Tuesday, 12 April 2016

കപ്പ വാട്ടൽ.

ഐഡിയയുടേയും ,വോഡഫോണിന്റേയും മുത്തച്ഛന്മാരായ എസ്കോട്ടെല്ലിന്റേയും,ബി.പി.എല്ലിന്റേയും ക്രൂരപീഢനങ്ങളിൽ വശംകെട്ടിരുന്ന ഞങ്ങൾക്ക്‌ തമ്മിൽഭേദം സർക്കാർ മുദ്രയുള്ള ബി.എസ്‌.എൻ.എൽ ആയിരിയ്ക്കുമെന്നുറപ്പിച്ച്‌,അത്‌ കേരളത്തിൽ സേവ തുടങ്ങുന്നതിന്റെ ആദ്യപടിയായ അപേക്ഷസ്വീകരിയ്ക്കൽച്ചടങ്ങിൽ പങ്കെടുക്കാൻ പുലർച്ചേ നാലുമണിയ്ക്കെഴുന്നേറ്റ്‌ പത്ത്‌ കിലോമീറ്റർ അകലെയുള്ള പാലാ മോർണിംഗ്സ്റ്റാർ ഏജൻസീസിൽ പോയി ക്യൂ നിന്ന് ആദ്യ അഞ്ച്പേരായി അപേക്ഷയും കൊടുത്ത്‌,പാലാ മഹാറാണിയിൽ കയറി സിനിമയും കണ്ട്‌ വന്നതിന്റെ ക്ഷീണം മാറ്റാനായി കിടങ്ങൂർ ബീവറേജിൽ നിന്ന് ഒരു നീണ്ടകുപ്പി വാങ്ങി എതിർ വശത്തെ പാടത്തിറങ്ങിയിരുന്ന് കഴിച്ച്‌, ചെറുമിന്നാപ്പുമായി വീട്ടിൽവന്ന്  കുളിച്ച്‌ സുന്ദരനായി "അമ്മിയേയ്‌ ചോറെടുത്തോ" എന്ന് പറഞ്ഞ എന്നെ കാത്തിരുന്നത്‌  അമ്മിയുടെ ക്രുദ്ധമായ മുഖമായിരുന്നു.
    
അമ്മി ചുവന്ന നൈറ്റിയിട്ടാൽ അന്നെനിയ്ക്ക്‌ വഴക്കുറപ്പാണെന്ന് കാലങ്ങൾ കൊണ്ട്‌ നിരീക്ഷിച്ച്‌ മനസ്സിലാക്കിയിരുന്ന ഞാൻ ഇന്നെന്താണാവോ കാരണം എന്നാലോചിച്ച്‌ കൈത്തലം മുഖത്തോടടുപ്പിച്ച്‌ ഊതി നോക്കി. ഭാഗ്യം! പെറ്റിക്കേസിൽ നിന്നൊഴിവായി. കോൾഗേറ്റിന്റെ മണം മാത്രേയുള്ളൂ.
"എന്നാമ്മീആകെചൂടിലാണല്ലോ..???"

"കറി വെക്കാനൊന്നുമില്ലെന്ന് നിന്നോടിന്നലെ പറഞ്ഞതല്ലേടാ?ഇവിടെ ഒരു സാധനവുമില്ല. തിന്നാൻ നേരത്ത്‌ കൈകഴുകി വന്നിരുന്നാ മാത്രം പോരാ."
"ങേ!!ഫവതിയുടെ ഫർത്താവെന്നാ പറഞ്ഞു?അദ്ദേഹം നമ്മളോട്‌ സഹകരിയ്ക്കത്തില്ലേ "?
"നീനക്കിന്നലെ ഇരുന്നൂറു രൂപാ പണിക്കൂലി കൊടുത്തെന്ന് അച്ഛൻ പറഞ്ഞല്ലോ "
"അതിന്ന് പാലായ്ക്ക്‌ പോയപ്പോ തീർന്നു."
"ആ തിന്നാൻ വേണമെങ്കിൽ വല്ലോം കൊണ്ട്വാ ".
"ഇപ്പോ പരിഹാരം വല്ലതുമുണ്ടോ "?
"കുറച്ച്‌ പയറിരുന്നത്‌ വാട്ടിപ്പുഴുങ്ങിവെച്ചിട്ടുണ്ട്‌.അത്‌ കൂട്ടിത്തിന്നിട്ട്‌ കിടങ്ങൂര് പോയി വല്ലോം വാങ്ങിച്ചോണ്ട്‌ വാ "
വല്ലഭനു പുല്ലുപോലും ആയുധമായി വേണമെന്നില്ലാത്തതിനാൽ പയറും കൂട്ടി ഒരു പിടി പിടിച്ച്‌ ഒരു മീഡിയം ഏമ്പക്കവും വിട്ട്‌ "എന്നാ ഇനി ഞാൻ കിടങ്ങൂര് പോയി വല്ല പച്ചക്കറിയും മേടിച്ചോണ്ട്‌ വരാം " എന്ന അശരീരി അടുക്കളയിലേയ്ക്ക് വലിച്ചെറിഞ്ഞ്‌ ഇറങ്ങി നടന്നു.


പത്ത്‌ രൂപാ തികച്ചെടുക്കാനില്ലാത്ത പോക്കറ്റിലേയ്ക്ക്‌ നടക്കുന്ന വഴി ഒന്നൂതി നോക്കി.പതിവ്പോലെ പോക്കറ്റിന്റെ മണം മാത്രമുണ്ട്‌.

ചിന്തകൾ അധികം കാട്കയറുന്നതിനുമുൻപ്‌ നൂറുമീറ്റർ അകലെയുള്ള നാലുകൂടിയ മൂന്തോട്കവലയിലെത്തി,കാലുകൾ കൊണ്ട്‌ സഡൻബ്രേയ്ക്കിട്ട്‌ ,നാട്ടിലെ ഏകഗതാഗതസംവിധാനമായ ടിപ്പർ വരുന്നുണ്ടോന്ന് ഇടംവലം നോക്കി,ഇടത്തേയ്ക്ക്‌ കിടങ്ങൂർക്ക്‌ പോകാതെ നേരേ കൂടല്ലൂർക്ക്‌ നടന്നു.
പതിവ്പോലെ  കാലുകൾ എന്നെ വലിച്ച്കൊണ്ട്പോയത്‌ മൂന്തോടിനപ്പുറത്തെ ഏഴങ്ങാട്ട്പാടത്തേയ്ക്കാണ്‌.കുറേകാലങ്ങളായി ഒരു കൃഷിയുമില്ലാതെ കിടക്കുന്ന ,ഓശ്ശേരിൽ മന വക പാടശേഖരമാണ്‌.മൂന്തോട്‌,കൂടല്ലൂർ പ്രദേശങ്ങളിലെ യുവജനങ്ങൾ ക്രിക്കറ്റ്‌,ഫുട്ബോൾ,വെട്ടുപന്ത്‌ മുതലായ കളികൾ കളിച്ചിരുന്ന കേളീസ്ഥലം.മൂന്തോടുകാരുടെ ദേശീയകായികയിനമായി ക്രിക്കറ്റ്‌ മാറിക്കഴിഞ്ഞിട്ടും വെട്ടുപന്തിനോടുള്ള ഞങ്ങളുടെ ഇഷ്ടം ഞങ്ങൾ ജൂനിയർ തലമുറക്കാർ കൈവിട്ടിരുന്നില്ല.


കളിസ്ഥലത്തേയ്ക്കടുക്കുന്തോറും ആരവം ഉയർന്ന് കേൾക്കാൻ തുടങ്ങി.ജോലിയില്ലാതെ നടക്കുന്ന വിദ്യാഭ്യാസമുള്ള യുവാക്കളും,ജോലി അലർജ്ജിയുമായി നടക്കുന്ന വിദ്യാഭ്യാസം കുറഞ്ഞവരും കൃത്യമായി വൈകുന്നേരങ്ങളിൽ ഏഴങ്ങാട്ട്പാടത്തെത്തിച്ചേരുന്ന സുന്ദരസുരഭിലകാലം.

  കുറച്ചൂടി മുതിർന്നവർ ഫുട്ബോൾ കളിയ്ക്കുന്നു.മുതിർന്നിട്ടില്ല എന്ന് തെളിയിക്കാനായി ഞങ്ങൾ കുറച്ച്‌ പേർ കുറേക്കാലമായി യാതൊരു മടുപ്പുമില്ലാതെ വെട്ടുപന്ത്‌ കളിയ്ക്കുന്നു.ഞങ്ങളിൽ  ഞാൻ ജിജോ സാാാർ, രാജീവ്‌, സഞ്ചു, അനീഷ്‌, പൗലോ, കുട്ടാപ്പി, അരുൺ മുതലായ മൂന്തോടന്മാർ ഒരു ടീമും,ശത്രുരാജ്യമായ കൂടല്ലൂര് നിന്നുള്ള മുട്ടാളന്മാർ മറ്റൊരു ടീമുമായാണ് പോരാട്ടങ്ങൾ പതിവ്‌.


ഒരു ചെറിയ ഗോലി (മൂന്തോടൻ  വാക്ക്‌ -വട്ട്‌) എടുത്ത്‌ തുണി ചുറ്റി,ഒരു നാരങ്ങാവലുപ്പത്തിലാക്കി,അതിനെ ഒട്ടുപാലിൽ മുക്കിയെടുത്ത്‌ നന്നായി പരത്തി വെയിലത്ത്‌ വെച്ചുണക്കി,വീണ്ടും തുണി ചുറ്റി ഒട്ടുപാലിൽ മുക്കി വീണ്ടുമുണക്കി പരന്ന വൃത്താകൃതിയിലാക്കിക്കിട്ടുന്ന സാധനമാണു വെട്ടുപന്ത്‌.
ഏഴു പേർ വീതം ഓരോ ടീമിലുമുണ്ടാകും. ആദ്യനീക്കം ഒറ്റ.പന്തെടുത്ത്‌ ഒരു കൈകൊണ്ട്‌ പൊക്കിയിട്ട്‌ അതേ കൈ കൊണ്ട്‌ തന്നെ അടിച്ച്‌ എതിർടീമിന്റെ ഇടയിലേയ്ക്ക്‌ പായിക്കുന്നതാണ് ഒറ്റ. പന്തടിച്ച്‌ എതിർടീമിന്റെ പുറകിലെ ബൗണ്ടറിലൈനിന് പുറത്ത്‌ കളഞ്ഞാലോ, പന്ത്‌ നിലംതൊട്ട്കഴിഞ്ഞ്‌ കൈകൊണ്ട്‌ പിടിയ്ക്കുന്നതിനിടയിൽ പന്ത്‌ നിലത്ത്‌ പോകുകയാണെങ്കിലൊ, അടിയ്ക്കുന്നയാൾക്ക്‌ ഒറ്റ രണ്ടിൽ കളി തുടരാം.അല്ലെങ്കിൽ വായുവിൽ പറന്ന് വരുന്ന പന്ത്‌ എതിർ ടീം പിടിയ്ക്കുകയോ അല്ലെങ്കിൽ കാലുകൊണ്ട്‌ തൊഴിച്ച്‌ അടിയ്ക്കുന്ന ടീമിന്റെ പുറകിലെ ബൗണ്ടറിലൈനിനു പുറത്തെ കളഞ്ഞാൽ അടിച്ചയാൾ ഔട്ട്‌. അപ്പോൾ അടുത്തയാൾക്ക്‌ അടിയ്ക്കാൻ കയറാം. അല്ലെങ്കിൽ അയാൾക്ക്‌ തന്നെ കളി തുടരാം. എല്ലാ കളികളും മൂന്നെണ്ണം വീതം.
ഒറ്റ കഴിഞ്ഞാൽ പെട്ട. ഒരു കൈകൊണ്ട്‌ പന്ത്‌ പൊക്കിയിട്ട്‌ മറ്റേ കൈകൊണ്ട്‌ അടിയ്ക്കുന്നു. അതും മൂന്നെണ്ണം.
പിന്നെ ഒരുകൈ പുറകിൽ മടക്കി വെച്ച്‌, മറുകൈകൊണ്ട്‌ പന്തടിക്കുന്ന 'പിടി ' മൂന്നെണ്ണം കഴിഞ്ഞാൽ; ഒരു കൈകൊണ്ട്‌ പന്ത്‌ പൊക്കിയിട്ട്‌ അതേ കൈകൊണ്ട്‌ തുടയ്ക്ക്‌ ഒരടിയടിച്ച്‌ പന്തി നെ അടിച്ച്‌ വിടുന്ന 'താളം'മൂന്നെണ്ണം കളിയ്ക്കാം. ഇത്രയും വരെ ഏഴ്പേരും ഓളൗട്ടാകാതെ കളിച്ചാൽ പിന്നെ ഒരു കാൽ പൊക്കി അതിന്റടിയിൽകൂടി മുകളിലേയ്ക്ക്‌ പന്തിട്ട്‌ അടിയ്ക്കുന്ന 'കീഴ്‌ ' കഴിഞ്ഞാൽ 'ഇണ്ടൻ'. കൈകൊണ്ട്‌ പന്തിട്ട്‌ നിലതൊടാതെ അടിയ്ക്കുന്നതാണു ഇണ്ടൻ.


