Sunday, 7 August 2016

അമ്പട ഞാനേ(ഞങ്ങളേ)!!!!!!

      
'ഇപ്പോപ്പണ്ടത്തേപ്പോലെയാണോടാ ചെറുക്കാ,നീയിപ്പോ വലുതായില്ലേ?പോരാഞ്ഞിട്ട്‌ കല്യാണവും കഴിച്ചു.ഇനിയെങ്കിലും നേരത്തും കാലത്തും എഴുന്നേറ്റ്‌ ഇളയതുങ്ങൾക്ക്‌ മാതൃക കാണിച്ചുകൊടുക്കാൻ മേലേ? 'എന്ന് മുറുമുറുത്തിട്ട്‌ അകന്നകന്ന് പോകുന്ന ഉറക്കത്തെ നോക്കി നെടുവീർപ്പിട്ട്‌ കട്ടിലിനരികേ വെച്ചിരുന്ന ഫോൺ തപ്പിയെടുത്ത്‌ ബ്ലോഗ്സാപ്‌ ഗ്രൂപ്പിലെ പ്രവാഹിനിയുടെ സുപ്രഭാതത്തിനും,വീകേയുടെ ശുഭസുപ്രഭാതത്തിനും,വിനുവേട്ടന്റെ തവസുപ്രഭാതത്തിനും,കുറച്ചൂടെ പരിഷ്കരിച്ച കുഞ്ഞുറുമ്പിന്റെ  ഗുഡ്മോണിംഗിനും മറുപടിയായി ഒരു സാദാ സുപ്രഭാതം പോസ്റ്റ്‌ ചെയ്തിട്ട്‌,മുറിയ്ക്ക്‌ പുറത്ത്‌ വന്ന എന്നെ എതിരേറ്റത്‌ അടുക്കളയിൽ നടക്കുന്ന  ഘോരപോരാട്ടങ്ങളുടെ ഭീകരശബ്ദങ്ങളായിരുന്നു.


     കപ്പ തൊലിപൊളിച്ച്‌ കൊത്തി നുറുക്കിക്കൊണ്ട്‌ അടുക്കളയിലേക്ക്‌ കയറിവരുന്ന അച്ഛന്റേയും;അച്ഛൻ താങ്ങിപ്പിടിച്ചുകൊണ്ടുവരുന്ന കപ്പപ്പാത്രം കടന്നുപോകാനായി സിങ്കിൽ പാത്രം കഴുകുന്നതിനിടയിൽ ശരീരം ഒരു വശത്തേയ്ക്ക്‌ തിരിച്ച്‌ കൊടുക്കുന്ന ഭാര്യ ദിവ്യയുടേയും;"ദിവ്യേ!പാത്രം കഴുകിക്കഴിഞ്ഞാൽ ആ ഇഞ്ചിയും,വെളുത്തുള്ളിയും കൂടി ചതച്ചെടുത്തിട്ട്‌,കുരുമുളക്‌ മിക്സിയിൽ പൊടിച്ചെടുക്കണം "എന്ന് പറഞ്ഞ്‌ ചീനച്ചട്ടിയിൽ എന്തോ വഴറ്റിക്കോണ്ടിരിക്കുന്ന അമ്മിയുടേയും;'ഇതൊക്കെയെന്ത്‌!നമ്മളിതെത്ര കണ്ടിരിക്കുന്നു ?'എന്ന ഭാവത്തിൽ സവോള കുനുകുനാ വെട്ടിക്കീറുന്നതിനിടയിൽ കുക്കറിൽ നിന്ന് വന്ന വിസിലടിശബ്ദം എത്രാമത്തേതാണെന്ന് ചിന്താക്കുഴപ്പത്തിലാകുകയും,മറന്നുപോയ ക്ഷീണം തീർക്കാനായി രണ്ട്‌ സവോളകൂടി കൈയ്യിലെടുത്ത്‌ ദേഷ്യം തീർക്കുന്ന അനിയൻ ടുട്ടുവിന്റേയും ഇടയിലേക്കിറങ്ങി ചാവേറാകണോ അതോ സ്വതേയുള്ള സൗന്ദര്യം പല്ലുതേപ്പ്,കുളിയൊക്കെക്കഴിഞ്ഞ്‌ കൂടുതൽ സുന്ദരനായി സിറ്റൗട്ടിൽ പോയിരുന്ന് പത്രം കൈയിലെടുത്ത്‌ 'ഇവിടെയൊന്നും കിട്ടിയില്ല 'എന്നലറണോയെന്നാലോചിക്കുന്നതിനിടയിൽ "പെലകാലേ പോയി കോഴീം ,കപ്പേം,പോത്തും മേടിച്ചോണ്ട്‌ വരാന്ന് പറഞ്ഞ്‌ കേറിക്കിടന്ന ചെറുക്കനാ,ഒമ്പത്‌ മണിയായപ്പോ എഴുന്നേറ്റ്‌ വന്ന് കണ്ണുതുറിക്കുന്നത്‌ കണ്ടാമതി .ഹൂൂൂം!!"എന്ന് ഇരുതലമൂർച്ചയുള്ള വാചകം അമ്മിയുടെ വായിൽ നിന്ന് അശരീരിയായി.


     കല്ലോലിനിയോട്‌ അങ്കംവെട്ടി ജയിക്കാനുള്ള ആരോഗ്യം അമ്മിയ്ക്കില്ലാത്തതിനാൽ തത്കാലം ഒന്നും മിണ്ടാതെ വിനയം ജന്മാവകാശമായി കിട്ടിയ ഞാൻ കുളിയ്ക്കാനായി നടന്നു.

       'ഭാഗ്യം!സിന്ധു എന്ത്യേന്ന് ചോദിക്കാഞ്ഞത്‌!എങ്കിൽ നമ്മൾ കഴിഞ്ഞ വ്യാഴാഴ്ച അവളെ കെട്ടിച്ച്‌ വിട്ടാരുന്നു' എന്ന് പറയുന്നത്‌ കേട്ട്‌ ആനന്ദാശ്രു തൂകേണ്ടി വന്നേനേ!
    ഭാഗ്യം!എല്ലാം സരസ്വതീദേവിയുടെ കടാക്ഷം.കഷ്ടിച്ച്‌ രക്ഷപ്പെട്ടു.

കുളികഴിഞ്ഞ്‌ സുന്ദരനായി പുറത്തെത്തി,അടുക്കളയിലൂടെ ഒന്ന് കണ്ണോടിച്ച് മുറിയിലോട്ട് നടന്നു.

     കിട്ടിയ കാപ്പിയും കുടിച്ച്‌,പുഴുങ്ങിയ ഏത്തപ്പഴവും തിന്ന് ,മനോരമപ്പത്രം വായിച്ച്‌ "പെട്രോൾവില മോദി കുറച്ചില്ലെങ്കിലെന്നാ ,രാജ്യം പുരോഗമിക്കുമല്ലോ "എന്നാശ്വസിച്ച്‌ ,ഒരു തോന്നൽ തോന്നി അടുക്കളയിലോട്ട്‌ നടന്നു.

    പതിനൊന്ന് മണിയായിട്ടും അടുക്കള അങ്കത്തട്ട്‌ തന്നെയായിത്തുടരുന്നല്ലോ ഭഗവാനേ!.


   സാമ്പാറിന്റേയും,കാച്ചിയപപ്പടത്തിന്റേയും,അവിയലിന്റേയും,തോരന്റേയും,മീൻ കറിയുടേയും,ബീഫിന്റേയും,ചിക്കന്റേയും കൊതിപ്പിക്കുന്ന വാസന ആകമാനം നിറഞ്ഞു കവിഞ്ഞു.

     വളരെ വിശേഷപ്പെട്ട ദിവസമാണന്ന്.ലോകത്തേത്‌ അമ്മായിയമ്മയും കരുത്ത്‌ തെളിയിക്കുന്ന ദിവസം.ഏതാണെന്ന് ചോദിച്ചാൽ കെട്ടിച്ച്‌ വിട്ട മകൾ വിവാഹശേഷം മരുമകനോടൊത്ത്‌ ആദ്യമായി വിരുന്ന് വരുന്ന ദിവസം.
'എനിയ്ക്കൊരു പെണ്ണുകിട്ടിയെടാ ഉവ്വേ' എന്ന അഹങ്കാരത്തോടെ വരൻ സ്വന്തം ബന്ധുക്കളുടെ വീട്ടിൽ നടത്തിയ തീറ്റമത്സരത്തിന്റെ ബാക്കിനടത്താനായി നവവധു വരന്റെ കൈയ്യും പിടിച്ച്‌ 'കെട്ടിച്ച്‌ വിട്ടെന്നേയുള്ളൂ,ഞാനിനീം ഇടയ്ക്കിടെ റെയ്ഡിനു വരും കരുതിയിരുന്നോ 'എന്ന ഭാവത്തോടെ സ്വന്തം വീട്ടിലേയ്ക്ക്‌ വിവാഹത്തിന്റെ നാലാം ദിവസം വിരുന്ന് വരുന്ന ദിവസം.
ഞായറാഴ്ച ദിവസവും,തിരുവോണം നക്ഷത്രവും,ഏകാദശിതിഥിയും കൂടി വന്ന ദിവസം  ' നമ്മളും പാചകത്തിൽ മോശക്കാരനല്ലെന്ന് 'അളിയനെ ബോധ്യപ്പെടുത്താൻ പറ്റിയ അവസരമാണ്. ഇനിയീ ചാൻസ്‌ വീണ്ടും കിട്ടിയെന്ന് വരില്ല.

        അതിശക്തയായ കല്ലോലിനിയുടെ  സംരക്ഷണവലയം ഭേദിച്ചാരും ആക്രമിയ്ക്കാൻ വരില്ലെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും ആസകലം വിനയം നിറച്ച്‌ പറഞ്ഞു.

"രണ്ട്‌ കാലുകുത്താൻ ഇച്ചിരെ സ്ഥലം തരികയാണെങ്കിൽ ഒരു വെറൈറ്റി ഫുഡ്ഡുണ്ടാക്കിത്തരാരുന്നു"

"ആരു തരാമെന്ന് "ദിവ്യ.

"ഞാൻ തന്നെ. "

"ഹ്വ്‌ "

""അതൊക്കെക്കണ്ടോ .തീറ്റകഴിഞ്ഞിട്ട്‌ വിവരം പറഞ്ഞാൽ മതി."

"അമ്മീ ദേ ചേട്ടായി ഏതാണ്ടും ഉണ്ടാക്കാൻ പോകുന്നെന്ന് "
  
"സാരമില്ല.ഉണ്ടാക്കട്ടെ."

അമ്മമാരായാൽ ഇങ്ങനെ വേണം.

"നമ്മളാവശ്യത്തിനു കറികളുണ്ടാക്കിയല്ലോ.കൊച്ചൊണ്ടാക്കുന്നത്‌ ഒത്താൽ നമുക്ക്‌ കഴിക്കാം.ഇല്ലെങ്കിൽ ……"
അർദ്ധോക്തിയിൽ നിർത്തിയിട്ട്‌ അമ്മി പൂച്ചയെ നോക്കി.

അടുക്കളയിലെ കോലാഹലങ്ങളും,വാസനകളും ഏറ്റുവാങ്ങി ഇരുന്നുകൊണ്ടും ,മടുക്കുമ്പോൾ കൊടുംകൈ കുത്തി തലതാങ്ങി നിർത്തിയും മേലോട്ട്‌ നോക്കി വരാൻ പോകുന്ന മൃഷ്ടാന്ന സദ്യയെക്കുറിച്ചോർത്തുകൊണ്ടിരുന്ന അപ്പുപ്പൂച്ച എന്നെ നോക്കി ഒരു നെടുവീർപ്പിട്ടു.

        അരക്കിലോ പഞ്ഞിയെടുത്ത്‌ ചെവിയിൽ തിരുകണമല്ലോ ഭഗവനേ ഈ അടുക്കളയിൽ ജീവിയ്ക്കണമെങ്കിൽ.

സ്റ്റൗവിനടുത്ത്‌ നിന്ന് രണ്ട്‌ കൈയും രണ്ട്‌ വശത്തേക്ക്‌ നീട്ടി.

"നീയെന്നാ കർത്താവാകുവാണോ "?

"എണ്ണ,ചീനച്ചട്ടി ".

"എന്നാത്തിനാ "?

"ആദ്യം ഞാനീ ചീനച്ചട്ടിയെടുത്ത്‌ ചൂടാക്കിയെണ്ണയൊഴിച്ച്‌ കടുക്‌ പൊട്ടിക്കും.എന്നിട്ട്‌ കപ്പപ്പുഴുക്കുണ്ടാക്കിയതിടും.പിന്നെ കുറച്ച്‌ പോത്തുകറി ഒഴിയ്ക്കും. കുറച്ച്‌ നേരം ഇളക്കും.സ്വാദിഷ്ഠമായ കപ്പബിരിയാണി റെഡി.

"എന്നാൽ നീയാ പാത്രമൊന്ന് പൊക്കിനോക്കിക്കേ.ആ സാധനമല്ലേ ഈപ്പറഞ്ഞ കപ്പബിരിയാണി."

"ങേ!ഞാനവനോട്‌ പറഞ്ഞാരുന്നല്ലോ കപ്പബിരിയാണിയെന്റെ വകുപ്പാന്ന്.എന്നെയിവിടെ ഒരു പണിയുമെടുക്കാൻ ആരും സമ്മതിക്കത്തില്ല.ഇരുന്നിരുന്ന് ഞാനൊരു ഇരിപ്പുമുതലായിപ്പോകുവേയൊള്ളൂ"!

"മട്ടും പടുതീം കണ്ടിട്ട്‌ ഇരിപ്പുമുതലാകുന്ന ലക്ഷണമാ "!

അച്ഛനെവിടുന്ന് പൊങ്ങിവന്നോ ആവോ!
ചന്തുവിനു തോൽക്കാൻ മനസ്സില്ല മക്കളേയെന്ന് മനസ്സിൽ അമർഷിച്ചുകൊണ്ട്‌ അച്ഛന്റെ കപ്പയുടേയും,അമ്മിയുടെ നാടൻ സദ്യയുടേയും,ടുട്ടുവിന്റെ മത്സ്യമാംസാദികളുടേയും ,കല്ലോലിനിയുടെ പപ്പടം കാച്ചിയതിന്റേയും മുന്നിൽ ഈ പാവം വെല്യേട്ടൻ കിടങ്ങൂർ ബേക്കേഴ്സിൽ നിന്ന് വാങ്ങാൻ പോകുന്ന ചെമ്മീൻ അച്ചാാർ മുക്കിക്കളയരുതെന്ന് പറയാൻ പറഞ്ഞു എന്ന് പറയാൻ നമുക്കൊരു തുളസിടീച്ചറില്ലാതെ പോയല്ലോയെന്ന് ചിന്തിച്ചുകൊണ്ട്‌ സ്കൂട്ടറിന്റെ താക്കോലുമെടുത്ത്‌ പുറത്തേയ്ക്ക്‌ നടന്നു.

തുടർന്ന് വാഗമണ്ണിന്റെ ഭൂമിശാസ്ത്രം അളിയനെ മനസ്സിലാക്കിക്കൊടുക്കാൻ നടത്തിയ ആദ്യയാത്ര 'വാഗമൺ നാല് കി.മീ' എന്ന ബോർഡ്‌ കണ്ടതിന്റെ പുറകിൽ വെച്ച്‌ കാർ കേടായതും,ഒമ്പത്‌ കിലോമീറ്റർ ന്യൂട്രൽ ഗിയറിൽ താഴോട്ട്‌ വന്ന് തീക്കോയിക്ക്‌ ഒരു കിലോമീറ്റർ പുറകിൽ നിന്ന് അളിയനുമൊന്നിച്ച്‌  കാർ തള്ളി തീക്കോയിയിലെ മാരുതി വർക്ക്ഷോപ്പ്‌ വരെ തള്ളിയതും;പിറ്റേന്ന് വെറുതേയിരുന്ന് പത്രം വായിച്ചിരുന്ന ധനുവളിയനെക്കൊണ്ട്‌  കിണർ തേകുന്ന കൂട്ടത്തിൽ കിണറ്റിലെ ചെളി മുഴുവൻ കോരിച്ചതും ചരിത്രം.2016 മെയ് 17

ഒരു വാട്സപ്‌ മെസേജ്‌.

അയച്ചിരിക്കുന്നത്‌ പിതൃസഹോദരീപുത്രൻ ജീവൻ.അയച്ചത്‌ ഒരു കണ്ണടച്ച്‌ മറുകണ്ണ് തുറിച്ച്‌ നാക്കുനീട്ടുന്ന ഒരു സ്മൈലി.. 😜😜😜😜😜

കുശാഗ്രബുദ്ധിയായ എന്നെ പാടേ കുഴക്കിക്കോണ്ട്‌ കടന്ന് വന്ന ആ സ്മൈലിയെ ഡീക്കോഡ്‌ ചെയ്തപ്പോൾ എന്റെ തലയ്ക്ക്‌ മുകളിൽ ഒരു ബൾബ്‌ മിന്നുകയും അപ്പോൾത്തന്നെ എന്റെ ഫിലമെന്റ്‌ അടിച്ചുപോകുകയും ചെയ്തു.

ഡീക്കോഡ്‌ ചെയ്തെടുത്ത സ്മൈലി മനസ്സിൽ ശുഭപ്രതീക്ഷ നൽകി.

മറുപടിയായി  ഒരു തംസപ്‌  അയച്ചു.

"അവസാനം വിജയിച്ചു അല്ലേ "?

"പിന്നില്ലാതെ!

"എന്നാ ന്നാ പിടിച്ചോ ഒരു മുട്ടൻ കൺഗ്രാറ്റ്സ്‌ ".

"താങ്ക്സ് ".

"എത്രയായി "?

"ഞാൻ വൈകിട്ട്‌ വിളിക്കാം ".

"ഓക്കേ".

ജീവൻ അച്ഛനാകാൻ പോകുന്ന വിവരം അറിഞ്ഞ് എല്ലാവർക്കും സന്തോഷമായി.


2016  ജൂൺ 12:പുലർച്ചേ 8 മണി.വിഷാദമൂകമായൊരു പ്രണയസ്വപ്നം ആസ്വദിച്ചുവരുന്നതിനിടയിൽ ഒരലർച്ച കേട്ട്‌ കണ്ണുതുറന്നിട്ട്‌ തിരിഞ്ഞ്‌ കിടന്ന എന്നെ പിടിച്ച്‌ വലിച്ച്‌ തിരിച്ചുകിടത്തിയ ദിവ്യ സന്തോഷം കൊണ്ട്‌ മതിമറക്കുന്ന സ്വരത്തിൽ പറഞ്ഞു.

"ചേട്ടായീ,ചേട്ടായി ഒരു അമ്മാവനാകാൻ പോകുന്നു."

"അതെയോ "?


"ചേട്ടായീ ,ചേട്ടായീടെ പെങ്ങൾ അമ്മയാകാൻ പോകുന്നെന്ന്."

"ങേ" !!!!

"ദേ സിന്ധുവിപ്പോൾ എന്നെ വിളിച്ചുപറഞ്ഞേയുള്ളൂ."

പിന്നെക്കിടക്കാൻ തോന്നിയില്ല.മടിയെല്ലാം മാറ്റിവെച്ച്‌ പ്രവർത്തനനിരതനായി.'കുടുംബക്കാർ' എന്ന അറയ്ക്കൽ ഫാമിലിമെംബേഴ്സ്‌ മാത്രമുള്ള വാട്സപ്‌ ഗ്രൂപ്പിൽ "ഞാനൊരമ്മാവനാകാൻ പോകുന്നേ  !!!!ഹ്യൂയ്‌ ഹൂയ്‌!!"എന്നൊരു മെസേജും പോസ്റ്റ്‌ ചെയ്ത്‌ പ്രണയസ്വപ്നത്തിന്റെ ബാക്കി കാണാനായിക്കിടന്നെങ്കിലും നേരം വല്ലാതെ വെളുത്തുപോയതിനാൽ നിരാശപ്പെട്ട്‌ ചാടിയെണീറ്റ്‌ സിന്ധുവിനെ വിളിച്ച്‌ സന്തോഷമറിയിച്ചു.കൂടെ അളിയൻ ധനുവിനേയും.

        അങ്ങനെ സിനിമയിൽ ഗർഭിണികൾ ഛർദ്ദിക്കുന്ന സീനുകൾ കണ്ട്‌ പുച്ചഭാവത്തിലിരുന്നിരുന്ന സിന്ധുവും,ജീവന്റെ ഭാര്യ നിഷയും ഛർദ്ദിയിൽ ആരു ജയിക്കുമെന്ന മത്സരത്തിലായി.

       
      2016 ജൂലായ് 29: രാവിലെ 8മണി.


"ചേട്ടായീ ഈ കോട്ടയത്തുകാർ കൊന്നുപണിയെടുപ്പിക്കുമല്ലേ?രണ്ടാൾ ഒരു മാസം കൊണ്ട്‌ തീർക്കേണ്ട വർക്കാ ഒരാഴ്ച കൊണ്ട്‌ തീർക്കാൻ പറഞ്ഞത്‌.ടെൻഷനടിച്ച്‌ മരിക്കുവാ.ഡി ജി എം ആണെങ്കിൽ ഭയങ്കര ചൂടിലും.ടെൻഷനടിച്ചടിച്ച്‌ ഞാൻ പകുതിയായി.എനിക്കാണേ ഇന്ന് ഭയങ്കരമായ ക്ഷീണം.രാവിലേ തന്നെ ഉറക്കം വരുവാ."

"സാരമില്ലാന്നേ!ശരിയാകും."

ദിവ്യയെ ബസ്ബേയിൽ വിട്ട്‌ വീട്ടിലേയ്ക്ക്‌ പോരുന്ന വഴി കുഞ്ഞ്മോൻ കൈനീട്ടി.സ്കൂട്ടർ നിർത്തി.

"എവിടെപ്പോയതാ "?

"ഭാര്യയെ ബസ്‌ കയറ്റിവിടാൻ ".

"ജോലി വല്ലതുമുണ്ടോ "?

"ഉണ്ട്‌ ".

"അല്ല,കല്യാണമൊക്കെക്കഴിഞ്ഞിട്ടിത്ര നാളായില്ലേ"?
(ദൈവമേ ഈ നാശം പിടിച്ച കാർന്നോരെക്കയറ്റേണ്ടായിരുന്നു).

"ആയി ".

"വിശേഷം വല്ലോം ആയോ "?

"ഇല്ല!"

"അതെന്നാ കൊച്ചേ "?

"ഒന്നുമില്ലാ ".
"മൂന്തോട്ടീ പിള്ളാരില്ലാത്ത കൊറേപ്പേരുണ്ടല്ലോ "!!!

"അയ്യോ ചേട്ടാ,ഞാൻ ഒരു സാധനം വാങ്ങാൻ മറന്നു.ചേട്ടൻ ഇവിടെ നിൽക്കുവല്ലേ!?അതോ കൂടെപ്പോരുന്നോ !?ഞാനിപ്പം വരാം.എങ്ങും പോകല്ലേ."

"ഇവിടെ നിക്കാം.വേം വരുവോ"?

"പിന്നേം ഞാനിപ്പം വരാം,രണ്ട്‌ മിനിറ്റ്‌ "(താൻ എവിടെയെങ്കിലും നിക്ക്‌,എനിയ്ക്കെന്നാ?)
മറ്റൊരു വഴിയിലൂടെ വീട്ടിലെത്തി.രാവിലെ തന്നെ മൂഡ്‌ പോയെങ്കിലും അത്യാവശ്യമായി തീർക്കേണ്ട വർക്കുണ്ടായിരുന്നത്‌ കൊണ്ട്‌ പണിസ്ഥലത്തെത്തി.

കുഞ്ഞുമോനെ പാതിവഴിയിലിറക്കിവിട്ട കാര്യം കൂടെ പണിയുന്ന സുമേഷിനോട്‌ പറഞ്ഞു.

"ഡാ,സുധീഷേ!കല്യാണം കഴിക്കാത്തവനു ഈ നാട്ടിൽ പുല്ലുവിലയാ.പത്താംക്ലാസ്സ്‌ പാസ്സാകാത്ത പെൺപിള്ളാർക്ക്‌ വരെ വീട്ടുകാർ ഐ എ എസുകാരെ നോക്കിയിരിക്കുന്ന ഈ കാലത്ത്‌ എങ്ങനെയെങ്കിലും ഒരു കല്യാണം കഴിച്ചോണ്ടുവന്നു കഴിയുമ്പോ പിള്ളാരുണ്ടാകാത്ത പ്രശ്നമാ മുന്നീ നിക്കുന്നേ.അതെന്നാന്നറിയാവോ നമ്മളീ കഴിച്ച്‌ കൂട്ടുന്ന ഭക്ഷണവാടാ!"

"പിന്നെ കഴിക്കാതിരിക്കാൻ പറ്റുവോ"?

"കല്യാണം കഴിച്ചാലും  പാട്‌,കഴിച്ചില്ലേലും പാട്‌ ".

പലവിധ ചിന്തയിൽ മുങ്ങി സമയം തള്ളിനീക്കി.

ഉച്ച കഴിഞ്ഞ്‌ 3:17എന്റെ ഫോൺ ശബ്ദിച്ചു.

ദിവ്യ കോളിംഗ്‌.

"കല്യാണീ "

"ചേട്ടായീ! ഇനി കുറച്ചേറെ കാശ്‌ മുടക്കാൻ തയ്യാറായിക്കോ ."
തളർന്ന ശബ്ദം.

"അതെന്നാത്തിനാ "?

"ഞാൻ സിനിമേക്കാണുന്നത്പോലെ  തലകറങ്ങി ഓഫീസിലെ സൗമ്യച്ചേച്ചീടെ ദേഹത്ത് വീണു".

ശ്വാസം മുട്ടുന്നത്പോലെ.
"എന്നാന്നേ!വേം പറ.ഞാനിപ്പോയിവിടെ വീഴും."

"എന്നിട്ട്‌ ചേച്ചീം,റിൻഡയും,പിന്നെ രണ്ടുപേരും കൂടി എന്നെ കോട്ടയത്തെ ഭാരത്‌ ഹോസ്പിറ്റലിൽക്കൊണ്ടോയി.

"ഒന്ന് വേഗം പറയാവോ ".

"ചേട്ടായി ഒരച്ഛനാകാൻ പോകുന്നു."

കാര്യം മനസ്സിലായെങ്കിലും ഒന്നും മനസ്സിലായില്ല.ചെവിയിലൊരു മൂളൽ.തുള്ളിച്ചാടാൻ തോന്നിയെങ്കിലും അനങ്ങാൻ കഴിഞ്ഞില്ല.

ദിവ്യ പിന്നീടെതെങ്കിലും പറഞ്ഞോയെന്ന് ശരിക്ക്‌ കേട്ടില്ല.

ഫോൺ കട്ടായതറിഞ്ഞില്ല.വീണ്ടും ബെൽ
.
"ചേട്ടായി വേഗം വരുവോ "?

