ്റ് സുധി ബെസ്റ്റ്......
  സത്യം..... ലിങ്ക് ഇത്രേം വല്യ സാധനമാണ് അറിയില്ലായിരുന്നു...... എന്നാലും എന്‍റെ അതിദയനീയാ..... മാതാവ് പണി പുലിപ്പാലില്‍ തന്നു അല്ലേ...... വിവാഹത്തിന് മുഴുവൻ പിന്തുണ പ്രഖ്യാപിച്ച മാതാശ്രിക്ക് റൊമ്പ നന്ട്രി ശോല്ല മറക്കാതെ...... എങ്ങിനെയെങ്കിലും.... ഇവന്‍ കെട്ടിപ്പോയാല്‍ ശല്യം കുറേ കുറയുമല്ലോ എന്നാവും പാവം മാതാശ്രി കരുതി......
  രഹസ്യം ചോര്‍ത്താനുള്ള ദിവ്യയുടെ അച്ഛന്‍റെ ശ്രമം പൊളിച്ചടുക്കിയല്ലേ..... സുധി രണ്ടുമൂന്ന് കൊല്ലക്കാലത്തേക്ക് .....ബ്ലോഗ് മറക്കുംവരെ പട്ടാമ്പിക്കു പോകുന്നത് ....സൂക്ഷിച്ചു മതി.....
  എന്നാലും ചങ്ങായ്മാരെ ഇങ്ങള് ബല്യ പുലികളാ ട്ട്വോ...... ബ്ലോഗര്‍ മീറ്റ് ത്രശ്ശൂര്‍ ബച്ച് നടത്തീലേ.......
  സുധി..... അല്ലേല്ലും ആണുങ്ങള് പാവങ്ങളാടാ.... നമ്മള് നാണവും മാനവും ഇല്ലാതെ..... ലവ്യൂ എന്നൊക്കെ പറയും..... പെണ്ണുങ്ങള്‍ക്ക് പിന്നെ ഡിമാന്‍റാ.....
  മൊത്തം പറയുന്നില്ല..... കമന്‍റ് തുടരന്‍ ആക്കുന്നതിന്‍റെ ക്രഡിറ്റ് എനിക്കിരിക്കട്ടെ....തുടരും......

  ReplyDelete
  Replies
  1. ഹാ ഹാ ഹാ..വിനോദേട്ടാ..അജിത്തേട്ടൻ ഉടച്ച്‌ പോയല്ലോ.സാരമില്ല.വായിക്കാൻ വന്നല്ലോ.സന്തോഷമായി.


   ഇത്രയും വലിയ കമന്റിനു വളരെ വലിയ നന്ദി!!!!

   Delete
 3. തിരുമിറ്റക്കോട് ഇവടെ അടുത്താണല്ലോ.ആശംസകൾ രണ്ട് പേർക്കും.ഇനി ഒരുമിച്ചിരുന്നു ബ്ലോഗാലൊ രണ്ടാൾക്കും.

  ReplyDelete
  Replies
  1. ഉമേച്ചി അവിടെ ആണോ??എങ്കിൽ നമുക്ക്‌ ഭാരതപ്പുഴയുടെ ഓരത്ത്‌ വെച്ച്‌ കാണാം.


   വായനയ്ക്ക്‌ നന്ദി!!!

   Delete
 4. കല്യാണം ... കല്യാണം. ഒക്കെ ഭംഗിയാവട്ടെ..എല്ലാ ആശംസകളും കാലേ കൂട്ടി നേര്‍ന്നുകൊള്ളുന്നു. എഴുത്തു ഉഷാറായീ കേട്ടോ.. അഭിനന്ദനങ്ങള്‍

  ReplyDelete
  Replies
  1. പ്രിയപ്പെട്ട എച്മുച്ചേച്ചീ...

   വന്നതിൽ എത്ര സന്തോഷമെന്ന് അറിയാമോ!!!!!

   ഉഷാറായോ??അങ്ങനെ ചേച്ചിയുടെ പക്കൽ നിന്ന് കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം.

   കാണാം കേട്ടോ.

   എന്റെ സ്നേഹം തിരിച്ചും.

   Delete
 5. ഹമ്പടാ സുധീ... ബ്ലോഗുലകത്തിലെ ആദ്യത്തെ സംഭവമായിരിക്കുമല്ലൊ...! എന്നാലും രണ്ടും കൂടി ഒരുമിച്ച് '....ൻ തീരുമാനിച്ചതിൽ വളരെ സന്തോഷം. എല്ലാ ആശംസകളും നേരുന്നു....

  ReplyDelete
  Replies
  1. ഹാ ഹാ ഹാ!!!അക്കോസേട്ടാ..അങ്ങനെ ആദ്യ സംഭവമാണോ??

   ആണെങ്കിലും അല്ലെങ്കിലും സന്തോഷം.

   ആശംസയ്ക്ക്‌ ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു.

   Delete
 6. “നോട്ടെണ്ണുന്ന മിഷ്യനൊക്കെയുള്ള നാടല്ലേ” കഴിഞ്ഞ് ഒരു ഡയലോഗ് ചേർക്കാനുണ്ട്. “അതെ. വീട്ടിൽ ഒരെണ്ണം ഉണ്ട്, എന്നും വൈകുന്നേരം അതു വച്ചാ അന്നത്തെ വരവ് എണ്ണിത്തീർക്കുന്നത് എന്നും പറയാൻ പറഞ്ഞു” ആശംസകൾ സുധീ. ഇങ്ങനെയൊക്കെ കല്യാണം തീരുമാനിക്കപ്പെടാൻ പറ്റുന്നത് ഒരു ഭാഗ്യം തന്നെയാണ്.

  ReplyDelete
  Replies
  1. ഹ ഹ ഹ .!!!!എതിരൻ ചേട്ടാ..നന്നായി ഇഷ്ടായി.അങ്ങനെ ഒരു സാധ്യത ഉണ്ടായിരുന്നല്ലേ????

   Delete
 7. “സൂര്യനിന്നെന്നാ ഉച്ചയാകണ്ടേ?? ഇനി അവനെ പിടിച്ച് വീടിന്റെ മുകളില്‍ കൊണ്ടുവന്നാലോ?? അല്ലെങ്കിൽ വേണ്ട. ഇനിയും കരിഞ്ഞാൽ അതെന്ത് നിറമായിരിക്കുമെന്നോർത്ത് സൂര്യഭഗവാനെ വെറുതേ വിട്ടു.“ കലക്കി!

  ReplyDelete
  Replies
  1. ഹ ഹ ഹ!!!ഞാൻ കയ്യിൽ നിന്നും ഇട്ട ഏക ഭാഗമാ ഇത്‌.കണ്ടുപിടിച്ചുകളഞ്ഞല്ലോ.മഹാമിടുക്കൻ തന്നെ.

   നന്ദി പറയാൻ വാക്കുകളില്ല.

   Delete
 8. “സൂര്യനിന്നെന്നാ ഉച്ചയാകണ്ടേ?? ഇനി അവനെ പിടിച്ച് വീടിന്റെ മുകളില്‍ കൊണ്ടുവന്നാലോ?? അല്ലെങ്കിൽ വേണ്ട. ഇനിയും കരിഞ്ഞാൽ അതെന്ത് നിറമായിരിക്കുമെന്നോർത്ത് സൂര്യഭഗവാനെ വെറുതേ വിട്ടു.“ കലക്കി!

  ReplyDelete
 9. കല്യാണം കല്യാണം എന്ന് പറയുന്നത് ഇങ്ങിനെയാണ്‌. അല്ലാതെ ഒരുമാതിരി...
  പോസ്റ്റ്‌ വളരെ ഉഷാറായിട്ടുണ്ട്.
  ആരോടും ഒറ്റതിരിച്ച് പറയേണ്ടല്ലോ. മെയിലും മെസേജും ഒന്നും വേണ്ട. ബ്ലോഗ്‌ ബ്ലോഗിലൂടെ തന്നെ നടക്കട്ടെ.
  എല്ലാവിധ ആശംസകളും നേരത്തേ നേരുന്നു.

  ReplyDelete
  Replies
  1. ഇങ്ങനെ ഒരു കല്യാണം സ്വപ്നത്തിൽ പോലുമില്ലായിരുന്നു.


   ഉഷാറയെന്ന് പറഞ്ഞതിൽ എത്രയോ സന്തോഷം.

   ആശംസയ്ക്ക്‌ വളരെ നന്ദി.!!!!

   Delete
 10. വടക്കുന്നാഥക്ഷേത്രസന്നിധിയില്‍ വെച്ചുനടന്ന സംഗമം മംഗളകരമായല്ലോ!
  വളരെ സന്തോഷം.എല്ലാവിധ ആശംസകളും നേരുന്നു.

  ReplyDelete
  Replies
  1. സീവീ സർ!!!!മുടങ്ങാതെയുള്ള ഈ ആശംസയ്ക്ക്‌ ഞാനെങ്ങനെ നന്ദി പറയാനാണു????

   എന്നാലും നന്ദി ട്ടോ!!!!

   Delete
 11. ഞമ്മടെ പഞ്ചായത്തില്‍ വച്ചോ!! പോരെങ്കില്‍ അയല്‍പ്പക്കവും.. മുബാറക്ക്..