നാലുനാലരായാകുമ്പോൾ തുടങ്ങി ഇരുട്ടുന്നത്‌ വരെ തുടരുന്ന കളിയ്ക്ക്‌ വാശിയും, കൊഴുപ്പും കൂട്ടാൻ പന്തയവുമുണ്ട്‌. എല്ലാവരുടേയും പോക്കറ്റിനു മുടിഞ്ഞ കനമായതിനാൽ പന്തയം എന്നും ഏഴ്‌ സോഡാ ആയിരിയ്ക്കും. പന്ത്‌ നിലം പറ്റെ അടിച്ച്‌ വിടാനും , പാഞ്ഞുവരുന്ന പന്തിനെ കാലുകൊണ്ടടിച്ച്‌ തിരികെപായിയ്ക്കാനും കൂടുതൽ സാമർത്ഥ്യം മൂന്തോടുകാർക്കായിരുന്നതിനാൽ കൂടല്ലൂർക്കാർക്ക്‌ എന്നും ധനനഷ്ടവും, ഊർജ്ജനഷ്ടവുമായിരുന്നു ഫലം.


അന്നും നടന്ന വാശിയേറിയ കളിയിൽ ജയിച്ചതിൽ നിന്നും കിട്ടിയ സോഡാക്കുപ്പികൾ ജാൻസിന്റെ കടത്തിണ്ണയിലിരുന്ന് കടിച്ച്‌ തുറന്ന് ഗ്യാസ്‌ വെള്ളം വായിലേയ്ക്ക്‌കമിഴ്ത്തി,  നീട്ടിവലിച്ച്  ഒരു ഏമ്പക്കവും വിട്ട്‌ കളിയുടെ ക്ഷീണം മാറ്റുന്നതിനിടയിൽ ഞങ്ങൾ ബഹുമാനപുരസ്സരം സാാാറേ എന്ന് നീട്ടിവിളിക്കുന്ന ജോജോ സാാാാർ പറഞ്ഞു.

"ഡാ,വൈകിട്ടടിയ്ക്കാൻ ഒരു മാർഗ്ഗമുണ്ട്‌.കുഞ്ചാച്ചന്റെ കപ്പവാട്ടലാ ഇന്ന്.പോയി കൂടിയാൽ കുറച്ച്‌ കപ്പയും കിട്ടും,തൊണ്ണാക്കുഴിവരെ കള്ളുമടിയ്ക്കാം."

വൈകിട്ടടിയ്ക്കാൻ വഴിയില്ലാതെ ഞെളിപിരി കൊണ്ടിരുന്ന ഞങ്ങളുടെ തലയ്ക്ക്‌ മുകളിൽ 'വാ കീറിയ ദൈവം ഇരയേയും ' തരുമെന്ന വാക്യമെഴുതിയ ബൾബ്‌ മിന്നിപ്രകാശിയ്ക്കാൻ തുടങ്ങി.

കപ്പ അരിയാൻ സോഡ കൊണ്ടുപോകണോ?,സോഡയ്ക്കൊപ്പം നാലു കോള കൂടി കൊണ്ടുപോയാൽ ഒരു വെറൈറ്റി ആകില്ലേ? കുഞ്ചാച്ചന്റെ കൈയിൽ ടച്ചിംഗ്സ്‌ ഉണ്ടാകുമോ?,വീട്ടുകാരറിയാതെ എപ്പോൾ തിരികെ വന്ന് കയറിക്കിടക്കാം?,മഞ്ഞ്കൊള്ളാതിരിയ്ക്കാൻ തൊപ്പി വേണോ അതോ തോർത്ത്‌ കെട്ടിയാൽ മതിയോ? എന്നിങ്ങനെയുള്ള വൻ അന്താരാഷ്ട്രപ്രശ്നങ്ങളുടെ ഉരുൾപൊട്ടൽ ഉണ്ടാകുന്നതിനു മുൻപ്തന്നെ പാറേൽ ജാൻസിന്റെ കടയിൽ നിന്നും ഒരു പെട്ടിസോഡയിൽ നിന്ന് നാലെണ്ണം മാറ്റി പകരം കോളാക്കുപ്പി വെച്ച്‌ ആയതിന്റെ പൈസ പിന്നീട്‌ കളിജയിക്കുമ്പോൾ തരാമെന്ന് പറഞ്ഞ്‌ സമ്മതിപ്പിച്ച്‌ കാക്കൂരത്ത്‌ പാടത്തേയ്ക്ക്‌ നടന്നു.


'വല്ലതും കുത്തിക്കേറ്റിയേച്ച്‌ പോയിനെടാ പിള്ളാരേ' എന്ന് ആമാശയം നിലവിളിച്ചെങ്കിലും തലച്ചോറും കാലുകളും സമ്മതിയ്ക്കാതിരുന്നതിനാൽ നേരേ പാടത്തേയ്ക്ക്‌ നടന്നു.പോകുന്ന വഴി കരളിനെ ഞാനാശ്വസിപ്പിച്ചു.
"സാരമില്ലെടാ മുത്തേ!ഇന്നത്തേയ്ക്ക്‌ മക്കളു ഷമി.കപ്പപറി ഇന്നല്ലേയുള്ളൂ.നാളെ പകൽ ചേട്ടായി ഒരുപാട്‌ വെള്ളം കുടിച്ചോളാം ട്ടോ !"
സന്തോഷവാനായ കരൾ ഉച്ചയ്ക്കത്തെ കുടിയുടെ പുളിച്ച്തികട്ടൽ വായിലേയ്ക്കയച്ചു.പകരമായി വഴിയിൽ നിന്നും ഒരു കമ്യൂണിസ്റ്റ്പച്ചയുടെ ഇല ചവച്ച്‌ അകത്തേയ്ക്കയച്ച്‌ അവവന്റെ സന്തോഷത്തിൽ ഞാനും പങ്ക്‌ ചേർന്നു.
*           *           *             *             *


കൂരിരുട്ടിനെ വകവെയ്ക്കാതെ പള്ളിത്തോടിന്റെ കരയിലൂടെ നടന്ന് ഒരു വിധത്തിൽ കപ്പത്തോട്ടത്തിലെത്തി.ആ പറമ്പിലാണു ജോജോ സാാാറിന്റെ കുഞ്ചാച്ചൻ കപ്പയിട്ടിരിയ്ക്കുന്നത്‌.

ഇരുട്ടത്ത്‌ പറമ്പിൽ കടന്ന ഞങ്ങൾ പ്രത്യേകിച്ച്‌ ഞാൻ അതിശയിച്ചു.ഒരാൾപ്പൊക്കത്തിൽ രണ്ട്‌ കൂനയാക്കി കപ്പ പറിച്ച്‌ കൂട്ടിയിട്ടിരിയ്ക്കുന്നു.
മൂന്നാലു പെട്രോമാക്സുകൾ വെളിച്ചം തൂകിയിരിപ്പുണ്ട്‌.

ആദ്യമായി പെണ്ണുകാണാൻ പോകുന്നവന്റെ വേപഥുവോടെ ഞങ്ങൾ ഞങ്ങളുടെ അന്നത്തെ എക്സൈസ്‌ മന്ത്രിയായ കുഞ്ചാച്ചന്റെ അടുത്തെത്തി ജീവിതത്തിൽ അന്നുവരെ ചിരിച്ചിട്ടില്ലാത്തയത്ര മനോഹരമായി പുഞ്ചിരിച്ചു.സാക്ഷാൽ കെ.എം .മാണി പോലും തോറ്റുപോകും.ഉൾക്കിടിലം കൊണ്ട കുഞ്ചാച്ചൻ തലയുയർത്തി ശത്രുനിരയുടെ തലയെണ്ണി.എന്റെ തല എണ്ണാതിരുന്നാലോയെന്ന് പേടിച്ച്‌  ഞാൻ അൽപം കൂടി മുന്നോട്ട്‌ കയറി നിന്നു.


മദ്യപാനമേ പുണ്യമെന്ന മുദ്രാവാക്യത്തിലൂന്നി ചിട്ടയായ ജീവിതം നയിച്ചിരുന്ന മൂന്തോട്ടിൽ നിന്ന് ചില ചീളുപിള്ളേർ കുടിയ്ക്കാൻ അല്ല കപ്പപറിച്ചരിഞ്ഞുണക്കി വാരിക്കൂട്ടി ചാക്കിനകത്താക്കി ചന്തേൽ കൊണ്ടുക്കൊടുക്കാൻ തയ്യാറായി എത്തിയിട്ടുണ്ടെന്നറിഞ്ഞ്‌ കുഞ്ചാച്ചന്റെ ഭാര്യ ഞങ്ങളുടെ മുന്നിൽ വന്ന് കണ്ണുമിഴിച്ച്‌ നെടുവീർപ്പിട്ടു.'
ദുഷ്ടക്കശ്മലന്മാർക്ക്‌ കള്ളുമേടിച്ച്‌ കൊടുത്ത്‌ അരിയുന്നതിലും ഭേദം ഒരു കൂനക്കപ്പ ഇവറ്റകളോട്‌ ചുമന്നോണ്ട്പോക്കോളാൻ പറഞ്ഞാപ്പോരേ മനുഷേനേ' എന്ന ഭാവത്തിൽ ആദ്യം വിട്ട നെടുവീർപ്പിന്റെ ബാക്കിയായി ഒന്ന് മുരടനക്കി കുറച്ചൂടി ശക്തിയിൽ ഒരു നെടുവീർപ്പ്‌ കെട്ടിയോന്റെ നേരേ വലിച്ചെറിഞ്ഞ്‌ കപ്പ വാട്ടുന്ന വലിയ വാർപ്പിനടുത്തേയ്ക്ക്‌ നടന്നുപോയി.


മുൻ തലമുറക്കുടിയന്മാരിൽപ്പെട്ട ചിലർ ബീഡിയും വലിച്ച്‌ അങ്ങോട്ടുമിങ്ങോട്ടും നടന്ന് കപ്പ പറിച്ച്‌ കൂട്ടുന്നത്‌ കണ്ട ന്യൂജെനറേഷൻ കുടികാരായ ഞങ്ങളുടെ രക്തം തിളച്ചു.തിളച്ച രക്തം തണുപ്പിയ്ക്കാനായി എക്സൈസ്‌ വകുപ്പ്‌ കൈകാര്യം ചെയ്യുന്ന കുഞ്ചാച്ചന്റെ കൈകൾ പലതവണ അണ്ടർവെയറിന്റെ പോക്കറ്റിൽ കയറിയിറങ്ങി.ഇളം നീലയും,മഞ്ഞയുമായ ഗാന്ധിച്ചിത്രങ്ങൾ വായുവിലുയർന്ന് പരസ്പരം പൊടിതട്ടി.