"ഞാനിപ്പോത്തന്നെ വരാം ".

പുറപ്പെട്ട്‌ വീട്ടിലെത്തി .സന്തോഷത്തിരതള്ളൽ വീട്ടിൽ അറിയിക്കാതെ  കോട്ടയത്ത്‌ പോയി ദിവ്യയെ കൂട്ടിവന്നിട്ട്‌ പറയാമെന്ന് വെച്ചതിനാൽ "ഇതെന്നാടാ,ഇന്നിത്ര നേരത്തേ "യെന്ന അമ്മിയുടെ ചോദ്യത്തിനു 'വരുമ്പോൾ പറയാ'മെന്ന് ഊറിയ ചിരിയോടെ മറുപടി കൊടുത്തിട്ട്‌ കുളിയും കഴിഞ്ഞ്‌ വീട്ടിൽ നിന്നും ഇറങ്ങി.

അൽപം കാത്തിരിക്കേണ്ടിവന്നെങ്കിലും അച്ഛനാകാൻ പോകുന്നതിന്റെ ഓർമ്മ തന്നെ ഹൃദയത്തിൽ മഞ്ഞുതുള്ളികൾ വീഴുന്നത്പോലെ അനുഭവപ്പെടാൻ തുടങ്ങി.ഏതവസ്ഥയിലും മനസ്സിൽ വർണ്ണപ്രപഞ്ചം വാരിവിതറുന്ന മനോഹരസങ്കൽപം.
    
കാലം എന്തെല്ലാം മാറ്റങ്ങളാണ്,അത്ഭുതങ്ങളാണ് ഓരോരുത്തർക്കുമായി മാറ്റിവെച്ചിരിക്കുന്നത്‌!!ഹിമാലയത്തിൽ അറയ്ക്കൽ ഗുഹയുണ്ടാക്കുമെന്ന് പറഞ്ഞിരുന്ന ഞാനിതാ ഒരു കുഞ്ഞിനെ സ്വപ്നം കാണാൻ തുടങ്ങിയിരിക്കുന്നു.ഓർക്കുമ്പോൾത്തന്നെ കുളിരു കോരുന്ന അത്ഭുത പ്രതിഭാസമല്ലേ ജീവിതം?ഒരേ സമയം അച്ഛനും,അമ്മാവനും,കൊച്ചച്ചനുമാകാൻ പോകുന്ന ത്രില്ലിൽ ഏതാണ്ടൊക്കെയെഴുതി.എല്ലാം ശുഭമാകാൻ എല്ലാവരും പ്രാർത്ഥിയ്ക്കണേ!!!!
വായനയ്ക്ക്‌ നന്ദി!!

Tuesday, 12 April 2016

കപ്പ വാട്ടൽ.

ഐഡിയയുടേയും ,വോഡഫോണിന്റേയും മുത്തച്ഛന്മാരായ എസ്കോട്ടെല്ലിന്റേയും,ബി.പി.എല്ലിന്റേയും ക്രൂരപീഢനങ്ങളിൽ വശംകെട്ടിരുന്ന ഞങ്ങൾക്ക്‌ തമ്മിൽഭേദം സർക്കാർ മുദ്രയുള്ള ബി.എസ്‌.എൻ.എൽ ആയിരിയ്ക്കുമെന്നുറപ്പിച്ച്‌,അത്‌ കേരളത്തിൽ സേവ തുടങ്ങുന്നതിന്റെ ആദ്യപടിയായ അപേക്ഷസ്വീകരിയ്ക്കൽച്ചടങ്ങിൽ പങ്കെടുക്കാൻ പുലർച്ചേ നാലുമണിയ്ക്കെഴുന്നേറ്റ്‌ പത്ത്‌ കിലോമീറ്റർ അകലെയുള്ള പാലാ മോർണിംഗ്സ്റ്റാർ ഏജൻസീസിൽ പോയി ക്യൂ നിന്ന് ആദ്യ അഞ്ച്പേരായി അപേക്ഷയും കൊടുത്ത്‌,പാലാ മഹാറാണിയിൽ കയറി സിനിമയും കണ്ട്‌ വന്നതിന്റെ ക്ഷീണം മാറ്റാനായി കിടങ്ങൂർ ബീവറേജിൽ നിന്ന് ഒരു നീണ്ടകുപ്പി വാങ്ങി എതിർ വശത്തെ പാടത്തിറങ്ങിയിരുന്ന് കഴിച്ച്‌, ചെറുമിന്നാപ്പുമായി വീട്ടിൽവന്ന്  കുളിച്ച്‌ സുന്ദരനായി "അമ്മിയേയ്‌ ചോറെടുത്തോ" എന്ന് പറഞ്ഞ എന്നെ കാത്തിരുന്നത്‌  അമ്മിയുടെ ക്രുദ്ധമായ മുഖമായിരുന്നു.
    
അമ്മി ചുവന്ന നൈറ്റിയിട്ടാൽ അന്നെനിയ്ക്ക്‌ വഴക്കുറപ്പാണെന്ന് കാലങ്ങൾ കൊണ്ട്‌ നിരീക്ഷിച്ച്‌ മനസ്സിലാക്കിയിരുന്ന ഞാൻ ഇന്നെന്താണാവോ കാരണം എന്നാലോചിച്ച്‌ കൈത്തലം മുഖത്തോടടുപ്പിച്ച്‌ ഊതി നോക്കി. ഭാഗ്യം! പെറ്റിക്കേസിൽ നിന്നൊഴിവായി. കോൾഗേറ്റിന്റെ മണം മാത്രേയുള്ളൂ.
"എന്നാമ്മീആകെചൂടിലാണല്ലോ..???"

"കറി വെക്കാനൊന്നുമില്ലെന്ന് നിന്നോടിന്നലെ പറഞ്ഞതല്ലേടാ?ഇവിടെ ഒരു സാധനവുമില്ല. തിന്നാൻ നേരത്ത്‌ കൈകഴുകി വന്നിരുന്നാ മാത്രം പോരാ."
"ങേ!!ഫവതിയുടെ ഫർത്താവെന്നാ പറഞ്ഞു?അദ്ദേഹം നമ്മളോട്‌ സഹകരിയ്ക്കത്തില്ലേ "?
"നീനക്കിന്നലെ ഇരുന്നൂറു രൂപാ പണിക്കൂലി കൊടുത്തെന്ന് അച്ഛൻ പറഞ്ഞല്ലോ "
"അതിന്ന് പാലായ്ക്ക്‌ പോയപ്പോ തീർന്നു."
"ആ തിന്നാൻ വേണമെങ്കിൽ വല്ലോം കൊണ്ട്വാ ".
"ഇപ്പോ പരിഹാരം വല്ലതുമുണ്ടോ "?
"കുറച്ച്‌ പയറിരുന്നത്‌ വാട്ടിപ്പുഴുങ്ങിവെച്ചിട്ടുണ്ട്‌.അത്‌ കൂട്ടിത്തിന്നിട്ട്‌ കിടങ്ങൂര് പോയി വല്ലോം വാങ്ങിച്ചോണ്ട്‌ വാ "
വല്ലഭനു പുല്ലുപോലും ആയുധമായി വേണമെന്നില്ലാത്തതിനാൽ പയറും കൂട്ടി ഒരു പിടി പിടിച്ച്‌ ഒരു മീഡിയം ഏമ്പക്കവും വിട്ട്‌ "എന്നാ ഇനി ഞാൻ കിടങ്ങൂര് പോയി വല്ല പച്ചക്കറിയും മേടിച്ചോണ്ട്‌ വരാം " എന്ന അശരീരി അടുക്കളയിലേയ്ക്ക് വലിച്ചെറിഞ്ഞ്‌ ഇറങ്ങി നടന്നു.


പത്ത്‌ രൂപാ തികച്ചെടുക്കാനില്ലാത്ത പോക്കറ്റിലേയ്ക്ക്‌ നടക്കുന്ന വഴി ഒന്നൂതി നോക്കി.പതിവ്പോലെ പോക്കറ്റിന്റെ മണം മാത്രമുണ്ട്‌.

ചിന്തകൾ അധികം കാട്കയറുന്നതിനുമുൻപ്‌ നൂറുമീറ്റർ അകലെയുള്ള നാലുകൂടിയ മൂന്തോട്കവലയിലെത്തി,കാലുകൾ കൊണ്ട്‌ സഡൻബ്രേയ്ക്കിട്ട്‌ ,നാട്ടിലെ ഏകഗതാഗതസംവിധാനമായ ടിപ്പർ വരുന്നുണ്ടോന്ന് ഇടംവലം നോക്കി,ഇടത്തേയ്ക്ക്‌ കിടങ്ങൂർക്ക്‌ പോകാതെ നേരേ കൂടല്ലൂർക്ക്‌ നടന്നു.
പതിവ്പോലെ  കാലുകൾ എന്നെ വലിച്ച്കൊണ്ട്പോയത്‌ മൂന്തോടിനപ്പുറത്തെ ഏഴങ്ങാട്ട്പാടത്തേയ്ക്കാണ്‌.കുറേകാലങ്ങളായി ഒരു കൃഷിയുമില്ലാതെ കിടക്കുന്ന ,ഓശ്ശേരിൽ മന വക പാടശേഖരമാണ്‌.മൂന്തോട്‌,കൂടല്ലൂർ പ്രദേശങ്ങളിലെ യുവജനങ്ങൾ ക്രിക്കറ്റ്‌,ഫുട്ബോൾ,വെട്ടുപന്ത്‌ മുതലായ കളികൾ കളിച്ചിരുന്ന കേളീസ്ഥലം.മൂന്തോടുകാരുടെ ദേശീയകായികയിനമായി ക്രിക്കറ്റ്‌ മാറിക്കഴിഞ്ഞിട്ടും വെട്ടുപന്തിനോടുള്ള ഞങ്ങളുടെ ഇഷ്ടം ഞങ്ങൾ ജൂനിയർ തലമുറക്കാർ കൈവിട്ടിരുന്നില്ല.


കളിസ്ഥലത്തേയ്ക്കടുക്കുന്തോറും ആരവം ഉയർന്ന് കേൾക്കാൻ തുടങ്ങി.ജോലിയില്ലാതെ നടക്കുന്ന വിദ്യാഭ്യാസമുള്ള യുവാക്കളും,ജോലി അലർജ്ജിയുമായി നടക്കുന്ന വിദ്യാഭ്യാസം കുറഞ്ഞവരും കൃത്യമായി വൈകുന്നേരങ്ങളിൽ ഏഴങ്ങാട്ട്പാടത്തെത്തിച്ചേരുന്ന സുന്ദരസുരഭിലകാലം.

  കുറച്ചൂടി മുതിർന്നവർ ഫുട്ബോൾ കളിയ്ക്കുന്നു.മുതിർന്നിട്ടില്ല എന്ന് തെളിയിക്കാനായി ഞങ്ങൾ കുറച്ച്‌ പേർ കുറേക്കാലമായി യാതൊരു മടുപ്പുമില്ലാതെ വെട്ടുപന്ത്‌ കളിയ്ക്കുന്നു.ഞങ്ങളിൽ  ഞാൻ ജിജോ സാാാർ, രാജീവ്‌, സഞ്ചു, അനീഷ്‌, പൗലോ, കുട്ടാപ്പി, അരുൺ മുതലായ മൂന്തോടന്മാർ ഒരു ടീമും,ശത്രുരാജ്യമായ കൂടല്ലൂര് നിന്നുള്ള മുട്ടാളന്മാർ മറ്റൊരു ടീമുമായാണ് പോരാട്ടങ്ങൾ പതിവ്‌.


ഒരു ചെറിയ ഗോലി (മൂന്തോടൻ  വാക്ക്‌ -വട്ട്‌) എടുത്ത്‌ തുണി ചുറ്റി,ഒരു നാരങ്ങാവലുപ്പത്തിലാക്കി,അതിനെ ഒട്ടുപാലിൽ മുക്കിയെടുത്ത്‌ നന്നായി പരത്തി വെയിലത്ത്‌ വെച്ചുണക്കി,വീണ്ടും തുണി ചുറ്റി ഒട്ടുപാലിൽ മുക്കി വീണ്ടുമുണക്കി പരന്ന വൃത്താകൃതിയിലാക്കിക്കിട്ടുന്ന സാധനമാണു വെട്ടുപന്ത്‌.
ഏഴു പേർ വീതം ഓരോ ടീമിലുമുണ്ടാകും. ആദ്യനീക്കം ഒറ്റ.പന്തെടുത്ത്‌ ഒരു കൈകൊണ്ട്‌ പൊക്കിയിട്ട്‌ അതേ കൈ കൊണ്ട്‌ തന്നെ അടിച്ച്‌ എതിർടീമിന്റെ ഇടയിലേയ്ക്ക്‌ പായിക്കുന്നതാണ് ഒറ്റ. പന്തടിച്ച്‌ എതിർടീമിന്റെ പുറകിലെ ബൗണ്ടറിലൈനിന് പുറത്ത്‌ കളഞ്ഞാലോ, പന്ത്‌ നിലംതൊട്ട്കഴിഞ്ഞ്‌ കൈകൊണ്ട്‌ പിടിയ്ക്കുന്നതിനിടയിൽ പന്ത്‌ നിലത്ത്‌ പോകുകയാണെങ്കിലൊ, അടിയ്ക്കുന്നയാൾക്ക്‌ ഒറ്റ രണ്ടിൽ കളി തുടരാം.അല്ലെങ്കിൽ വായുവിൽ പറന്ന് വരുന്ന പന്ത്‌ എതിർ ടീം പിടിയ്ക്കുകയോ അല്ലെങ്കിൽ കാലുകൊണ്ട്‌ തൊഴിച്ച്‌ അടിയ്ക്കുന്ന ടീമിന്റെ പുറകിലെ ബൗണ്ടറിലൈനിനു പുറത്തെ കളഞ്ഞാൽ അടിച്ചയാൾ ഔട്ട്‌. അപ്പോൾ അടുത്തയാൾക്ക്‌ അടിയ്ക്കാൻ കയറാം. അല്ലെങ്കിൽ അയാൾക്ക്‌ തന്നെ കളി തുടരാം. എല്ലാ കളികളും മൂന്നെണ്ണം വീതം.
ഒറ്റ കഴിഞ്ഞാൽ പെട്ട. ഒരു കൈകൊണ്ട്‌ പന്ത്‌ പൊക്കിയിട്ട്‌ മറ്റേ കൈകൊണ്ട്‌ അടിയ്ക്കുന്നു. അതും മൂന്നെണ്ണം.
പിന്നെ ഒരുകൈ പുറകിൽ മടക്കി വെച്ച്‌, മറുകൈകൊണ്ട്‌ പന്തടിക്കുന്ന 'പിടി ' മൂന്നെണ്ണം കഴിഞ്ഞാൽ; ഒരു കൈകൊണ്ട്‌ പന്ത്‌ പൊക്കിയിട്ട്‌ അതേ കൈകൊണ്ട്‌ തുടയ്ക്ക്‌ ഒരടിയടിച്ച്‌ പന്തി നെ അടിച്ച്‌ വിടുന്ന 'താളം'മൂന്നെണ്ണം കളിയ്ക്കാം. ഇത്രയും വരെ ഏഴ്പേരും ഓളൗട്ടാകാതെ കളിച്ചാൽ പിന്നെ ഒരു കാൽ പൊക്കി അതിന്റടിയിൽകൂടി മുകളിലേയ്ക്ക്‌ പന്തിട്ട്‌ അടിയ്ക്കുന്ന 'കീഴ്‌ ' കഴിഞ്ഞാൽ 'ഇണ്ടൻ'. കൈകൊണ്ട്‌ പന്തിട്ട്‌ നിലതൊടാതെ അടിയ്ക്കുന്നതാണു ഇണ്ടൻ.


നാലുനാലരായാകുമ്പോൾ തുടങ്ങി ഇരുട്ടുന്നത്‌ വരെ തുടരുന്ന കളിയ്ക്ക്‌ വാശിയും, കൊഴുപ്പും കൂട്ടാൻ പന്തയവുമുണ്ട്‌. എല്ലാവരുടേയും പോക്കറ്റിനു മുടിഞ്ഞ കനമായതിനാൽ പന്തയം എന്നും ഏഴ്‌ സോഡാ ആയിരിയ്ക്കും. പന്ത്‌ നിലം പറ്റെ അടിച്ച്‌ വിടാനും , പാഞ്ഞുവരുന്ന പന്തിനെ കാലുകൊണ്ടടിച്ച്‌ തിരികെപായിയ്ക്കാനും കൂടുതൽ സാമർത്ഥ്യം മൂന്തോടുകാർക്കായിരുന്നതിനാൽ കൂടല്ലൂർക്കാർക്ക്‌ എന്നും ധനനഷ്ടവും, ഊർജ്ജനഷ്ടവുമായിരുന്നു ഫലം.


അന്നും നടന്ന വാശിയേറിയ കളിയിൽ ജയിച്ചതിൽ നിന്നും കിട്ടിയ സോഡാക്കുപ്പികൾ ജാൻസിന്റെ കടത്തിണ്ണയിലിരുന്ന് കടിച്ച്‌ തുറന്ന് ഗ്യാസ്‌ വെള്ളം വായിലേയ്ക്ക്‌കമിഴ്ത്തി,  നീട്ടിവലിച്ച്  ഒരു ഏമ്പക്കവും വിട്ട്‌ കളിയുടെ ക്ഷീണം മാറ്റുന്നതിനിടയിൽ ഞങ്ങൾ ബഹുമാനപുരസ്സരം സാാാറേ എന്ന് നീട്ടിവിളിക്കുന്ന ജോജോ സാാാാർ പറഞ്ഞു.

"ഡാ,വൈകിട്ടടിയ്ക്കാൻ ഒരു മാർഗ്ഗമുണ്ട്‌.കുഞ്ചാച്ചന്റെ കപ്പവാട്ടലാ ഇന്ന്.പോയി കൂടിയാൽ കുറച്ച്‌ കപ്പയും കിട്ടും,തൊണ്ണാക്കുഴിവരെ കള്ളുമടിയ്ക്കാം."

വൈകിട്ടടിയ്ക്കാൻ വഴിയില്ലാതെ ഞെളിപിരി കൊണ്ടിരുന്ന ഞങ്ങളുടെ തലയ്ക്ക്‌ മുകളിൽ 'വാ കീറിയ ദൈവം ഇരയേയും ' തരുമെന്ന വാക്യമെഴുതിയ ബൾബ്‌ മിന്നിപ്രകാശിയ്ക്കാൻ തുടങ്ങി.

കപ്പ അരിയാൻ സോഡ കൊണ്ടുപോകണോ?,സോഡയ്ക്കൊപ്പം നാലു കോള കൂടി കൊണ്ടുപോയാൽ ഒരു വെറൈറ്റി ആകില്ലേ? കുഞ്ചാച്ചന്റെ കൈയിൽ ടച്ചിംഗ്സ്‌ ഉണ്ടാകുമോ?,വീട്ടുകാരറിയാതെ എപ്പോൾ തിരികെ വന്ന് കയറിക്കിടക്കാം?,മഞ്ഞ്കൊള്ളാതിരിയ്ക്കാൻ തൊപ്പി വേണോ അതോ തോർത്ത്‌ കെട്ടിയാൽ മതിയോ? എന്നിങ്ങനെയുള്ള വൻ അന്താരാഷ്ട്രപ്രശ്നങ്ങളുടെ ഉരുൾപൊട്ടൽ ഉണ്ടാകുന്നതിനു മുൻപ്തന്നെ പാറേൽ ജാൻസിന്റെ കടയിൽ നിന്നും ഒരു പെട്ടിസോഡയിൽ നിന്ന് നാലെണ്ണം മാറ്റി പകരം കോളാക്കുപ്പി വെച്ച്‌ ആയതിന്റെ പൈസ പിന്നീട്‌ കളിജയിക്കുമ്പോൾ തരാമെന്ന് പറഞ്ഞ്‌ സമ്മതിപ്പിച്ച്‌ കാക്കൂരത്ത്‌ പാടത്തേയ്ക്ക്‌ നടന്നു.


'വല്ലതും കുത്തിക്കേറ്റിയേച്ച്‌ പോയിനെടാ പിള്ളാരേ' എന്ന് ആമാശയം നിലവിളിച്ചെങ്കിലും തലച്ചോറും കാലുകളും സമ്മതിയ്ക്കാതിരുന്നതിനാൽ നേരേ പാടത്തേയ്ക്ക്‌ നടന്നു.പോകുന്ന വഴി കരളിനെ ഞാനാശ്വസിപ്പിച്ചു.
"സാരമില്ലെടാ മുത്തേ!ഇന്നത്തേയ്ക്ക്‌ മക്കളു ഷമി.കപ്പപറി ഇന്നല്ലേയുള്ളൂ.നാളെ പകൽ ചേട്ടായി ഒരുപാട്‌ വെള്ളം കുടിച്ചോളാം ട്ടോ !"
സന്തോഷവാനായ കരൾ ഉച്ചയ്ക്കത്തെ കുടിയുടെ പുളിച്ച്തികട്ടൽ വായിലേയ്ക്കയച്ചു.പകരമായി വഴിയിൽ നിന്നും ഒരു കമ്യൂണിസ്റ്റ്പച്ചയുടെ ഇല ചവച്ച്‌ അകത്തേയ്ക്കയച്ച്‌ അവവന്റെ സന്തോഷത്തിൽ ഞാനും പങ്ക്‌ ചേർന്നു.
*           *           *             *             *


കൂരിരുട്ടിനെ വകവെയ്ക്കാതെ പള്ളിത്തോടിന്റെ കരയിലൂടെ നടന്ന് ഒരു വിധത്തിൽ കപ്പത്തോട്ടത്തിലെത്തി.ആ പറമ്പിലാണു ജോജോ സാാാറിന്റെ കുഞ്ചാച്ചൻ കപ്പയിട്ടിരിയ്ക്കുന്നത്‌.

ഇരുട്ടത്ത്‌ പറമ്പിൽ കടന്ന ഞങ്ങൾ പ്രത്യേകിച്ച്‌ ഞാൻ അതിശയിച്ചു.ഒരാൾപ്പൊക്കത്തിൽ രണ്ട്‌ കൂനയാക്കി കപ്പ പറിച്ച്‌ കൂട്ടിയിട്ടിരിയ്ക്കുന്നു.
മൂന്നാലു പെട്രോമാക്സുകൾ വെളിച്ചം തൂകിയിരിപ്പുണ്ട്‌.

ആദ്യമായി പെണ്ണുകാണാൻ പോകുന്നവന്റെ വേപഥുവോടെ ഞങ്ങൾ ഞങ്ങളുടെ അന്നത്തെ എക്സൈസ്‌ മന്ത്രിയായ കുഞ്ചാച്ചന്റെ അടുത്തെത്തി ജീവിതത്തിൽ അന്നുവരെ ചിരിച്ചിട്ടില്ലാത്തയത്ര മനോഹരമായി പുഞ്ചിരിച്ചു.സാക്ഷാൽ കെ.എം .മാണി പോലും തോറ്റുപോകും.ഉൾക്കിടിലം കൊണ്ട കുഞ്ചാച്ചൻ തലയുയർത്തി ശത്രുനിരയുടെ തലയെണ്ണി.എന്റെ തല എണ്ണാതിരുന്നാലോയെന്ന് പേടിച്ച്‌  ഞാൻ അൽപം കൂടി മുന്നോട്ട്‌ കയറി നിന്നു.


മദ്യപാനമേ പുണ്യമെന്ന മുദ്രാവാക്യത്തിലൂന്നി ചിട്ടയായ ജീവിതം നയിച്ചിരുന്ന മൂന്തോട്ടിൽ നിന്ന് ചില ചീളുപിള്ളേർ കുടിയ്ക്കാൻ അല്ല കപ്പപറിച്ചരിഞ്ഞുണക്കി വാരിക്കൂട്ടി ചാക്കിനകത്താക്കി ചന്തേൽ കൊണ്ടുക്കൊടുക്കാൻ തയ്യാറായി എത്തിയിട്ടുണ്ടെന്നറിഞ്ഞ്‌ കുഞ്ചാച്ചന്റെ ഭാര്യ ഞങ്ങളുടെ മുന്നിൽ വന്ന് കണ്ണുമിഴിച്ച്‌ നെടുവീർപ്പിട്ടു.'
ദുഷ്ടക്കശ്മലന്മാർക്ക്‌ കള്ളുമേടിച്ച്‌ കൊടുത്ത്‌ അരിയുന്നതിലും ഭേദം ഒരു കൂനക്കപ്പ ഇവറ്റകളോട്‌ ചുമന്നോണ്ട്പോക്കോളാൻ പറഞ്ഞാപ്പോരേ മനുഷേനേ' എന്ന ഭാവത്തിൽ ആദ്യം വിട്ട നെടുവീർപ്പിന്റെ ബാക്കിയായി ഒന്ന് മുരടനക്കി കുറച്ചൂടി ശക്തിയിൽ ഒരു നെടുവീർപ്പ്‌ കെട്ടിയോന്റെ നേരേ വലിച്ചെറിഞ്ഞ്‌ കപ്പ വാട്ടുന്ന വലിയ വാർപ്പിനടുത്തേയ്ക്ക്‌ നടന്നുപോയി.


മുൻ തലമുറക്കുടിയന്മാരിൽപ്പെട്ട ചിലർ ബീഡിയും വലിച്ച്‌ അങ്ങോട്ടുമിങ്ങോട്ടും നടന്ന് കപ്പ പറിച്ച്‌ കൂട്ടുന്നത്‌ കണ്ട ന്യൂജെനറേഷൻ കുടികാരായ ഞങ്ങളുടെ രക്തം തിളച്ചു.തിളച്ച രക്തം തണുപ്പിയ്ക്കാനായി എക്സൈസ്‌ വകുപ്പ്‌ കൈകാര്യം ചെയ്യുന്ന കുഞ്ചാച്ചന്റെ കൈകൾ പലതവണ അണ്ടർവെയറിന്റെ പോക്കറ്റിൽ കയറിയിറങ്ങി.ഇളം നീലയും,മഞ്ഞയുമായ ഗാന്ധിച്ചിത്രങ്ങൾ വായുവിലുയർന്ന് പരസ്പരം പൊടിതട്ടി.


സാറിന്റെ സ്വന്തം കുഞ്ചാച്ചന്റെ മുന്നിൽ തീർത്തും മോശക്കാരാകരുതെന്ന് കരുതി ഞങ്ങൾ കടുംചുവന്ന  വിദേശിയിൽ നിന്ന് ഇളം മഞ്ഞവിദേശിയിലേയ്ക്ക്‌ സ്വയം അപ്ഗ്രേഡ്‌ ചെയ്തു.സ്വദേശികളായ സാധാരണതൊഴിലാളികൾ മഞ്ഞിനേയും,മഴയേയും,വെയിലിനേയും വകവെയ്ക്കാതെ മാനം മുട്ടെ ഉയരമുള്ള വൃക്ഷങ്ങളിൽ വലിഞ്ഞുകയറി  തല്ലിച്ചതച്ചുണ്ടാക്കുന്ന കഞ്ഞിവെള്ളനിറമുള്ള കേരളത്തിന്റെ ദേശീയപാനീയത്തെ മറന്നാൽ ശരിയാകില്ലല്ലോ എന്നോർത്ത്‌ അതിനും ഓർഡർ നൽകി.