  ReplyDelete
  Replies
  1. ആഹാ.അപ്പോ നമ്മൾ കാണേണ്ടി വരുമല്ലോ!!!!നമുക്കും മീറ്റാം.നല്ലൊരു ബിരിയാണി ഈറ്റ്‌ അറേഞ്ച്‌ ചെയ്യുമോ!!!!!

   Delete
 12. നാം ഈ ഭൂമിയിലേക്ക് പിറക്കുന്ന സമയത്ത് നമുക്ക് അറിയാവുന്നത് കരയുക എന്നത് മാത്രമാണ് .എല്ലാ അറിവുകളോടെ ജനിക്കുന്നവര്‍ ആരുണ്ട്‌ ഈ ഭൂലോകത്ത് നാം കാലക്രമേണ ഓരോരെ അറിവുകളും സ്വായത്തമാക്കുന്നതല്ലേ .ഇപ്പോള്‍ മലയാള ബ്ലോഗ്‌ ലോകത്ത് അറിയപ്പെടുന്ന ഒട്ടുമിക്ക എഴുത്തുകാരും സുധിയുടെ ബ്ലോഗ്‌ വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്യുന്നു .എഴുത്തുകള്‍ വായനക്കാര്‍ക്ക് നന്മയുടെ സന്ദേശങ്ങള്‍ കൂടി ആക്കുവാന്‍ ശ്രമിക്കുക എല്ലാവിധ ആശംസകളും നേരുന്നു

  ReplyDelete
  Replies
  1. അയ്യോ!!!!!!ഈ അഭിപ്രായം ഫ്രെയിം ചെയ്ത്‌ എന്റെ വീടിന്റെ ഉമ്മറത്ത്‌ തൂക്കണം.ഇവിടെ ആർക്കും ഈ എഴുത്തിനോടൊരു വിലയുമില്ല..

   Delete
 13. എല്ലാവിധ ആശംസകളും നേരുന്നു.

  ReplyDelete
  Replies
  1. ഹൃദയം നിറഞ്ഞ നന്ദിയുണ്ട്‌ ട്ടോ!!!

   Delete
 14. മുന്‍കൂര്‍ ആശംസകള്‍ നേരുന്നു. സുധിയ്ക്കും ദിവ്യയ്ക്കും. ലിങ്ക് എന്നു പറഞ്ഞാല്‍ ശരിക്കും രണ്ടറ്റങ്ങളെ കൂട്ടിചേര്‍ക്കുന്ന ഒരു കണ്ണിയാണെന്ന് ഇപ്പോഴാണ് മനസ്സിലായത്.

  ReplyDelete
  Replies
  1. ഹ ഹ .അതെയതെ..സ്നേഹാശംസകൾക്ക്‌ നന്ദിയുണ്ട്‌!!!

   Delete
 15. എന്തായാലും നന്നായി ധീരമായ തീരുമാനം
  ഈ അവസ്ഥയിൽ കൂടി കടന്നു പോകുമ്പോൾ അനുഭവപ്പെടുന്ന മാനസിക അവസ്ഥ
  അത് പറഞ്ഞറിയിക്കാൻ പറ്റില്ല
  എല്ലാം നിമിത്തം പിന്നെ നല്ലൊരു ജോഡി
  എല്ലാം മംഗളമായി ബാക്കി മനോരമ പോലെ നടക്കട്ടെ
  എല്ലാവിധ ആശംസകളും

  ReplyDelete
  Replies
  1. നിമിത്തദൈവങ്ങൾ ഇങ്ങനെ വരെ എത്തിച്ചു.

   മനോഹരമായ അഭിപ്രായത്തിനു നന്ദി.!!!!

   Delete
 16. ആജീവനാന്തബ്ലോഗേഴ്സ് മീറ്റിന് എന്റെ വക എല്ലാ ഭാവുകാശംസകളും.....

  ReplyDelete
  Replies
  1. അങ്ങനെ ഒരു കാര്യമുണ്ടല്ലോ!!!!


   ആശംസയ്ക്ക്‌ നന്ദി ജീ!!!!

   Delete
 17. സുധിയെ..ഞെട്ടിച്ചു കളഞ്ഞല്ലോ നീ :)
  ആശംസകൾ ..കേട്ടോ..

  ReplyDelete
  Replies
  1. ഞെട്ടിയോ ശ്രീജേച്ചീ!!!!!!????


   ആശംസകൾക്ക്‌ നന്ദിയുണ്ട്‌ ട്ടോ!!!!

   Delete

 18. "ഹിമാലയത്തിൽ അറയ്ക്കൽ ഗുഹ ഉണ്ടാക്കി ധ്യാനിയ്ക്കാൻ പോകുവാന്ന് പറഞ്ഞിരുന്നത്‌ "?
  മാറ്റം .. ജീവിതത്തിൻ്റെ വിശാലമായ വഴിത്താരയിൽ മാറ്റങ്ങൾ വന്നു കൊണ്ടേയിരിക്കും അത് പ്രകൃതി നിയമമാണ് അമ്മി ചോദിച്ച ചോദ്യങ്ങൾ എൻ്റേതായിരുന്നതുകൊണ്ട് വീണ്ടും ചോദിച്ച് വിഷമിപ്പിക്കുന്നില്ല .വായിച്ചു നന്നായിരിക്കുന്നു ഒരുപാട് ചിരിച്ചു. . എല്ലാ വിധ ആശംസകളും നേരുന്നു സെപ്തംബർ 14 ന് ഞാനുണ്ടാവും

  ReplyDelete
  Replies
  1. സന്യാസത്തിന്റെ അർത്ഥം അറിയാമോ സുധീ എന്ന് പറഞ്ഞെന്നെ വഴക്ക്‌ പറഞ്ഞിരുന്നത്‌ ഞാനോർക്കുന്നു സുരേഷേട്ടാ...

   കളിയാക്കണ്ട...

   വരുമോരോ ദശ വന്ന പോലെ പോം.

   Delete
 19. അപ്പോ ആകെ മൊത്തം കണക്കു കൂട്ടി നോക്കിയാല്‍ ഈ പാപത്തിന്റെ ആദ്യ കല്ല് എന്റെ കഷണ്ടിയില്‍ ആണ് അല്ലേ? ശരി...ശരി...നടക്കട്ടെ.ആശംസകള്‍....രണ്ടും കൂടി ഇനി ബൂലോകത്ത് നിന്നങ്ങ് പറന്നീക്കരുത് ട്ടോ (അല്ലാ....ക്ഷണം കണ്ടൊ?കണ്ടില്ല...അതോ കണ്ടോ..കണ്ടിട്ടുണ്ടാവാന്‍ സാധ്യതയില്ല...)

  ReplyDelete
  Replies
  1. ഹാ ഹാ ഹാ.സർ തന്നെയാണെന്നെ ബൂലൊകത്ത്‌ പിടിച്ച്‌ നിർത്തിയത്‌...ഇത്ര വരെയെത്തിയതും ആ കമന്റിൽ പിടിച്ച്‌ കയറിയിട്ട്‌ തന്നെ.   നന്ദി നന്ദി നന്ദി!!!!

   Delete
 20. "ശ്ശോ!! ഞാനങ്ങ്‌ നാണിച്ച്‌ പോയി. വീണ്ടും അമ്മ!!!
  ഹഹഹ. പൊളിച്ചടുക്കി ആശാനേ!
  സുധിക്കും ദിവ്യക്കും എല്ലാ മംഗളങ്ങളും നേരുന്നു.

  വന്ന സ്ഥിതിക്ക് ഒരു ഗാനം ആലപിച്ചിട്ട് പോയേക്കാം.

  തുടക്കം മാംഗല്യം ബ്ലോഗനാനേന
  പിന്നെ, മാംഗല്യം തന്തുനാനേന... ഹോയ്! (2)
  കല്ലോലിനിക്കൊരു കൂട്ട്
  സ്നേഹത്തണലൊരുക്കുന്ന കൂട്ട് (2)
  ബൂലോകർ എത്തുന്നുണ്ടല്ലോ ... ഓ... ഓ...
  അത് നിങ്ങളെ കെട്ടിക്കാനാണല്ലോ!
  തുടക്കം മാംഗല്യം ബ്ലോഗനാനേന...

  താങ്ക്യൂ താങ്ക്യൂ... :D

  ReplyDelete
  Replies
  1. ഹാ ഹാ ഹാ.കൊച്ചൂ!!!!!
   ആരും അത്‌ പറയുന്നില്ലല്ലോന്ന് ഓർത്തിരിയ്ക്കുവാരുന്നു...പലർക്കും കത്തിയിട്ടില്ല...


   ആശംസയ്ക്ക്‌ നന്ദി!!!


   പിന്നേ...ഗാനത്തിൽ ഇച്ചിരെ ടെമ്പോയും സംഗതിയും കൂടി വരാനുണ്ടായിരുന്നു.എന്നാലും മൊത്തത്തിൽ കുഴപ്പമില്ല.ഞാൻ പത്തിൽ പതിനൊന്ന് മാർക്ക്‌ തരുന്നു.