സാറിന്റെ സ്വന്തം കുഞ്ചാച്ചന്റെ മുന്നിൽ തീർത്തും മോശക്കാരാകരുതെന്ന് കരുതി ഞങ്ങൾ കടുംചുവന്ന  വിദേശിയിൽ നിന്ന് ഇളം മഞ്ഞവിദേശിയിലേയ്ക്ക്‌ സ്വയം അപ്ഗ്രേഡ്‌ ചെയ്തു.സ്വദേശികളായ സാധാരണതൊഴിലാളികൾ മഞ്ഞിനേയും,മഴയേയും,വെയിലിനേയും വകവെയ്ക്കാതെ മാനം മുട്ടെ ഉയരമുള്ള വൃക്ഷങ്ങളിൽ വലിഞ്ഞുകയറി  തല്ലിച്ചതച്ചുണ്ടാക്കുന്ന കഞ്ഞിവെള്ളനിറമുള്ള കേരളത്തിന്റെ ദേശീയപാനീയത്തെ മറന്നാൽ ശരിയാകില്ലല്ലോ എന്നോർത്ത്‌ അതിനും ഓർഡർ നൽകി.

വിദേശിയെ ലക്ഷ്യമിട്ട്‌ രണ്ട്പേർ അയൽസംസ്ഥാനമായ കിടങ്ങൂർക്കും,സ്വദേശിയ്ക്കായി രണ്ട്പേർ സംസ്ഥാനത്തിനകത്തേയ്ക്കും തിരിച്ചതോടെ അവശേഷിച്ച മൂന്നുപേർ കപ്പക്കൂന ലക്ഷ്യമാക്കി നടന്നു.


സ്വന്തം വീട്ടിൽ കപ്പയുടെ തൊലിപൊളിച്ച്‌ തരാൻ പറഞ്ഞാൽ മുഖം വക്രിച്ചിരുന്ന ഞാൻ വിധിയുടെ കൈയിലെ കളിപ്പാവയായി മഞ്ഞും കൊണ്ട്‌ ,തണുപ്പുമടിച്ച്‌ നിലത്തുവിരിച്ചിരുന്ന നീലപ്പടുതയിൽ ചമ്രം പടിഞ്ഞിരുന്ന്  കത്തിയുടെ മൂർച്ചയുള്ള വശം കൊണ്ട്‌ കപ്പയുടെ പുറംതൊലിയിൽ നീളത്തിൽ ഒരു വര വരച്ച്‌,മുനയില്ലാത്ത മറുവശം കപ്പത്തൊലിയ്ക്കകത്തേയ്ക്ക്‌ കയറ്റി കപ്പയ്ക്ക്‌ വേദനിയ്ക്കാതെ തൊലി പൊളിയ്ക്കാൻ തുടങ്ങി.പത്തുപതിനഞ്ച്‌ മിനിറ്റ്‌ കൊണ്ട്‌ ഒരു ഒന്നൊന്നരക്കിലോ കപ്പക്കുട്ടന്മാർ ദിഗംബരന്മാരായി നീണ്ടുരുണ്ട്‌ കിടക്കുന്നത്‌ കണ്ട്‌ ഒന്ന് നടുനിവർക്കാനായി എഴുന്നേറ്റ്‌ നിന്നപ്പോൾ രണ്ടുവശത്തുനിന്നുമായി വിദേശിയും സ്വദേശിയുമായ പാനീയങ്ങളെത്തി.


നിവർത്താനൊരുങ്ങിയ നടുവിനെ  പിണക്കണ്ടാ എന്ന് കരുതി നിവർന്ന് നിന്നു.
പേപ്പർഗ്ഗ്ലാസ്സുകൾ നിരന്നു.മഞ്ഞപ്പാനീയത്തിന്റെ കുത്തൽ മാറ്റാനായി അൽപം സോഡ ചേർത്തു.ഗണപതിയായി പെർമനന്റ്‌ അപ്പോയ്ന്റ്‌മന്റ്‌ കിട്ടിയ സഞ്ചുവിനു തന്നെ ആദ്യ ഗ്ലാസ്സ്‌ നീട്ടി.
ബ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്‌……………
ശബ്ദത്തോടെ കണ്ണും പൂട്ടി വലിച്ചുവിടുന്നത്‌ കണ്ട്‌ കൊതിസഹിയ്ക്കാനാകാതെ എല്ലാവരും ഗ്ലാസ്സുകൾ കൈയിലെടുത്ത്‌ ചിയേഴ്സ്‌ പറഞ്ഞ്‌ ക്ഷണനേരം കൊണ്ട്‌ ആ കുപ്പി കാലിയാക്കി.


കൂട്ടത്തിലെ സംഗീതജ്ഞനും,ഒന്നരമാസം സംഗീതം പഠിയ്ക്കാൻ പോയവനുമായ ജിജോസാറിന്റെ ഭക്തിമസൃണമായ 'ഇസ്രായേലിൻ നാഥനായി ' എന്ന പതിവ്‌ ഈശ്വരപ്രാർത്ഥനയൊടെ ചടങ്ങുകൾ ആരംഭിച്ചു.
പരിചയക്കുറവിന്റെ അങ്കലാപ്പ്‌ മഞ്ഞദ്രാവകം മാറ്റിക്കൊടുത്തതായി ഏത്‌ കണ്ണുപൊട്ടനും മനസ്സിലാകുന്ന രീതിയിൽ കപ്പക്കൂട്ടം ഞങ്ങളുടെ മുന്നിൽ കൂമ്പാരം കൂടി.
അടുത്ത കുപ്പിയും അതിനടുത്ത കുപ്പിയും പൊട്ടാൻ അധികസമയം വേണ്ടി വന്നില്ല.

ഞാറുവാലിപ്പിള്ളാരുടെ ശുഷ്കാന്തികണ്ട്‌ കുഞ്ചാച്ചന്റെ ഭാര്യ കപ്പബിരിയാണി തയ്യാറാക്കി വന്നു.എല്ലാവരും കൂടി ആഞ്ഞ്‌ പരിശ്രമിച്ചപ്പോൾ സ്വദേശിപ്രസ്ഥാനവും തീർന്നു.

കപ്പ അരിച്ചിൽ തീരാറായപ്പോൾ ചെണ്ടൻ കപ്പയും മുളകരച്ചതുമെത്തി.അതും കഴിച്ച്‌ ബാക്കി അരിയാൻ ഉളള കപ്പയുമരിഞ്ഞ്‌ വാർപ്പിനകത്തേയ്ക്ക്‌ വലിച്ചെറിഞ്ഞ്‌ കഴിഞ്ഞപ്പോൾ രാത്രി രണ്ടരയായി.


രാത്രി രണ്ടരയ്ക്ക്‌ മാത്രം കൂവുന്ന കോഴികൾ ഇരുന്നും,നിന്നും കൂവാൻ തുടങ്ങി.
വീട്ടിലേയ്ക്ക്‌ മേടിച്ചോണ്ട്‌ ചെല്ലാമെന്നേറ്റ പച്ചക്കറിയുടെ ചിന്ത അപ്പോഴാണ് വന്നത്‌.പച്ചക്കറിയില്ലെങ്കിലെന്നാ പത്ത്‌ കിലോക്കപ്പയുമായി ചെല്ലാമല്ലോ!എഴുന്നേറ്റ്‌ നിൽക്കാൻ ശേഷിയില്ലാത്ത അവസ്ഥയിൽ ഇത്രയും കപ്പ എങ്ങനെ എടുക്കും?എത്തുന്നിടത്തോളം ചുമക്കാം,പിന്നെ അവിടെയിട്ട്‌ പകൽ വന്നെടുക്കാം എന്ന ചിന്തയിൽ കിട്ടിയ കപ്പവീതം തലയിലേറ്റി.
*        *           *           *         *


നടക്കാതെ വീട്ടിലെത്തില്ല എന്ന ഭീകരയാഥാർത്ഥ്യം ഉൾക്കൊണ്ട്‌ ആഞ്ഞുനടക്കുന്നതിനിടയിൽ അനീഷിന്റെ വായിൽ നിന്നും ആ ചോദ്യം വീണു.

"ഡാ,,കാവിനടുത്ത സർപ്പക്കാവിനു മുന്നിൽക്കൂടി വേണമല്ലോ പോകാൻ "?മങ്ങിയ നിലാവ്‌ തെളിച്ചുപിടിച്ച്‌ നടക്കുന്നതിനിടയിൽ ആ ചോദ്യം കേട്ട ഞാൻ രൂക്ഷധൈര്യശാലിയായി രണ്ടുപേരുടേയും നടുക്ക് കയറി നിന്നു.കപ്പ നിലത്തിട്ടു.കപ്പ അല്ലെങ്കിലും ഗ്യാസാ.


ആയിരം വർഷം പഴക്കമുള്ള കാവും;അതിന്റെ തെക്കുവശത്തെ കാറ്റില്ലെങ്കിൽപ്പോലും ഹുങ്കാരശബ്ദം പുറപ്പെടുവിയ്ക്കുന്ന ഓലകളുള്ള,യക്ഷിയുടെ ആവാസകേന്ദ്രമാണെന്ന് പറഞ്ഞുകേൾക്കുന്ന കരിമ്പനയും;;വടക്കുവശത്ത്‌ പാമ്പുകളേക്കാൾ പാമ്പിന്റെ ആകൃതിയുള്ള ഇടതൂർന്ന വള്ളികൾ തൂങ്ങിക്കിടക്കുന്ന പേരറിയാത്ത വൃക്ഷങ്ങൾ ചുറ്റിനും നിൽക്കുന്ന ചുറ്റുമതിലില്ലാത്ത,മൂന്നടിയെങ്കിലും പൊക്കമുള്ള സർപ്പവിഗ്രഹം പ്രതിഷ്ഠിച്ചിരിയ്ക്കുന്ന സർപ്പക്കാവും ഇടയ്ക്കിടെ കാണുന്ന ഇംഗ്ലീഷ്‌ സിനിമകളിലെ ആഫ്രിക്കൻ വനാന്തരങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട്‌ മനസ്സിലേയ്ക്ക്‌ വന്നു.


സ്വതേ ധൈര്യശാലികളായ ഞങ്ങൾ കൂലങ്കഷമായി ആലോചിച്ചു.ഒന്നരമിനിറ്റ്നേരത്തെ ആലോചനയ്ക്ക്‌ ശേഷം ഒരു കിലോമീറ്റർ വളഞ്ഞുചുറ്റി ഓടാനിപ്പാറ വഴി പൗലോയുടെ വീടിന്റെ പുറകിലെ ഉണ്ണിച്ചിറക്കുളത്തിന്റെ കരയിലെത്താമെന്നും,അവൻ വീട്ടിൽ കയറിയെന്നുറപ്പ്‌ വരുത്തി അനീഷിന്റെ വീട്ടിലെത്തി അവിടെ കിടന്ന് നേരം പുലർന്നിട്ട്‌  മാത്രം ഞാൻ വീട്ടിൽപ്പോയാൽ മതിയെന്നും  തീരുമാനമായി.അല്ലെങ്കിലും മൂന്തോടുകാർക്ക്‌ ഐഡിയക്കൊരു പഞ്ഞവുമില്ല.ഈ കർമ്മകുശലത രാജ്യത്തെ ഭരണചക്രം തിരിച്ചറിയുന്നില്ലല്ലൊയെന്ന് കുണ്ഠിതപ്പെടാനുള്ള സമയമല്ലായിരുന്നതിനാൽ ഒന്നും മടിച്ചില്ല.

എബൌട്ടേൻ!!!