വിദേശിയെ ലക്ഷ്യമിട്ട്‌ രണ്ട്പേർ അയൽസംസ്ഥാനമായ കിടങ്ങൂർക്കും,സ്വദേശിയ്ക്കായി രണ്ട്പേർ സംസ്ഥാനത്തിനകത്തേയ്ക്കും തിരിച്ചതോടെ അവശേഷിച്ച മൂന്നുപേർ കപ്പക്കൂന ലക്ഷ്യമാക്കി നടന്നു.


സ്വന്തം വീട്ടിൽ കപ്പയുടെ തൊലിപൊളിച്ച്‌ തരാൻ പറഞ്ഞാൽ മുഖം വക്രിച്ചിരുന്ന ഞാൻ വിധിയുടെ കൈയിലെ കളിപ്പാവയായി മഞ്ഞും കൊണ്ട്‌ ,തണുപ്പുമടിച്ച്‌ നിലത്തുവിരിച്ചിരുന്ന നീലപ്പടുതയിൽ ചമ്രം പടിഞ്ഞിരുന്ന്  കത്തിയുടെ മൂർച്ചയുള്ള വശം കൊണ്ട്‌ കപ്പയുടെ പുറംതൊലിയിൽ നീളത്തിൽ ഒരു വര വരച്ച്‌,മുനയില്ലാത്ത മറുവശം കപ്പത്തൊലിയ്ക്കകത്തേയ്ക്ക്‌ കയറ്റി കപ്പയ്ക്ക്‌ വേദനിയ്ക്കാതെ തൊലി പൊളിയ്ക്കാൻ തുടങ്ങി.പത്തുപതിനഞ്ച്‌ മിനിറ്റ്‌ കൊണ്ട്‌ ഒരു ഒന്നൊന്നരക്കിലോ കപ്പക്കുട്ടന്മാർ ദിഗംബരന്മാരായി നീണ്ടുരുണ്ട്‌ കിടക്കുന്നത്‌ കണ്ട്‌ ഒന്ന് നടുനിവർക്കാനായി എഴുന്നേറ്റ്‌ നിന്നപ്പോൾ രണ്ടുവശത്തുനിന്നുമായി വിദേശിയും സ്വദേശിയുമായ പാനീയങ്ങളെത്തി.


നിവർത്താനൊരുങ്ങിയ നടുവിനെ  പിണക്കണ്ടാ എന്ന് കരുതി നിവർന്ന് നിന്നു.
പേപ്പർഗ്ഗ്ലാസ്സുകൾ നിരന്നു.മഞ്ഞപ്പാനീയത്തിന്റെ കുത്തൽ മാറ്റാനായി അൽപം സോഡ ചേർത്തു.ഗണപതിയായി പെർമനന്റ്‌ അപ്പോയ്ന്റ്‌മന്റ്‌ കിട്ടിയ സഞ്ചുവിനു തന്നെ ആദ്യ ഗ്ലാസ്സ്‌ നീട്ടി.
ബ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്ശ്‌……………
ശബ്ദത്തോടെ കണ്ണും പൂട്ടി വലിച്ചുവിടുന്നത്‌ കണ്ട്‌ കൊതിസഹിയ്ക്കാനാകാതെ എല്ലാവരും ഗ്ലാസ്സുകൾ കൈയിലെടുത്ത്‌ ചിയേഴ്സ്‌ പറഞ്ഞ്‌ ക്ഷണനേരം കൊണ്ട്‌ ആ കുപ്പി കാലിയാക്കി.


കൂട്ടത്തിലെ സംഗീതജ്ഞനും,ഒന്നരമാസം സംഗീതം പഠിയ്ക്കാൻ പോയവനുമായ ജിജോസാറിന്റെ ഭക്തിമസൃണമായ 'ഇസ്രായേലിൻ നാഥനായി ' എന്ന പതിവ്‌ ഈശ്വരപ്രാർത്ഥനയൊടെ ചടങ്ങുകൾ ആരംഭിച്ചു.
പരിചയക്കുറവിന്റെ അങ്കലാപ്പ്‌ മഞ്ഞദ്രാവകം മാറ്റിക്കൊടുത്തതായി ഏത്‌ കണ്ണുപൊട്ടനും മനസ്സിലാകുന്ന രീതിയിൽ കപ്പക്കൂട്ടം ഞങ്ങളുടെ മുന്നിൽ കൂമ്പാരം കൂടി.
അടുത്ത കുപ്പിയും അതിനടുത്ത കുപ്പിയും പൊട്ടാൻ അധികസമയം വേണ്ടി വന്നില്ല.

ഞാറുവാലിപ്പിള്ളാരുടെ ശുഷ്കാന്തികണ്ട്‌ കുഞ്ചാച്ചന്റെ ഭാര്യ കപ്പബിരിയാണി തയ്യാറാക്കി വന്നു.എല്ലാവരും കൂടി ആഞ്ഞ്‌ പരിശ്രമിച്ചപ്പോൾ സ്വദേശിപ്രസ്ഥാനവും തീർന്നു.

കപ്പ അരിച്ചിൽ തീരാറായപ്പോൾ ചെണ്ടൻ കപ്പയും മുളകരച്ചതുമെത്തി.അതും കഴിച്ച്‌ ബാക്കി അരിയാൻ ഉളള കപ്പയുമരിഞ്ഞ്‌ വാർപ്പിനകത്തേയ്ക്ക്‌ വലിച്ചെറിഞ്ഞ്‌ കഴിഞ്ഞപ്പോൾ രാത്രി രണ്ടരയായി.


രാത്രി രണ്ടരയ്ക്ക്‌ മാത്രം കൂവുന്ന കോഴികൾ ഇരുന്നും,നിന്നും കൂവാൻ തുടങ്ങി.
വീട്ടിലേയ്ക്ക്‌ മേടിച്ചോണ്ട്‌ ചെല്ലാമെന്നേറ്റ പച്ചക്കറിയുടെ ചിന്ത അപ്പോഴാണ് വന്നത്‌.പച്ചക്കറിയില്ലെങ്കിലെന്നാ പത്ത്‌ കിലോക്കപ്പയുമായി ചെല്ലാമല്ലോ!എഴുന്നേറ്റ്‌ നിൽക്കാൻ ശേഷിയില്ലാത്ത അവസ്ഥയിൽ ഇത്രയും കപ്പ എങ്ങനെ എടുക്കും?എത്തുന്നിടത്തോളം ചുമക്കാം,പിന്നെ അവിടെയിട്ട്‌ പകൽ വന്നെടുക്കാം എന്ന ചിന്തയിൽ കിട്ടിയ കപ്പവീതം തലയിലേറ്റി.
*        *           *           *         *


നടക്കാതെ വീട്ടിലെത്തില്ല എന്ന ഭീകരയാഥാർത്ഥ്യം ഉൾക്കൊണ്ട്‌ ആഞ്ഞുനടക്കുന്നതിനിടയിൽ അനീഷിന്റെ വായിൽ നിന്നും ആ ചോദ്യം വീണു.

"ഡാ,,കാവിനടുത്ത സർപ്പക്കാവിനു മുന്നിൽക്കൂടി വേണമല്ലോ പോകാൻ "?മങ്ങിയ നിലാവ്‌ തെളിച്ചുപിടിച്ച്‌ നടക്കുന്നതിനിടയിൽ ആ ചോദ്യം കേട്ട ഞാൻ രൂക്ഷധൈര്യശാലിയായി രണ്ടുപേരുടേയും നടുക്ക് കയറി നിന്നു.കപ്പ നിലത്തിട്ടു.കപ്പ അല്ലെങ്കിലും ഗ്യാസാ.


ആയിരം വർഷം പഴക്കമുള്ള കാവും;അതിന്റെ തെക്കുവശത്തെ കാറ്റില്ലെങ്കിൽപ്പോലും ഹുങ്കാരശബ്ദം പുറപ്പെടുവിയ്ക്കുന്ന ഓലകളുള്ള,യക്ഷിയുടെ ആവാസകേന്ദ്രമാണെന്ന് പറഞ്ഞുകേൾക്കുന്ന കരിമ്പനയും;;വടക്കുവശത്ത്‌ പാമ്പുകളേക്കാൾ പാമ്പിന്റെ ആകൃതിയുള്ള ഇടതൂർന്ന വള്ളികൾ തൂങ്ങിക്കിടക്കുന്ന പേരറിയാത്ത വൃക്ഷങ്ങൾ ചുറ്റിനും നിൽക്കുന്ന ചുറ്റുമതിലില്ലാത്ത,മൂന്നടിയെങ്കിലും പൊക്കമുള്ള സർപ്പവിഗ്രഹം പ്രതിഷ്ഠിച്ചിരിയ്ക്കുന്ന സർപ്പക്കാവും ഇടയ്ക്കിടെ കാണുന്ന ഇംഗ്ലീഷ്‌ സിനിമകളിലെ ആഫ്രിക്കൻ വനാന്തരങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട്‌ മനസ്സിലേയ്ക്ക്‌ വന്നു.


സ്വതേ ധൈര്യശാലികളായ ഞങ്ങൾ കൂലങ്കഷമായി ആലോചിച്ചു.ഒന്നരമിനിറ്റ്നേരത്തെ ആലോചനയ്ക്ക്‌ ശേഷം ഒരു കിലോമീറ്റർ വളഞ്ഞുചുറ്റി ഓടാനിപ്പാറ വഴി പൗലോയുടെ വീടിന്റെ പുറകിലെ ഉണ്ണിച്ചിറക്കുളത്തിന്റെ കരയിലെത്താമെന്നും,അവൻ വീട്ടിൽ കയറിയെന്നുറപ്പ്‌ വരുത്തി അനീഷിന്റെ വീട്ടിലെത്തി അവിടെ കിടന്ന് നേരം പുലർന്നിട്ട്‌  മാത്രം ഞാൻ വീട്ടിൽപ്പോയാൽ മതിയെന്നും  തീരുമാനമായി.അല്ലെങ്കിലും മൂന്തോടുകാർക്ക്‌ ഐഡിയക്കൊരു പഞ്ഞവുമില്ല.ഈ കർമ്മകുശലത രാജ്യത്തെ ഭരണചക്രം തിരിച്ചറിയുന്നില്ലല്ലൊയെന്ന് കുണ്ഠിതപ്പെടാനുള്ള സമയമല്ലായിരുന്നതിനാൽ ഒന്നും മടിച്ചില്ല.

എബൌട്ടേൻ!!!

നേരേ കാക്കൂരത്ത്‌ പറമ്പിൽ.അവിടുന്ന് ഓടാനിപ്പാറ ലക്ഷ്യമാക്കിനടന്നു.ഇരുട്ടും മാരകധൈര്യവും കൂട്ടിനുണ്ടായിരുന്നതിനാൽ വളരെവേഗം ഓടാനിപ്പാറയുടെ ചുവട്ടിലെത്തി.

പെട്ടെന്ന് നിശബ്ദതതയെ കീറിപ്പിളർത്തിക്കൊണ്ട്‌ ഒരു ഗാനം മുഴങ്ങി.ഏറ്റവും പുറകിൽ നടക്കുന്ന അനീഷിന്റെ വായിൽ നിന്നാണതെന്ന് ഞങ്ങൾ തിരിച്ചറിഞ്ഞു.

"നിശീഥിനീ നിശീഥിനീ ഞനൊരു  രാപ്പാടീീ………………"

നടക്കുന്നതിനിടെ ഒന്ന് നിന്ന് വലത്തെ കൈമുട്ട്‌ ഒന്നുമറിയാത്ത ഭാവത്തിൽ പുറകിലേയ്ക്ക്‌ നീട്ടി.അവന്റെ പാട്ടിനവസാനമായി എന്നാശ്വസിച്ചപ്പോഴേയ്ക്കും അടുത്ത ഗാനം മുന്നിൽ നിന്ന്.ഇത്തവണ പൗലോ.
"നിഴലായി ഒഴുകിവരും യാമങ്ങൾ തോറും ……………"

ദൈവമേ പിടിച്ചതിലും വലുതാണല്ലോ അളയിൽ എന്ന ദേഷ്യത്തിൽ പൗലോയുടെ ചെരുപ്പിന്റെ പുറകിൽ ചവുട്ടി.ഇരുട്ടിലും കൃത്യമായി പണി നടന്നു.


ചീവീടുകളും പേരറിയാൻ പാടില്ലാത്ത ചെറുജീവികളും ഉണ്ടാക്കുന്ന ശബ്ദമല്ലാതെ മറ്റൊന്നും കേൾക്കുന്നില്ല.ഞങ്ങൾ നടക്കുമ്പോൾ കേൾക്കുന്ന കരിയിലശബ്ദം പോലും ആ ശബ്ദങ്ങളിൽ ലയിച്ചുചേരുന്നു.
പാറയുടെ മുകളിലെത്തിയപ്പോൾ കുടിച്ച മദ്യത്തിന്റെ ലഹരി ഏതാണ്ടിറങ്ങിയിരുന്നു.പാറയെന്നാൽ ചെറിയ പാറയൊന്നുമല്ല. ഒരു കിലോമീറ്റർ കയറ്റവും മുകളിൽ പരന്ന പ്രദേശവുമായിക്കിടക്കുന്ന വൻപാറക്കൂട്ടമാണ്.എവിടെനോക്കിയാലും റബ്ബർ മരങ്ങളും,വൻആഞ്ഞിലികളും,വട്ട,തേരകം ,തേക്ക് എന്നുവേണ്ട ഒരു കാടിനു വേണ്ട എല്ലാ പരിതസ്ഥിതികളുമുണ്ട്‌.

"എടാ ഇനി നോക്കിനടക്കണം.ഇവിടെയെങ്ങാണ്ടൊരു പാറക്കുളമുണ്ട്‌ ".

"നിനക്കറിയത്തില്ലേടാ കോപ്പേ,നിന്റെ വീടിന്റെ പുറകിലല്ലേടാ കാട്ടുപോത്തേ "?

"ഈ ഇരുട്ടത്തെങ്ങനെ കാണാനാടാ "?

നടപ്പ്‌ തീർത്തും പതുക്കെയാക്കി.

ചന്ദ്രൻ തന്റെ മുഖം മേഘങ്ങളുടെ ഇടയിൽനിന്നും പുറത്തേയ്ക്ക്‌ നീട്ടി.വഴിതെറ്റിയിട്ടില്ലെന്നറിഞ്ഞപ്പോൾ സമാധാനമായി.

പെട്ടെന്ന്  മുന്നിൽ നടക്കുന്ന പൗലോ നിന്നു.കൂടെ ഞങ്ങളും.

"എന്നാടാ പാമ്പാണോ "?

"ശ്ശ്‌!മിണ്ടല്ലേ."

അതുപറഞ്ഞ്‌ അവൻ മുന്നോട്ട്‌ കൈചൂണ്ടി.

ദൈവമേ വല്ല എട്ടുകാലിവല തൂങ്ങിക്കിടക്കുന്നതോ മറ്റോ ആയിരിയ്ക്കണേ എന്ന എന്റെ പ്രാർത്ഥന ഫലിച്ചില്ല.

മൂവരേയും കിടിലം കൊള്ളിച്ച കാഴ്ച.

ഒരു തിരിനാളം ഉയർന്നും താഴ്‌ന്നും ഞങ്ങളുടെ സഞ്ചാരപാതയിൽ മാർഗ്ഗതടസ്സമായി ചലിയ്ക്കുന്നു.അമ്പതുമീറ്റർ പോലും അകലമില്ല.

സകലരോമകൂപങ്ങളിലുംകൂടി വിയർപ്പ്‌ ചാലിട്ടൊഴുകി.അതുവരെ അറിഞ്ഞു അറിയാതെയും ചെയ്ത സകലപാപങ്ങളും മനസ്സിലൂടെ കടന്നുപോയി.കാൽമുട്ടുകൾ പോലെ കൈമുട്ടുകൾ കൂട്ടിയിടിയ്ക്കാത്തതെത്ര അനുഗ്രഹം.

കുനിഞ്ഞ്‌ ഓരോ കൈയിലും ഓരോ കല്ലുകൾ പെറുക്കിയെടുത്തു.എറിയേണ്ടിവന്നാൽ,ഉന്നം തെറ്റിയാൽ ഒരു അഡീഷനൽ ഏറു കൂടികൊടുക്കാമല്ലോന്ന് കരുതി ഞാനൊരു സ്പെയർ കല്ലുകൂടിയെടുത്താണ് നിവർന്നത്‌.

ശ്വാസഗതിപോലും പുറത്തറിയാതെ ഞങ്ങൾ നിശ്ചലരായി പരസ്പരം മുട്ടിനിന്നു.

പെട്ടെന്ന് ഇരുട്ടായി.

ആ വെളിച്ചം അണഞ്ഞു.

തോന്നലായിരിയ്ക്കുമെന്ന് കരുതി ആശ്വസിച്ച ഞങ്ങളെ ചകിതരാക്കി ആ ദീപനാളം വീണ്ടും തെളിഞ്ഞു.

മൂവരിൽ ഏറ്റവും കൂടുതൽ മാന്ത്രികനോവലുകൾ വായിച്ച എക്സ്പീരിയൻസ്‌ വെച്ച്‌ ഞാൻ മനസ്സിനെ സ്വതന്ത്രമായി മേയാൻ വിട്ടു.അവൻ കണ്ണടച്ച്തുറക്കുന്ന നേരം കൊണ്ട്‌ മുന്നൂറ്റിയറുപത്‌ ഡിഗ്രി കറങ്ങിത്തിരിഞ്ഞ്‌ വന്ന് വിവരം പറഞ്ഞു.ഞങ്ങൾ നിൽക്കുന്നിടത്ത്‌ നിന്ന് വെറും നാൽപത്‌ ഡിഗ്രി കിഴക്കോട്ട്‌ പോയാൽ കാണുന്നത്‌ കാവിലെ കരിമ്പനയാണെന്നും, അക്ഷാംശരേഖാംശസഹിതം പറയുകയാണെങ്കിൽ ഇപ്പോൾ ഞങ്ങൾ നിൽക്കുന്നത്‌ കാവിൽ നിന്നും വരത്ത്പോക്ക്‌ നടക്കുന്ന അതേ റൂട്ടിലാണെന്നുമാണ്.

കൂടുതൽ ചിന്തിയ്ക്കാനും പറയാനും സമയം കിട്ടുന്നതിനു മുൻപ്‌ ആ വെളിച്ചം അല്ല തിരിനാളം മുന്നോട്ട്‌ വരാൻ തുടങ്ങി.
അപ്പോളതാ മറ്റൊരു കാഴ്ച കൂടി അതിന്റെ പുറകിൽ മങ്ങിയ ഒരു രൂപം.

പിന്നെ ഞാനൊന്നും മടിച്ചില്.ല ആകെ അറിയാവുന്ന മഹാമന്ത്രമായ 'അർജ്ജുന,പാർത്ഥാ ...'
ജപിയ്ക്കാൻ തുടങ്ങുമ്പോൾ ഇടിവെട്ടുന്നത്പോലെ അനീഷും പൗലോയും തനിനാടൻശൈലിയിൽ കാലൻ  തന്റെ പോത്തിനെപ്പോലും ഇട്ടിട്ട്‌ പോകുന്ന രീതിയിൽ തെറിവിളിച്ച്‌ പറയാൻ തുടങ്ങി.

തെറിയിൽ യക്ഷി പോകുമെങ്കിൽ വെറുതേയങ്ങോട്ട്‌ പൊക്കോട്ടെയെന്ന് കരുതി ഞാനും അമാന്തിച്ചില്ല. അർജ്ജുനനെ വില്ല് കുലയ്ക്കാൻ നിർത്തിയിട്ട്‌ ഞാനും കോറസ്സായി .

വെളിച്ചം കെട്ടു.

കരിയിലകൾ ഞെരിയുന്ന ശബ്ദം.

തെറി അത്യുച്ചത്തിലായി.

തൊണ്ടപൊട്ടുമാറ് അലറിവിളിച്ചു.
നിലത്തു നിന്നും ആ വെളിച്ചം വീണ്ടും തെളിഞ്ഞു.
ഇപ്പോൾ കാറ്റുവീശും,തലയ്ക്ക്‌ മുകളിൽ വെളിച്ചം പരക്കും,നീലനിറത്തിൽ. ശരീരമാസകലം വെട്ട്‌ കിട്ടും.അങ്ങനെയിതാ ഞങ്ങൾ ചരിത്രപുരുഷന്മാരായി മാറാൻ പോകുന്നു.

മനസ്സിൽ കരുതിയത്പോലെ കാറ്റ്‌ വീശി.ആ വെളിച്ചം നാലുപാടും ചിതറി.അത്‌ ശരിയ്ക്കും തീയായി.

പെട്ടെന്ന് ആ കാഴ്ച കണ്ടു.തീയുടെ പുറകിലായി ഒരാൾ രൂപം നിലത്ത്‌ കിടക്കുന്നു.

കരിയിലകൾക്ക്‌ തീ പിടിച്ച്‌ ആളാൻ തുടങ്ങി.എന്താ ചെയ്യേണ്ടതെന്നറിയാതെ നിന്നു.

തീയാളി വരുന്നത്‌ കണ്ട്‌ ഏറ്റവുമടുത്തുകണ്ട വട്ടമരത്തിന്റെ തൈകൾ പറിച്ചെടുത്ത്‌ മുന്നോട്ടോടി തല്ലിക്കെടുത്താൻ തുടങ്ങി.ഒരുവിധത്തിൽ തീകെടുത്തുന്നതിനിടയിൽ ഞങ്ങൾക്ക്‌ കാര്യം മനസ്സിലായി.ആളേയും.

റബർവെട്ടുകാരൻ സത്യൻ.

വെറും നാലടിപ്പൊക്കം മാത്രമുള്ള ഇയാൾ മൂന്തോട്ടിൽ വന്ന് താമസിയ്ക്കാൻ തുടങ്ങിയിട്ട്‌ കുറച്ച്‌ വർഷങ്ങളായി.രാത്രി പന്ത്രണ്ടുമണിയ്ക്ക്‌ വെട്ടാനിറങ്ങുന്ന ഇയാൾ ഉറങ്ങാറുണ്ടൊയെന്നായിരുന്നു എല്ലാവരുടേയും സംശയം.

ഉരുട്ടിവിളിച്ചു നോക്കി.ഒരു അനക്കവുമില്ല.മൂക്കിൽ തൊട്ട്‌ നോക്കി.ശ്വാസമുണ്ട്‌.

"നമുക്കെടുത്ത്‌ പാറക്കുളത്തിലിട്ടാലോടാ ?"

"പാതിരാത്രി ഇത്രയും തെറി കേട്ടതല്ലേ .വിട്ടേക്കാം."

"എന്നാലും ഈ കള്ളപ്പന്നി എന്നാത്തിനാടാ ഈ മുതുപാതിരായ്ക്ക്‌ മെഴുകുതിരി കത്തിച്ചോണ്ട്‌ വെട്ടാൻ പോകുന്നത്‌ "?

"പേടിച്ച്‌ നമുക്ക്‌ വല്ലതും പറ്റിയിരുന്നെങ്കിലോടാ "?

"ഒറ്റച്ചവിട്ടങ്ങ്‌ വെച്ച്‌ കൊടുത്താലോ "?

"അവിടെയെങ്ങാനും കിടക്കട്ടെ ".

സർപ്പക്കാവിനകത്തൂടെ വീട്ടിൽപ്പോരുകയായിരുന്നെങ്കിൽ ഇത്ര പേടിയ്ക്കേണ്ടിവരത്തില്ലായിരുന്നുവെന്നും,ഇയാൾ ഞങ്ങളുടെ ബഹളം കേട്ട്‌ ബോധം കെട്ട്‌ ചത്ത്‌ പോയിരുന്നെങ്കിലോ എന്ന് പരിതപിച്ചും വീട്ടിലേയ്ക്കുള്ള വഴിയിലൂടെ നടക്കുമ്പോൾ കാവിലെ യക്ഷിയെ പേരെടുത്ത്‌ തെറിവിളിച്ച്‌ ഓടിയ്ക്കാൻ ശ്രമിച്ചതിന്റെ പരിഹാരമായി എന്തെല്ലാം വഴിപാടുകൾ ചെയ്താലാ എന്ന ചിന്തയിൽ ആയിരുന്നു ഞാനെന്ന് അവരോട് പറഞ്ഞില്ല....................................

Sunday, 10 January 2016

ഇത്‌ ഞങ്ങളുടെ ലോകം.(അവസാന ഭാഗം)

എന്ത്‌!!!!

ഒരു പുതിയ ബ്ലോഗർ, അതും ഒരു സ്ത്രീ.. സധൈര്യം ബ്ലോഗുകളിലൂടെ ഓടിച്ചാടി നടന്ന് കമന്റ്‌ ചെയ്യുന്നത്‌ കണ്ട അറയ്ക്കല്‍ പുത്രൻ ജാഗരൂകനാകുകയും
അവരെ ചേസ്‌ ചെയ്യാൻ ആരംഭിയ്ക്കുകയും ചെയ്തു. ചേസ്‌ ചെയ്യുന്നതിനിടയ്ക്ക്‌ ഓടി ഒപ്പമെത്തി ഏറുകണ്ണിട്ട്‌ അവരുടെ പ്രൊഫൈലിൽ നോക്കി. കുഴപ്പമില്ല. മലയാളഭാഷ പള്ളിക്കൂടത്തിൽ വെച്ച്‌ മാത്രം പഠിച്ചിട്ടേയുള്ളൂ എന്ന് വെണ്ടയ്ക്കാവലിപ്പത്തിൽ എഴുതി വെച്ചിരിക്കുന്നത്‌ കണ്ട്‌ ഉൾപ്പുളകം കൊണ്ടു.

                ആംസ്ട്രോങ്ങും ടീമും ചന്ദ്രനിലിറങ്ങി , കോട്ടുവായിട്ട്‌ മൂരി നിവർത്തി തിരിഞ്ഞ്‌ നോക്കിയപ്പോൾ മലയാളിയുടെ ചായക്കട കണ്ട്‌ ഞെട്ടിയത്‌ പോലെ,  ആ പെൺകുട്ടിയുടെ ഫോട്ടോബ്ലോഗിൽ എത്തിയപ്പോൾ ഞാനും ഞെട്ടി. കാരണം മറ്റൊന്നുമല്ല, അഖിലബൂലോകാഭിപ്രായോത്സാഹക്കമ്മിറ്റിയംഗങ്ങളായ അജിത്തേട്ടനും, സി.വി.തങ്കപ്പൻ സാറും കമന്റ്ബോക്സിൽ നിന്നും എന്നെ നോക്കി പുഞ്ചിരിയ്ക്കുന്നു.