   Delete
 21. സുധിച്ചേട്ടാ ഞാൻ ആ സമയത്ത് തിരക്കായിപ്പോയതാണു ഇപ്പോ ഇതിനെല്ലാം കാരണം. സാധാരണ പുതിയ ബ്ലോഗിലെല്ലാം ഞാൻ ഫോളോവർ ഗാഡ്ജറ്റ് ചേർപ്പിക്കാറുണ്ട്. കല്ലോലിനിയുടെ ബ്ലോഗിലും അത് പറഞ്ഞു കൊടുത്തത് ഞാനാണെന്നാണു ഓർമ. എന്തായാലും ബ്ലോഗിലെ രഹസ്യ പ്രണയത്തിനു ആശംസകൾ. സുധിച്ചേട്ടനും ദിവ്യയ്ക്കും മംഗല്യാശംസകളും :)

  ReplyDelete
  Replies
  1. കുഞ്ഞൂ...

   കല്ലോലിനിയുടെ ബ്ലോഗിൽ കുഞ്ഞുറുമ്പിന്റെ കമന്റ്‌ ഞാൻ കണ്ടിട്ടുണ്ട്‌.

   മുടങ്ങാതെയുള്ള വായനയ്ക്കും ആശംസയ്ക്കും നന്ദി!!!!

   Delete
 22. ഭൂമിമലയാളത്തിൽ ബൂലോകം പൊട്ടിമുളച്ചപ്പോൾ
  ബൂലോകത്തെത്തിയ സുജിത്തും , ജിജിലുവുമാണ് ഓർക്കൂട്ടിൽ
  തുടങ്ങി വെച്ച അവരുടെ പ്രണയം ജാതി മത കൊതങ്ങൾ വകവെക്കാതെ
  കല്ല്യാണിച്ച് കുടുംബമുണ്ടാക്കിയ ആദ്യ ബൂലോഗർ ...!
  പിന്നീട് അരുണും ഇന്ദുലക്ഷ്മിയും , ‘സീത‘യും‘തൂലിക‘യും ,
  ’കൊച്ചുത്രേസ്യ‘യും ‘നമതും’മൊക്കെ ഇതാവർത്തിച്ച് കൊച്ച് കൊച്ച്
  ബൂലോക ദമ്പതിമാരായി മാറി..! (ഇതിനിടയിൽ പ്രദീപ് , മേരിക്കുട്ടി ,വിഷ്ണു ,
  നസുറിദീൻ ,മായ,ജോയ്സി,ഹെക്സിബ, മനോജ് ജോൺ (ബ്ലോഗ് പേരുകൾ പറയുന്നില്ല )
  മുതൽ ഇമ്മിണി ബൂലോഗ പ്രണയങ്ങൾ മുട്ടതട്ടെത്താതെ പോയിട്ടും ഉണ്ട് കേട്ടൊ കൂട്ടരെ )


  അങ്ങിനെ ഈ പറഞ്ഞവരും നമ്മുടെയൊക്കെ വിനുവേട്ടന്റേയും, നീലത്താമരയുടേയും ,
  തറവാടിയുടേയും , എഴുത്തുകാരിയുടേയുമൊക്കെ പോലെ ഒരേ വീട്ടിൽ ഒന്നിലധികം ബൂലോഗരുള്ള
  ഫേമിലിയായി മറി ..!
  ദാ ഇവരുടെ പട്ടികയിലേക്ക് ഒരു ചുള്ളനും ചുള്ളത്തിയും കൂടി

  അതും ലിങ്ക് കാണിച്ച് ആകർഷിപ്പിച്ച് ഒരു പാവം കല്ലോലിനി ഹൃദയം
  കോളാമ്പിയിൽ വീണത് കണ്ട് , ഇപ്പോൾ ശരിക്കും ഞെട്ടി പോയിരിക്കുകയാണ് ഞാൻ ...

  ഈ കോളാമ്പി പ്രായമായിരുന്നു എന്റെ വയസ്സെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു ..
  രാവണൻ സീത ദേവിയെ കൊണ്ട് പുഷ്പക വീമാനത്തിൽ സ്കൂട്ടായ പോലെ , ആ പാവം ഹൃദയ
  കല്ലോലിനിയുമായി ബിലാത്തിയിലേക്ക് പറന്നേനേ ...!

  ഹും അതൊക്കെ പോട്ടെ
  ഈ സൂപ്പർ പൊട്ടിയ്ക്കലിന് അനുമോദനങ്ങൾ അർപ്പിക്കുന്നതിനോടൊപ്പം
  സുധിക്കും ദിവ്യക്കും എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊള്ളുന്നു...., ചിയേഴ്സ് ..!  ReplyDelete
  Replies
  1. ശരിയ്ക്കും മുരളിച്ചേട്ടൻ ബ്ലോഗാബ്ലോഗിണിമാർക്കിടയിലെ ഒരു സൂപ്പർ താരം തന്നെ...മുരളീബോണ്ട്‌ OO7എന്നോ ഡിറ്റക്ടീവ്‌ മുരളീരാജ്‌ എന്നൊക്കെയോ വിളിക്കപ്പെടേണ്ട ആൾ തന്നെ...

   എന്റെ പോസ്റ്റിനേ നിഷ്പ്രഭമാക്കിക്കളഞ്ഞല്ലോ.ശരിക്കും നമുക്കൊരു ബിലാത്തിപീഡിയ അങ്ങ്‌ തുടങ്ങ്യാലോ???????


   ആശംസോൾക്ക്‌ നന്ദിയുണ്ട്‌..

   Delete
 23. സുധി അറയ്ക്കലിനും കല്ലോലിനിയ്കും എല്ലാ വിധ വിവാഹ മംഗള ആശംസകളും നേരുന്നു. ...

  ReplyDelete
 24. ആശാനെ, സംഭവം കലക്കി, അങ്ങനെ എഴുതിയെഴിതി ഒരു ജീവിതം കിട്ടി അല്ലെ.....
  അപ്പൊ സ്പെഷ്യല്‍ ക്ഷണം വേണം, ഒപ്പം ഉഗ്രന്‍ ചിലവും...
  കല്ലോലിനി വക ചെലവ് വേറെ...
  ബ്ലോഗ്‌ ചരിത്രത്തിലെ ആദ്യ സംഭവം ആണെന്ന തോന്നുന്നു.....
  ന്തായാലും ഹാപ്പി ബെര്‍ത്ത്‌ഡേ ടൂ യൂ..........

  ReplyDelete
  Replies
  1. വിനീതേ!!!

   ആദ്യസംഭവമൊന്നുമല്ലാന്ന് ബിലാത്തിപ്പീഡിയയിൽ വായിച്ചില്ലേ??

   വായനയ്ക്ക്‌ നന്ദി.!!!

   നല്ലൊരു ചെലവുണ്ട്‌ ട്ടാ.

   Delete
 25. പുതിയ കാലത്തിലെ ബ്ലോഗേഴ്സ് കമിതാക്കള്‍ക്ക്,
  എന്‍റെ വക വിവാഹമംഗളാസംശകള്‍!!!!
  സുധീ ബ്രദര്‍ എല്ലാം നന്നായ് വരട്ടെ!!!

  ReplyDelete
  Replies
  1. ചുരുങ്ങിയ വാക്കുകളിലെ ആശംസ്കൾക്ക്‌ നന്ദി!!!
   വന്നതിൽ സന്തോഷം.

   Delete
 26. ഹ്ഹ്ഹ്ഹ്ഹ്ഹ് സുധിക്ക് അങ്ങനെതന്നെവേണം. :പ്

  ബ്ലോഗ് ചരിത്രത്തിലെ ആദ്യത്തെ സംഭവൊന്നും അല്ല. പക്ഷേ...... ഇങനെ ചങ്കൂറ്റത്തോടെ ബ്ലോഗാക്കി ഇടുന്നത് ആദ്യായിട്ടാന്ന് തോന്നണു. (ആണോ? ആ...!!!))

  ReplyDelete
  Replies
  1. ആ .പിന്നല്ലാതെ.
   അവനങ്ങനെ തന്നെ വേനം...

   അവസാനം പറഞ്ഞ കാര്യം ക്ഷ സുഹിച്ച്‌ ട്ടാ...

   Delete
 27. super super, postum super kalyanavum super, njan munne alochichukondirikkukayayirunnu, sudhi kalyanam kazhikkenda samayam athikramichirikkunnu, njan idapedano ennu

  onnum vendi vannilla, aal swayam kalyanam nadathan pokunnu

  njanum aa nattukariya, thirunittakode village 2, chathanur post ariyumonnu chodikkanam divyayodu,
  jeevitham adichupolikku, bhavukangal

  ReplyDelete
  Replies
  1. ഷാജിതാ!!!!!!

   കല്ലോലിനിയുടെ നാട്ടുകാർ എത്ര ബ്ലോഗർമ്മാർ ആയി!!!ഇങ്ങനെ ഒരു പോസ്റ്റ്‌ വന്നത്‌ കാരണം പലരും ലൊക്കേഷൻ തന്നെ വെളിപ്പെടുത്തി...

   ഈ കോട്ടയത്ത്‌ നിന്നും ഞാനും,അജിത്തേട്ടനും,കുഞ്ഞുറുമ്പുമ്മ്,പിന്നെ അന്നൂസേട്ടനും മാത്രേ ഉള്ളൂ എന്നാ തോന്നുന്നത്‌...