നേരേ കാക്കൂരത്ത്‌ പറമ്പിൽ.അവിടുന്ന് ഓടാനിപ്പാറ ലക്ഷ്യമാക്കിനടന്നു.ഇരുട്ടും മാരകധൈര്യവും കൂട്ടിനുണ്ടായിരുന്നതിനാൽ വളരെവേഗം ഓടാനിപ്പാറയുടെ ചുവട്ടിലെത്തി.

പെട്ടെന്ന് നിശബ്ദതതയെ കീറിപ്പിളർത്തിക്കൊണ്ട്‌ ഒരു ഗാനം മുഴങ്ങി.ഏറ്റവും പുറകിൽ നടക്കുന്ന അനീഷിന്റെ വായിൽ നിന്നാണതെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു.

"നിശീഥിനീ നിശീഥിനീ ഞനൊരു  രാപ്പാടീീ………………"

നടക്കുന്നതിനിടെ ഒന്ന് നിന്ന് വലത്തെ കൈമുട്ട്‌ ഒന്നുമറിയാത്ത ഭാവത്തിൽ പുറകിലേയ്ക്ക്‌ നീട്ടി.അവന്റെ പാട്ടിനവസാനമായി എന്നാശ്വസിച്ചപ്പോഴേയ്ക്കും അടുത്ത ഗാനം മുന്നിൽ നിന്ന്.ഇത്തവണ പൗലോ.
"നിഴലായി ഒഴുകിവരും യാമങ്ങൾ തോറും ……………"

ദൈവമേ പിടിച്ചതിലും വലുതാണല്ലോ അളയിൽ എന്ന ദേഷ്യത്തിൽ പൗലോയുടെ ചെരുപ്പിന്റെ പുറകിൽ ചവുട്ടി.ഇരുട്ടിലും കൃത്യമായി പണി നടന്നു.


ചീവീടുകളും പേരറിയാൻ പാടില്ലാത്ത ചെറുജീവികളും ഉണ്ടാക്കുന്ന ശബ്ദമല്ലാതെ മറ്റൊന്നും കേൾക്കുന്നില്ല.ഞങ്ങൾ നടക്കുമ്പോൾ കേൾക്കുന്ന കരിയിലശബ്ദം പോലും ആ ശബ്ദങ്ങളിൽ ലയിച്ചുചേരുന്നു.
പാറയുടെ മുകളിലെത്തിയപ്പോൾ കുടിച്ച മദ്യത്തിന്റെ ലഹരി ഏതാണ്ടിറങ്ങിയിരുന്നു.പാറയെന്നാൽ ചെറിയ പാറയൊന്നുമല്ല. ഒരു കിലോമീറ്റർ കയറ്റവും മുകളിൽ പരന്ന പ്രദേശവുമായിക്കിടക്കുന്ന വൻപാറക്കൂട്ടമാണ്.എവിടെനോക്കിയാലും റബ്ബർ മരങ്ങളും,വൻആഞ്ഞിലികളും,വട്ട,തേരകം ,തേക്ക് എന്നുവേണ്ട ഒരു കാടിനു വേണ്ട എല്ലാ പരിതസ്ഥിതികളുമുണ്ട്‌.

"എടാ ഇനി നോക്കിനടക്കണം.ഇവിടെയെങ്ങാണ്ടൊരു പാറക്കുളമുണ്ട്‌ ".

"നിനക്കറിയത്തില്ലേടാ കോപ്പേ,നിന്റെ വീടിന്റെ പുറകിലല്ലേടാ കാട്ടുപോത്തേ "?

"ഈ ഇരുട്ടത്തെങ്ങനെ കാണാനാടാ "?

നടപ്പ്‌ തീർത്തും പതുക്കെയാക്കി.

ചന്ദ്രൻ തന്റെ മുഖം മേഘങ്ങളുടെ ഇടയിൽനിന്നും പുറത്തേയ്ക്ക്‌ നീട്ടി.വഴിതെറ്റിയിട്ടില്ലെന്നറിഞ്ഞപ്പോൾ സമാധാനമായി.

പെട്ടെന്ന്  മുന്നിൽ നടക്കുന്ന പൗലോ നിന്നു.കൂടെ ഞങ്ങളും.

"എന്നാടാ പാമ്പാണോ "?

"ശ്ശ്‌!മിണ്ടല്ലേ."

അതുപറഞ്ഞ്‌ അവൻ മുന്നോട്ട്‌ കൈചൂണ്ടി.

ദൈവമേ വല്ല എട്ടുകാലിവല തൂങ്ങിക്കിടക്കുന്നതോ മറ്റോ ആയിരിയ്ക്കണേ എന്ന എന്റെ പ്രാർത്ഥന ഫലിച്ചില്ല.

മൂവരേയും കിടിലം കൊള്ളിച്ച കാഴ്ച.

ഒരു തിരിനാളം ഉയർന്നും താഴ്‌ന്നും ഞങ്ങളുടെ സഞ്ചാരപാതയിൽ മാർഗ്ഗതടസ്സമായി ചലിയ്ക്കുന്നു.അമ്പതുമീറ്റർ പോലും അകലമില്ല.

സകലരോമകൂപങ്ങളിലുംകൂടി വിയർപ്പ്‌ ചാലിട്ടൊഴുകി.അതുവരെ അറിഞ്ഞു അറിയാതെയും ചെയ്ത സകലപാപങ്ങളും മനസ്സിലൂടെ കടന്നുപോയി.കാൽമുട്ടുകൾ പോലെ കൈമുട്ടുകൾ കൂട്ടിയിടിയ്ക്കാത്തതെത്ര അനുഗ്രഹം.

കുനിഞ്ഞ്‌ ഓരോ കൈയിലും ഓരോ കല്ലുകൾ പെറുക്കിയെടുത്തു.എറിയേണ്ടിവന്നാൽ,ഉന്നം തെറ്റിയാൽ ഒരു അഡീഷനൽ ഏറു കൂടികൊടുക്കാമല്ലോന്ന് കരുതി ഞാനൊരു സ്പെയർ കല്ലുകൂടിയെടുത്താണ് നിവർന്നത്‌.

ശ്വാസഗതിപോലും പുറത്തറിയാതെ ഞങ്ങൾ നിശ്ചലരായി പരസ്പരം മുട്ടിനിന്നു.

പെട്ടെന്ന് ഇരുട്ടായി.

ആ വെളിച്ചം അണഞ്ഞു.

തോന്നലായിരിയ്ക്കുമെന്ന് കരുതി ആശ്വസിച്ച ഞങ്ങളെ ചകിതരാക്കി ആ ദീപനാളം വീണ്ടും തെളിഞ്ഞു.

മൂവരിൽ ഏറ്റവും കൂടുതൽ മാന്ത്രികനോവലുകൾ വായിച്ച എക്സ്പീരിയൻസ്‌ വെച്ച്‌ ഞാൻ മനസ്സിനെ സ്വതന്ത്രമായി മേയാൻ വിട്ടു.അവൻ കണ്ണടച്ച്തുറക്കുന്ന നേരം കൊണ്ട്‌ മുന്നൂറ്റിയറുപത്‌ ഡിഗ്രി കറങ്ങിത്തിരിഞ്ഞ്‌ വന്ന് വിവരം പറഞ്ഞു.ഞങ്ങൾ നിൽക്കുന്നിടത്ത്‌ നിന്ന് വെറും നാൽപത്‌ ഡിഗ്രി കിഴക്കോട്ട്‌ പോയാൽ കാണുന്നത്‌ കാവിലെ കരിമ്പനയാണെന്നും, അക്ഷാംശരേഖാംശസഹിതം പറയുകയാണെങ്കിൽ ഇപ്പോൾ ഞങ്ങൾ നിൽക്കുന്നത്‌ കാവിൽ നിന്നും വരത്ത്പോക്ക്‌ നടക്കുന്ന അതേ റൂട്ടിലാണെന്നുമാണ്.

കൂടുതൽ ചിന്തിയ്ക്കാനും പറയാനും സമയം കിട്ടുന്നതിനു മുൻപ്‌ ആ വെളിച്ചം അല്ല തിരിനാളം മുന്നോട്ട്‌ വരാൻ തുടങ്ങി.
അപ്പോളതാ മറ്റൊരു കാഴ്ച കൂടി അതിന്റെ പുറകിൽ മങ്ങിയ ഒരു രൂപം.

പിന്നെ ഞാനൊന്നും മടിച്ചില്.ല ആകെ അറിയാവുന്ന മഹാമന്ത്രമായ 'അർജ്ജുന,പാർത്ഥാ ...'
ജപിയ്ക്കാൻ തുടങ്ങുമ്പോൾ ഇടിവെട്ടുന്നത്പോലെ അനീഷും പൗലോയും തനിനാടൻശൈലിയിൽ കാലൻ  തന്റെ പോത്തിനെപ്പോലും ഇട്ടിട്ട്‌ പോകുന്ന രീതിയിൽ തെറിവിളിച്ച്‌ പറയാൻ തുടങ്ങി.

തെറിയിൽ യക്ഷി പോകുമെങ്കിൽ വെറുതേയങ്ങോട്ട്‌ പൊക്കോട്ടെയെന്ന് കരുതി ഞാനും അമാന്തിച്ചില്ല. അർജ്ജുനനെ വില്ല് കുലയ്ക്കാൻ നിർത്തിയിട്ട്‌ ഞാനും കോറസ്സായി .

വെളിച്ചം കെട്ടു.

കരിയിലകൾ ഞെരിയുന്ന ശബ്ദം.

തെറി അത്യുച്ചത്തിലായി.

തൊണ്ടപൊട്ടുമാറ് അലറിവിളിച്ചു.
നിലത്തു നിന്നും ആ വെളിച്ചം വീണ്ടും തെളിഞ്ഞു.
ഇപ്പോൾ കാറ്റുവീശും,തലയ്ക്ക്‌ മുകളിൽ വെളിച്ചം പരക്കും,നീലനിറത്തിൽ. ശരീരമാസകലം വെട്ട്‌ കിട്ടും.അങ്ങനെയിതാ ഞങ്ങൾ ചരിത്രപുരുഷന്മാരായി മാറാൻ പോകുന്നു.

മനസ്സിൽ കരുതിയത്പോലെ കാറ്റ്‌ വീശി.ആ വെളിച്ചം നാലുപാടും ചിതറി.അത്‌ ശരിയ്ക്കും തീയായി.

പെട്ടെന്ന് ആ കാഴ്ച കണ്ടു.തീയുടെ പുറകിലായി ഒരാൾ രൂപം നിലത്ത്‌ കിടക്കുന്നു.

കരിയിലകൾക്ക്‌ തീ പിടിച്ച്‌ ആളാൻ തുടങ്ങി.എന്താ ചെയ്യേണ്ടതെന്നറിയാതെ നിന്നു.

തീയാളി വരുന്നത്‌ കണ്ട്‌ ഏറ്റവുമടുത്തുകണ്ട വട്ടമരത്തിന്റെ തൈകൾ പറിച്ചെടുത്ത്‌ മുന്നോട്ടോടി തല്ലിക്കെടുത്താൻ തുടങ്ങി.ഒരുവിധത്തിൽ തീകെടുത്തുന്നതിനിടയിൽ ഞങ്ങൾക്ക്‌ കാര്യം മനസ്സിലായി.ആളേയും.

റബർവെട്ടുകാരൻ സത്യൻ.

വെറും നാലടിപ്പൊക്കം മാത്രമുള്ള ഇയാൾ മൂന്തോട്ടിൽ വന്ന് താമസിയ്ക്കാൻ തുടങ്ങിയിട്ട്‌ കുറച്ച്‌ വർഷങ്ങളായി.രാത്രി പന്ത്രണ്ടുമണിയ്ക്ക്‌ വെട്ടാനിറങ്ങുന്ന ഇയാൾ ഉറങ്ങാറുണ്ടൊയെന്നായിരുന്നു എല്ലാവരുടേയും സംശയം.