ദുഷ്ടന്മാർ!!!

ആരും കയറിയിട്ടില്ലെന്ന് കരുതിയ ഫോട്ടോബ്ലോഗിൽ ഇവർക്കെന്നാ കാര്യമെന്ന് മനസ്സിൽ അമർഷം കൊണ്ട്‌ ഗുസ്തിഗോദായെ മനസ്സിൽ സങ്കൽപ്പിച്ച്‌ ഇടംകൈകൊണ്ട്‌ തങ്കപ്പൻ സാറിനേയും,വലത്‌ കൈകൊണ്ട്‌ അജിത്തേട്ടനേയും എടുത്ത്‌ പൊക്കി നിലത്തടിച്ച്‌ രണ്ട്‌ പേരുടേയും ഇടയിലായി അതിനിഷ്കളങ്കമായി,കന്മഷഹീനനായി "ഹോ!ഇവിടെയൊക്കെ ജീവിയ്ക്കുന്നവരുടെ ഭാഗ്യം "എന്നൊരു കമന്റ്‌ ചെയ്തു.
ഈ ഭീകരന്മാരുടെ മുന്നിൽക്കിടന്ന് കഥകളിയും ,ഭരതനാട്യവും,കുച്ചിപ്പുടിയും എന്തിനു ബിഹു വരെ കളിച്ച്‌ നോക്കി.എവിടുന്ന് !!ഒന്ന് തിരിഞ്ഞ്‌ പോലും നോക്കിയിട്ടില്ല.ആയതിന്റെ സങ്കടം നെടുവീർപ്പായും,അമർഷത്തെ ഹും ആയും ബഹിർഗ്ഗമിപ്പിച്ച്‌ ഹൃദയകല്ലോലിനിയിൽ കയറി ചന്നംപിന്നം പെയ്യുന്ന വേനൽമഴ പോലെ കമന്റ്‌ ഇടാൻ തുടങ്ങി.
    
         ആ പെൺകുട്ടി കോളാമ്പിയിൽ വരുമെന്നോ ,അഭിപ്രായം പറയുമെന്നോ കരുതാതിരുന്നതിനാൽ പിറ്റേന്ന് രാവിലെ ഞെട്ടേണ്ടി വന്നു.വർഷങ്ങളായി തളർ വാതം പിടിച്ച്‌ അനങ്ങാനാവാതെ കിടന്നിരുന്ന എന്റെ ജിമെയിലിനു അനക്കം വെക്കാൻ തുടങ്ങി.

      പുസ്തകക്കച്ചവടക്കാരനായ രവി ഡീസിയോട്‌ യാതൊരു കാരണവുമില്ലാതെ അസൂയ തോന്നുകയും,അതിനെ ക്രോധമാക്കി മാറ്റി ഡിസി ബുക്സ്‌ ഇറക്കുന്ന പുസ്തകങ്ങൾക്ക്‌ വല്ലാത്ത മടുപ്പിയ്ക്കുന്ന മണമാണെന്ന് മനസ്സിനെ പറഞ്ഞ്‌ പഠിപ്പിച്ച്‌,വായിക്കാനായി വാങ്ങി വെച്ച പുസ്തകങ്ങളെ വരെ അടുക്കളയിലെ ബർത്തിൽ കയറ്റി വെച്ച്‌ ,യാതൊരു ലക്ഷ്യബോധവുമില്ലാതെ നടന്നിരുന്ന കാലത്തൊന്നും ബ്ലോഗെന്ന് കേട്ടിട്ട്‌ തന്നെയില്ലായിരുന്നു.അനിയൻ രഞ്ജു 'ഇതളുകൾ 'എന്ന പേരിൽ ഉണ്ടാക്കിത്തന്ന ബ്ലോഗുമായി ബൂലോകത്തേയ്ക്കിറങ്ങി അതിനെ 'കോളാമ്പി'യാക്കി മാറ്റിയ എനിയ്ക്ക്‌ ഇത്‌ ഏറ്റവും അനുയോജ്യമായ മേച്ചിൽപ്പുറമാണെന്ന് മനസ്സിലാക്കാൻ അധികകാലം വേണ്ടി വന്നില്ല.

       എഴുത്തിനേക്കാളേറെ വായനയെ സ്നേഹിച്ചിരുന്നതിനാൽ അധികമൊന്നും എഴുതാനില്ലായിരുന്നു.ഇരുവരും ചെയ്തിരുന്ന പോസ്റ്റുകളുടെ എണ്ണം തുലോം തുച്ഛമായിരുന്നതിനാൽ പരസ്പരമുള്ള ബ്ലോഗ്സന്ദർശ്ശനം പെട്ടെന്ന് തന്നെ നിന്നു.

            സുക്കൻബർഗ്ഗിലൂടെ ലഭിച്ച ആദ്യപ്രണയം ആദിത്യബിർളയിലൂടെ സാവധാനം ഒഴുകി  നിത്യനിതാന്തതയിലേയ്ക്ക്‌ ലയിച്ച്‌ ചേരുന്നത്‌ അടങ്ങാനാവാത്ത വേദനയോടെ നോക്കിനിൽക്കേണ്ടി വന്ന എന്റെ മനസ്സിലെ മുറിവിൽ ഉപ്പുപുരട്ടാനായി പ്രണയത്തിന്റേയും,പ്രണയഭംഗത്തിന്റേയും മാസ്മരികഭാവങ്ങളെ അവയുടെ എല്ലാ മനോഹാരിതയോടെയും ചിത്രീകരിച്ച ഒരു ബ്ലോഗിന്റെ ലിങ്ക്‌ കിട്ടി.അക്ഷരാർത്ഥത്തിന്റെ എന്റെ കഴിഞ്ഞ കാലം ആ ബ്ലോഗിൽ എനിയ്ക്ക്‌ കാണാൻ കഴിഞ്ഞതിന്റെ ഷോക്കിൽ എന്ത്‌ ചെയ്യണമെന്നറിയാതെ നിർന്നിമേഷനായി ദിവസങ്ങൾ തള്ളി നീക്കുമ്പോൾ പുതിയ പെൺകുട്ടിയേക്കുറിച്ച്‌ ഓർത്തു.ആദ്യമായി ഒരു ലിങ്ക്‌ മെയിൽ അയച്ചു.മറുപടിയോ നന്ദിപ്രകടനമോ പ്രതീക്ഷിച്ചില്ലായിരുന്നെങ്കിലും കാലം അതിന്റെ അപ്രവചനീയത "നന്ദി സുഹൃത്തേ " എന്ന രണ്ട്‌ വാക്കിൽ തീരുന്ന ഒരു മെയിലിന്റെ രൂപത്തിൽ കാണിച്ചു.

പുതിയ ബ്ലോഗർമാർ ആരെന്നോ,പഴയബ്ലോഗർമാർ ആരെന്നോ ഒന്നും അറിയാതിരുന്ന അക്കാലത്ത്‌ പരമാവധി ബ്ലോഗുകളിൽ എത്താനായിരുന്നു ഇഷ്ടം.

    അങ്ങനെയിരിക്കേ അധികമാരും വായിയ്ക്കാത്ത ഒരു ബ്ലോഗിന്റെ ഒരേയൊരു അധ്യായത്തിന്റെ ലിങ്ക്‌ കിട്ടി.ആദ്യാധ്യായത്തിൽ തന്നെ വരാൻ പോകുന്ന വായനാവിസ്ഫോടനത്തിന്റെ സൂചന കിട്ടിയതിനാൽ തുടരധ്യായങ്ങൾ തേടിപ്പിടിച്ച്‌ വായിച്ചു.വായനയുടെ ഹാങ്ങോവർ തീരുന്നതിനു മുൻപേ പഴയ പെൺകുട്ടിയ്ക്ക്‌ ലിങ്ക്‌ അയച്ച്‌ കൊടുത്തു.മൂന്നാലു ദിവസത്തിനു ശേഷം നന്ദി പറഞ്ഞുകൊണ്ട്‌ മറ്റൊരു മെയിലും വന്നു.

ചൂടുവെള്ളത്തിൽ വീണ പൂച്ച വീണ്ടും ചൂടുവെള്ളത്തിൽ ചാടുന്ന ലക്ഷണം കാണിയ്ക്കാൻ തുടങ്ങി.ഒന്നോ രണ്ടോ ലിങ്കുകൾ ദിവസത്തിൽ പരസ്പരം അയക്കുന്നതിൽ നിന്നും മാറി ദിവസത്തിൽ പരമാവധി എത്ര മെയിലുകൾ അയക്കാമെന്ന് രീതിയിലായി.

      ഇ മെയിലിൽ നിന്നും ഹാങ്ങൗട്ടിലേയ്ക്ക്‌ പ്രമോഷനും,വാട്സാപ്പിലേയ്ക്ക്‌ ഡബിൾ പ്രമോഷനും നേടിയതിനേക്കാൾ വേഗത്തിൽ വിവാഹ നിശ്ചയം കഴിഞ്ഞു......

   ★                 ★                 ★                    ★

മൂന്നാംതവണയും പാസ്‌വേഡ്‌ തെറ്റിയതിനെത്തുടന്ന് കോപാകുലനായ സ്റ്റേറ്റ്ബാങ്ക്‌ ഏ.ടി.എം മെഷീൻ ഒരു കടലാസുകഷ്ണം പുറത്തേയ്‌ക്ക്  നീട്ടി.
വിനയപുരസ്സരം കൈപ്പറ്റി ഇരുകണ്ണുകളിലും മുട്ടിച്ചു.

     വായിച്ചു.


"പാണ്ടൻ നായുടെ പല്ലിനു ശൗര്യം പണ്ടേപ്പോലെ ഫലിയ്ക്കുകയില്ലിനി. "

വന്ന് വന്ന് ഏ.ടി.എമ്മിൽ മലയാളം പ്രിന്റോ?

ഒന്നൂടെ നോക്കി.

ഇപ്പോൾ കാര്യം പിടുത്തം കിട്ടി.

ഒന്നുകിൽ ആശാന്റെ നെഞ്ചത്ത്‌,അല്ലെങ്കിൽ ആശാന്റെ മുതുകത്ത്‌.

ഏസിയുടെ തണുപ്പിലും വിയർത്ത്‌ കൊണ്ട്‌ താഴോട്ട്‌ നോക്കി പുഞ്ചിരിയ്ക്കുന്ന ക്യാമറയെ നോക്കിപ്പറഞ്ഞു.

"കാണെടാ കാണ്,ലോകചരിത്രത്തിലെ ആദ്യസംഭവം."

പുറത്തേയ്ക്ക്‌ നോക്കി.

അനിയൻ ടുട്ടു കടയിലേയ്ക്കുള്ള സ്റ്റെപ്പുകൾ കയറുന്നു.

ആഭ്യന്തരവുമില്ല,വിജിലൻസുമില്ലാത്ത അവസ്ഥയിലായ വി.എസ്സിനെപ്പോലെ ഞാൻ കടയിലേയ്ക്ക്‌ നടന്നു.

       സിന്ധുവും ദിവ്യയും കൗണ്ടറിനരികേ കാഷ്യർ സുന്ദരിയോട്‌ സംസാരിച്ച്‌ കൊണ്ട്‌ നിൽക്കുന്നു.അമ്മി സോഫായിരുന്ന് ഉറക്കം തൂങ്ങുന്നു.ടുട്ടു പതിവ്‌ പോലെ ഇയർഫോണുമായി പ്രേമസല്ലാപത്തിൽ.
സുന്ദരിയ്ക്ക്‌ ചിരി വരുന്നുണ്ട്‌.


കാണാതെ പഠിച്ച്‌ വെച്ചിരിക്കുന്ന "ഓം ഹ്രീം യോഗിനിയോഗിനി യോഗേശ്വരീ യോഗേശ്വരീ.."എന്ന് തുടങ്ങുന്ന ആകർഷണമന്ത്രം മനസ്സിൽ ഉരുവിട്ടു.ഒന്നിനേം ആകർഷിയ്ക്കാനൊന്നുമല്ല,കൈയ്യിൽ ഉള്ളത്‌ വികർഷിച്ച്‌ പോകരുതല്ലൊ!!!

      മുഖത്ത്‌ കൂടുതൽ ദേഷ്യവും,സങ്കടവും ഇടകലർന്ന "ആരും മിണ്ടിയേക്കരുതേ!ഞാനിപ്പം പൊട്ടിക്കരയും  "എന്ന ഭാവം വരുത്തിക്കൊണ്ട്‌ നിന്നു.


ആ ഭാവം കണ്ടാൽ "ഇത്ര പാവം ചെക്കനെ കെട്ടാൻ നിനക്ക്‌ ഭാഗ്യം ലഭിച്ചല്ലൊ ദിവ്യേ "എന്ന് ദിവ്യ തന്നെ ദിവ്യയോട്‌ പറയണമെന്ന് അതികഠിനമായി ആഗ്രഹിച്ചു.


"ഒരബദ്ധം പറ്റി "

"സിന്ധുവിന്റെ ഫോണിൽ മെസേജ്‌ വന്നു"

"ഓഹോ. "

"ഇവിടെ ഇപ്പോൾ ----അടച്ചിട്ട്‌ പോകാം.നാളെ ബാക്കികൂടെ അടച്ചിട്ട്‌ ഡ്രസ്സ്‌ കൊണ്ട്‌ പോകാം."

പണമടച്ചപ്പോൾ കീട്ടിയ ബില്ലിലെ ബാലൻസ്‌ തുക നോക്കി നെടുവീർപ്പിട്ടു.

"നിങ്ങളെന്നാ  കോപ്പിലെ എടപാടാ കാർഡ്‌ അക്സ്പ്പ്റ്റ്‌ ചെയ്യാത്തേ?"

കണ്ണ് മിഴിഞ്ഞ സുന്ദരി ഒന്നും മനസ്സിലാകാതെ ദിവ്യയെ നോക്കി.

എന്റെ കോട്ടയംമലയാളം ദിവ്യ സുന്ദരിയ്ക്ക്‌ തൃശ്ശൂരീകരിച്ച്‌ ട്രാൻസ്‌ലേറ്റ്‌ ചെയ്ത്‌ കൊടുത്തു.

"ഓരോ ട്രാൻസാക്ഷനും 250/- സർവ്വീസ്‌ ചാർജ്ജ്‌ ഈടാക്കും സർ.അതാ ഞങ്ങൾ ചെയ്യാത്തേ."

സുന്ദരിയുടെ മുഖത്ത്‌ നോക്കി "ഇത്രേം വലിയ കടയിൽ കയറുന്നവർ 250 കുണുവായ്ക്ക്‌ കണക്ക്‌ പറയുവോടീ മരപൊട്ടിക്കാളീ "എന്ന് മനസ്സിൽ പറഞ്ഞു.


ഇപ്പം ഈ ചെറുക്കൻ മനസ്സിൽ പറഞ്ഞത്‌ ഒന്ന് തർജ്ജമ ചെയ്ത്‌ തന്നേ എന്ന് സുന്ദരി ദിവ്യയോട്‌ കണ്മുനകളാൽ ആരാഞ്ഞപ്പോൾ ദിവ്യ ഇനി വരുമ്പോൾ ആകട്ടെയെന്ന് അതേ ആയുധം ഉപയോഗിച്ച്‌ അറിയിച്ചു.
    

എന്നതായാലും ഇലയ്ക്ക്‌ കേട്‌ വന്നാലും വന്നില്ലെങ്കിലും,മുള്ളിനൊരു കേടും വന്നില്ലല്ലോ എന്നാലോചിച്ചപ്പോൾ പുറത്തേയ്ക്ക്‌ വരാൻ വെമ്പി നിന്ന ദീർഘശ്വാസം അർദ്ധ ഏമ്പക്കമായി പരാതിഹീനനായി ആരുമറിയാതെ ആമാശയത്തിലെയ്ക്ക്‌ ഊളിയിട്ടതിന്റെ ഫലമായി തലച്ചോറിൽ നിന്നും "നിനക്ക്‌ വിശക്കുന്നില്ലേടാ ചെറുക്കാ "എന്ന ചോദ്യം വന്നു.


നാലു പേരുമായി തൃശ്ശൂരിലെത്തിയ മാരുതി 800 ആറുപേരുമായി നല്ലൊരു ഹോട്ടൽ ലക്ഷ്യമാക്കി നീങ്ങി.

   ★                ★                   ★                ★

'കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ' പാട്ടും പാടി വാഗമണ്ണിലെ  മൊട്ടക്കുന്നുകളിലൂടെ ഒാടി നടന്ന് 'എത്രയോ ജന്മമായ്‌ നിന്നെ ഞാൻ തേടുന്നൂ 'എന്ന ഗാനവും കൂടി പാടിയിട്ട്‌ കല്ലോലിനിയെ തൃശ്ശൂർ വരെ കൊണ്ടു വിട്ടിട്ട്‌ വരാൻ തയ്യറെടുത്ത എന്നെ ഉണർത്തിയത്‌ എന്റെ ഫോണിന്റെ ശബ്ദമായിരുന്നു.


പുലർച്ചേ ഏഴുമണിയാകുന്നതെയുള്ളു.


വിനോദ്‌ കുട്ടത്ത്‌.


"ഹലോ ,വിനോദേട്ടാ എവിടെയായി "?


"കതക്‌ തുറന്ന് പുറത്ത്‌ വാടാ.ഞാനിവിടെ എത്തി."


തലേന്ന് ഉറങ്ങാതിരുന്നതിന്റെ ക്ഷീണം പോയ്പ്പോയി.


നാളെയാണല്ലോ കല്യാണം.അതും എന്റെ.


ചാടിയെഴുന്നേറ്റു.

മുഖം കഴുകി.പുറത്തെത്തി.

കുട്ടത്തിനെ സ്വീകരിച്ചു.

ഫോൺ വിളിയിലൂടെയും ,ചാറ്റിലൂടെയും,ബ്ലോഗിലെ ആത്മാർത്ഥമായ അഭിപ്രായപ്രകടനങ്ങളിലൂടെയും വല്ലാതെ അടുപ്പം തോന്നിയ ആൾ.


ആദ്യമായി തമ്മിൽ കാണുകയാണ്.


സൂര്യവിസ്മയക്കാരനെ കോളാമ്പികാരൻ നമ്രശീർഷ്ക്കനായി ഹസ്തദാനം നടത്തി.
പുറത്തൊരു അതിഥിയെത്തിയെന്നറിഞ്ഞ അമ്മി ഹാജരായി.


"കിഴക്കൻ ചക്രവാളത്തിൽ അങ്ങേക്കരയിലങ്ങേക്കോണിലായി അനന്തതയിൽ നിന്നും ഉദിച്ചുയരുന്ന ജഗദ്നിയന്താതാവിനെ ആത്മസ്ഫുടം ചെയ്ത്‌ നമസ്കരിച്ച്‌ കൊണ്ട്‌ അകത്തേയ്ക്ക്‌ കയറട്ടെ."


ആർക്കും ഒന്നും മനസ്സിലായില്ലെങ്കിലും ബിഗ്‌ ബാംഗ്‌ തിയറിയുടെ മലയാളപരിഭാഷ ഇങ്ങനെ ആയിരിക്കുമെന്ന് കരുതി സമാധാനിച്ചു.


വീട്ടിലുള്ളതിനേക്കാൾ വലുതാണല്ലോ പുറത്തു നിന്ന് വന്നിരിയ്ക്കുന്നതെന്ന് ബോധ്യം വന്ന അമ്മിയുടെ കണ്ണുകൾ മിഴിയുകയും അത്‌ പിന്നെ തുറിയ്ക്കുകയും ചെയ്തു.


'ഇതൊക്കെയെന്ത്‌ 'എന്ന ഭാവത്തിൽ ഞാൻ കുട്ടത്തിനെ എന്റെ മുറിയിലേയ്ക്ക്‌ ആനയിച്ചു.


അപ്പോഴേയ്ക്കും അച്ഛനുമെത്തി.
കുശലപ്രശ്നങ്ങൾ കഴിഞ്ഞപ്പോഴേയ്ക്കും കാപ്പിയ്ക്കുള്ള സമയമായി.


കാപ്പി കഴിച്ചു.

അപ്പോഴേയ്ക്കും ബന്ധുക്കളെത്താൻ തുടങ്ങി.


കൂട്ടുകാർ മാലബൾബ്‌ കൊണ്ട്‌ ചുറ്റുമുള്ള മരങ്ങളിലും പന്തലിലും അലങ്കരിക്കുന്ന പണി മാത്രമെ ബാക്കിയുള്ളൂ.അതവർ ഭംഗിയാക്കി.


പിന്നെ ചിരിയും ബഹളവും ആയി.

വിനോദേട്ടൻ വളരെ വേഗം ഞങ്ങളിലൊരാളായി.

വൈകുന്നേരമായപ്പോൾ സിന്ധുവിനൊരു തോന്നൽ.

പാപ്പയുടെ നൈസർഗ്ഗിക സൗന്ദര്യത്തിൽ ഒരു ഇടിവ്‌ സംഭവിച്ചിരിക്കുന്നു.അത്‌ പരിഹരിയ്ക്കാൻ ബ്യൂട്ടിപാർലറിൽ പോകണമത്രേ!


എന്തായാലും ഒരു നിർദ്ദേശം വന്നതല്ലേ?
കണ്ണാടിയിലൊന്ന് നോക്കി.സംഭവം ശരി തന്നെ.പഴയ ആ സൗന്ദര്യമൊന്നുമില്ല.പ്രത്യേകിച്ച്‌ മാറ്റമൊന്നുമുണ്ടാകില്ലെങ്കിലും ഒന്ന് പൊയ്ക്കളയാമെന്ന് വെച്ചു.


രെഞ്ജുവും ടുട്ടുവും മാലയും പൂക്കളും,ബൊക്കെയും വാങ്ങാൻ പോയ സമയത്ത്‌ ആരുമറിയാതെ സിന്ധുവുമൊത്ത്‌ സൗന്ദര്യവർദ്ധകകേന്ദ്രത്തിലെത്തി.അവളുടെ നിർദ്ദേശപ്രകാരം മൂന്ന് മണിക്കൂറിന്റെ മാരകപ്രയോഗങ്ങളാൽ പുതിയൊരു കോളാമ്പിയായി പുറത്തിറങ്ങി ഒരു സെൽഫിയെടുത്ത്‌ കല്യാണപ്പെണ്ണിനയച്ചു.


മറുപടിയായി തുറിച്ച കണ്ണുള്ള സ്മൈലി..

സുന്ദരനാകാനിരിയ്ക്കുമ്പോൾ ആകെ ടെൻഷൻ കുട്ടത്തിനെ ഓർക്കുമ്പോഴായിരുന്നു.എന്തെടുക്കുകയാണാവോ!

രാത്രി വന്ന് കണ്ടപ്പോൾ സമാധാനമായി.ഒരു പ്രശ്നവുമില്ല.പന്തലിൽ ചീട്ടുകളിയ്ക്കാരുടെ കൂടെ സകലതും മറന്ന് ചീട്ട്‌ കളിയ്ക്കുന്നു.


പിന്നെ വേഗം കുളിച്ചു,കുട്ടത്തുമായി ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു.ചില ഉപദേശങ്ങൾ കിട്ടി.ഒന്നും മടിച്ചില്ല.കേട്ടു.


രണ്ടായപ്പോൾ എല്ലാവരും ഉണർന്നു.

കല്യാണവാഹനങ്ങൾ എത്തി.

ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ കൊണ്ട്‌ എന്നെ എല്ലാവരും ചേർന്ന് ഒരുക്കി.ചടങ്ങാണത്രേ!!


നാലായപ്പോൾ വാഹനങ്ങൾ പാലക്കാടിനു തിരിച്ചു.

അമ്പലത്തിലെത്തിയപ്പോൾ കാത്തിരുന്ന ഒരു കൂടിക്കാഴ്ച കൂടി സംഭവിച്ചു.വർഷങ്ങളായുള്ള ഫേസ്ബുക്ക്‌ പരിചയവും,ഇപ്പോൾ സഹോദരതുല്യനുമായ സുരേഷ്‌ സജിതച്ചേട്ടൻ എത്തി കാത്ത്‌ നിൽക്കുന്നു.

അദ്ദേഹം മൂന്നര മണിക്കൂർ നേരം യാത്ര ചെയ്ത്‌ വന്നിരിയ്ക്കുകയാണ്.സുരേഷേട്ടനേയും ആദ്യമായാണു കാണുന്നത്‌.

ഗാഢമായൊരാലിംഗനത്തിൽ മനസ്സിനു വല്ലാത്ത ലാഘവം തോന്നി.


പ്രണയിച്ച്‌ നടന്നപ്പോഴൊന്നും തോന്നാതിരുന്നൊരു അവസ്ഥയാണല്ലോന്ന് ഓർത്ത്‌ വല്ലായ്മ തോന്നി.അൽപസമയത്തിനകം ജീവിതം മാറിമറിയാൻ പോകുന്നു.
മകനെന്ന ,സഹോദരനെന്ന പദവിയോടൊപ്പം ഭർത്താവെന്ന പദവി കൂടി കൈവരാൻ പോകുന്നു..അതൊന്നും വിദൂരസ്വപ്നത്തിൽ പോലും ഉണ്ടായിരുന്നില്ല.9.45 ആയപ്പോൾ അമ്പലത്തിലേയ്ക്ക്‌ കയറാനുള്ള ക്ഷണവുമായി ദിവ്യയുടെ അമ്മാവനെത്തി.


വരനും ടീമും അമ്പലത്തിലേയ്ക്ക്‌ നടന്നു.

ദിവ്യയുടെ അനിയൻ മാലയും ബൊക്കെയും തന്ന് സ്വീകരിച്ചു.


വധൂവരന്മാർ നടയ്ക്കൽ നിന്ന് തൊഴുതു.


അഞ്ചുമൂർത്തീസ്വാമിയുടെ കിഴക്കെ നടയിലെ വിവാഹവേദിയിലേയ്ക്ക്‌ പൂജാരിമാർ വന്നു.

ഇരുവർക്കും പ്രസാദം നൽകി.