   ദിവ്യ മറുപടി തരുമായിരിയ്ക്കും.

   Delete
 28. bilathipeedika paranjath vech ith adya sambavamallenkilum njan ingane oru blog pranayam kanunnath adyaman, kalloliniyude aa comment enikkormayund, faisal babuvinodu chodikku ennokke, athu kond enikkake santhosham santhosham

  ReplyDelete
  Replies
  1. ഷാജിതയുടെ സന്തോഷം ഈ അഭിപ്രായങ്ങളിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നു.വളരെ സന്തോഷം.

   അജിത്തേട്ടൻ ഇതു സംബന്ധമായി ഒരു പോസ്ററ് ചെയ്തത് കണ്ടില്ലായിരുന്നോ???

   ആദ്യസംഭവമല്ലെങ്കിലും ഇങ്ങനെ തുറന്നെഴുതുന്നതിലും ഒരു സന്തോഷമുണ്ട്...അത്‌ വായിച്ച പ്രിയപ്പെട്ട എഴുത്തുകാരുടെ ആശംസകൾ സ്വീകരിക്കാൻ കഴിയുന്നതിലും സന്തോഷം വേറെന്തുണ്ട്‌.!!!!!???

   Delete
  2. അതെ.!! അതു തന്നെ!!!

   Delete
 29. എന്‍ടീശോയേ..............
  ബ്ലോഗിലും കല്യാണമോ?????????????????
  ഊശാന്‍റെ ആശംസകള്‍!!!!!!

  ReplyDelete
  Replies
  1. ഊശാന്റെ ആദ്യ കമന്റ്‌ എനിയ്ക്കാണെന്ന് തോന്നുന്നു.അപ്പിഹിപ്പിയുടെ ആശംസകൾക്ക്‌ നന്ദി.

   Delete
 30. മുഖ സ്തുതി പറയുകയാണെന്ന് വിചാരിക്കരുത്. നിന്റെ ആ ഫോട്ടോയും ബ്ലോഗും സെറ്റപ്പും ഒക്കെ കണ്ടപ്പോഴേ തോന്നിയതാ നീ ആളത്ര ശരിയല്ലെന്ന് . ആ വിനയവും സംസാരവും ഒക്കെ. അവസാനം ഒരൊറ്റ ലിങ്ക് കൊണ്ട് കാര്യം സാധിച്ചെടുത്തു അല്ലേ? മിടുക്കൻ. ആ കൊച്ചിനേം ഓർമ വരുന്നു. ആദ്യം ഋതുമതി എന്നോ മറ്റോ ഒരു ബ്ലോഗ്‌. പിന്നെ ദിവ്യ കല്ലോലിനി , പിന്നെ കല്ലോലിനി. എനിക്ക് തോന്നുന്നത് ആദ്യ ലിങ്ക് കണക്റ്റ് ആയപ്പം ആദ്യ പേര് മാറ്റം. അടുത്ത ലിങ്കിൽ അടുത്ത പേര് മാറ്റം. ഏതായാലും രണ്ടു ലിങ്ക് കൊണ്ട് കാര്യം നടന്നു.

  നിശ്ചയത്തിന്റെ പടങ്ങൾ ഇടാഞ്ഞത് എന്താ? പിന്നെ ഒരു നല്ല കാര്യം നടന്നതെല്ലാം തുറന്നെഴുതി. ഞങ്ങൾക്ക് ഒരു പ്രണയ കഥ വായിക്കാനായി. അതും സുന്ദരമായ ഒരു പ്രണയ കഥ.

  ഏതായാലും രണ്ടു ബ്ലോഗർമാരും സംഗതി വളരെ രഹസ്യമാക്കി വച്ചിരുന്നു. സംശയം തോന്നി കല്ലോലിനിയിൽ പോയി നോക്കി. ഇതാ ഒരേ ദിവസം സംഭവം വെളിപ്പെടുത്തുന്നു.

  ഇനി കല്യാണം കഴിഞ്ഞാൽ രണ്ടു പേരും കൂടി ജോയിന്റ് ബ്ലോഗ്‌ ആക്കുമോ എന്നാണു ഞങ്ങൾ കാത്തിരിക്കുന്നത്.

  സുധീ, സുധിയുമായി ഒരു പ്രത്യേക അടുപ്പം തോന്നി. ബ്ലോഗിലെ സംവാദത്തിലൂടെയാണ് അത്. കല്യാണത്തിന് എല്ലാ ആശംസകളും. ബ്ലോഗിലെ എഴുത്ത് വച്ച് നോക്കിയാൽ സുധിയുടെ പ്രതിശ്രുത വധു നല്ല കുട്ടിയാണ്. രണ്ടു പേർക്കും എല്ലാ മംഗളാശംസകളും ഒരിക്കൽ കൂടി.

  ReplyDelete
  Replies
  1. ബിപിൻ സര്‍....,
   അക്കാര്യങ്ങളൊക്കെ ഓര്‍ക്കുന്നുവല്ലേ.... സന്തോഷം.!!

   ഞാന്‍ എല്ലാ രൂപപരിണാമങ്ങള്‍ക്കും ശേഷം കല്ലോലിനിയായി ഒഴുകിത്തുടങ്ങി പോസ്റ്റ് ചെയ്ത ദാമ്പത്യപശ എന്ന കവിതയിൽ, 2015 മാര്‍ച്ച് 17ന് ഒരാള്‍ ഒരു നട്ടപ്പാതിര നേരത്ത് ബ്ലോഗിന്‍റെ വാതിലില്‍ മുട്ടി ഒരു കമന്‍റിട്ടിട്ടു പോയപ്പോള്‍, ഞാൻ നല്ല ഉറക്കമായതിനാല്‍.... എന്തരാണ് എന്തരുവേണം എന്നൊന്നും ചോദിക്കാന്‍ കഴിഞ്ഞില്ല. പകരം പിറ്റേദിവസം നട്ടുച്ച നേരത്ത് നേരെ കോളാമ്പിയിലേക്കങ്ങ് കയറിച്ചെന്നു. അവിടെയപ്പോള്‍ കുവൈറ്റ് അധിനിവേശം നടന്നുകൊണ്ടിരിക്കുകയായിരുന്നു.!! ഒട്ടും മടിച്ചില്ല. നമ്മളും പോസ്റ്റി ഒരു കമന്‍റ്.!!!
   നേരു പറഞ്ഞാല്‍, ആ നട്ടുച്ച നേരം വരെ "സുധി അറയ്ക്കൽ" എന്ന എല്ലാ ബ്ലോഗുകളും വായിക്കുകയും കമന്‍റിടുകയും പിന്നെ, ഒരു പോസ്റ്റിട്ടാലോ, ഒരു പോസ്റ്റ് കണ്ടാലോ, അതിന്‍റെ ലിങ്ക് ലോകത്തുള്ള സകലമാന ആളുകള്‍ക്കും അയച്ചുകൊടുക്കുകയും ചെയ്യുന്ന ഒരു 'പ്രത്യേകതരം ജീവി' ഈ ബൂലോഗത്ത്/ഭൂലോകത്ത് വസിക്കുന്നുണ്ടെന്ന കാര്യത്തില്‍ ഞാൻ തികഞ്ഞ അജ്ഞയായിരുന്നു.!!!
   സുധീർ സര്‍ പറഞ്ഞതുപോലെ, ലിങ്കുകൾ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്ന കണ്ണികളായതെല്ലാം പിന്നീടായിരുന്നു.!!

   സാറിന്‍റെ എല്ലാ ആശീർവാദങ്ങള്‍ക്കും സ്നേഹത്തിനും നന്ദി.!!!
   ഒരുപാട് നന്ദി.!!!

   Delete
  2. ആഹാ.അപ്പോ കമന്റിൽ ലിങ്ക്‌ ഇടുന്നത്‌ ഇങ്ങനെയാ അല്ലേ??

   Delete
 31. ബിബിൻ സർ നന്ദി!!!!!

  ജോയ്ന്റ്‌ ബ്ലോഗ്‌ ആക്കാനൊന്നും പ്ലാനില്ല.അവർക്കിഷ്ടമുള്ളത്‌ അവരും എനിയ്ക്കിഷ്ടമുള്ളത്‌ ഞാനും എഴുതട്ടെ.അതാ നല്ലത്‌...

  പ്രണയകഥ മുഴുവനും എഴുതിയിട്ടില്ല.പകുതി പോലും ആയില്ല...പിന്നീടെപ്പോഴെങ്കിലും എഴുതാന്ന് കരുതുന്നു...രസകരമായ ഒരുപാട്‌ സംഭവങ്ങളുണ്ട്‌.

  ആശംസകൾക്ക്‌ നന്ദി.!!!!

  ReplyDelete
 32. Best in the business...................................................!!!!

  ReplyDelete
 33. രണ്ടു ദിവസമായി ചെന്നെയിലാണ്.വായിക്കാൻ വൈകി.ഏതായാലും സന്തോഷം നിറഞ്ഞ ഒരു ജീവിതം ആശംസിക്കുന്നു.(എഴുത്ത് നിർത്തേണ്ട കേട്ടോ)

  ReplyDelete
 34. നന്ദിയുണ്ട്‌ ജീ!!!!!