ഉരുട്ടിവിളിച്ചു നോക്കി.ഒരു അനക്കവുമില്ല.മൂക്കിൽ തൊട്ട്‌ നോക്കി.ശ്വാസമുണ്ട്‌.

"നമുക്കെടുത്ത്‌ പാറക്കുളത്തിലിട്ടാലോടാ ?"

"പാതിരാത്രി ഇത്രയും തെറി കേട്ടതല്ലേ .വിട്ടേക്കാം."

"എന്നാലും ഈ കള്ളപ്പന്നി എന്നാത്തിനാടാ ഈ മുതുപാതിരായ്ക്ക്‌ മെഴുകുതിരി കത്തിച്ചോണ്ട്‌ വെട്ടാൻ പോകുന്നത്‌ "?

"പേടിച്ച്‌ നമുക്ക്‌ വല്ലതും പറ്റിയിരുന്നെങ്കിലോടാ "?

"ഒറ്റച്ചവിട്ടങ്ങ്‌ വെച്ച്‌ കൊടുത്താലോ "?

"അവിടെയെങ്ങാനും കിടക്കട്ടെ ".

സർപ്പക്കാവിനകത്തൂടെ വീട്ടിൽപ്പോരുകയായിരുന്നെങ്കിൽ ഇത്ര പേടിയ്ക്കേണ്ടിവരത്തില്ലായിരുന്നുവെന്നും,ഇയാൾ ഞങ്ങളുടെ ബഹളം കേട്ട്‌ ബോധം കെട്ട്‌ ചത്ത്‌ പോയിരുന്നെങ്കിലോ എന്ന് പരിതപിച്ചും വീട്ടിലേയ്ക്കുള്ള വഴിയിലൂടെ നടക്കുമ്പോൾ കാവിലെ യക്ഷിയെ പേരെടുത്ത്‌ തെറിവിളിച്ച്‌ ഓടിയ്ക്കാൻ ശ്രമിച്ചതിന്റെ പരിഹാരമായി എന്തെല്ലാം വഴിപാടുകൾ ചെയ്താലാ എന്ന ചിന്തയിൽ ആയിരുന്നു ഞാനെന്ന് അവരോട് പറഞ്ഞില്ല....................................

93 comments:

 1. ഒറ്റശ്വാസത്തിലൊരു വായനയായിരുന്നു അവസാനം വരെ...!!!
  യക്ഷിയെ കണ്ടപ്പോഴുള്ള നിങ്ങളുടെ അവസ്ഥയും പരാക്രമവുമോര്‍ത്ത് ഒത്തിരി ചിരിച്ചു. ഓര്‍ത്തോര്‍ത്ത് ഊറിച്ചിരിച്ചു. ഇനി നിങ്ങളെയൊക്കെ കാണുമ്പോഴും ഇതോര്‍ത്ത് എനിക്ക് ചിരി പൊട്ടും..!!

  വിഷമിപ്പിക്കുന്ന ഒരേയൊരു കാര്യമേയുള്ളൂ..
  മദ്യപാനം: സ്വന്തം ഉത്തരവാദിത്വങ്ങള്‍ പോലും മറന്ന പഴയ തലമുറയുടെ ശീലത്തിന്‍റെ സകലദുരിതങ്ങള്‍ അനുഭവിക്കുമ്പോഴും, അതേ പാത പിന്തുടരുന്ന, ഒരു തുള്ളി മദ്യത്തിനായി പരക്കം പായുന്ന, പുതിയ തലമുറ. ഒരു നാടിന്‍റെ സങ്കടകരമായ ദൃശ്യം.

  എങ്കിലും ബാക്കി ഭാഗങ്ങളെല്ലാം ആവേശഭരിതം, പ്രത്യേകിച്ചും എനിക്കറിയാത്ത ആ കളി...
  അമ്മിയുമായുള്ള സംഭാഷണരംഗവും, യക്ഷിയെ തെറിവിളിച്ച രംഗവും ഹൈലൈറ്റായി തോന്നി.
  ഓര്‍മകളുടെ തുരുത്തില്‍ നിന്ന് ഇനിയും കഥകള്‍ പുറത്തുചാടട്ടെ.. അഭിനന്ദനങ്ങൾ.!!

  ReplyDelete
  Replies
  1. ആഹാ.ഇത്തവണ അപ്രതീക്ഷിത വായനക്കാരിയാണല്ലോ ആദ്യം.

   പോൾസണെ കാണുമ്പോ ചിരിയ്ക്കണ്ട.അല്ലെങ്കിൽത്തന്നെ എഴുതിനാറ്റിയ്ക്കുവാന്ന് പരാതിയാ.


   നമ്മുടെ നാട്ടിലെ കാര്യങ്ങൾ എഴുതിയെന്നേ ഉള്ളൂ.
   താങ്ക്സ്‌

   !!!!!

   Delete
 2. അഥവാ നെഞ്ചും കരളും വാട്ടൽ എന്നും പേരിടാം. എന്നിട്ട് ബി എസ് എൻ എൽ കിട്ടിയോ? (ഉവ്വ ഉവ്വ)

  ReplyDelete
  Replies
  1. ആഹൂൂ!!!

   എതിരൻ ചേട്ടാ.

   സുഖാണോ??

   നന്നായി വാടുന്നതിനു മുൻപ്‌ പരിപാടി നിർത്തി.

   ബി.എസ്‌.എൻ.എൽ കിട്ടി.അക്കഥയുമായാണു ഞാൻ ബൂലോഗത്തേയ്ക്ക്‌ വന്നത്‌.

   Delete
 3. നീ മദ്യപിക്കുമോ . അത്‌ മാത്രം ഇഷ്ടമായില്ല. അല്ല പച്ചക്കറി മേടിക്കാൻ പോയ മകനെ അമ്മ അന്വേക്ഷിക്കില്ലേ . ഓ മദ്യം കിട്ടുമല്ലോ അല്ലേ പിന്നെ എന്ത്‌ വീട്ടുകാർ അല്ലേ . ബി.എസ്‌.എൻ.എൽ കണക്ഷൻ കിട്ടിയോ .

  ReplyDelete
  Replies
  1. പാറുക്കുട്ടീീീ.


   സന്തോഷം.എന്നെ അനിയത്തി പാടേ മര്യാദക്കാരനാക്കിയില്ലേ??

   സുഖാണെന്ന് കരുതുന്നു

   Delete
 4. മദ്യപാനം ഇല്ലാത്ത പോസ്റ്റുകള്‍ വളരെ കുറവാണല്ലേ? ആ കളി എനിക്കിഷ്ടായി , ഒരു വീഡിയോ കൂടി ഉണ്ടായിരുന്നെങ്കില്‍ ഇവിടെയും പ്രചരിപ്പിക്കാമായിരുന്നു.

  ReplyDelete
  Replies
  1. നമ്മൾ മലയാളികൾ ചാലക്കുടിക്കാരെ ഏറ്റവും വലിയ കുടികാരെന്ന് പറയുന്നപോലെ;,കിടങ്ങൂർ പ്രദേശങ്ങളിലെ ഏറ്റവും വലിയ മദ്യപാണികളായ സമൂഹമാണു മൂന്തോടുകാർ.അവരുടെ ഇടയിൽ ജനിച്ച്‌ ജീവിച്ചതുകൊണ്ട്‌ കുറേക്കാലം ആ ഓളത്തിലങ്ങ്‌ പോയി.

   വീഡിയോ കിട്ടുമോന്ന് നോക്കട്ടെ.അയച്ച്‌ തരാം.

   നന്ദി!!!

   Delete
 5. " 'വല്ലതും കുത്തിക്കേറ്റിയേച്ച്‌ പോയിനെടാ പിള്ളാരേ' എന്ന് ആമാശയം നിലവിളിച്ചെങ്കിലും തലച്ചോറും കാലുകളും സമ്മതിയ്ക്കാതിരുന്നതിനാൽ നേരേ പാടത്തേയ്ക്ക്‌ നടന്നു.പോകുന്ന വഴി കരളിനെ ഞാനാശ്വസിപ്പിച്ചു.
  "സാരമില്ലെടാ മുത്തേ!ഇന്നത്തേയ്ക്ക്‌ മക്കളു ഷമി.കപ്പപറി ഇന്നല്ലേയുള്ളൂ.നാളെ പകൽ ചേട്ടായി ഒരുപാട്‌ വെള്ളം കുടിച്ചോളാം ട്ടോ !"
  സന്തോഷവാനായ കരൾ ഉച്ചയ്ക്കത്തെ കുടിയുടെ പുളിച്ച്തികട്ടൽ വായിലേയ്ക്കയച്ചു.പകരമായി വഴിയിൽ നിന്നും ഒരു കമ്യൂണിസ്റ്റ്പച്ചയുടെ ഇല ചവച്ച്‌ അകത്തേയ്ക്കയച്ച്‌ അവവന്റെ സന്തോഷത്തിൽ ഞാനും പങ്ക്‌ ചേർന്നു." ഇതാണ് ഹൈലൈറ്റ്..! സത്യം പറഞ്ഞാല്‍ തുടക്കം എനിക്ക് വളരെ ഇഷ്ടമായി. അവസാനത്തേക്ക് എത്തിയപ്പോള്‍ പുതുമ പോയത് പോലെ.... എന്തായാലും ആശംസകള്‍ ട്ടാ... !!

  ReplyDelete
  Replies
  1. അന്നൂസേട്ടാ!!!വളരെ സന്തോഷം.


   കുറക്കാലമായി എഴുത്തിന്റെ ഫ്ലോ കിട്ടുന്നില്ല.ഇടവേളകൾ എന്നെ ശരിപ്പെടുത്തുന്നു.

   Delete
 6. രസകരമായി അവതരിപ്പിച്ചിരിക്കുന്നു.
  അമ്മയുടെ ആജ്ഞയനുസരിച്ച് പച്ചക്കറി വാങ്ങാന്‍ പോക്കും,കൂട്ടുകാരൊന്നിച്ച് മൂത്തോടിനപ്പുറത്തെ ഏഴങ്ങാട്ട് പാടത്തെ വെട്ടുപ്പന്ത് കളിയും,കാര്യംനേടാനുള്ള കുഞ്ചാച്ചാന്‍റെ മിടുക്കും.ഇത്തിരിമോഹത്തോടെയുള്ള കപ്പവെട്ടുപ്പണിയും,ദുര്‍ഘടം നിറഞ്ഞ വഴിയിലൂടെ രാത്രിയിലുള്ള പോക്കും,റബ്ബര്‍ വെട്ടുകാരനെ പേടിപ്പിച്ച് വെട്ടിയിട്ടതും വായിച്ച് ചിരിച്ചുപോയി......
  ആശംസകള്‍

  ReplyDelete
  Replies
  1. തങ്കപ്പൻ സാർ!!വായനയ്ക്ക്‌ നന്ദി.സർ ഇത്ര വലിയ അഭിപ്രായം എഴുതുമെന്ന് കരുതിയില്ല.


   ആ സംഭവം കഴിഞ്ഞിട്ട്‌ കുറേനാളത്തേയ്ക്ക്‌ ഉറക്കം പോലുമില്ലായിരുന്നു.

   വീണ്ടും നന്ദി!!!

   Delete
 7. sudhi kalakki, anubhavangalude nirakutamaanu sudhi, athil ninnum itakkitakku iththaram muthukal pozhiyum, narmavum akaamshayum koottikkalarthiya post, madypanathekkurich kalloloiniyute abiprayam seri vekkunnu

  ReplyDelete
  Replies
  1. ബ്ലോഗെഴുതിയാൽ കിട്ടുന്ന ഏക സന്തോഷം വായിച്ച്‌ ,മറ്റുള്ള എഴുത്തുകാർ പറയുന്ന അഭിപ്രായങ്ങളാണു.അതിൽ ഏറ്റവും നിഷ്കളങ്കമായ അഭിപ്രായം പറയുന്ന ഷാജിതയ്ക്ക്‌ ഹൃദയം നിറഞ്ഞ നന്ദി.ഷാജിതയുടെ ലാസ്റ്റ്‌ കമന്റ്‌ ഈ പോസ്റ്റിടുന്നതിൽ എന്നെ ഏറ്റവും സഹായിച്ചു.