കല്യാണക്കാര്യം പറയുമ്പോൾ ഹിമാലയസാനുക്കളില്‍ അറയ്ക്കൽ ഗുഹ സ്ഥാപിച്ച് ധ്യാനിയ്ക്കാൻ പോകുവാണെന്ന് അട്ടഹസിച്ചിരുന്ന ഞാൻ വെറും നൂറ്റിയിരുപത്തിനാലുദിവസത്തെ പരിചയം മാത്രമുള്ള ദിവ്യയെ;
മുപ്പത്തിമുക്കോടി ദേവഗണങ്ങളേയും,അഷ്ടദിഗ്പാലകരേയും സാക്ഷി നിർത്തി; മാതാപിതാക്കളുടേം സഹോദരങ്ങളുടേയും, ബന്ധുക്കളുടേയും അനുഗ്രഹാശിസ്സുകളുടേയും, മന്ത്രോച്ചാരണങ്ങളുടേയും,ആർപ്പുവിളികളുടേയും,കുരവയിടലിന്റേയും അകമ്പടിയോടെ സെപ്റ്റംബർ 14 ന് രാവിലെ 10.05 ന് താലിചാർത്തി ഉത്തരവാദിത്തമുള്ള ഭാര്യാ'ഫ'ർത്താക്കന്മാരായി.[[[ഞാനെന്റെ കല്യാണപ്പോസ്റ്റ്‌ ഇതാ വേഗം പറഞ്ഞവസാനിപ്പിച്ചിരിക്കുകയാണ്.എന്റെ എല്ലാ പോസ്റ്റുകളും വായിയ്ക്കുകയും,അതിലെ 'മാംഗല്യം താന്തുനാനേന' എന്ന പോസ്റ്റിൽ ഉൾപ്പെടുത്താത്തതിൽ കടുത്ത പരിഭവം പറയുകയും ചെയ്ത മാലതി മേമയെ(ദിവ്യയുടെ അമ്മയുടെ അനിയത്തി*ഞങ്ങളുടെ കല്യാണത്തിനു ചുക്കാൻ പിടിച്ച ആൾ)ഞാനിവിടെ നന്ദിയോടെ ഓർക്കുന്നു.മേമയുടെ ആദ്യം മുതലുള്ള ഇടപെടലുകൾ മാത്രമാണ് ഞങ്ങളെ ഒരുമിപ്പിച്ചതെന്ന ഓർമ്മ എന്നെന്നും മനസ്സിലുണ്ടായിരിക്കുകയും ചെയ്യും.
        നന്ദി!മേമാ നന്ദി.!
     നന്ദി പ്രിയപ്പെട്ട എഴുത്തുകാരേ.!
എല്ലാവർക്കും സ്നേഹത്തിൽ ചാലിച്ച നന്ദി.!!]]]
                  

Friday, 16 October 2015

ഇടവേളയ്ക്ക്‌ ശേഷം 1(പൂരനഗരിയിലെ വിക്രിയകൾ)

ഓഗസ്റ്റ്‌ 21 നു രാവിലെ എഴുതാനിരുന്ന് 22 നു പുലർച്ചേ 'കോളാമ്പി'യിൽ 'ഞാൻ ദാ കെട്ടാൻ പോകുന്നേ' എന്ന മട്ടിലൊരു പോസ്റ്റുമിട്ട്‌ ,പതിവായി വായിക്കാൻ വരുന്നവർക്ക്‌ 'ദാ,ഒരു പോസ്റ്റു വന്നിട്ടുണ്ടേ 'എന്നൊരു മെയിലുമയച്ച്‌ ഉറങ്ങാൻ കിടന്ന എന്നെ ഉണർത്തിയത്‌ അമ്മിയുടെ ശബ്ദമായിരുന്നു.

   ശബ്ദം മാത്രമല്ല അമ്മിയുമുണ്ട്‌.

"എന്നാമ്മീ ഈ പെലകാലേ വിളിച്ചേപ്പിക്കുന്നേ?കണ്ണൂടെ തുറക്കാൻ പറ്റുന്നില്ല.എന്നാ ക്ഷീണവാ."

"ഓ! ഇങ്ങനെ ക്ഷീണിയ്ക്കാൻ നീ ഇന്നലെ രാത്രി എന്നാ മലമറിയ്ക്കുവാരുന്ന് കൊച്ചേ.രാത്രി മുഴുവൻ മുറീന്ന് വെട്ടം കണ്ടല്ലൊ.!

"എന്റെ കല്യാണത്തിന്റെ പോസ്റ്റ്‌ ഇടുവാരുന്നമ്മീ."

"കല്യാണത്തിനു പോസ്റ്റോ "?

"കുറേ എഴുത്തുകാരെ കല്യാണം ക്ഷണിയ്ക്കുവാരുന്നു.ഇന്റർനെറ്റിൽ."

"നിന്റെയൊരു ഇന്റർനെറ്റ്‌.ഒറക്കോവില്ല.ഫോണിൽ കുത്ത്‌ തന്നെ കുത്ത്‌."

മൈൻഡ് ചെയ്യാതെ തിരിഞ്ഞ്‌ കിടന്നു.

"ഡാ അച്ചാച്ചൻ വന്നിട്ടുണ്ട്‌.ടുട്ടുവുമായി സിറ്റൗട്ടിലിരുന്ന് കല്യാണക്കാര്യം പറയുവാ."

"അയ്യോ!!ഞാനിതാ വരുന്നെന്ന് പറ."

ഉറക്കവും ഉറക്കക്ഷീണവും പമ്പകടന്നു.ചാടിയെഴുന്നേറ്റു.

പല്ല് തേച്ച്‌,മുഖം കഴുകിയെന്ന് വരുത്തി ഉമ്മറത്തേയ്ക്ക്‌ നടന്നു.

അച്ചാച്ചനും അനിയൻ ടുട്ടുവും അരമതിലിലിരിയ്ക്കുന്നു.

ഞാൻ സ്റ്റെപ്പിലേയ്ക്ക്‌ കാലും നീട്ടി നിലത്തിരുന്നു.

"ഡാ !കൊച്ചേ...ഇനി രണ്ടൂന്നാഴ്ചേയുള്ളൂ കല്യാണത്തിന്.കല്യാണക്കുറി അടിക്കണം.എല്ലാരേം വിളിക്കണം.സ്വർണ്ണം വാങ്ങണം.ഡ്രസ്സ്‌ എടുക്കണം.വണ്ടി ബുക്ക്‌ ചെയ്യണം."

രാവിലേ തന്നെ കേൾക്കുന്നത്‌ കാശ്‌ ചെലവിന്റെ കാര്യമാണല്ലോ ഭഗവാനേ.!!

"കല്യാണക്കുറി വേണോ വെല്ല്യേട്ടാ.?"അമ്മി അച്ചാച്ചനോടായി ചോദിച്ചു.

"പിന്നേയ്‌!ഇപ്പോ എല്ലാ കല്യാണത്തിനും കുറി അടിയ്ക്കാറുണ്ട്‌.അതാ സൗകര്യം."

"അത്‌ ശര്യാ.ഓരോ വീട്ടിലും ചെന്ന് പറഞ്ഞത്‌ തന്നെ പിന്നേം പറയുന്ന മടുപ്പൊഴിവാക്കാം."

"ശര്യാ.പിന്നെ അവർ ചോദിക്കുന്നതിന്റെ മറുപടി പറഞ്ഞാ മത്യല്ലോ!"

"രമ്യാടെ കല്യാണം വിളിച്ച ലിസ്റ്റ്‌ വീട്ടിലുണ്ട്‌.അതിപ്പോ അങ്ങ്‌ പോയി നോക്കാം."അച്ചാച്ചൻ പറഞ്ഞു.

"കല്യാണംവിളി നമുക്ക്‌ പരമാവധി വെട്ടിക്കുറയ്ക്കാം അച്ചാച്ചാ.കല്യാണത്തിനു ആഢംബരം പാടില്ലെന്ന് വനിതാക്കമ്മീഷൻ പറഞ്ഞിട്ടുണ്ട്‌."

"അത്‌ സ്ത്രീധനത്തിന്റെ കാര്യാടാ ചെറുക്കാ."

അമ്മി കാപ്പിയും മുട്ട പുഴുങ്ങിയതുമായി വന്ന് എന്റെ നേരേ നീട്ടി.ഞാനത്‌ വാങ്ങിക്കഴിക്കാൻ തുടങ്ങി.

"ഈ മൊട്ടയൊക്കെയാണോ കഴിക്കുന്നേ.വല്ലതും കട്ടിയ്ക്ക്‌ കഴിക്കെടാ.കുറച്ച്‌ തടി വെക്കാൻ നോക്ക്‌."അച്ചാച്ചൻ പറഞ്ഞു.

"പിന്നേ പത്ത്മുപ്പത് കൊല്ലം‌ കൊണ്ട്‌ ഉണ്ടാകാത്തതാ മൂന്നാഴ്ച കൊണ്ട്‌ ഉണ്ടാക്കാൻ പോകുന്നത്‌."അമ്മി കുണ്ഠിതപ്പെട്ടു.

അല്ലേലും ചന്തുവിനു തോൽവി മാത്രമല്ലേ പറഞ്ഞിട്ടുള്ളൂ എന്നോർത്ത്‌ സമാധാനിച്ചു.

"നീയന്നാ വീട്ടിലേയ്ക്ക്‌ പോരെടാ.ഞാനും ടുട്ടൂം കൂടെ അവിടെ ചെന്ന് ലിസ്റ്റ്‌ നോക്കട്ടെ".

അവർ പോകാനായി ഇറങ്ങി.

"ഞാനും വരാം."

അപ്പോൾ എന്റെ ഫോൺ ശബ്ദിക്കുന്ന കേട്ടു.മുറിയിൽ പോയി നോക്കി.

ബ്ലോഗർ വിനോദ്‌ കുട്ടത്ത്‌.

"ഹലോ വിനോദേട്ടാ "

മറുവശത്ത്‌ നിന്നും ഭീകരമായ പൊട്ടിച്ചിരി മുഴങ്ങി.

ചിരിയുടെ അവസാനം സുധീീീ എന്ന വിളിയും പിന്നെ ചിരിയും.

"എന്നാ പറ്റി വിനോദേട്ടാ?ചാനലു പോയോ "?

"നീ അലക്കിപ്പൊളിച്ച്‌,കീറിത്തുന്നി,പൊളിച്ചടുക്കി,കടുക്‌ വറത്തെടാ ".

"എന്നതാന്നാ "?

"ഡാ നിന്റെ പോസ്റ്റ്‌ വായിച്ചു ".

"ആഹാ.ഞാനങ്ങ്‌ പേടിച്ച്‌ പോയല്ലോ."

കുറേ നേരമായി അക്കാര്യം മറന്നിരിക്കുകയായിരുന്നു.

"കൊള്ളാരുന്നോ വിനോദേട്ടാ "?

"തകർത്തെടാ മച്ചാ.ഞാനിത്‌ ബസിലിരുന്നാ വായിച്ചത്‌.ഞാൻ ഫോണിൽ നോക്കി ഉറക്കെച്ചിരിയ്ക്കുന്നത്‌ കണ്ട ആൾക്കാർ നോക്കാൻ  തുടങ്ങിയപ്പോൾ അടുത്ത സ്റ്റോപ്പിലിറങ്ങി അവിടെ നിന്ന് ചിരിച്ചു."

ഉറക്കം കഴിഞ്ഞെഴുന്നേറ്റപ്പോൾ എഴുതിയതെന്താന്ന് മറന്നും പോയി.

ചിന്തകളെ ഭേദിച്ചു കൊണ്ട്‌ കുട്ടത്തിന്റെ ശബ്ദം.

"മകൾ ലിങ്കിട്ടെന്ന് കേട്ട്‌ അമ്മ നാണിയ്ക്കുന്ന സീൻ കലക്കി."

"കുഴപ്പാക്വോ "?

"ഹേയ്‌!!കുഴപ്പമൊന്നുമില്ല.അമ്മായി അമ്മ വിം കലക്കിത്തരാതെ സൂക്ഷിച്ചോ "

"ഹേയ്‌!അതൊന്നുമില്ല.അതൊരു പാവമാ."

"പിന്നെ ഇങ്ങനെയൊക്കെ എഴുത്യാ ആരും പാവല്ലാതേയാകൂടാ "

ശ്ശൊ!!വേണ്ടാരുന്നു.

"ശരീടാ മച്ചാ.ഇനി ദിവ്യയെക്കൂടി ഒന്ന് വിളിക്കട്ടെ.ബ്ലോഗിൽ കാണാം."

"ശരി."


അൽപ സമയത്തിനകം തറവാട്ടിലെത്തി.

കല്യാണം എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ചുള്ള ചർച്ച പൊടിപൊടിയ്ക്കുന്നതായി മനസ്സിലായി.

ടുട്ടുവിന്റെ കൈയ്യിൽ ഒരു ബുക്കിരിക്കുന്നു.

"അവൾടെ കല്യാണം വിളിച്ചവരുടെ ലിസ്റ്റ്‌ മുതൽ അടുക്കളകാണാൻ പോയതുവരെയുള്ള ചെലവിതിലുണ്ട്‌."
കണ്ടപാടേ അച്ചാച്ചൻ പറഞ്ഞു.

അവരുടെ അടുത്ത്‌ പോയിരുന്നു.

അൽപം കഴിഞ്ഞപ്പോൾ ആ ബുക്ക്‌ എനിയ്ക്കും കിട്ടി.

അത്‌ വാങ്ങിത്തുറന്ന് നോക്കിയ എന്റെ തലകറങ്ങി.വെട്ടിയും തിരുത്തിയും നാൽപത്‌ പേജോളം വിളിക്കേണ്ടവരുടെ ലിസ്റ്റ്‌ മാത്രം.

  ദൈവമേ!ഇത്രയും ബന്ധുക്കളോ?ഇത്രയും പേരേ പാലക്കാട്ടെത്തിയ്ക്കൻ റെയിൽവേ പ്രത്യേക ട്രെയിൻ അനുവദിക്കുമോ ആവോ?

എന്റെ ചിന്തകൾ നാടും കടന്ന് കാടും കടന്ന് പാലക്കാട്ടെത്തിയപ്പോളേയ്ക്കും ടുട്ടു തന്നെ പറഞ്ഞു,നമുക്കിത്രേം പേരെയൊന്നും വിളിക്കേണ്ടാന്ന്.അത്‌ കേട്ട പ്രതിശ്രുതവരന്റെ മനം കുളിർത്തു.

"നീ ഒരു കാര്യം ചെയ്യ്‌.വിളിക്കേണ്ടാത്തവരേം,വിളിക്കേണ്ടവരേം ഈ ലിസ്റ്റിൽ നിന്ന് സെലക്റ്റ്‌ ചെയ്യ്‌."

ഞാൻ കിട്ടിയ അവസരം മാന്യമായി വിനിയോഗിക്കാൻ തുടങ്ങി.പെട്ടെന്ന് പണി തീർത്ത്‌ ബുക്ക്‌ അച്ചാച്ചനു കൊടുത്തു.

അത്‌ നോക്കിയ അച്ചാച്ചൻ ചിരിച്ചത്‌ കണ്ട്‌ എല്ലാവരും അമ്പരന്നു.

"ഹ.ഇത്‌ ഞാനുണ്ടാക്കിയ അത്‌ തന്നെ ആണല്ലോ!അപ്പോ നീയെന്നതാടാ തിരുത്തിയത്‌."?

"അച്ഛാച്ചാ!ടിക്‌ ഇട്ടിരിക്കുന്നതെല്ലാം വിളിക്കേണ്ടാത്തവരുടെയാ ".

"മൊത്തം ടിക്കാണല്ലോ"?

"പത്തിരുപത്തിയഞ്ച്‌ പേരേ വെച്ച്‌ നടത്താനാണെങ്കിൽ കല്യാണമായി വേണ്ടല്ലോ!അവളെ ചെന്ന് ഒരു വണ്ടിയ്ക്ക്‌ കൂട്ടിക്കോണ്ട്‌ പോന്നാ മത്യല്ലോ!"

ഞാൻ മൗനിയായി.

"ആ ലിസ്റ്റ്‌ കാണിച്ചേ."
ടുട്ടു ഇടപെട്ടു.അവനു തന്നെ ചിരി വന്നു.

പിന്നെ അഭിപ്രായങ്ങളുടെ പൊടിപൂരമായിരുന്നു.

"അറയ്ക്കൽകാരു മാത്രം കല്യാണത്തിനു കൂട്യാപ്പോരാ."

"നാടും നാട്ടാരും അറിഞ്ഞ്‌ വേണം കല്യാണം."

"ഇരുനൂറു പേരെങ്കിലുമില്ലാത്ത കല്യാണം എന്നതാ ".

"അല്ലെങ്കിൽ ആ പെണ്ണിനെ പിന്നെ വഴിയിൽ വെച്ച്‌ കാണുന്നവർ ഇതേതാന്ന് വിചാരിയ്ക്കും."

കാസ്റ്റിംഗ്‌ വോട്ട്‌ ചെയ്യാനുള്ള എന്റെ അവകാശത്തെ തൃണവൽഗണിച്ച്‌ കൊണ്ട്‌ അനിയൻ ടുട്ടു തീരുമാനം പ്രഖ്യാപിച്ചു.75 പേർ തിരുമിറ്റക്കോടിനു പോകാനും ബാക്കി 150 പേർക്ക്‌ വീട്ടിൽ റിസപ്ക്ഷൻ അറേഞ്ച്‌  ചെയ്യാമെന്നുമായിരുന്നു ആ തീരുമാനം.

★                           ★                           ★

വിവാഹനിശ്ചയം കഴിഞ്ഞ എതൊരു യുവതീയുവാക്കൾക്കുമുണ്ടാകുന്ന അതേ തിക്ക്‌മുട്ടൽ ഞങ്ങൾക്കുമുണ്ടായി.
ഫോൺ വിളിയും ,വാട്സാപ്പും കൊണ്ട്‌ മാത്രം മാനസികസമ്മർദ്ദത്തെ അതിജീവിയ്ക്കാൻ കഴിയാത്ത അവസ്ഥ വന്നപ്പോൾ ഒരു ബ്ലോഗേഴ്സ്‌ മീറ്റ്‌ കൂടി തീരുമാനമായി.

ഓഗസ്റ്റ്‌ ഇരുപത്തിയാറിനു വെളുപ്പിനു നാലു മണിയ്ക്ക്‌ എന്റെ ഫോണിലെ അലാം ശബ്ദിച്ചു.ചാടിയെഴുന്നേറ്റ്‌ കതക്‌ തുറന്നപ്പോൾ അമ്മിയതാ എന്നെ നോക്കി കണ്ണു തിരുമ്മിനിൽക്കുന്നു.

നേരം വെളുത്ത്‌ എട്ടരയായാൽ പോലും എഴുന്നേൽക്കാത്ത മകൻ നാലു മണിക്കൂർ മുൻപേ എഴുന്നേറ്റത്‌ കണ്ട അമ്മി അമ്പരന്നു.

അതേ!!മകൻ തന്നെ.

"എന്നാടാ കൊച്ചേ വയറിനു സുഖമില്ലേ "?

ചരിത്രാതീതകാലം മുതൽക്കേ  അമ്മമാർക്ക്‌ അവരുടെ ആണ്മക്കൾ പതിവിലും അൽപം നേരത്തേ എഴുന്നേറ്റാൽ ഇതല്ലാതെ വേറൊന്നും ചോദിക്കാനില്ലേ?വയറു പോലും വയറുവേദന.ഹും!മനസ്സിനാ വേദന!!!.

"ഒരു സ്ഥലം വരെ പോകണം."

"ഏത്‌ സ്ഥലത്തേയ്ക്കാ ഇത്ര നേരത്തേ "?

"ആറു മണിയ്ക്ക്‌ ഏറ്റുമാനൂരുന്ന് ബസ്സുണ്ട്‌.അതിനു പോകണം."

"എങ്ങോട്ടാ "?

"അമ്മി വേം ഇച്ചിരെ വെള്ളം ചൂടാക്കിക്കേ."
മറുപടി ഒന്നും പറഞ്ഞില്ല.

അമ്മി അടുക്കളയിലേയ്ക്ക്‌ നടക്കുന്നത്‌ കണ്ടിട്ട്‌ ഞാൻ എന്റെ മുറിയിലേയ്ക്ക്‌ തിരികെ വന്നു..

അലമാരി തുറന്ന് ക്രീം പാന്റും,വെള്ളയിൽ  പച്ച ചെക്ക് ഷർട്ടും എടുത്ത്‌ കണ്ണാടിയിൽ നോക്കി.

പാന്റിടണോ!!!

പാന്റിടുമോ എന്ന കല്ലോലിനിയുടെ സംശയം തീർക്കുകയുമാകാം,ഞാൻ പണ്ട്‌ പാന്റിട്ടിരുന്നുവെന്ന് എനിയ്ക്കെന്നെത്തന്നെ വിശ്വസിപ്പിക്കുകയുമാവാം.കല്യാണരാമൻ പാന്റിടുന്ന സീൻ പോലെ ആയാൽ കല്യാണം കഴിഞ്ഞാൽ ഭാര്യ എക്കാലവും അത്‌ തന്നെ പറഞ്ഞോണ്ടിരുന്നാലോ എന്ന പുനർവിചിന്തനത്തിൽ പാന്റ്‌ മാറ്റി മുണ്ടാക്കി.

ക്രീം ഷർട്ടും അതിനു ചേരുന്ന കരയുള്ള മുണ്ടുമെടുത്ത്‌ കട്ടിലിലിട്ടു.

"അമ്മീ!ഇതിങ്ങ്‌ തേച്ച്‌ തന്നേക്കേ."

കുളി കഴിഞ്ഞ വന്നപ്പോൾ അമ്മി ഷർട്ട്‌ തേയ്ക്കാൻ തുടങ്ങുന്നു.ഒരു കപ്പ്‌ കാപ്പി മേശപ്പുറത്തിരിപ്പുണ്ട്‌.അതെടുത്ത്‌ കുടിയ്ക്കുന്നതിനിടയിൽ അമ്മി പറഞ്ഞു.

"കല്ലോലിനി."

ഞാനൊന്ന് ഞെട്ടി.

"അമ്മി എന്നാ പറഞ്ഞത്‌??കല്ലോലിനീന്നോ?"

"ചുമ്മാ തോന്നീതാടാ കൊച്ചേ."

"അമ്മി കല്ലോലിനീന്നല്ലേ പറഞ്ഞത്‌?ഞാനങ്ങനെയാണല്ലോ കേട്ടത്‌"?

"അങ്ങനെ തന്നെയാ പറഞ്ഞത്‌ ".

""അമ്മിയ്ക്ക്‌ കല്ലോലിനീന്നെങ്ങനെയാ കിട്ടീത്‌ ?"

"എനിയ്ക്ക്‌ ചുമ്മാ അങ്ങ്‌ തോന്നുവാ ".

"ഇത്ര കട്ടിയുള്ള വാക്ക്‌ ചുമ്മാ അങ്ങ്‌ തോന്നുവോ "?

"അതേന്നേ ".

"അമ്മി വല്ലാതെയങ്ങ്‌ വളർന്നു."

"നിന്റെയൊക്കെ കാട്ടായങ്ങൾ കണ്ടല്ലേടാ അമ്മി ജീവിയ്ക്കുന്നേ ".

ചിരി വന്നെങ്കിലും അമർത്തിപ്പിടിച്ചു.

അഞ്ചരയായപ്പോൾ പോകാനിറങ്ങി.

അമ്മി അപ്പോൾ രണ്ടായ്‌ മുറിച്ച്‌ പുഴുങ്ങിയ ഏത്തപ്പഴവും ഒരു കുപ്പി വെള്ളവുമായി വന്നു.

"ബസ്സിലിരുന്ന് കഴിക്കാം.തൃശ്ശൂർ വരെ പോകാനുള്ളതല്ലേ "?

അമ്മി രാവിലേ തന്നെ ഞെട്ടൽ പരമ്പര സൃഷ്ടിക്കുന്നു.

ഒന്ന് സൂക്ഷിച്ച്‌ നോക്കി.ഒരു ഭാവഭേദവുമില്ല.

സ്കൂട്ടറിന്റെ താക്കോലുമെടുത്ത്‌ പുറത്തേയ്ക്ക്‌ നടന്നു.

ഒമ്പതരയായപ്പോൾ തൃശ്ശൂർ കെ.എസ്‌.ആർ.ടി.സി ബസ്റ്റാൻഡിലെത്തി.കല്ലോലിനി എത്താൻ അര മണിക്കൂർ കൂടി കഴിയും.

ഒരു കാപ്പിയും വടയും വാങ്ങി യാത്രക്കാരുടെ ഇരിപ്പിടത്തിൽ പോയി ഇരുന്നു.

കാത്തിരുപ്പിന്റെ,അക്ഷമയുടെ അരമണിക്കൂർ അരയുഗം പോലെ തോന്നിച്ചു.

വീണ്ടും ഒരു കാപ്പി കൂടി വാങ്ങി പഴയ സ്ഥാനത്ത്‌ വന്നിരുന്നു.

കുറച്ച്‌ കഴിഞ്ഞപ്പോൾ ഒരു കാപ്പി കൂടി.പിന്നെ എന്നെ കാണുമ്പോഴേ കടക്കാരൻ ഒരു കപ്പിലേയ്ക്ക്‌ കാപ്പി ഒഴിക്കാൻ തുടങ്ങി.

അവസാനം ഉള്ളിൽ നിന്നും മാരകമായ വിളി വന്നപ്പോൾ സ്റ്റാൻഡിനകത്ത്‌ തന്നെയുള്ള മൂത്രപ്പുരയിലേയ്ക്ക്‌ നടന്നു.നേരേ അകത്തേയ്ക്ക്‌ നടന്നു.
അവിടിരുന്നയാൾ പുറകിൽ നിന്നും വിളിച്ചു.

  "ഊൂം "?

"ഊങ്ഹൂം"

ചമ്മലോടെ അവിടെ പണം  നൽകി കാര്യം സാധിച്ച്‌ പുറത്ത്‌ വന്നപ്പോൾ ആകെയൊരുന്മേഷം തോന്നി.

ബാഗിൽ നിന്നും വെള്ളമെടുത്ത്‌ കുടിച്ച്‌ കടക്കാരൻ കാണാതെ മറുവശത്തൂടെ സ്റ്റാൻഡിന്റെ മുന്നിലെത്തി.

അപ്പോൾ ഫോൺ ശബ്ദിച്ചു.പ്രതീക്ഷിച്ച വിളി തന്നെ.

കല്ലോലിനി.

അരമണിക്കൂർ കാത്തിരുന്നതിന്റെ അക്ഷമയും,ഈർഷ്യയുമുണ്ടായിരുന്നെങ്കിലും അവൾ ഒരു കുടയും ചൂടി നടന്ന് വരുന്നത്‌ കണ്ടപ്പോൾ അതെല്ലാം മാറി.

ഇളമഞ്ഞയിൽ വയലറ്റ്‌ പൂക്കളുള്ള ചുരിദാറിൽ അവൾ കൂടുതൽ സുന്ദരിയായി തോന്നി.അതോ എന്റെ സൗന്ദര്യം കുറഞ്ഞത്‌ കൊണ്ട്‌ തോന്നുന്നതാണോ?

ഒരു വല്ലാത്ത ഭാവത്തോടെ നിൽക്കുന്ന എന്റെ മുന്നിൽ വന്ന് നിന്ന കല്ലോലിനി മന്ദഹസിച്ചു.എനിയ്ക്കെന്തോപോലെ തോന്നി.