  എഴുത്തൊരിയ്ക്കലും നിർത്തില്ല...ഏറ്റവും കുറഞ്ഞത്‌ അഞ്ച്‌ പോസ്റ്റ്‌ എങ്കിലും ഇപ്പോൾ ഉണ്ട്‌.

  നന്ദി തിരക്കിനിടയിലും വന്നതിൽ.

  ReplyDelete
 35. ആശംസകൾ സുധീ ...

  ReplyDelete

 36. പ്രിയപ്പെട്ട സുധിക്കും ദിവ്യക്കും എന്റെ ഒരായിരം ആശംസകൾ... :)

  എന്റെ ബ്ലോഗിലെ ഒരു പോസ്റ്റിൽ 'യൂ ആർ ദ്‌ ലൈറ്റ്‌' ഡയലോഗ് ഞാനും പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞപ്പോൾ , ഞാൻ ഒരിക്കലും ഇങ്ങനെയൊരു സസ്പെൻസ് പ്രതീക്ഷിച്ചില്ല... ! ഒരിക്കൽക്കൂടി രണ്ടു പേർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ...

  ReplyDelete
  Replies
  1. ഷഹീം...ആത്മാർത്ഥമായ ഈ സ്നേഹപ്രകടനത്തിനെങ്ങനെ നന്ദി പറയും!!!എന്നിരുന്നാലും എന്റെ സ്നേഹം.
   നന്ദി!!!

   Delete
 37. Ashamsakal, Prarthanakal...! Ennum Nanmayundakatte...!!!

  ReplyDelete
  Replies
  1. സുരേഷേട്ടാ!!!!
   ആശംസകൾക്കും പ്രാർത്ഥനകൾക്കും ഹൃദയം നിറഞ്ഞ നന്ദി!!!

   Delete
 38. അജിത്‌ ഭായിയുടെ 'ബ്ലോഗര്‍ജീവിതസംഗമം' എന്ന പോസ്റ്റിൽ നിന്ന് വാർത്തയറിഞ്ഞ് വന്നതാണ്. എന്തായാലും അരിവാളും കൊടുവാളും ഒന്നും എടുക്കാതെ പക്വതയോടെയും സരസമായ സംയമനത്തൊടെയും ഈ വിവാഹ മംഗളകർമത്തിലേയ്ക്കുള്ള പാത സുഗമമായി തെളിയിച്ചു തന്ന നിങ്ങളുടെ രണ്ടു പേരുടെയും മാതാപിതാക്കൾക്കും വേണ്ടപ്പെട്ടവർക്കും ആദ്യ ആശംസകൾ. എന്നിട്ടേ വധൂവരന്മാർക്ക് ആശംസകൾ പറയുന്നുള്ളൂ.
  ഭാവി ജീവിതം ഒരു കല്ലോലിനിയെ പോലെ തന്നെ മധുരമായി ഒഴുകട്ടെ. രണ്ടാൾക്കും വിവാഹമംഗളാശംസകൾ . ഇനിയും സരസമായി ലിങ്കുകൾ ഇടാൻ (!) വിവാഹജീവിതം കൂടുതൽ സഹായിക്കട്ടെ!!

  ReplyDelete
  Replies
  1. ഇത്ര വലിയ ആശംസയ്ക്ക്‌ നന്ദിയുണ്ട്‌ ടീച്ചർ!!!

   Delete
 39. എന്നാലും നിങ്ങള് മാട്രിമോണിക്കാരുടെ കഞ്ഞികുടി കുട്ടിച്ച്ചു കളഞ്ഞല്ലോ പിള്ളകളെ...
  ന്യൂ ജനറേഷന്‍ കയ്യൊഴിഞ്ഞ ബ്ലോഗ്‌ ഇങ്ങനെയെങ്കിലും പുഷ്ടിപ്രാപിക്കട്ടെ. സര്‍വമംഗളം ഭവന്തു.

  ReplyDelete
  Replies
  1. ശ്ശോ!!!!ആർക്കെങ്കിലും ഒരു പ്രചോദനമാകട്ടെ എന്ന് കരുതി.

   2014നെ അപേക്ഷിച്ച്‌ 2015 ബൂലോകം നന്നായി മാറി...ഞാൻ വായിക്കാൻ തുടങ്ങിയ സമയത്ത്‌ ആരും ബ്ലോഗ്‌ വായിക്കാറ് തന്നെ ഉണ്ടായിരുന്നില്ല.!!!!

   ചിലർ ചിലരുടെ മാത്രം ബ്ലോഗുകളിലേ പോകുന്നുള്ളൂ...നൂറുകണക്കിനു ബ്ലോഗർമ്മാർ ഇവിടങ്ങളിലൊക്കെ ചുറ്റിത്തിരിയുന്നുണ്ട്‌.അവർ വിചാരിച്ചാൽ മാറ്റം വരും...

   ന്യൂജെനെറേഷനു സാഹിത്യവാസന ഇല്ലാതെ വരുന്നതിനു അവരവരുടെ പേരന്റ്സ്‌ തന്നെ കാരണം.സിലബസ്‌ മാത്രം മുന്നിലുള്ള കുട്ടികളും,ഭാവിയിലെ നിക്ഷേപമായി മാത്രം മക്കളെ കാണുന്ന മാതാപിതാക്കളും ...


   നിറഞ്ഞ
   സ്നേഹത്തിനു നന്ദിയുണ്ട്‌.!!!!

   Delete
 40. ഹമ്പടാ :) ... അന്ന് ഫോണില്‍ പറഞ്ഞത് കേട്ടപ്പോള്‍ സന്തോഷം തോന്നി .. എന്തായാലും ഈ ഒരുമയും സ്നേഹവും ഉണ്ടാവാന്‍ പ്രാര്‍ത്ഥനയോടെ ,,
  മനസ്സു തുറന്നു എഴുതിയത് കൊണ്ടാvaam ഈ പോസ്റ്റ്‌ വളരെ നന്നായി ഇഷ്ടപ്പെട്ടു . നല്ല ശൈലിയും വായനാ സുഖവും ,, ഏതു പോസ്റ്റ്‌ ഇട്ടാലും ഇവടെ ഓടിയെത്തി കമന്റ് ചെയ്യുന്ന കല്ലോലിനി എന്നൊരു ബ്ലോഗര്‍ ഉണ്ടായിരുന്നു ഈ പോസ്റ്റില്‍ മാത്രം കാണുന്നില്ല എവിടെ പോയോ ആവോ .

  ReplyDelete
  Replies
  1. ഫൈസലിക്ക, ഞാനിവിടെയൊക്കെത്തന്നെ ഉണ്ടെന്നേ....
   ഒരു കമന്‍റ് കടുകുവറുത്തിടാന്‍ പോയതാ..!!! :-D

   Delete
  2. ഫൈസലിക്കാ,

   ഹൃദയം നിറഞ്ഞ നന്ദി!!!!വന്നില്ലല്ലോന്ന് ഓർത്തു.

   Delete
 41. ഈ പ്രണയസംരംഭത്തിന് തുടക്കം കുറിക്കുകയും അതിന്‍റെ വളര്‍ച്ചയ്ക്കും ഉയര്‍ച്ചയ്ക്കും വേണ്ടി അഹോരാത്രം അക്ഷീണം പരിശ്രമിക്കുകയും, അതില്‍ വിജയിക്കുകയും, അത് രസകരമായി എഴുതുകയും ചെയ്ത സുധി അറയ്ക്കലിന് അനുമോദനങ്ങളുടെ പൂച്ചെണ്ടുകള്‍.!!!

  ReplyDelete
  Replies
  1. ഹാ ഹാ...

   പൂച്ചെണ്ടുകൾ സ്വീകരിച്ചിരിക്കുന്നു കല്ലോലിനീ...ഇനിയും വരണേ!!!!!

   Delete
 42. ഹമ്പമ്പട ഹമ്പോ... സുധിയ്ക്കും ദിവ്യയ്ക്കും സ്നേഹം നിറഞ്ഞ ഒരായിരം ആശംസകള്‍.. വരാനൊക്കില്ല, പക്ഷേ , പ്രാര്‍ത്ഥനകളായി ആശംസകളായി അവിടെയൊക്കെ ഉണ്ടാകുംട്ടാ...
  എന്നും നന്മ ഉണ്ടാകട്ടെ....

  ReplyDelete
  Replies
  1. ആർഷാജീ...


   വളരെ നന്ദി.
   ഇനിയും വരിക.

   Delete
 43. ഒരൊന്നൊന്നര ലിങ്കിടല്‍ ആയിപ്പോയി ഭായ്.. എഴുത്തും തകര്‍ത്തു..

  രണ്ടുപേര്‍ക്കും സര്‍വമംഗളങ്ങളും ആശംസിക്കുന്നു.. :)

  ReplyDelete
  Replies
  1. ഇഷ്ടായതിൽ സന്തോഷം...

   ആശംസയ്ക്ക്‌ നന്ദി ഡോക്ടർ!!!!