   ബ്ലോഗിലെ തമാശയെഴുത്തുകാരീ വേഗം അടുത്ത ചിരിയൻ പോസ്റ്റുമായി വാാാ.

   Delete
 8. വിശപ്പ്,കുടി,കളി,പേടി ഒരു നർമ്മരചനയിൽ ചേർക്കേണ്ടതെല്ലാം ചേർത്ത വിഭവം..രസിപ്പിച്ചു..

  ReplyDelete
  Replies
  1. വളരെ നന്ദി മുഹമ്മദിക്കാ.ഇഷ്ടായതിൽ നിറഞ്ഞ സന്തോഷം!!

   Delete
 9. വിശപ്പ്,കുടി,കളി,പേടി ഒരു നർമ്മരചനയിൽ ചേർക്കേണ്ടതെല്ലാം ചേർത്ത വിഭവം..രസിപ്പിച്ചു..

  ReplyDelete
 10. പണ്ടെങ്ങാണ്ട് കളിച്ചുമറന്ന വെട്ടുപന്തുകളി ദേ ഇപ്പ കിളികിളി പോലെ ഓർമ്മ വന്നു. ഭയങ്ങരാ, എഴുതി പ്വൊളിച്ചുകളഞ്ഞല്ലോ

  ReplyDelete
  Replies
  1. അജിത്തേട്ടാ!!!!നന്ദി!!


   ഈ വെട്ടുപന്തുകളി നമ്മിടെ നാട്ടിൽ മാത്രേ ഉള്ളോന്നാ എന്റെ സംശയം.

   വായനയ്ക്ക്‌ നന്ദി.

   Delete
 11. കപ്പയരിയൽ കഴിഞ്ഞുള്ള തിരിച്ചു വരവ്‌ മുതലാണു ഞാൻ ചിരിച്ച്‌ തുടങ്ങിയത്‌... റബ്ബർ വെട്ടുകാരൻ സത്യന്റെ ഗതി ആർക്കും വരുത്തരുതേ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു... :)

  പിന്നെ... കുടി കുടിയെ കെടുക്കും എന്ന് ഒരു തമിഴ്‌ വചനമുണ്ട്‌... ഓർമ്മയുടെ താളുകളിൽ ഒട്ടിച്ചു വയ്ക്കാൻ മറക്കണ്ട സുധീ...

  ReplyDelete
  Replies
  1. വിനുവേട്ടാ!!!നന്ദി.

   ഇപ്പോ കുടിയൊന്നുമില്ല.പഴയ കുറേ ഓർമ്മകൾ.

   ഒരു നന്ദികൂടി!!!!

   Delete
 12. സുൽത്താൻ ബഷീറിന് പഠിക്കുകയാണല്ലെടാ നീ ..
  ഇന്നലെ പാതിയിൽ നിർത്തി പൊയതാ ,,ഇപ്പൊ വന്ന് മുഴുമിപ്പിച്ചു.നീ തകർത്തു കേട്ടോ ,,സുൽത്താൻ സായ്‍വിൻറെ എഴുത്ത് ഓർമ്മയിൽ വരുന്നുണ്ടായിരുന്നു നിൻറെ കള്ളുപുരാണം വായിക്കുമ്പോൾ

  ReplyDelete
  Replies
  1. സുൽത്താനോ??!?!?!?!!?!?!?

   ഞാനിപ്പോ കരയും കേട്ടോ!

   കള്ളുപുരാണം .ഹാ ഹാ.

   വായനയ്ക്കും അഭിപ്രായത്തിനും നന്ദി!!!!

   Delete
 13. കഥ ഗംഭീരമായി. വിവരണം നന്നായി. പന്ത് ഉണ്ടാക്കുന്നതിന്റെയും കളിയുടെയും ഒക്കെ. കുറച്ചു വാക്കുകളിൽ മനസ്സിലാകുന്ന രീതിയിൽ എഴുതാൻ കഴിയുന്നു.

  ക്ലൈമാക്സ് ശരിയായില്ല. ഇത്രയധികം ഡിറ്റക്ടിവ് -മാന്ത്രിക നോവലുകൾ വായിച്ചിട്ടും അത് ശരിയാവുന്നില്ല. കഥയായാലും നടന്ന സംഭവം ആയാലും അതിന് അൽപ്പം പൊടിപ്പും തൊങ്ങലും വേണം. ക്ലൈമാക്സ് വരെ അതുണ്ട് താനും. അവസാനം കൊണ്ടു കളഞ്ഞു.

  വെളിച്ചം അടുത്ത് വരുന്നത് കണ്ടു മൂവരും എങ്ങോട്ടെന്നില്ലാതെ ഓടുന്നതും അടുത്ത ദിവസം രാവിലെ കണ്ടു മുട്ടുന്നതും ആകാമായിരുന്നു. തെറി വിളിയ്ക്ക് ശേഷം തീ പടരുന്നത്‌ കണ്ടു ഓടുന്നതും ആകാമായിരുന്നു. പിറ്റേ ദിവസം വെട്ടുകാരൻ സത്യനെ നാട്ടുകാർ കാണുന്നതും യക്ഷിയാണോ,സത്യനും യക്ഷിയെ കണ്ടു വീണതാണോ എന്ന് സസ്പെൻസ് ഇട്ടു കഥ അവസാനിപ്പിക്കനമായിരുന്നു.

  ഏതായാലും സംഭവം നന്നായി.

  ReplyDelete
  Replies
  1. ബിബിൻ സർ!!!!


   സത്യനെക്കുറിച്ച്‌ ഒരുപാട്‌ പറയാനുണ്ടായിരുന്നു.ഈ സംഭവം നടക്കുന്ന അന്ന് രാത്രിയിൽ സത്യന്റെ ഭാര്യ ഒളിച്ചോടിയിരുന്നു.ആരുമറിഞ്ഞില്ല.

   ഇനിയുള്ള പോസ്റ്റ്‌ നോക്കിച്ചെയ്യാം.ട്ടോ!!!!

   Delete
 14. ഒറ്റ വാക്കിൽ പറഞ്ഞാൽ കൊള്ളാം. (നന്നായി എഴുതിയിരിക്കുന്നു - മടുപ്പില്ലാതെ വായിച്ചു പോകാവുന്ന ശൈലി ) എന്നാലും ; വിമർശനാത്മകമായി വായിച്ചാൽ ചില കാര്യങ്ങൾ വിട്ടു കളയാൻ നിര്ബന്ധ ബുദ്ധി കാണിച്ചേ മതിയാവൂ.
  ആ പന്തിന്റെ ഒരു ചിത്രം കൊടുത്താൽ എന്നെപോലുള്ളവർക്ക് ഗുണമാകും
  ശ്രദ്ധിച്ചു എഴുതീട്ടുണ്ട്‌ എന്നതാണ് ഗുണം ! അക്ഷരത്തെറ്റും കണ്ടില്ല ! ഗോ ഓൺ ...........!
  1)വല്ലഭനു പുല്ലുപോലും ആയുധമായി
  2)സാക്ഷാൽ കെ.എം .മാണി പോലും തോറ്റുപോകും
  3) പേരറിയാത്ത വൃക്ഷങ്ങൾ
  4)പേരറിയാൻ പാടില്ലാത്ത
  ഇങ്ങനെയുള്ള ചില പ്രയോഗങ്ങൾ എഴുത്തിന്റെ ഒഴുക്കിനെ തന്നെ കളയുന്നു. ഇടക്ക് അല്പം ലാഗിമ്ഗ്.
  എഴുതാൻ മടി കാണിക്കുന്ന ബ്ലോഗ്ഗർമാരിൽ നിന്ന് വ്യത്യസ്തനായി തന്നെ നില നില്ക്കുക
  ആശംസകൾ

  ReplyDelete
  Replies
  1. ശിഹാബിക്കാ.നിറഞ്ഞ സന്തോഷം.

   ചിലപ്രയോഗങ്ങൾ വളരെ അനാവശ്യത്തിലായിരുന്നു അല്ലേ??

   കുറേ നാളായില്ലേ എഴുതിയിട്ട്‌!!അതാവാം.

   ഞാൻ എഴുതാതിരിയ്ക്കില്ല.

   ആശംസയ്ക്കും അഭിപ്രായത്തിനും നന്ദി!

   Delete
 15. nalla rachana.ishtam sahodaraa....aashamsakal

  ReplyDelete
  Replies
  1. ഷുക്കൂറിക്കാ വളരെ നന്ദി!!!

   Delete
 16. രസകരമായി വായിച്ചു പോയി. പക്ഷേ അവസാനമായതോടെ ഒഴുക്ക് മുറിഞ്ഞു. വായിച്ചു തിരുത്തി പോസ്റ്റ് ചെയ്തിരുന്നെങ്കില്‍ കൂടുതല്‍ ആസ്വാദ്യകരമായേനെ. വെട്ട് പന്ത് കളി ചെറുപ്പത്തില്‍ കളിച്ചിട്ടുണ്ട്.അന്ന് പക്ഷേ ഓലപ്പന്ത് ആയിരുന്നുവെന്ന് മാത്രം

  ReplyDelete
  Replies
  1. നന്ദി വെട്ടത്താൻ സർ!!!

   നല്ലപോലെ ശ്രദ്ധിയ്ക്കാം ട്ടോ!!!

   Delete
 17. നന്നായെഴുതി സുധീ .. നർമ്മം നന്നായി ചേരും..ഒഴുക്കുള്ള എഴുത്താണ്..അഭിനന്ദനങ്ങൾ..

  ReplyDelete
 18. well written sudheesh. congrats keep writing

  ReplyDelete
 19. പോക്കറ്റില്‍ ഊതിയപ്പോള്‍ പോക്കറ്റിന്റെ മണം മാത്രമുണ്ട്..." ഹോ, ചിരിച്ചു മതിയായി. ഇടയ്ക്കിടയ്ക്ക് എഴുതിക്കോളൂട്ടോ കോളാമ്പി നിറയട്ടെ സുധീ...

  ReplyDelete
  Replies
  1. മുബിച്ചേച്ചീ!!!   വായനയ്ക്കും,അഭിപ്രായത്തിനും നന്ദി!!!


   എന്തായാലും തുടരെ കഴിയില്ലെങ്കിലും ഇടയ്ക്കിടെ എഴുതും.

   Delete
 20. ഹ.. ഹ.. വളരെ രസകരമായി അവതരിപ്പിച്ചു..

  ReplyDelete
 21. മിടുക്കനെഴുത്താണല്ലോ...!

  ReplyDelete
 22. പോക്കറ്റിനകത്ത് ഊതിയപ്പോൾ ആ പ്രായത്തിൽ വരാൻ സാദ്ധ്യതയുളള മണം കാജാ ബീഡിയുടേയോ ദിനേശ് ബീഡിയുടേയോ അതല്ലെങ്കിൽ സിസർ സിഗററ്റിന്റെയോ ഒക്കെ മണമായിരുന്നു വരേണ്ടിയിരുന്നത്. തുടക്കത്തിൽ രസകരമായി വന്നെങ്കിലും അവസാനമായപ്പോഴേയ്ക്കും ധൃതി കൂടിപ്പോയോന്നൊരു സംശയം..
  എഴുത്തിൽ ഇത്ര ആവേശം വേണോ. കാരണം ഒരു പാരഗ്രാഫൊക്കെ ഒരു നിർത്തുപോലുമില്ലാതെ വായിയ്ക്കു കാന്നു പറഞ്ഞാൽ കുറച്ചു കഠിനമാണ ട്ടൊ. നിറുത്തി നിറുത്തി കുഞ്ഞു വാചകങ്ങളിൽ അത്ഭുതം നിറയ്ക്കാമല്ലൊ.
  എന്നാലും വെളളമടിക്കഥ ആയതോണ്ടാവും ഇത്ര ആവേശം. ഉം..... മനസ്സിലാവുന്നുണ്ട്.