യാതൊരു വിധ പരിചയവുമില്ലാത്ത , ഇരുന്നൂറോളം കിലോമീറ്റർ അകലെയുള്ള  ഒരു പെൺകുട്ടിയെ പരിചയപ്പെട്ട്,‌ അവളിൽ വിശ്വാസമുണർത്തി,ഇവന്റെ കൂടെ ജീവിച്ചേക്കാം എന്ന തീരുമാനമെടുപ്പിക്കാൻ കഴിഞ്ഞതിൽ എനിയ്ക്ക്‌ എന്നെക്കുറിച്ച്‌ തന്നെ ഒരു അഭിമാനമൊക്കെ തോന്നി.

"ഹലോ " അവളുടെ ശബ്ദമാണെന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്‌.

"കല്യാണീ "

"ഓ !വന്നിട്ട്‌  ഒത്തിരി നേരമായോ "?

ഞാൻ പറഞ്ഞ മറുപടി കേട്ട എനിയ്ക്ക്‌ തന്നെ ചിരി വന്നു.

"എനിയ്ക്ക്‌ വിശക്കുന്നു."

ഒരു പണിയുമില്ലാതെ വീട്ടിലിരുന്നാൽ ജലപാനം പോലുമില്ലാത്ത ഞാൻ തൃശ്ശൂർ ചെന്നപ്പോൾ പറഞ്ഞ വാചകമേ!!

"എന്ത്‌" ദിവ്യ ഞെട്ടി.

ഞാനും ചിരിച്ചു.അവളും.

പതുക്കെ കെ.എസ്‌.ആർ.ടി.സിയ്ക്ക്‌ വെളിയിലേയ്ക്ക്‌ നടന്നു.റോഡ്‌ ക്രോസ്സ്‌ ചെയ്ത്‌ മറുവശത്തേയ്ക്കെത്തി.അടുത്തടുത്ത രണ്ട്‌ ഹോട്ടലുകളിലൊന്നിന്റെ മുന്നിൽ നിന്ന് ഒരാൾ കൈ വീശി വിളിച്ചു.അങ്ങോട്ട്‌ തന്നെ കയറി.

ഒഴിവ്‌ കണ്ട മേശയുടെ രണ്ട്‌ പുറവുമായി ഇരുന്നു.

ഓരോ മസാലദോശയും കാപ്പിയും ഓർഡർ ചെയ്തു.

പിന്നെ അണപൊട്ടി ഒഴുകുന്ന പോലെ സംസാരമായിരുന്നു.

അരമണിക്കൂർ കൊണ്ട്‌ ഹോട്ടലിൽ നിന്നും ഇറങ്ങി.

പൂരനഗരിയിലേയ്ക്ക്‌ ഇറങ്ങി നടന്നു.

വീട്ടിലാണെങ്കിൽ നൂറുമീറ്റർ അകലം പോലുമില്ലാത്ത ശ്രീനിക്കടയിലേയ്ക്ക്‌ നടന്ന് പോകാൻ മടിച്ചിട്ട്‌ വണ്ടിയിൽ പോകുന്ന ഞാൻ യാതൊരു മടുപ്പുമില്ലാതെ തൃശ്ശൂർ ടൗണിലൂടെ മൂന്ന് മണിക്കൂർ ദിവ്യയുടെ കൂടെ നടന്നു.ഒരു മടുപ്പും അറിഞ്ഞില്ലെന്ന് മാത്രമല്ല ആ നടപ്പ്‌ അവസാനിയ്ക്കരുതേ എന്ന് വരെ ആഗ്രഹിച്ച്‌ പോയി.

അങ്ങനെ നടക്കുന്നതിനിടയിൽ കല്യാണഡ്രസ്സ്‌ അവിടെ നിന്നും എടുക്കാമെന്ന് തീരുമാനിച്ചു.

കുറേ എന്തൊക്കെയോ വാങ്ങിച്ചു.

വഴിയരികിൽ കുങ്കുമം കൂട്ടിയിട്ട്‌ വിൽക്കുന്നത്‌ കണ്ടപ്പോൾ ദിവ്യയ്ക്കൊരു ആഗ്രഹം.ഒരു ഡപ്പി കുങ്കുമം വാങ്ങിപ്പിച്ച്‌ അവൾ ബാഗിലിട്ടു.

ഓർക്കുമ്പോൾ തന്നെ ചിരി വരുന്ന ഒരു കുഞ്ഞ്‌ സമ്മാനം എനിയ്ക്കും വാങ്ങിത്തന്നു.ഒരു കളിപ്പാട്ടക്കടയിൽ നിന്നും ഒരു കമ്പിൽ പിടിപ്പിച്ച സ്വർണ്ണനിറമുള്ള ഇതളുകളുള്ള പമ്പരം.അതും കയ്യിൽ പിടിച്ച്‌ നടക്കാൻ ഒരു മടിയും തോന്നിയില്ല.

രണ്ട്‌ മണിയായപ്പോൾ യാത്ര പറഞ്ഞ്‌ പിരിഞ്ഞു.

★                            ★                        ★

  സെപ്റ്റംബർ 1

കല്യാണഡ്രസ്സ്‌ എടുക്കാൻ പോകേണ്ട ദിവസം.

രാവിലെ ഒമ്പതായപ്പോൾ ഞാനും,അമ്മിയും,സിന്ധുവും,ടുട്ടുവും പുറപ്പെട്ടു.അച്ഛൻ വരുന്നില്ലാത്തതിനാൽ ഉച്ചയ്ക്ക്‌ ഉണ്ണാൻ വരുമ്പോൾ കഴിക്കാനുള്ള ചോറുണ്ടാക്കാനുള്ളത്‌ കൊണ്ട്‌ ഇറങ്ങാനും വൈകി.

ദിവ്യയുടെ വീട്ടിൽ നിന്നും വരുന്നത്‌ ദിവ്യയും അനിയത്തി ദീപ്തിയും മാത്രം.

ഒരു മണിയോടെ ഞങ്ങൾ തൃശ്ശൂരിലെ അവൾ സെലക്റ്റ്‌ ചെയ്ത കടയിലെത്തി.

ചിങ്ങമാസം ആയത്‌ കൊണ്ട്‌ കടയിൽ നല്ല തിരക്ക്‌.അത്രയും ദൂരം വണ്ടിയോടിച്ച ക്ഷീണം ഉള്ളത്‌ കൊണ്ട്‌ ടുട്ടു കാറിനകത്ത്‌ തന്നെ ഇരുന്ന് ഉറങ്ങുവാണെന്ന് പറഞ്ഞതിനാൽ ഞാൻ ഒറ്റയ്ക്ക്‌ നാലു പെണ്ണുങ്ങളുടെ കൂടെ നിരായുധനായി കടക്കകത്തേയ്ക്ക്‌ കടന്നു.

നിറപുഞ്ചിരിയോടെ ഒരു സെയിൽസ്ഗേൾ ഞങ്ങളെ വരവേറ്റ്‌ മൂന്നാം നിലയിലേയ്ക്ക്‌ ആനയിച്ചു.

നാലു  പെണ്ണുങ്ങൾ വസ്ത്രക്കൂമ്പാരത്തിനകത്തേയ്ക്ക്‌ ഊളിയിട്ട്‌ അപ്രത്യക്ഷരാകുന്നത്‌ ഞാൻ അതിശയത്തോടെ നോക്കി നിന്നു.

മൂന്ന് മണിക്കൂർ കഴിഞ്ഞ്‌ അവർ ഇറങ്ങി വന്നു.വലിയ പരന്ന പ്ലാസ്റ്റിക്‌ ഡിഷുകളിൽ അടുക്കി വെച്ച ഡ്രെസ്സുകളുമായി മൂന്ന് സെയിൽഗേൾസും കൂടെയുണ്ട്‌.

"ഇനി കൊച്ചിനുള്ള ഡ്രസ്സ്‌ എടുക്കണ്ടേ?അത്‌ താഴെയാന്നാ പറഞ്ഞേ ".അമ്മി പറഞ്ഞു.

കൊച്ചിനുള്ള ഡ്രസ്സ്‌ എടുക്കാൻ അധികസമയമൊന്നും വേണ്ടിവന്നില്ല.കാരണം പറ്റിയ ഷർട്ടൊന്നുമുണ്ടായിരുന്നില്ല.

പിന്നെ കാഷ്‌ കൗണ്ടറിനുമുന്നിലുള്ള കാത്തിരുപ്പായി.

ബില്ല് ചെയ്യുന്ന ചേച്ചി ഇടയ്ക്കിടെ എന്നെ ഒളികണ്ണിട്ട്‌ നോക്കുന്നുണ്ട്‌.
(ഞാനിപ്പോൾ തത്പരകക്ഷിയല്ല ചേച്ചീ.അയാം ദി സോറി)

ഓ!!അതാ ബിൽ പ്രിന്റാകുന്ന ശബ്ദം.പോക്കറ്റിൽ തപ്പി നോക്കി.ഭാഗ്യം ഏ.റ്റി.എം കാർഡുണ്ട്‌.

"സർ ബില്ല് ".ചേച്ചി വിളിച്ചു.

ബിൽ വാങ്ങി നോക്കി.

ഞെട്ടി.

കിളി പോയ ശബ്ദം വായിൽനിന്നും വരുമെന്ന് ആ ചേച്ചിയ്ക്ക്‌ മനസ്സിലായി.

കാർഡ്‌ നീട്ടി.

സുന്ദരി മൊഴിഞ്ഞു.

"ഞങ്ങൾ കാർഡ്‌ അക്സെപ്റ്റ്‌ ചെയ്യുന്നില്ല സർ."

"എന്നതാ !ഇത്ര വലിയ കടയിൽ കാർഡെടുക്കത്തില്ലെന്നോ ?അതെന്നാ അങ്ങനെ?"

മറുപടിയായി ആ സ്ത്രീ പറഞ്ഞു.

"സർ.ഈ റോഡിന്റെ മറുവശത്ത്‌ രണ്ട്‌  ഏ.ടി.എമ്മുണ്ട്‌.സർ പോയിട്ട്‌ വരൂ."

കടുത്ത ദേഷ്യം ഉള്ളിലമർത്തി കൂടുതലൊന്നും പറയാൻ നിൽക്കാതെ കടയിൽ നിന്നുമിറങ്ങി റോഡ്‌ ക്രോസ്സ്‌ ചെയ്ത്‌ ആദ്യം കണ്ട സൗത്ത്‌ ഇന്ത്യൻ ബാങ്കിന്റെ കൗണ്ടറിലെത്തി.
കാർഡ്‌ സ്വൈപ്പ്‌ ചെയ്തു.

എന്റർ പാസ്വേഡ്‌ .

*   *   *   *

ഒന്നും സംഭവിച്ചില്ല.

എന്റെ കാർഡ്‌ തന്നെയല്ലേ??അതേല്ലോ!!

ഒന്നുകൂടെ ശ്രമിച്ചു.

മമ്മൂട്ടിയേക്കൂടെ തെറി വിളിക്കാൻ തോന്നി.

അടുത്ത സ്റ്റേറ്റ്‌ ബാങ്ക്‌  ഏ.റ്റി.എമ്മിലേയ്ക്ക്‌ നടന്നു.

പാസ്വേഡ്‌ ശ്രദ്ധിച്ച്‌ എന്റർ ചെയ്തു.

ഒരു പ്രിന്റൗട്ട്‌ പുറത്തേയ്ക്ക്‌ വന്നു.

Dear customer, for security reasons your card no xxxx3877 blocked for the day for entering wrong PIN thrice at ATM TDCN0041....

വെറുതേ പുറത്തേയ്ക്ക്  നോക്കി.

ടുട്ടു ഉറക്കമൊക്കെ കഴിഞ്ഞ്‌ കടയിലേയ്ക്കുള്ള സ്റ്റെപ്പുകൾ കയറുന്നു.


[ആരും ഓടണ്ട.ഞാനിത് തുടരും.]


----------------------------------------

ഈ ഡിസംബർ 25 നു 'കോളാമ്പി'യ്ക്ക്‌ ഒരു വയസ്സ്‌ പൂർത്തിയാകുന്നു.ഇത്‌ വരെ 'കോളാമ്പി'യിൽ വരാനും വായിച്ച്‌ അഭിപ്രായം പറയാനും സന്മനസ്സ്‌ കാണിച്ച എല്ലാ പ്രിയപ്പെട്ട ബ്ലോഗർമാർക്കും നന്ദി.!!

Saturday, 22 August 2015

മാംഗല്യം തന്തുനാനേ...

ആഗോളതലത്തിലെ സാമ്പത്തികമാന്ദ്യവും അറബിമുതലാളിമാരുടെ  തൊഴിലാളിവിരുദ്ധനടപടികളും   കാരണം ബൂലോക ബ്ലോഗർമാർ തൂലിക മടക്കി വെച്ച്‌ നാവടക്കി പണിയെടുക്കാൻ തുടങ്ങിയപ്പോൾ, വരണ്ട്‌ മരുഭൂമിയായിത്തീർന്നിരുന്ന ബൂലോകത്തേക്ക്‌ സുന്ദരനും, സുശീലനും, നിർമ്മലനുമായ ഒരു ചെറുപ്പക്കാരൻ വലതുകാൽ വെച്ച്‌ നടന്ന് കയറി. കയറിക്കഴിഞ്ഞ്‌ ആരെങ്കിലും സ്വാഗതം ചെയ്യുമെന്ന് കരുതി കാത്തിരുന്നു. ആരും വന്നില്ല. ചുറ്റും വരണ്ട ചൂടുമണലാരണ്യം മാത്രം. ഇവിടെയുണ്ടായിരുന്നെന്ന് പറയപ്പെടുന്ന മനുഷ്യരൊക്കെ എവിടെപ്പോയി?????

          അങ്ങനെ  മഞ്ഞളിച്ചിരിയ്ക്കുന്ന അവന്റെ ബ്ലോഗിലേയ്ക്ക്‌ ഗണപതിയായി, കടിഞ്ഞൂൽ വായനക്കാരനായി അരീക്കോടന്‍ സാറെത്തി...
"ഹ ഹ ഹ.ഹ്യൂമറസ് ലി റ്റോൾഡ്‌"
എന്ന് അഭിപ്രായം രേഖപ്പെടുത്തി മടങ്ങി. ആദ്യാഭിപ്രായത്തിന്റെ ബലത്തിൽ അവൻ നിർഭയം, നിരന്തരം പല പല ബ്ലോഗുകളിലായി ആയിരക്കണക്കിനു കമന്റുകൾ വാരി വിതറി. കമന്റുകൾ കമന്റുകളായി വരാനും തുടങ്ങി. പതിവായി പലരും വന്നു തുടങ്ങി. ബ്ലോഗെന്നാൽ വിശാലമനസ്കനെന്ന് മനസ്സിലാക്കിയിരുന്ന അവനോട്‌ പലരും അത്‌ ചേർക്കൂ ഇത്‌ ചേർക്കൂ എന്നോക്കെ പറഞ്ഞിട്ട്‌ പോകാനും തുടങ്ങി. അങ്ങനെ മനോമോഹനശിങ്കമായി മൗനിയായി അന്തം വിട്ട്‌ നിന്ന അവന്റെ തലയ്ക്ക്‌ മുകളിൽ പതിനാലു വാട്ടിന്റെ സി.എഫ്‌.എൽ കത്തി. അഭിപ്രായം പറഞ്ഞവരോട്‌ തന്നെ ഫോളോവർ ഗാഡ്ജറ്റ്‌ എങ്ങനെ ചേർക്കാം എന്ന് ചോദിയ്ക്കാൻ തീരുമാനിച്ചു. സ്വന്തം ബ്ലോഗിലും അവരുടെ ബ്ലോഗിലും ചോദിച്ചു..

        സ്ഥലപരിചയം ഇല്ലാത്തയാൾ കോട്ടയം ടൗണിൽ വന്ന് വഴി ചോദിച്ചാൽ ചോദ്യം കേൾക്കുന്നയാൾ വല്ലാത്തൊരു പുച്ഛഭാവത്തോടെ , തലയുയർത്തി, ചുണ്ട്‌ വക്രിച്ച്‌  'ആ ' എന്ന് പറയുന്നത്‌ പോലെയുള്ള അനുഭവം. ആരും അവനെ മൈൻഡ്‌ ചെയ്തില്ല. അവസാനം സധൈര്യം അവൻ സ്വന്തമായി ഫോളോവർ ഗാഡ്ജറ്റ്‌ ചേർക്കാൻ തീരുമാനിച്ചു. അവന്റെ സെറ്റിങ്ങ്സും, ബ്ലോഗർ സെറ്റിങ്ങ്സും തമ്മിൽ പൊരുത്തപ്പെടാതിരുന്നതു കൊണ്ട്‌ അത്‌ ചേർന്നുമില്ല. ഒരു പോസ്റ്റ്‌ ഡിലീറ്റ്‌ ആകുകയും ചെയ്തു.
അറിയാൻ മേലാത്ത പണിയ്ക്ക്‌ ഇനിയില്ല എന്നുറപ്പിച്ച്‌ സ്വന്തം ബ്ലോഗിനെ ചരമക്കോളത്തിലിട്ടേക്കാം എന്ന് തീരുമാനിച്ച്‌ ഉറങ്ങാൻ കിടന്ന അവനെ ഞെട്ടിച്ച്‌ കൊണ്ട്‌ പിറ്റേന്ന് ഒരു പെൺകുട്ടിയുടെ മെയിൽ വന്നു. ഫൈസൽ ബാബുവിനോട്‌ പറഞ്ഞാൽ ഫോളൊവർ ഓപ്ഷൻ ചെയ്ത്‌ തരുമെന്ന ആ മെയിൽ വായിച്ച അവൻ സന്തോഷിച്ചു. പിന്നെ ഫേസ്ബുക്കിൽ അദ്ദേഹത്തെ തെരഞ്ഞ്‌ കണ്ടുപിടിച്ച്‌ ആവശ്യം അറിയിച്ചു. പുതുമുഖത്തോട്‌ അതീവ കാരുണ്യത്തോടെ പെരുമാറിയ ഫൈസലിക്ക അവന്റെ ബ്ലോഗിനെ മനുഷ്യർക്ക്‌ വായിക്കാൻ പറ്റിയ വിധത്തിൽ ആക്കിക്കൊടുത്തു. അവൻ പിന്നെ കൂടുതൽ കൂടുതൽ ബ്ലോഗുകളിൽ എത്താനും അഭിപ്രായം പറയാനും തുടങ്ങി.

    അങ്ങനെ 'കോളാമ്പി 'എന്ന ബ്ലോഗും സുധി അറയ്ക്കൽ എന്ന പേരും കുറച്ച്‌ ബ്ലോഗർമ്മാരൊക്കെ അറിയാൻ തുടങ്ങി.

       ബ്ലോഗ്‌ ചെയ്യണമെന്ന ആഗ്രഹത്താൽ ബ്ലോഗിലെത്തി, ആഗ്രഹം സാധിച്ച്‌ കഴിഞ്ഞപ്പോൾ അത്യാഗ്രഹം ലിങ്കിന്റെ രൂപത്തിലെത്തി. ബ്ലോഗിൽ ലിങ്കിടാൻ പഴയ പെൺകുട്ടി വീണ്ടും സഹായിച്ചു. അതാ വരുന്നു ദുരാഗ്രഹം പിന്നേം. കമന്റിൽ ലിങ്ക്‌ ചെയ്യണം. സധൈര്യം സ്വന്തമായി ലിങ്ക്‌ ഇട്ടു. ഇട്ടത്‌ ഇസ്മയിൽ കുറുമ്പടിയുടെ ബ്ലോഗിൽ. ഇട്ടത്‌ ഇങ്ങനെ.

"എനിയ്ക്കുമുണ്ട്‌ ഒരു മരം കയറ്റ അനുഭവം. വായിക്കാൻ ഇവിടെ ഞെക്കൂ."

  പിറ്റേന്ന് കുറുമ്പടിയുടെ മെയിൽ.
"ഞെക്കി. ഞെക്ക്‌ കൊള്ളുന്നില്ല."

എന്ത്‌ ഞെക്ക്‌ കൊള്ളുന്നില്ലേ?? സുധീ!!!!മുട്ടൻ പണി കിട്ടിയെടാ നിനക്ക്‌!! എന്ന് ആത്മഗതം നടത്തി ആ പോസ്റ്റിൽ പോയി നോക്കി. സംഗതി സത്യമാണ്. ഞെക്ക്‌ കൊള്ളുന്നുണ്ട്‌. പക്ഷേ സ്വന്തം പാർട്ടിക്കാർ തന്നെ കാലുവാരിയ വി.എസ്സിനെപ്പോലെ എന്റെ ബ്ലോഗിലെ പോസ്റ്റിലെത്തുന്നില്ല. ഒരു മാതിരി ചെമ്പ്ലാവ്‌ സെറ്റിന്റെ ഓഞ്ഞ പടക്കം പോലെ.

      തണുപ്പത്തും ആകെ വിയർത്തു. ഒരു ഗ്ലാസ്സ്‌ തണുത്ത വെള്ളം അകത്തേയ്ക്ക്‌ വിക്ഷേപിച്ചു. നാണക്കേട്‌ ഒഴിവാക്കാൻ വീണ്ടും ആ പെൺകുട്ടിയോട്‌ സഹായം അഭ്യർത്ഥിച്ചു. ലിങ്ക്‌ അയച്ചു തന്നു. അത്‌ കുറുമ്പടിയുടെ ബ്ലോഗിൽ പേസ്റ്റ്‌ ചെയ്തോളാൻ പറഞ്ഞു. അങ്ങനെ ചെയ്തു.

    പരിചയം ബ്ലോഗ്‌ ലിങ്കുകൾ കൈമാറി വളർന്നതിനോടൊപ്പം അൽപം കൂടി വേഗതയുള്ള ഹാങ്ങൗട്ടിലേയ്ക്ക്‌ മാറി.

       എന്റെ മനസ്സിൽ ആരാധന കലർന്ന അനുരാഗം മൊട്ടിട്ടു. അപ്പുറത്തും മൊട്ടിട്ടോ എന്നറിയാൻ പല മാർഗ്ഗങ്ങളും നോക്കി.

സ്ഥിരമായിട്ട്‌ ലിങ്ക്‌ ഇട്ട്‌ തരാമോ, നമുക്ക്‌ ഒന്നിച്ച്‌ ബ്ലോഗ്‌ ചെയ്താലോ? എന്റെ ആദ്യപ്രണയം നഷ്ടസ്വപ്നമായി അവശേഷിയ്ക്കുന്നു, കല്യാണം കഴിയ്ക്കാൻ വീട്ടുകാർ നിർബന്ധിയ്ക്കുന്നു (ചുമ്മാ...) ഇങ്ങനെയുള്ള മൂന്തോടൻ പ്രയോഗങ്ങൾ വെള്ളത്തിലെ വര പോലെയായിത്തീരുന്നത്‌ നിസംഗതയോടെ നോക്കി നിൽക്കാൻ എനിയ്ക്ക്‌ കഴിഞ്ഞില്ല.

     അവസാനം സഹികെട്ട്‌ ഇഷ്ടതാരമായ ലാലേട്ടനെ മനസ്സിൽ ധ്യാനിച്ച്‌
"യൂ ആർ ദ്‌ ലൈറ്റ്‌ ഒഫ്‌ മൈ ലോൺലി ലൈഫ്‌; ലവ്‌ ഒഫ്‌ മൈ ഹാർട്ട്‌, ഡ്യൂ ഒഫ്‌ മൈ ഡെസർട്ട്‌, റ്റ്യൂൺ ഒഫ്‌ മൈ സോങ്ങ്‌, ക്വീൻ ഒഫ്‌ മൈ കിംഗ്ഡം, ആാാാാാാാൻഡ്‌ ഐ ലവ്‌ യൂ കല്യാാാാാാാാാണിക്കുട്ടീീീീീ "
എന്ന സുപ്രസിദ്ധമായ ഡയലോഗ്‌  നാടൻ സ്റ്റൈലിൽ സുധീഷീകരിച്ച്‌
"യൂ ആർ മൈ ലവ്‌, യൂ ആർ മൈ ഹാർട്ട്‌, യൂ ആർ മൈ സോൾ, യൂ ആർ മൈ ഡെസർട്ട്‌, യൂ ആർ മൈ ഡെസ്റ്റിനി, യൂ ആർ മൈ ക്വീൻ ആാാാാാാൻഡ്‌ ഐ ലാാാാാാാാവ്‌ യൂ എന്റെ കല്യാണിക്കുട്ടീീീീീ "
എന്ന് ഒറ്റ മെയിലങ്ങ്‌ ചെയ്തു.

രണ്ട്‌ ദിവസത്തേക്ക്‌ ഒരു അനക്കവുമില്ല. മൂന്നാം ദിവസം മെസേജ്‌ വന്നു. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട്‌ ഒരു കൊച്ച് ബ്ലോഗേഴ്സ്‌ മീറ്റ്‌ തൃശ്ശൂർ വടക്കുന്നാഥക്ഷേത്ര സന്നിധിയിൽ വെച്ച്‌ നടന്നു. ആണുകാണലും പെണ്ണുകാണലും ഒന്നിച്ച്‌!!!.


*                   *                 *                    *
                                          
(പിറ്റേന്ന് രാവിലെ എന്റെ വീട്‌)

അമ്മിയും ബന്ധുവും കൂട്ടുകാരനുമായ സഞ്ചുവുമുണ്ട്‌.

"അമ്മീ ..ഞാനിന്നലെ ഒരു പെണ്ണുകാണാൻ പോയതാ."

ഇളിഭ്യതയോടെ പറഞ്ഞൊപ്പിച്ചു.

"ഓ!!!പിന്നേ!!! അമ്മി തൃണവൽഗണിച്ചു.

"അല്ലമ്മീ , സത്യായിട്ടും പെണ്ണുകാണാൻ പോയതാ."

"അതിനു നീ വടക്കുന്നാഥനെ തൊഴാൻ പോയതാന്നല്ലേ പറഞ്ഞത്‌."?

"അതേ!!! രണ്ട്‌ കാര്യങ്ങളും നടന്നെന്നേ ".

അമ്മിയ്ക്ക്‌ അദ്ഭുതം!!!

"അവളേത്തന്നെ കെട്ടാനും തീരുമാനിച്ചു."

"എന്ത്‌ ഞങ്ങളറിയാതെയോ?" ചുളിഞ്ഞ മുഖം.

"അമ്മി തന്നെ അച്ഛനോടും സിന്ധുവിനോടും, ടുട്ടുവിനോടും പറയണം."

അമ്മി കാപ്പി കൊണ്ടുവന്നു. കൂടെ ഏത്തപ്പഴം പുഴുങ്ങിയതും.
എന്റെ കട്ടിലിൽ നിന്നും ഭിത്തിയിലേക്ക്‌ ചാരിക്കിടന്ന് കാപ്പി മൊത്തിക്കുടിയ്ക്കുന്ന രീതിയിൽ ഏറുകണ്ണിട്ട്‌ അമ്മിയെ ഒന്ന് നോക്കി .

വ്യാകുലമാതാവ്‌ തന്നെ.!!