   Delete
 44. ജീവിതം തന്നെ കഥയാകുമ്പോൾ അതിനൊരു പ്രത്യേക സുഗന്ധമാണ്. ആരാലും നിഷേധിക്കപ്പെടാനാകാത്ത സൌരഭ്യം.
  നിങ്ങളുടെ ജീവിതം എന്നും ചിരി നിറഞ്ഞതാകട്ടെ.
  അങ്ങനെ നിങ്ങളുടെ ജീവിതവും ബ്ലോഗും നിറഞ്ഞു കവിഞ്ഞൊഴുകട്ടെ..

  ReplyDelete
  Replies
  1. പ്രദീപേട്ടാ!!!!

   വളരെ സന്തോഷം!!താങ്കൾ ചെയ്ത കല്യാണകഥകൾ വായിച്ചിരുന്നു.അതൊക്കെയല്ലേ കഥകൾ!!!!

   ഇത്രയും നല്ല ആശംസയ്ക്ക്‌ നന്ദി.

   Delete
 45. രണ്ടു പേര്‍ക്കും സ്നേഹാശംസകള്‍. ബ്ലോഗറും ബ്ലോഗിണിയും കല്യാണം കഴിച്ച് സുഖായി ജീവിച്ച് പത്തഞ്ഞൂറു ബ്ലോഗ് കുഞ്ഞുങ്ങള്‍ ഉണ്ടാകുവാന്‍ ആശംസ(ബ്ലോഗ് കുഞ്ഞുങ്ങള്‍ എന്ന് ഉദ്ദേശിച്ചത് പോസ്റ്റുകളാണ്. ചുമ്മാ തെറ്റിധരിക്കല്ലേ)

  ReplyDelete
  Replies
  1. ഹാ ഹാ ഹാ.ആശംസയ്ക്ക്‌ നന്ദി.!!!

   കുഞ്ഞുങ്ങൾ ഇഷ്ടം പോലെ പണിപ്പുരയിൽ തയ്യാറായിട്ടുണ്ട്‌.പക്ഷേ ആരും വായിയ്ക്കാൻ വരുന്നില്ലല്ലൊ!!!!

   Delete
 46. അമ്പട സുധീ... അപ്പോൾ ഇതായിരുന്നു അല്ലേ അന്ന് പറഞ്ഞ ആ ഞെട്ടിക്കൽ? കൊള്ളാല്ലോ... കൊട്‌ കൈ...

  അനശ്വര പ്രണയത്തിന്റെ സൗരഭ്യം നിറഞ്ഞ ഭാവി ഇരുവർക്കും ആശംസിക്കുന്നു...

  ReplyDelete
  Replies
  1. വിനുവേട്ടാ.

   ഞെട്ടില്ലെന്ന് പിന്നെ ഞാൻ പറഞ്ഞിരുന്നല്ലൊ.കൈയും ആശംസയും സ്വീകരിച്ചിരിയ്ക്കുന്നു.

   Delete
 47. എന്നാലുമെൻറെ സുധിയേട്ടാ എന്നെ ഒന്നറിയീച്ചില്ല്യാലോ എന്നൊക്കെ പറയണമെന്നുണ്ട്...ആനക്കാര്യം പറയുമ്പോഴാണോ ചേനക്കാര്യം അല്ലേ..?

  ആ പിന്നേയ്...
  എങ്ങാണ്ടോ ഇരിക്കുന്ന ഈ കൊച്ചനുജൻറെ വക
  ആയിരമയ്യായിരം മംഗളാശംസകൾ

  ReplyDelete
  Replies
  1. പ്രിയ അനിയാ ശിഹാബ്‌,

   കുറച്ച്‌ പേരോട്‌ പറഞ്ഞിരുന്നു.


   കുഞ്ഞനിയന്റെ ആശംസയ്ക്ക്‌ വലിയ നന്ദി.

   Delete
 48. Sudheesh sir, Kalakki kto.. Ithu poloru kalyanam vili ithadyamaya.. Ella mangalangalum nerunnu..!! Appol Bacardi apple ennanu pottikkunne?? ;-)

  ReplyDelete
  Replies
  1. ആഹാ.

   മറക്കാനാവാത്ത ഒരു രാത്രി പിന്നേം പിന്നേം ഓർമ്മിപ്പിക്കുവാണോ??കല്യാണത്തിനു കാണാം.

   Delete
 49. Replies
  1. നന്ദി അഷറഫ്ജീ...

   ബ്ലോഗ്‌ ചെയ്താൽ ലിങ്ക്‌ അയച്ച്‌ തരണേ!!

   Delete
 50. ഇത്രയും മനോഹരമായ ഒരു കല്യാണക്കുറി ഇതേ വരെ ഞാന്‍ കണ്ടിട്ടേ ഇല്ല...എല്ലാവിധ ആശംസകളും നേരുന്നു.....

  ReplyDelete
  Replies
  1. ഇത്രയും നല്ല വാക്കുകൾ വേണോ??

   ആശംസകൾ കൈപ്പറ്റുന്നേ!!!

   Delete
 51. ഹമ്പട കള്ളാ...ബ്ളോഗിങ്ങിലൂടൊരു കല്യാണം....രസകരമായി പറഞ്ഞിരിക്കുന്നു.

  ReplyDelete
  Replies
  1. ശ്ശോ!!!ബ്ലോഗിലൂടെ കല്യാണം ഇങ്ങനെ പരസ്യമാക്കുന്നത്‌ ആദ്യമല്ലേ??

   ആദ്യമായി വന്നതിനു നന്ദി.
   കാണാം.

   Delete
 52. ഇതിലേക്കും ലിങ്ക് വഴിയാണു വന്നത്.. ലിങ്കിട്ട് പിടിച്ച /പിടിക്കപ്പെട്ട ബ്ലോഗിണിയുടെ പോസ്റ്റിലൂടെ. സന്തോഷ സമാധാന ദീർഘ ദാമ്പത്യം ആശംസിക്കുന്നു..

  ReplyDelete
  Replies
  1. ലിങ്കിട്ട്‌ പിടിച്ച ബ്ലോഗിണി!!!

   അതിഷ്ടായി.

   ആശംസയ്ക്ക്‌ വളരെ നന്ദി!!!

   Delete
 53. അജിത്തെട്ടനാണ് ഇങ്ങോട്ടുള്ള വഴി പറഞ്ഞുതന്നത്.
  വന്നു നോക്കിയപ്പോള്‍, മുഴങ്ങുന്നത് വിവാഹ കാഹളം.!!

  എന്തായാലും ആക്ഷേപഹാസ്യത്തിലൂടെ വിവാഹം ക്ഷണിക്കുന്ന വിദ്യ കിടിലം തന്നെ.... എല്ലാ വിധ ആശംസകളും.

  ഭാഷയും, സാഹിത്യവും, കഥകളും, കവിതകളും, രണ്ടുപേരുടെയും ഇനിയുള്ള യാത്രകളിലും തെളിഞ്ഞു നില്‍ക്കട്ടെ.

  വിവാഹ മംഗളാശംസകള്‍.

  ReplyDelete
 54. മുകേഷേട്ടാ !!!!!

  വളരെ നന്ദി.

  ഇനിയും നമുക്ക്‌ കാണാം.

  ReplyDelete
 55. സർവ്വ മംഗളാശംസകളും നേരുന്നു.

  ReplyDelete
  Replies
  1. ഷാജിയേട്ടാ,
   ആശംസയ്ക്ക്‌ നന്ദി.
   പുതുതായി എന്നെ വായിയ്ക്കാൻ വന്ന എല്ലാർക്കും നന്ദി.എല്ലാ ബ്ലോഗിലും ഞാനെത്തിക്കോളാം.നല്ല തിരക്കിലായിപ്പോയി.ക്ഷമിക്കണേ!!!

   Delete
 56. സുധീ
  ആദ്യമേ തന്നെ രണ്ടുപേർക്കും എന്റെ എല്ലാ പ്രാർത്ഥനയും, വിവാഹമംഗളാശംസകളും നേരുന്നു.
  എന്നാലും സുധീ ഇതെപ്പോൾ സംഭവിച്ചു. ഈയടുത്തുള്ള എന്റെ ബ്ലോഗിലെ സ്ഥിരവായനക്കാരായിരുന്നു സുധിയും, വിനോദും പിന്നെ ദിവ്യ ആദ്യം മുതലേയുണ്ടായിരുന്നു. നിങ്ങളുടെയൊക്കെ ബ്ലോഗിൽ കമന്റിടാൻ വരുമ്പോഴൊക്കെ പിള്ളാരുടെ കമന്റടിയും, മറുപടിയും പിന്നെയും കമന്റലുമൊക്കെ കാണുമ്പോൾ പിള്ളേരുകളിയായെ കരുതിയുള്ളു കേട്ടോ? കളി കാര്യമായിരുന്നു ല്ലേ? എന്നാലും നാട്ടിലെ ഓട്ടത്തിരക്കിനിടയിൽ ഞാനിതൊന്നും അറിഞ്ഞില്ല. എന്റെ ബ്ലോഗിൽ " ചേച്ചി ഇപ്പോൾ ബ്ലോഗിൽ സജീവമല്ലേ " എന്നൊക്കെ ചോദിച്ചപ്പോൾ വിവാഹമാണെന്ന് ഒരു സൂചനയെങ്കിലും തരാഞ്ഞതിൽ രണ്ടാളോടും ഇത്തിരി പരിഭവം ഇല്ലാതില്ല. ഒന്നുമല്ലെങ്കിലും നമ്മൾ ഒരേ നാട്ടുകാരും, പുതിയ ബ്ലോഗർമാരും ഒക്കെയല്ലാരുന്നോ. പരിഭവം ന്നൊക്കെ ചുമ്മാ പറഞ്ഞതാ ട്ടോ സുധീദിവ്യ. ഒരിക്കൽ കൂടി എന്റെ എല്ലാ ആശംസകളും, പ്രാർത്ഥനയും.
  സ്നേഹത്തോടെ ചേച്ചി

  ReplyDelete
  Replies
  1. ഗീതേച്ചീ,

   കാണാറില്ലല്ലോന്ന് ഞാൻ പലരോടും അന്വേഷിച്ചിരുന്നു..തിരക്കാവുമെന്ന് കരുതി.എന്നാലും വന്നല്ലോ!!!!നല്ല സന്തോഷമായി...