  അവസാനം വന്നപ്പോൾ തീർക്കാനുളള ആവേശത്തിൽ ക്ലൈമാക്സ് ഗുമ്മായില്ലെന്ന് എനിയ്ക്കും തോന്നി.
  ആശംസകൾ ....

  ReplyDelete
  Replies
  1. അക്കോസേട്ടാ,ഞാൻ പോക്കറ്റിൽ ഊത്ത്‌ നിർത്തി.

   അത്യാവേശം കൊണ്ടല്ല .വളരെ നീണ്ട പോസ്റ്റല്ലേ??എഴുതി വന്നപ്പോ എങ്ങിനെയോ ഇങ്ങനെയായി.


   ആ പാതിരാത്രിയിൽ പേടിച്ച പോലെ പിന്നെ പേടിയ്ക്കേണ്ടിവന്നിട്ടില്ല.ആ അവസ്ഥയൊന്നാലോചിച്ച്‌ നോക്കിക്കേ!!!

   Delete
 23. Eda nannayittundu.
  Enthayalum Abhinandanangal
  Iniyum ezhuthuka

  ReplyDelete
 24. പതിവുപോലെ രസകരമായി എഴുതി സുധി.
  എഴുത്തിലെ കയ്യടക്കം പ്രധാനമാണ്. ഒരുപാട് പറയണമെന്നില്ല. പറയുന്നതില്‍ പറയാത്തത് കൊണ്ടുവരാന്‍ ശ്രമിക്കണം. എഴുതാന്‍ തുടങ്ങിയാല്‍ എഴുതിതീര്‍ക്കണം എന്ന തിടുക്കം വേണ്ട.
  ആശംസകൾ ....

  ReplyDelete
  Replies
  1. പരമാവധി ശ്രദ്ധിയ്ക്കാം പ്രദീപേട്ടാ!!!

   Delete
 25. ഒരുപാടു കാര്യങ്ങൾ വളരെ രസകരമായി കോർത്തിണക്കി എഴുതിയിരിക്കുന്നു .
  നന്നായിരിക്കുന്നു . ശരിക്കും ഇത് കഥയോ അനുഭവമോ .രണ്ടായാലും കൊള്ളാം

  ReplyDelete
  Replies
  1. പ്രിയപ്പെട്ട ഷിഖച്ചേച്ചീ,


   എനിയ്ക്കെന്റെ അനുഭവങ്ങൾ മാത്രമേ എഴുതാനുള്ളൂ.

   കൊള്ളാമെന്ന് പറഞ്ഞതിൽ സന്തോഷം.

   Delete
 26. തുടക്കം മുതൽ കപ്പ തലയിലേറ്റി നടക്കുന്നത് വരെ തകർത്തു. സുധിയുടെ കയ്യൊപ്പ് പതിഞ്ഞ ശൈലികളും ഉപമകളും എഴുത്തിൽ ഉടനീളം കാണാം. അഭിനന്ദനങ്ങൾ.
  മുമ്പ് പലരും സൂചിപ്പിച്ച പോലെ, ഒടുക്കം അത്ര ഗംഭീരമായില്ല. ഒരു അവ്യക്തതയും ഗുമ്മില്ലായ്മയും തോന്നി.
  'If ending is not happy, പിക്ചർ അഭി ബാക്കി ഹേ ഭായ്' എന്ന ആപ്തവാക്യം ഇവിടെ ഇട്ടിട്ടു പോകുന്നു :)

  ReplyDelete
  Replies
  1. നന്ദി കൊച്ചുഗോവിന്ദാ.

   അടുത്ത കഥയിൽ നമുക്ക്‌ ശരിയാക്കാം.


   പിന്നെ കൊച്ചുഗോവിന്ദന്റെ കൂട്ടുകാരൻ ആൾരൂപനെ ഇപ്പോ കാണാറേയില്ലല്ലോ.

   Delete
 27. ആദ്യവസാനം രസകരമായ വായന തരുന്ന ശൈലി. വായിക്കുമ്പോൾ ഒരു സിനിമയിലെന്നപോലെ ദൃശ്യങ്ങൾ മുന്നിൽ തെളിയുന്നത് ശൈലിയുടെ മികവുകൊണ്ടാണ്. ബി.എസ്.എൻ.എൽ ന് ക്യൂ നിന്ന ആ കാലം ഓർമ്മയിലെത്തി. പിന്നെ തനി നാട്ടിൻപുറത്തിന്റെ ഓർമ്മകൾ. പഴയ കാലത്തെ പല കളികളും ഇന്നത്തെ തലമുറക്ക് അപരിചിതമാണ്. കപ്പയുടെ ഉടുപ്പഴിച്ച യജ്ഞമൊക്കെ ഗംഭീരമാക്കി. നാടനും വിദേശിക്കും കൊടുത്ത നിർവ്വചനം കലക്കി. ഏറ്റവും ഒടുവിൽ വായുവിൽ തെളിഞ്ഞ വെളിച്ചം ശരിക്കും വായനക്കാർക്കും കാണാനായി.

  എല്ലാം കൊണ്ടും നല്ലത് സുധി. വായിക്കാൻ വൈകിയതിൽ ക്ഷമിക്കുക.

  ReplyDelete
  Replies
  1. പ്രദീപേട്ടാ,   വായിച്ച്‌ കണ്ണുനിറഞ്ഞ്‌ പോയല്ലോ!ഇത്രയും നല്ല വാക്കുകൾക്കെന്റെ ഹൃദയം നിറഞ്ഞ നന്ദി.


   പ്രദീപേട്ടൻ എഴുതിയ്ട്ട്‌ കുറേക്കാലമായല്ലോ!!!അതോ ഞാൻ കാണാഞ്ഞിട്ടാണോ???

   Delete
 28. കളി നന്നായി ഇഷ്ടപ്പെട്ടു. കുറച്ചു മുമ്പ് കിട്ടിയിരുന്നെങ്കിൽ അത് പ്രയോഗത്തിൽ വരുത്താമായിരുന്നു. ഒരു സവാരി പോയപ്പോൾ പഴയകാല കളികളിലേക്ക് ഒരു എത്തിനോട്ടം നോക്കിയപ്പോൾ അവസാനം ഞങ്ങൾ സെലക്ട് ചെയ്തത് വോളിബോൾ ആയിരുന്നു.

  മദ്യപാനം ഇപ്പോഴും ഉണ്ടോ ആവോ? പോസ്റ്റ്‌ അന്നേ വായിച്ചിരുന്നു. കമന്റാൻ കുറച്ച് വൈകി.

  ReplyDelete
  Replies
  1. ഹായ്‌.ഉനൈസേ!!!

   എന്റെ ബന്ധുക്കൾ പറയുന്നത്‌ ഞാൻ പഴയ കുറേ ഓർമ്മകളിൽ ജീവിയ്ക്കുന്നവയാളാണെന്നാണു.യാതൊന്നും അറിയേണ്ടാത്ത ആ കാലം.

   മദ്യപാനം ഇപ്പോളില്ല.

   വായനയ്ക്ക്‌ നന്ദി!!!

   Delete
 29. സുധി ഭായ് , ഒരുപാട് വിഷയങ്ങൾ രസകരമായി പറഞ്ഞു പോയ, കുറെയേറെ രസകരമായ പ്രയോഗങ്ങൾ കൊണ്ട് നിറഞ്ഞ, ഈ നല്ല പോസ്റ്റ്‌ കലക്കി ... വെട്ടുപന്ത്‌ കളിയുടെ വിവരങ്ങൾ എനിക്ക് പുതിയൊരു അറിവായി ... അടുത്ത സുധി സ്റ്റൈൽ എഴുത്തും ഉടനെയെത്തും എന്ന് പ്രതീക്ഷിച്ചു കൊണ്ട് , തല്ക്കാലം നിർത്തട്ടെ... എന്റെ ആശംസകൾ.

  ReplyDelete
  Replies
  1. ഉടനേതന്നെ അടുത്ത പോസ്റ്റ്‌ ചെയ്യും ഷഹീമേ!!!സുഖമാണെന്ന് കരുതുന്നു.
   നന്ദി!!!

   Delete
 30. വളരെ മനോഹരമായി ......
  പ്രത്യേകിച്ചും നിന്‍റേ പ്രയോഗങ്ങൾ മാരകം....
  വൈകിട്ടത്തേ പരിപാടി ഒപ്പിക്കല്‍ അടിപൊളിയായി.....
  ചിരിച്ചു മരിച്ചു......അമ്മിയോട് അന്വേഷണം പറയുക......
  എല്ലാവരും കള്ളിനെ കുറ്റം പറഞ്ഞു.....
  കള്ളില്ലായിരുന്നെങ്കില്‍ ഈ പോസ്റ്റ് ഉണ്ടാവില്ലായിരുന്നു.....
  പാവം സത്യൻ..... പേടിച്ചു ബോധം പോയതിനു പുറമേ.....ഭാര്യ ഒളിച്ചോടിപ്പോയതിന്‍റെ ബമ്പര്‍ ലോട്ടറി അടിച്ചതിന്‍റെ ആലസ്യം നേരിട്ട് കാണാൻ പറ്റിയില്ലല്ലോ....ഹ...ഹ....ഹ...
  ആസ്വദിച്ചു വായിച്ചു .....നന്മകള്‍ നേരുന്നു......

  ReplyDelete
  Replies
  1. വിനോദേട്ടാ,

   അമ്മിയോട്‌ അന്വേഷണം പറഞ്ഞു..

   സത്യന്റെ ഭാര്യ പോയത്‌ സത്യന്റെ അമ്മാവന്റെ കൂടെയാണെന്ന് കേൾക്കുമ്പോളല്ലേ ഞെട്ടൽ പൂർത്തിയാകൂ?

   വായനക്ക്‌ നന്ദി!!!

   Delete
 31. ഇത്രയൊക്കെ കാര്യങ്ങള്‍ ഓര്‍ത്തെടുത്തു എഴുതാന്‍ കഴിയുക എന്നത് തന്നെ ഒരു അനുഗ്രഹമാണ്. ഈ പോസ്റ്റില്‍ ഞാന്‍ പുതിയൊരു കളി പരിചയപ്പെട്ടു. അത് എങ്ങിനെ കളിക്കുന്നു എന്ന് വീഡിയോ അയച്ചു തരാമോ.ഇന്നത്തെ തലമുറക്ക് അന്യം നിന്നും പോവുന്ന കളികളില്‍ ഒന്നാവാം ഇതും. രസകരമായി അവതരിപ്പിച്ചിരിക്കുന്നു. എങ്കിലും ചില സ്ഥലങ്ങളില്‍ നര്‍മ്മത്തിനായി നര്‍മ്മം കൊണ്ട് വന്നത് പോലെ തോന്നി.ഒന്നൂടെ മനസ്സിരുത്തി എഡിറ്റ്‌ ചെയ്തിരുന്നേല്‍ ഇതൊരു ഒന്നൊന്നര പോസ്റ്റ്‌ ആയിരുന്നു സുധി.അപ്പോള്‍ എഴുത്ത് നിര്‍ത്തണ്ട അടുത്ത പോസ്റ്റ്‌ ഉടന്‍ വന്നോട്ടെ <3

  ReplyDelete
  Replies
  1. ഓർമ്മകൾ അനവധിയുണ്ട്‌ ഇക്കാ.കുറേ എഴുതിവെച്ചിരുന്ന ബുക്ക്‌ കാണാതെ പോയി.