സഹായത്തിനായ്‌ വിളിച്ച സഞ്ചു പഴ ഉപ്പേരിയാക്കി കടിച്ച്‌ കാർന്ന് തിന്ന് കൊണ്ട്‌ ഫാനിന്റെ കറക്കം ശ്രദ്ധിക്കുന്നു.
 "ദുഷ്ടാ!! കശ്മലാ !!!!! കൈവിടാതെടാ പിശാശേ!!!!. നിന്റെ കല്യാണം ഉറപ്പിച്ച്‌ കഴിഞ്ഞ്‌ കലയെ കാണാൻ പോയതും, തിരിച്ച്‌ വരുന്ന വഴിയ്ക്ക്‌ പുല്ലുമായി വന്ന അമ്മായിയമ്മയുടെ മുന്നിൽ പെടാതിരിയ്ക്കാൻ ബൈക്ക്‌ വെട്ടിച്ച്‌ വഴി തിരിച്ച്‌ വിട്ടതും ഞാനാടാ ദുഷ്ടാ!!!!"

മനസ്സിൽ ഓർത്തുകൊണ്ട്‌ ഇങ്ങനെ പറയാനേ കഴിഞ്ഞുള്ളൂ.

"തൊലി തിന്നല്ലേടാ.എന്റെ പഴോം കൂടെകഴിച്ചോ!!!"

ഏയ്‌!! അവനെന്റെ ബന്ധുവല്ല, എന്തിന് മൂന്തോടുകാരൻ പോലുമല്ല
ഏറുകണ്ണു നേർക്കണ്ണാക്കണോ അതോ  സ്ഥിരമായി അടച്ച്‌ വെക്കണോ എന്നാലോചിച്ച്‌ കൊണ്ടിരുന്നപ്പോൾ അമ്മിയ്ക്ക്‌ ചിരി പൊട്ടി.

"സന്യസിക്കാൻ പോകുവാന്ന് പറഞ്ഞതാരാടാ."?

"ഞാൻ " (ദയനീയൻ)

"കാശിയ്ക്ക്‌ പോകുവാന്ന് പറഞ്ഞിരുന്നതാരാ ?"

" ഞാനാ" (അവസ്ഥക്ക് മാററമില്ല.)

"ഹിമാലയത്തിൽ പോകുവാന്ന് പറഞ്ഞിരുന്നതോ "?

"അതും ഞാനാ " (അതീവദയനീയൻ)

"ഹിമാലയത്തിൽ അറയ്ക്കൽ ഗുഹ ഉണ്ടാക്കി ധ്യാനിയ്ക്കാൻ പോകുവാന്ന് പറഞ്ഞിരുന്നത്‌ "?

"ആ!!ആ!!ഓ!!ഓ!!!" എല്ലാം ഞാൻ തന്നെ."

മാതാവ്‌ ഒരു അവസരം കിട്ടിയപ്പോൾ തളപ്പിട്ട്‌ കയറുകയാ.

സഞ്ചു ഒന്ന് വിക്കി. വിക്കൽ ചിരിയായി, ചിരി അട്ടഹാസമായി അങ്ങ്‌ ഹിമാലയത്തിൽ വരെ കേൾക്കുന്ന രീതിയിലായി. നിന്നെ സസ്പെൻഡ്‌ ചെയ്തിരിക്കുന്നെടാ.. ഹും!!!

"ഹും!!! ഇപ്പോൾ വീട്ടുകാരറിയാതെ ഒരു പെണ്ണും കണ്ടേച്ച്‌ വന്നേക്കുന്നു. എന്നതായാലും മുൻസന്യാസിയ്ക്ക്‌ താടീം മുടീം കളഞ്ഞിട്ട്‌ ഒരു മനുഷ്യക്കോലത്തിൽ പോകാൻ മേലാരുന്നോ "?

അയ്യോ!! അത്‌ ശരിയാരുന്നു. അല്ലെങ്കിലും സാരമില്ല. ഒട്ടിയ കവിളും ക്ഷീണിച്ച്‌ ദുർബലമായ ശരീരവും മറയ്ക്കാൻ മുഖത്തിനൽപം പൗരുഷം നല്ലതാ.
മാതാവിനെന്നാ അറിയാം.!!!!.
   
"എന്നതായാലും കെട്ടാൻ തീരുമാനിച്ചല്ലോ. നല്ല കാര്യം. നന്നയി ജീവിച്ചു കണ്ടാൽ മതി."

"ആ... പിന്നല്ലാതെ."

ഒന്ന് വലിച്ചിട്ട്‌ വരാമെന്ന് കൈകൊണ്ട്‌ ആംഗ്യം കാണിച്ചിട്ട്‌ സഞ്ചു പുറത്തേക്കിറങ്ങി.
അമ്മിയെ ബ്ലോഗേഴ്സ്മീറ്റിന്റെ ഫോട്ടോ കാണിച്ചിട്ട്‌ പുറത്തേക്കിറങ്ങിയപ്പോൾ  കാറിൽ ചാരി നിന്ന് ചിരിക്കുകയും, ചുമയ്ക്കുകയും, പിന്നെ വളഞ്ഞ്‌ നിന്ന് ചങ്ക്‌ തിരുമ്മുകയും ചെയ്യുന്ന സഞ്ചു.!

*                        *                             *

അന്നേ ദിവസം തന്നെ പെൺകുട്ടിയുടെ വീട്‌.
രാത്രി ആയിരിക്കുന്നു.

'നിങ്ങൾക്കുമാകാം കോടീശ്വരൻ' കണ്ട്‌ കൊണ്ടിരിക്കുകയും, മടമട വെള്ളം കുടിയ്ക്കുകയും ചെയ്യുന്ന കഥാനായിക അവസാനം സുരേഷ്‌ ഗോപി ഗുഡ്നൈറ്റ്‌ പറഞ്ഞ്‌ പിരിഞ്ഞതിനുശേഷം കുളിക്കാനായി തുടങ്ങുന്ന അച്ഛന്റെ അടുത്ത്‌ ചെന്നു.

"തൊഴാൻ പറ്റ്യോ മോളേ "? അച്ഛന്റെ വാത്സല്യത്തോടെയുള്ള ചോദ്യം.

"അച്ഛാ എനിയ്ക്കൊരു കല്യാണം കഴിക്കണം."

"പിന്നേ!!കഴിക്കാം. അതോ കഴിച്ചിട്ടാണോ വന്നിരിക്കുന്നത്‌.?"

"പോ അച്ഛാ.ഞാനങ്ങനെ ചെയ്യുമോ "?

"അതില്ല.എന്നാലും!!!!"

"ഒരെന്നാലുമില്ല."

"മോളാരേയേലും കണ്ട്‌ വെച്ചിട്ടുണ്ടോ "?

"ഉണ്ട്‌.നല്ല ദൂരെയാ "

"അങ്ങ്‌ ദൂരെ കോട്ടയത്താ."

ചേച്ചിയെ തട്ടിക്കൊണ്ട്‌ പോകാൻ ഒരു ദുഷ്ടകശ്മലൻ അങ്ങ്‌ ദൂരെ കോട്ടയത്ത് നിന്നും എത്തിയിട്ടുണ്ടെന്ന ഗുരുതരമായ അവസ്ഥാവിശേഷം മനസ്സിലാക്കിയ അനിയനും അനിയത്തിയും രൂക്ഷമായ നോട്ടത്തോടെ ഹാജരായി.

"അമ്മേ ദേ ചേച്ചി ഒരു കോട്ടയംകാരനെ കണ്ടുപിടിച്ചിട്ട്‌ വന്നിരിക്കുന്നു.
വേണേൽ വന്നു കണ്ടോ. നാളെ നേരം വെളുത്താൽ കാണാൻ പറ്റീന്ന് വരില്ല്യ!!."

അമ്മയെത്തി..

"കോട്ടയംകാരനോ "?

കോട്ടയം എന്ന് കേട്ട അമ്മയുടെ മൂക്കത്ത്‌ വെച്ച വിരൽ വഴുതി.

"എന്നാലും ഇതെങ്ങനെയാ വെല്ല്യേച്ചീ?ഫേസ്ബുക്കാണോ??"

"അല്ലാന്നേ.ബ്ലോഗ്‌ വായിച്ചിട്ട്‌ വന്നതാ."

"ബ്ലോഗ്‌ വഴിയോ.നുണയാ അച്ഛാ.അത്‌ വഴി ആളൊന്നും വരത്തില്ല."

"അല്ലെന്നേ.ബ്ലോഗിൽ ലിങ്കിടാൻ ഒരാളെ സഹായിച്ചതാ."

"എന്തിടാൻ "? അമ്മ.

"ലിങ്ക്‌.അത്‌ ഇന്റർനെറ്റിലെ ഒരു സംഭവമാ അമ്മേ  ".

"ശ്ശോ!!ഞാനങ്ങ്‌ നാണിച്ച്‌ പോയി. വീണ്ടും അമ്മ.

"എന്നാലും കോട്ടയമെന്നൊക്കെ പറഞ്ഞാൽ വലിയ ചൂടന്മാരും,ആക്രാന്തികളും ആണെന്നാ കേട്ടേക്കുന്നത്‌." അച്ഛനും ഒട്ടും പുറകോട്ടല്ല.

"അല്ല.അവൻ കോട്ടയത്തെവിടെയാ "?

"പാലയ്ക്കടുത്താ.കിടങ്ങൂർ."

"ഓ!!പാലാക്കാരനാ!!!അവിടെയൊക്കെ നോട്ടെണ്ണുന്ന മിഷ്യനൊക്കെയുള്ള നാടാണല്ലൊ."?

"അങ്ങനെ ആയിരിക്കുമോ?ഏയ്‌.അങ്ങനെയൊന്നും പറഞ്ഞിട്ടില്ലല്ലോ."

"അത്‌ സാരമില്ല.പിന്നെ മനസ്സിലാക്കിക്കോളും."

"അങ്ങനെയൊന്നുമില്ല അച്ഛാ.പാവമാ.അക്ഷരനഗരി,അച്ചടിഭാഷ എന്നൊക്കെ കേട്ടിട്ടില്ലേ??"

"പിന്നേ അച്ചടിപാശ.എന്നാ ,എന്നാത്തിനാ എന്നൊക്കെ പറയുന്നതാ അച്ചരനകരിക്കാര്.ഹും!!"

അവൾ മൗനം പാലിച്ചു.

അനിയത്തി എന്തോ പറയാനാഞ്ഞ്‌ പിന്നെ വേണ്ടാന്ന് വെച്ചു. ആവശ്യം വന്നാൽ വെല്ല്യേച്ചി അല്ലേ സഹായിക്കാൻ കാണൂ.

"അച്ഛനൊന്നും പറഞ്ഞില്ല."

""കല്യാണക്കാര്യമല്ലേ?ആലോചിക്കണം മോളേ."

"എനിയ്ക്കാലൊചിക്കാനൊന്നുമില്ല."

"പക്ഷേ നീ എന്റെ മോളായത്കൊണ്ട്‌ എനിക്കാലോചിക്കണമല്ലോ. എന്തായാലും ശനിയാഴ്ച ഉച്ച ആകുമ്പോ അവനോട്‌ എന്നെ ഒന്ന് വിളിക്കാൻ പറഞ്ഞേക്ക്‌."

ശനിയാഴ്ചയ്ക്ക്‌ ഇനി നാലു ദിവസം കൂടി.

വാട്സാപ്പ്കാരന്റെ സെർവ്വറുകളെ നിലപരിശാക്കി മെസേജുകൾ ടവറുകളിൽ നിന്നും ടവറുകളിലേക്ക്‌ ചിഹ്നം വിളിച്ചു നടന്നു.

ശനിയാഴ്ച ആകാൻ കാത്തുകാത്തിരുന്നു.
സൂര്യനിന്നെന്നാ ഉച്ചയാകണ്ടേ?? ഇനി അവനെ പിടിച്ച് വീടിന്റെ  മുകളില്‍ കൊണ്ടുവന്നാലോ?? അല്ലെങ്കിൽ വേണ്ട. ഇനിയും  കരിഞ്ഞാൽ അതെന്ത് നിറമായിരിക്കുമെന്നോർത്ത് സൂര്യഭഗവാനെ വെറുതേ വിട്ടു.

ശനി.
സൂര്യൻ സാവധാനം ഉച്ചത്തിലായി.

മണി ഒന്നര.!!

വളരെ വിനയപുരസ്സരം ഫോണുമായി ചേരിപ്പാടത്തെ പകുത്ത്‌ പോകുന്ന സിമന്റ്‌ വരമ്പിന്റെ അങ്ങേ അറ്റത്തേക്ക്‌ നടന്നു.

അവിടെയെത്തി ഫോൺ ചെയ്തു.

"ഹലോ " ഭയങ്കര ഗൗരവമാണല്ലോ.!!!

"ഹലോ. ഞാൻ സുധീഷ്‌. കോട്ടയത്തു നിന്നാണ്."

"ആ.. മോള് പറഞ്ഞിരുന്നു.

"എനിയ്ക്കെന്നാ പറയേണ്ടെന്നറിയില്ല.
(ആഹാ. ഞാൻ മോളോട്‌ പറഞ്ഞിട്ടുണ്ട്‌. അതും ലാലേട്ടന്റെ ഹിറ്റ്‌ ഡയലോഗ്‌ )

"ഓ.ഇനി അത്‌ പറഞ്ഞിട്ട്‌ കാര്യമില്ലല്ലൊ. നിങ്ങളെല്ലാം തീരുമാനിച്ചിട്ടല്ലേ നിൽക്കുന്നത്‌."?

"ഏയ്‌. അല്ല. വീട്ടുകാരുടെ സമ്മതം കൂടി വേണമല്ലൊ. (സമ്മതിയ്ക്കണേ!!!!!! )

" വീട്ടിൽ പറഞ്ഞോ ?"

"നാലു വട്ടം പറഞ്ഞു. അമ്മിയോട്‌ പറഞ്ഞിട്ടുണ്ട്‌. അവിടുത്തെ സമ്മതം അറിയണം. എന്നിട്ട്‌ മത്യല്ലോ ബാക്കി കാര്യങ്ങളെല്ലാം." (എന്താകുമോ എന്തോ..??!! )

"ആദ്യം ഇങ്ങോട്ട്‌ ബന്ധുക്കളേയും കൂട്ടി വരണം. പെണ്ണു ചോദിക്കാൻ. പിന്നെ ഞങ്ങളൊക്കെ അങ്ങോട്ട്‌ വരാം. എന്നിട്ട്‌ ഒരു ദിവസം നിശ്ചയിച്ചിട്ട്‌ അന്ന് നിശ്ചയം നടത്താം."

"അപ്പോ അച്ഛനു സമ്മതമാണോ."

"എന്റെ സമ്മതം പ്രശ്നമല്ലല്ലൊ. മോൾ പറഞ്ഞത്‌ സുധിയെ മാത്രേ കെട്ടൂന്നാ. അല്ലാ എത്ര നാളായി ഈ ബന്ധം തുടങ്ങിയിട്ട്‌?"

"ഒന്നരമാസം." (രഹസ്യം ചോർത്താനാ. ഞാൻ വീഴത്തില്ല.)

"എന്തായാലും വീട്ടുകാരുടെ സമ്മതം വാങ്ങിയിട്ട്‌ അറിയിച്ചിട്ട്‌ വരിക."

"ശരി."

കുളിർമ്മയുള്ള നല്ലൊരു കാറ്റ്‌ പാടത്തൂടെ എന്നെ ലക്ഷ്യമാക്കി കടന്ന് വരുന്നതായി തോന്നി. പോകല്ലേ.. പോകല്ലെ.. എന്ന് കാറ്റിനോട്‌ പറഞ്ഞിട്ട്‌ ഇങ്ങോട്ട്‌ വരാനിടയുള്ള ചോദ്യശരങ്ങളുടെ ഉത്തരമടങ്ങുന്ന നാലുഷീറ്റ്‌ പേപ്പർ വലിച്ചുകീറി കാറ്റിനൊപ്പം കൊടുത്തുവിട്ടു.. ആർക്കെങ്കിലും ഗുണപ്പെട്ടാലോ!!!!!!!!

മുൻനിശ്ചയപ്രകാരം കാര്യങ്ങളെല്ലാം നീങ്ങി.
ജൂലൈ 13 ന് കല്യാണനിശ്ചയം നടന്നു.

ആദ്യമേ തന്നെ പിന്തുണച്ച അമ്മിയുടേയും, അമ്മി മുഖേന സമ്മതിച്ച അച്ഛന്റേയും, സിന്ധുവിന്റേയും, ടുട്ടുവിന്റേയും സമ്മതത്തോടെ ;

എന്റെ കഴിഞ്ഞ രണ്ട്‌ മദ്യക്കഥകൾ വായിച്ച്‌ "അകത്ത്‌ വല്ലതും ഉണ്ടാകുമോ ആവോ"എന്ന് ഉറക്കെ ആത്മഗതം നടത്തിയ അനിയത്തി വിദ്യയുടേയും, "ഇത്രയും കള്ളുകുടിച്ച മനുഷ്യനാണോ? എനിയ്ക്ക്‌ സ്വന്തം അമ്മാവനാകാൻ വിധിയില്ലേ ദൈവമേ" എന്ന് സഹതാപത്തോടെ വെല്ല്യേച്ചിയെ  നോക്കിക്കൊണ്ട്‌ കുഞ്ഞേച്ചിയോടായ്‌ പറഞ്ഞ അനിയൻ ഉണ്ണിക്കുട്ടന്റേയും, ഞാൻ മുൻപ്‌ ഇത്‌ വരെ കേട്ടിട്ടില്ലാത്ത അത്ര മധുരസ്വരത്തിനുടമയായ പ്രിയ അനന്തരവൾ നീതുവിന്റേയും, കല്യാണനിശ്ചയത്തിന്റന്ന് ഊണു കഴിച്ച്‌ കൊണ്ടിരുന്നപ്പോൾ തൊണ്ണൂറു വയസ്സ്‌ കഴിഞ്ഞ വെല്ല്യമ്മയെ താങ്ങിപ്പിടിച്ച്‌ കൊണ്ട്‌ വന്ന്  "സുധീ ഇതാണെന്റെ വെല്ല്യമ്മയുടെ ചേടത്തിയുടെ നാത്തൂൻ " എന്ന് പറഞ്ഞ്‌ മിഴുങ്ങസ്യാ നിന്ന അമ്മ ദേവയാനിയുടേയും; മറ്റെല്ലാ ബന്ധുജനങ്ങളുടേയും സമ്മതത്തോടെ ; രണ്ടായിരത്തി എഴുന്നൂറു ഈമെയിലുകളുടേയും, ആയിരത്തിയഞ്ഞൂറ് ഹാങ്ങൗട്ട്‌ മെസേജുകളുടേയും, അൻപതിനായിരത്തിനടുത്ത വാട്സാപ്പ്‌ മെസേജുകളുടേയും, നൂറ്റിയെട്ട്‌ മണിക്കൂറുകളുടെ കോൾഡ്യൂറേഷന്റേയും പിൻബലത്തിൽ, ബ്ലോഗിൽ വെച്ച്‌ കണ്ടുമുട്ടിയ ഞാനും  കല്ലോലിനി എന്ന പേരിൽ ബ്ലോഗ്‌ ചെയ്യുന്ന ദിവ്യയും പാലക്കാട്‌ തിരുമിറ്റക്കോട്‌
 അഞ്ചുമൂർത്തീക്ഷേത്രത്തിൽ വെച്ച് സെപ്റ്റംബർ 14 തിങ്കളാഴ്ച രാവിലെ 8 .35 നും 10.25 നും മധ്യേയുള്ള മുഹുർത്തത്തിൽ വിവാഹിതരാകുകയാണ്.


ഇത്‌ വരെ എന്റെ ബ്ലോഗിൽ വരികയും അഭിപ്രായം പറയുകയും, കണ്ടിട്ടും കാണാത്ത മട്ടിൽ പോകുകയും ചെയ്ത എല്ലാ പ്രിയപ്പെട്ട ബ്ലോഗർമാരുടേയും അനുഗ്രഹാശിസ്സുകളും , സഹകരണങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച്‌ കൊണ്ട്‌....

              * * *

(ബ്ലോഗർമാരെ കളിയാക്കിച്ചെയ്യാനിരിയ്ക്കുന്ന തുടർ പോസ്റ്റുകൾക്ക്‌   സമ്മതമറിയിച്ച സാക്ഷാൽ വിശാലമനസ്കനും ,എച്മുച്ചേച്ചിയുമടങ്ങുന്ന 37 ബ്ലോഗർമ്മാരെ നേരിടാനുള്ള കരുത്ത്‌ സംഭരിക്കട്ടെ.സമ്മതമറിയിച്ച എല്ലാവർക്കും നന്ദി.!!!!!!)

ചിത്രങ്ങള്‍: ഗ്രാമ്യഭാവങ്ങള്‍

Sunday, 2 August 2015

ഇരുളും വെളിച്ചവും.


                       അക്ഷരനഗരി എന്ന് വിശ്വവിഖ്യാതമായ                    കോട്ടയം ജില്ലയിലെ എല്ലാ  വീട്ടിലും കുറഞ്ഞത്‌ കുറഞ്ഞത്‌ രണ്ട്‌ നേഴ്സുമാർ എങ്കിലും വേണം എന്ന  കന്നടക്കാരുടെ ഉത്ക്കടമായ ആഗ്രഹപൂർത്തീകരണത്തിന്റെ ഭാഗമായി കോട്ടയം ജില്ലയുടെ വിവിധഭാഗങ്ങളിൽ നിന്നും നേഴ്സിംഗ്‌ പഠനത്തിനായി ബാംഗ്ലൂരിലേയ്ക്ക്‌ എത്തിച്ചേരുകയും ; പാർട്ട്സ്‌ ഒഫ്‌ തെർമോമീറ്ററും,സ്ഫിഗ്മോമാനോമീറ്ററിൽ മെർക്കുറി കോളമുണ്ടെന്നും,വിവേകാനന്ദാ കോളേജിൽ എക്സാം എഴുതിയാൽ ഹാഫ്‌ ഇയർ ബാക്കും,ക്രമേണ ഇയർ ബാക്കുമാകുമെന്നുമൊക്കെ മനസ്സിലാക്കി മൂന്നര വർഷത്തെ ജനറൽ നേഴ്സിംഗ്‌ കോഴ്സ്‌ വിശദമായി പഠിക്കാൻ നാലര വർഷമാക്കിയ ഞങ്ങൾക്ക്‌ ബാംഗ്ലൂരിലെ പഠനകാലയളവിലെ അവസാന ദിവസമായിരുന്നു അന്ന്.
            പല നാടുകളിൽ നിന്നും ബാംഗ്ലൂരിലെത്തി  പലപല        കോളേജുകളിൽ പഠനം ആരംഭിക്കുകയും ,പിന്നീട്‌       പടർന്ന് പന്തലിച്ച സൌഹൃദത്തണലിൽ ഹെണ്ണൂർക്രോസ്സിൽ വീട്‌ വാടകയ്ക്കെടുത്ത്‌   താമസിക്കുകയും;അലമ്പും       വഴക്കും വക്കാണവും,ചിരിയും  ബഹളവും ,ഇണക്കവും         പിണക്കവും ,പിണങ്ങിമാറലും കൂടിച്ചേരലും,ഊഴമിട്ട് പാചകവും,മദ്യപാനവും, പുകവലിയും,ചീട്ടുകളിയും,സംഗീതസദസ്സുമായി തള്ളി നീക്കിയ നാലരവർഷക്കാലം ഒരിയ്ക്കലും മറക്കാനാവാത്ത നിത്യഹരിതസ്മരണകൾ ആണ് ഞങ്ങൾക്ക്‌ തന്നിരിക്കുന്നതെന്ന് കൂടെയുണ്ടായിരുന്ന കൂട്ടുകാർ യാത്ര പറഞ്ഞ്‌ പിരിഞ്ഞിട്ടും പോകാനാവാതെ എട്ട്പത്ത്‌ ദിവസമായി അവിടെ തങ്ങിയപ്പോളാണ് ഞങ്ങൾക്ക്‌ മനസ്സിലായത്‌. പോകാനാവാത്തത്‌ മറ്റൊന്നും കൊണ്ടായിരുന്നില്ല.മൂന്ന് വീടുകൾക്കായി കൊടുത്തിരുന്ന സെക്യൂരിറ്റിപ്പണം തിരിച്ചു വാങ്ങേണ്ടിയിരുന്നു..മുപ്പതിനായിരത്തിൽ ഇരുപതിനായിരമെങ്കിലും കിട്ടുമെന്ന പ്രതീക്ഷയാണു ഞങ്ങളെ അവിടെ തങ്ങാൻ പ്രേരിപ്പിച്ചത്‌.ഞങ്ങൾ എന്ന് പറഞ്ഞാൽ ഞാൻ,അജു,അനീഷുമാർ രണ്ട്‌ പേർ,പിന്നെ കണ്ണനും.
    2010  ഒക്റ്റോബർ മാസത്തിലെ ഒരു പ്രഭാതം.
      ഹനുമാൻ കോവിലിൽ നിന്നും ഉയർന്ന് കേട്ട പ്രഭാതകീർത്തനം ഞങ്ങൾ നാലുപേരേയും ഉണർത്തി.അഞ്ചാമത്തെ ആളായ മാക്കാൻ അനീഷ്‌ വീട്ടിലില്ല.വീട്ടിൽ നിന്നും അയച്ച്‌ തരുന്ന പണം തീരുമ്പോൾ കല്യാണമണ്ഡപങ്ങൾ അന്വേഷിച്ച്‌ നടക്കുന്ന സാദാ മലയാളി വിദ്യാർത്ഥികളേപ്പോലെ പെരുമാറാൻ മാക്കാന് കഴിയുമായിരുന്നില്ല. 'ടെസ്റ്റ്‌' എന്നറിയപ്പെടുന്ന മരുന്ന് പരീക്ഷണത്തിന് പോയിരിക്കുകയാണ്.പരീക്ഷിയ്ക്കുന്ന മരുന്നിന്റെ ഡോസ്‌ പോലെ  പതിനായിരം മുതൽ ഇരുപതിനായിരം രൂപ വരെ കിട്ടാം..പത്ത്‌ ദിവസം കാരാഗൃഹവാസം ആയിരിക്കുമെന്ന് മാത്രം.പതിനയ്യായിരത്തിന്റെ  ടെസ്റ്റ്‌ ആണെന്ന് പറഞ്ഞാണ് ഇത്തവണത്തെ‌ പോക്ക്‌.മിക്കവാറും ചിക്കൻ ഗുനിയയുടെ പരീക്ഷണമായിരിക്കുമെന്ന് പറഞ്ഞ്‌ ഞങ്ങൾ പേടിപ്പിച്ചെങ്കിലും അവനു യാതൊരു കൂസലുമുണ്ടായിരുന്നില്ല.പത്ത്‌ ദിവസത്തെ ടെസ്റ്റ്‌ കഴിഞ്ഞ്‌ അവൻ വന്നിട്ട്‌ വേണം വീടൊഴിയാൻ.അവനെ ഞങ്ങൾ കാത്തിരിക്കുകയാണ്...
      കണ്ണൻ പോയി ഒരു കവർ പാലും,ഒരു രൂപയുടെ മൂന്ന് ബ്രൂവുമായി വന്നു.കാപ്പിയിട്ടു.
   എല്ലാവരും കുടിച്ചുകൊണ്ടിരിക്കേ അജു ചോദിച്ചു.
"ഇന്നത്തെ നമ്മുടെ ഷെഡ്യൂൾ എന്നതാ "?
 