   എങ്ങനെയൊക്കെയോ രസകരമായ രീതിയിൽ ഇങ്ങനെയൊക്കെ ആയി.

   ഫേസ്ബുക്കിൽ കയറാറില്ലാത്തത്‌ കൊണ്ട്‌ ബ്ലോഗ്‌ മാത്രേ നോക്കാറുള്ളൂ.


   അടുത്തേതെങ്കിലും ബ്ലോഗ്മീറ്റ്‌ നടക്കുന്നെങ്കിൽ പ്രത്യക്ഷപ്പെടാമെന്ന് കരുതുന്നു.എല്ലാവരേയും കാണമെന്നും.

   നിറഞ്ഞ സ്നേഹം.!!!!നന്ദി!!!

   Delete
 57. അപ്പോള്‍ രണ്ടു പേരുടെയും ദാമ്പത്യ ജീവിതം ഐശ്വര്യപൂര്‍ണ്ണവും സന്തോഷപ്രദവുമാവട്ടെ -നിറഞ്ഞ ആശംസകള്‍ ....!

  ReplyDelete
  Replies
  1. ആശംസകൾക്ക്‌ നന്ദി ഇക്ക.വിവാഹം കഴിഞ്ഞ്‌ കേട്ടോ!!!!

   Delete
 58. ഒരുപാട് എഴുതണം എന്നു കരുതിയതു കൊണ്ടാണ് കുറച്ച് എഴുതിപോയതത്..... എങ്കിലും..... പ്രിയ അനിയാ...... ഒരുപതിനായിരം വര്‍ഷം നിങ്ങളുടെ പ്രണയം ബൂലോകം ഓര്‍ത്തു വയ്കട്ടേ...... സ്നേഹാശംസയോടെ നിറഞ്ഞ മനസ്സോടെ..... The great ..,.. Wonderful marriage life wishes.....

  ReplyDelete
  Replies
  1. ആശംസകൾക്ക്‌ നന്ദി കേട്ടോ!!!!!!!

   Delete
 59. ആയിരം കൊല്ലം ആയുഷ്മാന്‍ ഭവഃ.....
  ദീര്‍ഘ സുമഗലീ ഭവഃ.........

  ReplyDelete
  Replies
  1. ആശംസകൾക്ക്‌ നന്ദി കേട്ടൊ!

   Delete
 60. മനോഹരമായെഴുതാനും..
  അതിലും മനോഹരമായി ജീവിക്കാനും അനുഗ്രഹമുണ്ടായിരിക്കട്ടെ

  ReplyDelete
  Replies
  1. വഴിമരങ്ങളെ കാണുന്നില്ലല്ലോന്ന് ഓർത്തു.എവിടാരുന്നു???

   ആശംസയ്ക്ക്‌ നന്ദി!!!!!!

   Delete
 61. അആശാനെ ചിലവുണ്ട്............. അതെവ്ടെ ?

  ReplyDelete
  Replies
  1. വലിയ ചെലവായിരുന്നു വിനീതേ...നമുക്ക്‌ കൂടാന്നേ.

   Delete
  2. തീർച്ചയായും വിനീത്‌.നമുക്ക്‌ ശര്യാക്കാന്നേ!!!!

   Delete
 62. ഇന്ന് സെപ്തം. 18 അതായത് കല്യാണം കഴിഞ്ഞ് നാലാം ദിവസം... എന്നാലും ദുഷ്ടാ തൃശൂർ വരെ വന്നിട്ട് ഒന്നു വിളിക്കാൻ തോന്നിയില്യാലോ... സംഭവം ഞാൻ ഒളിവിലൊക്കെ ആയിരുന്നു... ന്നാലും... പിന്നെ fB friends കല്യാണം കഴിച്ച കഥകൾ ഏറെ കേട്ടിരിക്കുന്നു... ഇതെനിക്ക് ആദ്യത്തെ അനുഭവമാണ്... ബ്ലോഗിനെ സ്നേഹിച്ച സുധിയേട്ടന് ബ്ലോഗിലൂടെ തന്നെ ജീവിതസഖിയും.... രണ്ടു പുഴകൾ ചേരുമ്പോൾ വലിയൊരു പുഴയെന്നതു പോലെ രണ്ടു പേരുടെ ബ്ലോഗുകളും ഒപ്പം ജീവിതവും കൂടുതൽ ഉന്നതിയിലെത്തുവാൻ ഈ അനിയനും പ്രാർത്ഥിക്കും... ഭാസുരമായ ഭാവി ജീവിതത്തിന് ആശംസകൾ നേരുന്നു...

  ReplyDelete
 63. ദീപു ഫേസ്ബുക്കിൽ സജീവമായി നിൽക്കുന്നത്‌ കാണുന്നുണ്ടായിരുന്നു...അതിൽ ചെയ്യുന്ന ഗംഭീരൻ കവിതകളും കഥകളും ബ്ലോഗിലും കൂടി ചെയ്യൂ അനിയാ...

  എന്നും നന്മകൾ മാത്രം ഭവിയ്ക്കട്ടെ!!!

  ReplyDelete
 64. ആശംസകള്‍ .....
  (ലേശം വൈകി എങ്കിലും സ്വീകരിക്കുമല്ലോ)
  :)

  ReplyDelete
 65. ഒരു ബ്ലോഗിന് ലിങ്ക് ഇടാൻ സഹായിച്ചു ...
  കല്യാണവുമായി ....
  കൊള്ളാം ...
  ദൈവം അനുഗ്രഹിക്കട്ടെ ...
  ആശംസകൾ സുധി ...

  ReplyDelete
 66. ശോ സുധി ഈ പോസ്റ്റ്‌ എങ്ങനെയോ മിസ്സ്‌ ആയി
  സോറി..എല്ലാ ആശംസകളും....

  പിന്നെ ഞാനും കോട്ടയം കാരൻ ആണ്.ചുമ്മാ
  നമ്മളെപ്പറ്റി അപവാദം പറയല്ലെന്ന്
  പറയാനാ ആദ്യം തോന്നിയേ...മ്മള് പുലികൾ
  അല്ലേ.അജിത്തെട്ടനും കൂടും കേട്ടോ ...

  സുധിക്കും ദിവ്യക്കും നല്ലതു വരട്ടെ..
  എല്ലാ ആശംസകളും ...

  ബിലാത്തി ..ങ്ങൾ പുപ്പുലി ആണുട്ടോ.
  ബ്ലോഗ്‌ മുത്തശി 'വായാടി' മാത്രം ഇപ്പോഴും
  ഒളിവിൽ തന്നെ അല്ലെ ..:)

  ReplyDelete
 67. ശരിയാക്കിത്തരാമെടാ കാലമാടാ..
  കല്യാണം അറിഞ്ഞീല..
  ഞമ്മളീ മൈലിലൊക്കെ കയറുന്നത് കുറവാണെന്നെ..
  പാലക്കാട് വരുമ്‌പോ എടുത്തോളാം..
  ഞാനും ആരേലും ലിങ്കിടാന്‍ കിട്ടോന്ന് നോക്കട്ടെ..
  :D

  ReplyDelete
 68. ഭദ്രാജീ!!!!വായനയ്ക്ക്‌ വളരെയധികം നന്ദി...ബ്ലോഗിൽ വരാമേ!!!!.

  ReplyDelete
 69. നന്ദിനിജീ,

  ബ്ലോഗിൽ പഴയ ആളായിരുന്നല്ലേ!!!ഞാൻ എത്തിക്കോളാം.വായനയ്ക്കും അഭിപ്രായത്തിനും ആശംസയ്ക്കും നന്ദി..

  ReplyDelete
 70. എന്റെ ലോകം!!!!

  കോട്ടയത്തു നിന്നുമാണല്ലേ!!

  നമ്മൾ മാത്രല്ലാ കുഞ്ഞുറുമ്പും കോട്ടയംകാരിയാണു.

  ആശംസയ്ക്ക്‌ നന്ദിയുണ്ട്‌!!!!..

  ReplyDelete
 71. ഹാ ഹാ ഹാ.മുബാറക്ക്‌....

  വായിച്ച്‌ ശരിപ്പെടുത്തിയതിനു നന്ദി.നമുക്കിനിയും കാണാം.