   നർമ്മം സ്വാഭാവിക ഒഴുക്കോടെ എഴുതാൻ എനിയ്ക്കറിയില്ലല്ലോ.എന്നാലും ഇനി ഞാൻ ശ്രദ്ധിയ്ക്കാം.

   വീഡിയോ അയച്ച്‌ തരാം.

   Delete
 32. എന്തായാലും പച്ചക്കറി വാങ്ങാൻ പോയ ആൾ കപ്പ വാട്ടലും കഴിഞ്ഞുള്ള തിരിച്ചു വരവ്....... ആ പാവം അമ്മി പച്ചക്കറി നോക്കിയിരുന്നു മടുത്തു. നല്ല രസമായിരുന്നു സുധീ വായിക്കാൻ. ആശംസകൾ.

  ReplyDelete
  Replies
  1. പാവം അമ്മി.ഞാനും പാവം.


   സന്തോഷം ഗീതേച്ചീ!!!!

   Delete
 33. എന്നിട്ട് Sim കിട്യാർന്നോ?? ങ്ങേ....

  ReplyDelete
  Replies
  1. കിട്ടി ദീപൂ.അത്‌ എന്റെ ആദ്യബ്ലോഗ്‌ പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്‌.
   നന്ദി വായനയ്ക്ക്‌!!!

   Delete
 34. നന്നായി റബ്ബർ വെട്ടുകാരൻ സത്യൻ കലക്കി
  ഓടിച്ചു വായിച്ചു ക്ഷമ കിട്ടുന്നില്ല ബ്ലോഗ് വായന നിന്ന് പോയതാ തുടങ്ങണം വിനുവേട്ടന് തേങ്ങാ വെട്ടിയിട്ടിട്ട് വരുന്ന വഴിയാ അഞ്ച് തെങ്ങേൽ കയറി, ഞങ്ങളുടെ കൈയ്യിൽ നിന്നും അനുവാദം അഡ്വാൻസ് വാങ്ങിച്ചിട്ട് എഴുതാമെന്ന് പറഞ്ഞ കഥയെവിടെ? പറയാൻ വിട്ടു ചെവന്ന നെറ്റി കല്ലോലിനിയ്ക്ക് വാങ്ങണ്ട

  ReplyDelete
  Replies
  1. അത്‌ കൊള്ളാമല്ലോ ബൈജുച്ചേട്ടാ!!!


   ആ പോസ്‌റ്റുകൾ തയ്യാറാക്കിയിട്ടുണ്ട്‌.ചെയ്യണോയെന്നൊരു പേടി.ആർക്കും യാതൊരു മുന്നറിയിപ്പുമില്ലാതെ അത്‌ വന്ന് തുടങ്ങും.

   നന്ദിബൈജുച്ചേട്ടാ!!!!

   Delete
 35. ഇത്ര ഹാസ്യാത്മകമായി ഓരൊ
  സംഗതികളും വിശദമായി വിശകലനം
  ചെയ്യുവാനുള്ള സുധിയുടെ കഴിവ് അപാരം
  തന്നെ. ഒഴുക്ക് നഷ്ട്ടപ്പെടാതെ ഈ എഴുതാനുള്ള
  കഴിവ് മടി കൂടാതെ ഇടക്കിടെ ഞങ്ങളെ ബോധ്യപ്പെടുത്താണം
  കേട്ടോ ഭായ്

  എന്നാലും നമ്മൾക്ക് നാട്ടിൽ വെച്ച് നേരിട്ട്
  കാണുവാൻ സാധിച്ചില്ലല്ലോ ന്റെ സുധി ഭായ്

  ReplyDelete
  Replies
  1. ഞാനെഴുതും മുരളിച്ചേട്ടാ.വർഷത്തിൽ ഒരു നാലു പോസ്റ്റെങ്കിലും ചെയ്യും.


   മുരളിച്ചേട്ടൻ നാട്ടിൽ വന്ന സമയത്ത്‌ ഞാൻ ഓട്ടപ്പാച്ചിലായിരുന്നു.ഇനി വരുമ്പോ നമ്മൾ ഒന്നിച്ച്‌ കൂടും.ഒരു ദിവസം എല്ലാരേയും കൂട്ടി ഒരു കുഞ്ഞ്‌ ബ്ലോഗേഴ്സ്മീറ്റ്‌ തന്നെ നടത്താം.

   Delete
 36. നല്ല ഒഴുക്കുള്ള എഴുത്ത്. വളരെ മുമ്പ് കൂട്ടുകാരോടൊപ്പം രാത്രികാലങ്ങളിലെ നടത്തം എനിക്കുമുണ്ടായിരുന്നു. വേല, പൂരം, സിനിമ, നാടകം, നായാട്ട്, മീന്‍പിടുത്തം ( ഞാന്‍ മത്സ്യമാംസാദികള്‍ കഴിക്കില്ലെങ്കിലും കമ്പിനിക്ക് ഞാനും കൂടും ) ഇതിനൊക്കെയുള്ള യാത്രകളായിരുന്നു അവ. പക്ഷെ ആരും മദ്യപിക്കുന്നവരല്ല. എങ്കിലെന്ത്? ബീഡിയും സിഗററ്റും മാറിമാറി വലിച്ച് അതിനെക്കാള്‍ വിഷാംശം അകത്തെത്തിക്കും 

  ReplyDelete
  Replies
  1. .പിന്നീടിരുന്ന് ഓർക്കാനും അയവിറക്കാനും ഇങ്ങനെയുള്ള ഓർമ്മകൾ അല്ലേ കാണൂ.

   നന്ദി
   കേരളേട്ടാാാ
   .

   Delete
 37. April-ല്‍ പോസ്റ്റു ചെയ്ത ഈ നര്‍മ്മ രചന ഇപ്പോഴാണ് വായിക്കാന്‍ അവസരം കിട്ടിയത്.പണ്ട് bsnl sim കിട്ടാന്‍ വല്ലാത്ത പാടായിരുന്നു.B.S.N.L.-ല്‍ തുടങ്ങി ഒരു സരസ സുരയും കപ്പയും കളിയും യക്ഷിപ്പേടിയും അമ്മയുടെ നെറ്റിച്ചുളിവുകള്‍ മാറ്റാന്‍ പറ്റാത്ത അവസ്ഥയും .....എല്ലാം അടിച്ചു പൊളിച്ചു.അഭിനന്ദനങ്ങള്‍ സുധീ ...ഒരു പാട് !

  ReplyDelete
  Replies
  1. ഇക്കയെ കാണുന്നില്ലല്ലോന്ന് ഞാൻ നോക്കാറുണ്ടായിരുന്നു.ഇക്ക വന്നത്‌ അറിഞ്ഞില്ല.ഇഷ്ടായതിൽ പെരുത്ത സന്തോഷം.

   Delete
 38. rasakaramaaya vaayana..thudaruka..kaathirikkunnu..

  ReplyDelete
  Replies
  1. നന്ദി രേഖച്ചേച്ചീ.ഹൃദയം നിറഞ്ഞ സന്തോഷം.

   Delete
 39. ഹ ഹ ഒരുപാട് ചിരിപ്പിച്ചു....

  ReplyDelete
 40. നന്ദി കാൽപ്പാടുകൾ!!!!!

  ReplyDelete
 41. ഈ സുധീടെ ഒരു കാര്യം!!!!

  ReplyDelete
  Replies
  1. ഒരു സംഭവമാ അല്ലേ ഉമേച്ചീീ?

   Delete
 42. വീട്ടിൽ നിന്നും പച്ചക്കറി വാങ്ങാൻ പോയ ആൾ അതില്ലാതെ പിറ്റേന്ന് കപ്പയുമായി ( വഴിയിൽ ഉപേക്ഷിച്ച കപ്പ കിട്ടിയോ എന്തോ) വന്നു കയറുമ്പോൾ ഉണ്ടാവുന്ന കോലാഹലമല്ലേ ക്ലൈമാക്സായി വരേണ്ടിയിരുന്നത്‌?
  വായന നന്നേ രസിപ്പിച്ചു. 😂

  ReplyDelete
  Replies
  1. അമ്മി പേടിപ്പിക്കുവാരുന്നല്ലോ.ചില്ലറ കോലാഹലങ്ങളൊക്കെയുണ്ടായിരുന്നു.വായനയ്ക്ക്‌ നന്ദി ഷാജിച്ചേട്ടാ.

   Delete
 43. വീട്ടിൽ നിന്നും പച്ചക്കറി വാങ്ങാൻ പോയ ആൾ അതില്ലാതെ പിറ്റേന്ന് കപ്പയുമായി ( വഴിയിൽ ഉപേക്ഷിച്ച കപ്പ കിട്ടിയോ എന്തോ) വന്നു കയറുമ്പോൾ ഉണ്ടാവുന്ന കോലാഹലമല്ലേ ക്ലൈമാക്സായി വരേണ്ടിയിരുന്നത്‌?
  വായന നന്നേ രസിപ്പിച്ചു. 😂

  ReplyDelete
 44. ഹാ ഹാ.കോലാഹലമൊക്കെ ഉണ്ടായിരുന്നല്ലോ.

  ഷാജിച്ചേട്ടൻ പുതിയ പോസ്റ്റിൽ വന്നില്ലല്ലോ ?? ?

  ReplyDelete
 45. ഹോ... കുറേ ഇരുന്ന് ചിരിച്ചു...
  നല്ല രസമുള്ള വായന ആയിരുന്നു.

  ഭയങ്കര ദൈര്യം ആണെന്ന് രണ്ട് പേരുടെ നടുക്ക് കയറി നിന്നപ്പോ മനസ്സിലായിട്ടോ...

  സർപ്പക്കാവിനെ പറ്റി പറഞ്ഞപ്പോ ചെറുതായി ഒന്ന് പേടിച്ചു...

  തുടക്കം മുതൽ ഒടുക്കം വരെ നന്നായിരുന്നു.
  ഇഷ്ടം

  ആശംസകൾ

  ReplyDelete
 46. ആ സർപ്പക്കാവ്‌ അന്നുമിന്നും പേടി തന്നെ.വായനയ്ക്ക്‌ നന്ദി ആദീ!!!!

  ReplyDelete
 47. ചിരിച്ചു ചിരിച്ചു വയറു വേദനിച്ചു സുധി.നല്ല ഓര്‍മ്മകള്‍.
  കുടി ഇഷ്ടായില്ല. കൊച്ചുകുട്ടികള്‍ കുറ്റം ചെയ്‌താല്‍..മുട്ടായിഅല്ല അടി നല്ല അസ്സല്‍ അടി.

  ReplyDelete
  Replies
  1. ഇഷ്ടായെന്നറിഞ്ഞതിൽ സന്തോഷം!!!ഇനിയും വരണേ ടീച്ചർ !!!!

   Delete
 48. ചിറിച്ച് ചിരിച്ച്' പണ്ടാരടങ്ങി അനിയാ.... കുറേ നാൾ മുൻപ് വായിക്കാൻ തന്നതാണേലും ഇന്നാണേ ഈ വഴി വരാനൊത്തത് :)

  ReplyDelete
  Replies
  1. ആർഷച്ചേച്ചീ,സുഖമല്ലേ??വൈകിയാലും വായനയ്ക്ക്‌ വന്നല്ലോ!!!!അത്‌ മതി.

   Delete
 49. ആ വഴിയിലിട്ടുപോന്ന കപ്പ പിന്നെ എടുത്തിരുന്നോ സുധീ ;-) റിവേഴ്‌സ് ഗിയറിൽ വായിച്ചുകൊണ്ടിരിക്കുകയാണ്.. അടിപൊളി

  ReplyDelete
 50. എവിടുന്ന്!!!!അതൊക്കെയൊരു കാലം..ആ കാലം ഇനി തിരികെ കിട്ടില്ലല്ലോ.

  ReplyDelete