  ReplyDelete
 72. സുധി കുറച്ചധികം വൈകി പോയി, ബട്ട് ജയ്പൂര്‍ക്ക് ഒരു ട്രിപ്പു വെച്ചാല്‍ കയ്യോടെ കല്യാണ സമ്മാനം തരാട്ടോ... ലിങ്കുകള്‍ കൊളുത്തിയ ഓരോരോ വഴികളേ... രണ്ട് പേരേയും ജയ്പൂര്‍ക്ക് ക്ഷണിക്കുന്നു ട്ടോ..

  ReplyDelete
  Replies
  1. എവിടെയാരുന്നു ചേച്ചീ????????

   സുഖമായിരിക്കുന്നു.ക്ഷണത്തിനു നന്ദി.

   സുഖമായിരിക്കുന്നോ????????

   Delete
 73. Replies
  1. വൈകിയാലും വന്നല്ലോ!!!!!!!!!!!!

   നന്ദിയുണ്ട് കേട്ടൊ.

   Delete
 74. yyo chirichu chirichu kannil ninnum vellam vannu . nalloru kudumba jeevitham aashamsikkunnu randu perkkum

  ReplyDelete
 75. ചേച്ചീ.വായിച്ചു ല്ലേ.

  ഇഷ്ടായതിൽ നല്ല ഇഷ്ടം.!!!!

  ആശംസകൾക്ക്‌ നന്ദിയേ!!!!

  ReplyDelete
 76. Eda pappe nee bhayangara sambhavama ktto

  ReplyDelete
 77. ഹാ ഹാ ഹാ.രാജീ.നിന്നെക്കുറിച്ച്‌ ഞാൻ ഒരു പോസ്റ്റിൽ എഴുതിയിട്ടുണ്ട്‌.വായിച്ച്‌ നോക്ക്‌....
  എന്നാലും നീ എങ്ങനെ എന്റെ ബ്ലോഗിലെത്തി?...ആ പോസ്റ്റിൽ കമന്റ്‌ ചെയ്യാൻ മുട്ടി വന്നാലും ചെയ്യണ്ട.!!!!

  ReplyDelete
 78. ബ്ലോഗിലെ വായനാദിനങ്ങൽ വീണ്ടെടുക്കുന്ന യാത്രയിൽ എത്തിപ്പെട്ടതാണ്. നഷ്ടമായില്ല.
  ആശംസകളോടെ

  ReplyDelete
  Replies
  1. നന്ദി അബൂതി.നല്ല വായന്നാദിനങ്ങൾ വീണ്ടെടുക്കൂ.

   Delete
 79. ശരിതന്നെ...humorously told!

  ReplyDelete
 80. ബ്ലോഗിന്റെ രൂപത്തിൽ ദിവ്യയെ അടിച്ചു മാറ്റി അല്ലെ. എല്ലാവിധ ആശംസകളും

  ReplyDelete
  Replies
  1. നിറഞ്ഞ സന്തോഷം ഉനൈസ്‌!!!!

   Delete
 81. ഒരു പാടു വൈകി , എന്നാലും സ്നേഹസൌഭാഗ്യങ്ങൾ നേരുന്നു രണ്ടു പേർക്കും.

  ReplyDelete
  Replies
  1. രഹ്നച്ചേച്ചീ!!!!

   നന്ദി.
   ബ്ലോഗില്ലേ??ഗൂഗിൾപ്ലസ്‌ മാത്രേയുള്ളോ??

   Delete
 82. വിവാഹ വാർഷികം ആകാറായ ഈ വേളയിൽ എന്റെ വക കൂടി ഇരിക്കട്ടെ ഒരു ആശീർവാദം .
  ഇപ്പോളാണ് ഇത് വായിക്കാനുള്ള ഭാഗ്യം ഉണ്ടായത് . കോട്ടയം അല്ലെങ്കിലും ഞാനും സുധിയുടെ
  ഒരു അയൽവാസി ആയിട്ട് വരും കേട്ടോ . എല്ലാത്തിലും ഫലിതം കണ്ടെത്താൻ കഴിയുന്നത്‌
  അഭിനന്ദനീയം ആണ് . രണ്ടു പേരെയും ദൈവം അനുഗ്രഹിക്കട്ടെ .

  ReplyDelete
  Replies
  1. നന്ദി ശിഖച്ചേച്ചീീ!!!!വളരെ വളരെ നന്ദി!!!!

   Delete
 83. ഫോളോവർ ഗാഡ്ജറ്റ്‌ എന്നൂച്ചാല്‍ എന്താ ഏട്ടാ ?!! .. പോസ്റ്റ്‌ ഒത്തിരി ഇഷ്ട്ടായി <3 ഇവിടെ ഞെക്കൂ എന്ന് പറഞ്ഞു നമ്മടെ ബ്ലോഗിലേക്ക് ആളോളെ കൂട്ടി പോകുന്ന വിദ്യ എങ്ങനയാ ചെയ്ക ?!! ..

  ReplyDelete
  Replies
  1. ചിലങ്കശ്രീ,

   അതൊന്നും ചെയ്യാൻ എനിയ്ക്കറിയത്തില്ല.എനിയ്ക്കിതൊക്കെ ചെയ്ത്‌ തരുന്നത്‌ വേറേ ആൾക്കാരായിരുന്നു.

   പിന്നെ ഈ പോസ്റ്റിൽ കമന്റ്‌ ചെയ്തിരിക്കുന്ന ഫൈസലിക്കയോടോ ,കുഞ്ഞുറുമ്പിനോടോ ചോദിച്ചാൽ പറഞ്ഞ്‌ തരും.എനിയ്ക്കറിയാൻ മേലാഞ്ഞിട്ടാ ട്ടോ!!!

   നന്ദി വായനയ്ക്ക്‌!!!!

   Delete
  2. എന്നെ കല്യാണം കഴിക്കും എന്നു പേടിപ്പിക്കില്ലയെങ്കിൽ ഞാനും പറഞ്ഞു തരാം.... :)

   Delete
 84. അജിത് ചേട്ടന്റെ ബ്ലോഗിൽ നിന്നാണ് വിവരം അറിഞ്ഞത്.ഒത്തിരി വൈകീട്ടാണ് എങ്കിലും എന്റെ ഒരായിരം വിവാഹാശംസകൾ...
  കുടുംബ ജീവിതത്തിൽ നന്മകൾ ഏറെ നിറയട്ടെ എന്നു ആശംസിക്കുന്നു...
  സസ്നേഹം...

  ReplyDelete
 85. ഓ.നിറഞ്ഞ സന്തോഷം.വളരെ വളരെ.

  ReplyDelete
 86. Sudichettta sorry for the late reply.....it was really amazing.....wish u both a happy married life...stay blessed

  Sibi varghese

  ReplyDelete
 87. വളരെ വളരെ നന്ദിയുണ്ട്‌ ട്ടാാ!!!!!

  ReplyDelete
 88. ഈ ബ്ലോഗിൽ വരാൻ പല തവണ ശ്രമിച്ചിട്ടുണ്ട്. പേരിൽ ഞെക്കുമ്പോൾ കിട്ടണില്ല.... പിന്നെ പിന്നെ ഞെക്കൽ നിർത്തി, പേരിനെ നോക്കി വെറുതെ ചിരിക്കും. ഇന്ന് യാധൃശ്ചികമായി അജിത്തേട്ടന്റെ ബ്ലോഗ് പോസ്റ്റിന്റെ ലിങ്ക് കണ്ടു. അതിൽ ഞെക്കിയപ്പോ .... ദാ , ഇവിടെ.... കണ്ണു തള്ളിപ്പോയി.... !! മറക്കാതെ ആദ്യമേ തന്നെ ഫോളോ ബട്ടൺ ഞെക്കി...

  വൈകിയെങ്കിലും എന്റെയും ആശംസകൾ രണ്ടു പേർക്കും...

  ReplyDelete
  Replies
  1. ഹായ്.കുഞ്ഞൂസേച്ചീ!!!!വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും ഫോളോ ചെയ്തതിനും നന്ദി.....

   Delete
 89. Nice Blog!

  Visit my blog http://vanampaadipakshi.blogspot.ae/ as and
  when you are free .

  ReplyDelete
 90. ഈ പോസ്റ്റ് വായിച്ചു സന്തോഷവും നഷ്ടബോധവും കൊണ്ട് സങ്കടവും തോന്നിയ ഏക ആൾ ഞാനായിരിക്കും. എല്ലാം കൊണ്ടും അനുയോജ്യമായിട്ടും ഞാൻ അറിയാതെ പോയി ഈ മുഹൂർത്തം.. പറഞ്ഞറിയിക്കാൻ പറ്റാത്ത സങ്കടമുണ്ട്. ��������
  നമ്മുടെ ഗ്രൂപ്പിലെ എല്ലാരും ഇവിടെയുണ്ട്.. ഞാൻ മാത്രം ഇല്ല ������

  എന്നാലും സാബു എന്നെ കല്ല്യാണത്തിന് വിളിച്ചില്ല.jpg

  ReplyDelete
 91. എന്റെ അന്നത്തെ ബ്ലോഗ് കണക്ഷനിൽ ഉണ്ടായിരുന്നവരെയൊക്കെ വിളിച്ചിരുന്നു ഉട്ടോ...

  ReplyDelete