"അങ്ങനെ ഇന്ന ഷെഡ്യൂൾ എന്നൊന്നുമില്ല.നീയും കണ്ണനും കൂടെ ഹെണ്ണൂർ ബണ്ടിൽ പോയി ഒരു കന്നാസ്‌ കള്ള്‌ മേടിച്ചോണ്ട്‌ വാ.ബാക്കിയൊക്കെ മാക്കാൻ വന്നതിനു ശേഷം.
   വോട്ടെണ്ണലിനു നാൽപ്പത്തെട്ട്‌ മണിക്കൂർ മുൻപ്‌ പരസ്യപ്രചാരണം അവസാനിപ്പിച്ച്‌ കൊട്ടിക്കലാശം നടത്തി,രണ്ട്‌ ദിവസം പൊതുജനത്തിന് ചിന്തിക്കാൻ അവസരം കൊടുക്കുന്നത്‌ പോലെ ഹൗസ്‌ ഓണർ അമ്മച്ചിക്ക്‌ ഇനി മലയാളി നേഴ്സിംഗ്‌ പിള്ളേർക്ക്‌ വീട്‌ കൊടുക്കണോ എന്ന് ചിന്തിയ്ക്കാൻ അവസാന അവസരം ഞങ്ങൾ നൽകുകയാണ്.

        കരിമ്പനക്കള്ള്‌ വാങ്ങി വന്നപ്പോളേയ്ക്കും മാക്കാനുമെത്തി.ആസ്ഥാന കുക്കായ കണ്ണൻ ഉണ്ടാക്കിയ ഉപ്പുമാവ്‌ എല്ലാവരും കഴിച്ചു.
കൂടുതൽ ചിന്തിയ്ക്കാൻ തലച്ചോറിനു സമയം കൊടുക്കുന്നതിനു മുൻപ്‌ കള്ളുംകന്നാസ്‌ അനീഷ്‌ എടുത്തു.

കോട്ടയംകാരുടെ മദ്യപാനസദസ്സിലെ അനിവാര്യവും,ആപേക്ഷികവും,നിർണായകവുമായ  ഗാനമേളയ്ക്കുള്ള സമയം സമാഗതമായി.
ഈശ്വരപ്രാർത്ഥനയോടെ ചടങ്ങുകൾ ആരംഭിച്ചു.

"യഹൂദിയായിലെ ഒരു ഗ്രാമത്തിൽ
ഒരു ധനുമാസത്തിൽ...."
എല്ലാവരും ഭക്ത്യാദരപൂർവ്വം കന്നാസിനെ തൊട്ട്‌ വന്ദിച്ചു.കമഴ്ത്തി വെച്ചിരുന്ന ഗ്ലാസുകൾ നിവർത്തി.

ഏത്‌ ശുഭകാര്യം ചെയ്യുന്നതിനു മുൻപും മധുരം കഴിക്കണമെന്ന പരസ്യക്കാരന്റെ വാക്കുകൾ അനുസരിച്ച്‌ എല്ലാവരും ഓരോ ഗ്ലാസ്സ്‌ കരിമ്പനക്കള്ള്‌ അകത്താക്കി.
അഞ്ച്‌ ഗായകരും  നാലു പാട്ടുകൾ വീതം വാരി അലക്കി.അതോടൊപ്പം കന്നാസ്‌ കാലിയാകാനും തുടങ്ങി.ഞങ്ങളുടെ മാസ്റ്റർ പീസായ,ഹരിവരാസനമായ 'ഈശ്വരനൊരിയ്ക്കൽ വിരുന്നിനു പോയി' എന്ന നിത്യഹരിതനായകൻ ഗന്ധർവ്വസ്വരത്തിൽ പാടി അനശ്വരമാക്കിയ ഗാനം ആയപ്പോൾ ഗായകരുടെ സ്വരം അത്യുച്ചത്തിലായി.കഴുത്തിലേയും മുഖത്തേയും ഞരമ്പുകളൊക്കെ വിജൃംഭിച്ച്‌ അവസാനദിനത്തെ വെപ്രാളത്തിന്റെ തീവ്രസ്ഥായിയിൽ എത്തിയപ്പോൾ കോളിംഗ്‌ ബെൽ നിർത്താതെ കരഞ്ഞു.....

  "ഈശ്വരാ...ഇന്നും കന്നടയിൽ തെറി തന്നെ.മാക്കാനേ പോയി കേട്ടിട്ട്‌ വാ."

മാക്കാൻ പതിവ്‌ പോലെ തെറി കേൾക്കാൻ പോയി.
മാക്കാനെ തള്ളിമാറ്റി വീട്ടുടമസ്ഥ മുറിയ്ക്കകത്തേയ്ക്ക്‌ കടന്നുവന്നു.ഇരുപതിനായിരമെങ്കിലും ഇങ്ങോട്ട്‌ കിട്ടുമെന്ന് പ്രതീക്ഷിച്ചത്‌ വെറുതേ ആയല്ലോ ഭഗവാനേ!!!!അങ്ങോട്ട്‌ വല്ലതും കൊടുക്കേണ്ടി  വരാതിരുന്നാൽ മതിയായിരുന്നു.
അമ്മച്ചിയ്ക്ക്‌ കള്ളുംകന്നാസ്‌ കണ്ട്‌ മനസ്സിലായില്ലായെന്ന് തോന്നിയെങ്കിലും മണം കിട്ടിയെന്ന് മനസ്സിലായി. ആയമ്മ  മുറിയ്ക്കകം വിശദമായി പരിശോധിച്ചു.മുഖം വീർത്ത്‌ കെട്ടിയിരിയ്ക്കുന്നു.

ദൈവമേ!!
എന്തെല്ലാം പ്രതീക്ഷകളായിരുന്നു???രുക്മ ട്രാവൽസ്‌,സ്ലീപ്പറിൽ യാത്ര,ഏസിയുടെ തണുപ്പ്‌.അങ്ങനെ ശവനായി പവമായി.കുടി പാടില്ലെന്ന് അമ്മച്ചി കർശ്ശനമായി വിലക്കിയിരുന്നതായിരുന്നു.നേരിൽ കാണുകയും ചെയ്ത സ്ഥിതിക്ക് പണം കിട്ടുന്നത് ഗോവിന്ദ ഗോവിന്ദ ആലാരെ ഗോവിന്ദ..
രുക്മാ ട്രാവൽസിന്റെ ചീട്ട്‌ കീറി.ഐലന്റ്‌ എക്സ്പ്രസിനെങ്കിലും പോകാൻ പറ്റിയാൽ മതിയാരുന്നു.ആകെയുണ്ടാരുന്ന കാശ്‌ തൂത്തു വാരി കള്ള്‌ മേടിച്ച്‌ കുടിയ്ക്കുകയും ചെയ്തു.ആകെ ആശ്വാസം മാക്കാൻ ശരീരം വിറ്റ്‌ ഉണ്ടാക്കിയ പതിനയ്യായിരത്തിൽ പതിനായിരം രൂപ ബാക്കി ഉണ്ടെന്ന ആശ്വാസം മാത്രം.

      നാലര വർഷം കൊണ്ട് കന്നട സംസാരിയ്ക്കുന്നതിൽ തീവ്രവാദി ആയിക്കഴിഞ്ഞിരുന്ന അജു ആയമ്മയോട്‌ സംസാരിയ്ക്കാൻ തുടങ്ങി.പതിനായിരത്തിൽ ഒരു പൈസ കൂടുതൽ തരില്ലെന്ന് കട്ടായം പറഞ്ഞിരുന്ന അമ്മച്ചി അവസാനം ഇരുപതിനായിരത്തിൽ സമ്മതിച്ചു.വൈകിട്ട്‌ പണം തരാമെന്ന് പറഞ്ഞു.പണം കിട്ടുമെന്ന സന്തോഷത്തിൽ മാക്കാൻ രണ്ടായിരം രൂപ അടുത്ത ഗാനമേളയ്ക്കായി സംഭാവന നൽകി.ഉച്ചയ്ക്ക്‌ കഴിക്കാൻ ബിരിയാണി ആകട്ടെയെന്നും തീരുമാനിച്ചു...
ഓൾഡ്മങ്ക്‌ റമ്മും ബിരിയാണിയുമെത്തി.ആദ്യമേ തന്നെ
ബിരിയാണി കഴിച്ചു.

ഓൾഡ് മങ്ക്‌ പൊട്ടിച്ചതും എന്റെ ഫോൺ ശബ്ദിച്ചു.
അച്ഛന്റെ സഹോദരിയുടെ മകൻ മണിക്കുട്ടനെന്ന് വിളിക്കുന്ന ജീവൻ.
മാറി നിന്ന് സംസാരിച്ച്‌ ഞാൻ തുരുതുരാ സിഗരെറ്റ്‌ കത്തിയ്ക്കുന്നത്‌ കണ്ട അവർക്ക്‌ എനിയ്ക്ക്‌ എട്ടിന്റെ രണ്ട്‌ മടങ്ങ്‌ പണി കിട്ടിയെന്ന് മനസ്സിലായി.തിരികെ വന്നിരുന്ന ഞാൻ അവരോട്‌ കഥ പറഞ്ഞു തുടങ്ങി.


                ഫസ്റ്റിയറും സെക്കൻഡിയറും നന്നായി പഠിച്ചത്‌ കൊണ്ട്‌ കർണ്ണാടക സ്റ്റേറ്റ്‌ ഡിപ്ലോമ നേഴ്സിംഗ്‌ എക്സാമിനേഷൻ ബോർഡ്‌ അറിഞ്ഞ്‌ തന്നെ ആറു മാർക്ക്‌ ലിസ്റ്റുകൾ തന്നിരുന്നു.ഇയർബാക്ക്‌ ആയത്‌ കൊണ്ട്‌ പഠിക്കാൻ ഇഷ്ടം പോലെ സമയം.അങ്ങനെ പഠനവും അച്ഛന്റെ കൂടെ പണിയുമായി നടക്കുന്നതിനിടയ്ക്ക്‌ എന്നെ കിടിലം കൊള്ളിച്ച ഒരു നോട്ടിഫിക്കേഷൻ ഫേസ്ബുക്കിൽ കണ്ടു.അച്ഛൻ പെങ്ങളുടെ മകൻ ജീവന്റെ പിറന്നാൾ ആണു പിറ്റേന്ന്.മനസ്സിൽ മൂന്നാലു ലഡുക്കുഞ്ഞുങ്ങൾ ഒന്നിച്ച്‌ പൊട്ടി.

"ബർത്ത്ഡേ  വിഷസ്‌"മെസേജ് അയച്ചു.

"താങ്ക്സ് ".മറുപടി വന്നു.

ഉച്ച കഴിഞ്ഞ് '"സന്തോഷജന്മദിനം കുട്ടിയ്ക്ക്.....സന്തോഷാാജന്മാാദിനം കുട്ടിയ്ക്ക്‌ "'എന്നെഴുതി.

മറുപടി പോലുമില്ല.

മല ഇങ്ങോട്ട്‌ വന്നില്ലെങ്കിൽ മമ്മദ്‌ അങ്ങോട്ട്‌ ചെല്ലും .മൂന്തോടുകാരനോടാ കളി.!!!

ഫോൺ എടുത്ത്‌ വിളിച്ചു.വോഡഫോൺകാരന്റെ വെപ്രാളം ബി എസ്‌ എൻ എൽ ഭഗവതി മനസ്സിലാക്കിയെന്ന് തോന്നുന്നു.ബെൽ അടിച്ചു.

"ഹലോ "

പ്രത്യഭിവാദനം ഒന്നുമുണ്ടായില്ല.

"നാളെ പിറന്നാൾ ആണെന്ന് ഫേസ്ബുക്കുകാരൻ പറഞ്ഞത്‌ നേരാണോ "?

"അതേ "

"എന്നതാണോ നാളെ പരിപാടി "?

"ഒന്നുമില്ല കണ്ണാ.മമ്മി ഒരു പായസം വെക്കുമായിരിയ്ക്കും."

ഒരു കരയ്ക്കുമടുക്കുന്ന ലക്ഷണമില്ല.അവസാനം ഒരു ബുദ്ധി തോന്നി.എന്റെ അനിയത്തി സിന്ധു ബാംഗ്ലൂരു നേഴ്സിംഗ്‌ പഠിച്ചതിനു ശേഷം ആദ്യം ജോലിയ്ക്ക്‌ കയറിയത്‌ തിരുവനന്തപുരത്തെ ഒരു ഹോസ്പിറ്റലിൽ ആണ്.ഈ ആന്റിയുടെ വീട്ടിൽ നിന്നാണ് അവൾ ജോലിയ്ക്ക്‌ പോകുന്നത്‌.
ബുദ്ധിയ്ക്ക്‌ പകരം ബുദ്ധി മാത്രമല്ലേ ഉള്ളൂ.

"ഞാൻ നാളെ അങ്ങ്‌ വന്നാലോന്ന് ആലോചിയ്ക്കുവാ.സിന്ധുവിനെ കണ്ടിട്ട്‌ കുറച്ച്‌ ആയല്ലോ."

"ങേ!!രണ്ടാഴ്ച മുൻപല്ലേ അവൾ ലീവിനു വന്നിട്ട്‌ പോന്നത്‌"?

"ഓ!പുതുതായി ഒന്നൂടെ കാണണം.നാളെ ഞാനങ്ങ്‌ വരുവാ."

"ഓ!വരൂ വരൂ."

പിറ്റേന്ന് വൈകുന്നേരം ആന്റിയുടെ വീട്ടിലെത്തി.അൽപസമയത്തിനു ശേഷം ജോലി കഴിഞ്ഞ്‌ ആന്റിയും,മാമനും,സിന്ധുവുമെത്തി.എന്നെക്കണ്ട എല്ലാവരും അതിശയിച്ചു.

സന്ധ്യയായി.

കേക്ക്‌ മുറിച്ചു.
ഉപചാരവാക്കുകൾ എല്ലാവരും ചൊല്ലി.ആന്റി ഉണ്ടാക്കിയ പായസം കുടിച്ച്‌ പുറത്തേക്കിറങ്ങി.
അവന്റെ ബൈക്ക്‌ ചെന്ന് നിന്നത്‌ ബീവറേജിന്റെ മുന്നിൽ.

നേരോടെ,നിർഭയം,നിരന്തരം, എപ്പോഴും ,എവിടെയും തിക്കിത്തിരക്കുണ്ടാക്കുന്ന അഖിലകേരളമലയാളികൾ സമത്വസാഹോദര്യത്തോടെ ക്യൂ പാലിയ്ക്കുന്ന ഏക ഇടമായ ബീവറേജിന്റെ മുന്നിൽ ജീവൻ തന്ന ആയിരം രൂപയുമായി ഒരു പൈന്റ്‌ എം.സി യ്ക്ക്‌ വേണ്ടി വിനയാന്വിതനായി നിന്ന എന്റെ പോക്കറ്റിലെ ഫോൺ ശബ്ദിച്ചു.

ജീവൻ.

"ഉം?"

"എംസി വേണ്ട.ബെക്കാഡി മതി.ആപ്പിൾ ഫ്ലേവർ.പൈന്റ്‌ അല്ല.ഫുൾ ആക്കിക്കോ."

"ശരി "

ആക്കി.

എളിയിൽ തിരുകിയ ആപ്പിളുമായി തിരികെ അവനടുത്തേയ്ക്ക്‌ നടന്നു.

കുസൃതി ഒപ്പിച്ച ബോബനും മോളിയും വക്കീലിനേയും ഭാര്യയേയും പേടിച്ച്‌ ഒളിച്ച്‌ വീടിനുള്ളിലേയ്ക്ക്‌ കടക്കുന്നത്‌ പോലെ പാദപതനശബ്ദം പോലുമില്ലാതെ മണിക്കുട്ടന്റെ മുറിയിലെത്തി കതകടച്ചു.ബെർത്തിൽ ബുക്കുകൾ അടുക്കി വെച്ചിരിക്കുന്നതിനിടയ്ക്ക്‌ ആപ്പിളിനെ ഒളിപ്പിച്ചു.അനുസാരിയായി വാങ്ങിയ പൊറോട്ടയും,ബീഫ്‌ ഫ്രൈയും ,മിക്സ്ചറും,നാരങ്ങയും,ആപ്പി ഫിസ്സും അലമാരിയിലും ഒളിപ്പിച്ച് ഒന്നുമറിയാത്തവരേപ്പോലെ ഒരു മൂളിപ്പാട്ടും പാടി അത്താഴം കഴിച്ച്‌ വന്ന് കതകടച്ചു.

ജീവൻ ഏസി ഓൺ ചെയ്തു..

ആപ്പിളിനേയും അനുസാരികളേയും തടവറയിൽ നിന്ന് മോചിപ്പിച്ചു.
നിലത്ത്‌ വിരിച്ച ചുവന്ന കാർപ്പെറ്റിൽ കുപ്പിയും  വലിയ രണ്ട്‌ ഗ്ലാസ്സുകളും നിരന്നു.

സ്വതേ വലിയ ഗ്ലാസ്‌ അലർജ്ജിയായ ഞാൻ ചോദിച്ചു.

"ഇത്രേം വലിയ ഗ്ലാസിലെങ്ങനെയാ കുടിയ്ക്കുന്നേ?"

"ബെക്കാഡി ഇങ്ങനെ കുടിയ്ക്കണം."

ഒരു ഗ്ലാസ്സ്‌ നിറയെ മദ്യം ഒഴിച്ചു.അത്‌ കണ്ട എന്റെ പുറത്തേയ്ക്ക് തള്ളിയ  കണ്ണുകൾ തിരുമ്മി അകത്താക്കി.

ഒരു ഗ്ലാസ്സിൽ നിറയെ ഒഴിച്ച്‌ മറ്റേ ഗ്ലാസ്സിലേയ്ക്ക്‌ പകരുകയായിരിയ്ക്കും അവിടുത്തെ രീതിയെന്ന് ആശ്വസിച്ചു.ആശ്വാസത്തിന്റെ പതിനൊന്നാം നിലയിലേയ്ക്ക്‌ ഞെട്ടലിന്റെ വിമാനം ഇടിച്ച്‌ കയറുന്നതാണ് പിന്നെ കണ്ടത്‌.
അടുത്ത ഗ്ലാസും അതാ അങ്ങനെ നിറയ്ക്കുന്നു.
ഒരു നാരങ്ങാ എടുത്ത്‌ മുറിച്ച്‌ അത്‌ പിഴിഞ്ഞ്‌ മദ്യത്തിൽ ചേർത്തു.പിന്നെ ഒരടപ്പ്‌ ആപ്പി ഫിസ്സും ഒഴിച്ചു.മേടിച്ചതല്ലേ ,അതിനു വിഷമമാകണ്ടല്ലോ എന്നോർത്താണാവോ!!!

മൂന്തോടുകാരന്റെ മുന്നിൽ മദ്യം വെറും തൃണമാണെന്ന് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും 'ഇതിച്ചിരി കടുപ്പമല്ലേ സുധീ' എന്ന് മനസ്സിലിരുന്നാരോ വിലപിയ്ക്കുന്നതായി തോന്നി.എങ്കിലും മൂന്തോടുകാരുടെ കുലദൈവങ്ങളായ കല്ലുപുരയ്ക്കൽ പീലി മുതൽ കുട്ടൻ വരെയുള്ളവരെ മനസ്സിൽ ധ്യാനിച്ച്‌ ജീവനൊപ്പം ഗ്ലാസ്സുയർത്തി.

ഘോരമായി മൊഴിഞ്ഞു.

"ചിയേഴ്സ്‌ "

മദ്യം ഇറങ്ങിപ്പോകുന്ന മാർഗ്ഗം വരെ മനസ്സിലായി.

അന്നനാളം മുതൽ തുടങ്ങുന്ന ആന്തരാവയവങ്ങളെ തഴുകിത്തലോടി ബെക്കാഡി കീഴോട്ട്‌ പോകുന്നതായും,വയറ്റിലെ ഹൈഡ്രോക്ലോറിക്‌ ആസിഡുമായി ഘോരയുദ്ധം നടത്തി "ദാ ഇവിടെ നിങ്ങളുടെ ബെക്കാഡി വിശ്രമിയ്ക്കുന്നു"എന്ന് വയറ്റിൽ തൊട്ടുകാണിയ്ക്കാനും കഴിയുമെന്ന് തോന്നിപ്പോയി.

ചിന്തകൾ കാടുകയറി നാടിറങ്ങി വരുന്നതിനു മുൻപ്‌ ഒന്നൂടെ ഒഴിച്ചു.കയ്ക്കുന്നതായി തോന്നി.നാരങ്ങാ പിഴിഞ്ഞ്‌ നേരിട്ട്‌ വായിലേയ്ക്ക്‌ വീഴ്ത്തി ആ ഗ്ലാസ്സും ഞങ്ങൾ കാലിയാക്കി.
ഓരോ സിഗരെറ്റ്‌ കത്തിച്ചു.

ശ്വാസം മുട്ടുന്നത്‌ പോലെ.ഓക്കാനിയ്ക്കാൻ വന്നു.നാരങ്ങ ആശ്രയമായി.

കണ്ണുകളിൽ ഇരുട്ട്‌ കയറുന്നോ!!!

മദ്യക്കുപ്പിയെ ഏറുകണ്ണിട്ട് നോക്കി.
ാതിനെ ഇത്ര വെറുപ്പോടെ ആദ്യം നോക്കുകയാണ്.ഇനി അതിൽ അര ഗ്ലാസ്‌ വീതം ഒഴിയ്ക്കാൻ കാണും.

ഹേയ്‌!!!മൂന്തോടുകാരൻ കീഴടങ്ങാനോ!!!!

എന്നാലും ഇങ്ങനെ ശ്വാസം മുട്ടുമോ??
കുറച്ച്‌ കുടവയറൊക്കെ ആകാമായിരുന്നു..ആത്മാവ്‌ പോലെ സൂക്ഷ്മശരീരി ആയ എനിയ്ക്ക്‌ കുടവയർ വന്നാൽ ആൾക്കാർ പിത്തശൂല പിടിച്ചവനേ എന്ന് വിളിക്കില്ലേ???

ദൈവമേ!!!!ഇതൊഴിയ്ക്കാൻ ഇവനു തോന്നല്ലേ!!!ഇവനീ ഫോൺ വിളി കൊണ്ട്‌ ഉറങ്ങിപ്പോകണേ!!!എന്നിങ്ങനെ മന്ത്രം ചൊല്ലി പറപ്പിച്ച്‌ വിട്ട പ്രാർത്ഥനകൾ ഉയർന്ന് പൊങ്ങി മച്ചിലിടിച്ച്‌ താഴെ ചാരിക്കിടന്ന് ഫോൺ ചെയ്യുന്ന ജീവന്റെ ബോധമണ്ഡലത്തിലേയ്ക്ക്‌ ഊളിയിട്ടതിന്റെ ഫലമായി ആപ്പിൾ കുപ്പി അവസാനമായ്‌ ഒന്നൂടെ ഒഴിഞ്ഞു..

പരവേശം!!!

തലയൊന്ന് കുനിച്ച്‌ നോക്കി.തലച്ചോറിലേയ്ക്ക്‌ ഇരച്ച്‌ കയറി വരുന്നത്‌ ബെക്കാഡി ആണോ??അതോ രക്തം ആണോ?

ഏസിയുടെ തണുപ്പിലും വിയർത്തു കുളിച്ചു.ബാത്രൂമിലേയ്ക്ക്‌ കയറി ഓക്കാനിച്ച്‌ നോക്കി.

മുഖം കഴുകി.തലയും.

ഈ സമയമത്രയും ജീവൻ ഫോണിൽ തന്നെ.

"അവതാർ സിനിമ കാണണം."

അവനെഴുന്നേറ്റു വന്നു.

"എടുക്കാൻ അറിയാമോ?"

"ഇല്ലാ "

"ദാ .ഈ കാണുന്ന സാധനമില്ലേ!!അതാണു മൗസ്‌.അത്‌ ഇങ്ങനെ ആക്കുമ്പോൾ സ്ക്രിനിലൂടെ ഒരു സാധനം ഓടുന്നത്‌ കണ്ടോ??"

"കണ്ടു."

"ആരോമാർക്ക് പോലുള്ള ആ സാധനത്തിനെ മൈ കമ്പ്യൂട്ടറിൽ കൊണ്ട്‌ വെച്ച്‌ ഡബിൾക്ലിക്ക്‌ കൊടുക്കുക.".

"ഏയ്‌!!രാത്രിയല്ലേ.ഒറ്റ ക്ലിക്ക്‌ മതി. "

"ദാ ഇങ്ങനെ,,ഈ ഇടത്‌ വശം ചേർത്ത്‌ ചറപറാന്ന് രണ്ട്‌ ക്ലിക്ക്‌.ദാ കണ്ടോ കുറേ സാധനം വരുന്നത്‌.അതിൽ മൈ വീഡിയോസ്‌ കണ്ടോ?അതിലും ഡബിൾ ക്ലിക്ക്‌."

"ഇത്രയും ഞെക്ക്‌ ഞെക്കിയിട്ട്‌ എനിയ്ക്ക്‌ അവതാർ കാണണ്ട.ഇട്ട്‌ തന്നാൽ കാണാം.എന്നിട്ട്‌ പോയി ഫോൺ ചെയ്യ്‌.ഇവൾക്കൊന്നും ഉറക്കമില്ലേ ഭഗവാനേ!!!"

അവതാർ കാണാൻ തുടങ്ങി.

അടഞ്ഞ്‌ പോകുന്ന കണ്ണുകളെ ബലം പിടിച്ച്‌ തുറന്ന് സ്ക്രീനിലേയ്ക്ക്‌ നോക്കിച്ചു.കണ്ണുകളെ തുറന്ന് പിടിച്ചിരുന്ന വിരലുകൾ കൂടി ഉറങ്ങാൻ തുടങ്ങിയപ്പോൾ എഴുന്നേറ്റു.ചുറ്റും വെളിച്ചമുണ്ടായിരുന്നെങ്കിലും കട്ടിൽ കണ്ട്‌ പിടിയ്ക്കാൻ വൈകി.

ഇത്രേം കുടിക്കണ്ടായിരുന്നു.ഇങ്ങനെ ആണാവോ എന്റെ മരണം.?സിന്ധുവിനേയും ടുട്ടുവിനേയും അവസാനമായി ഒന്നൂടെ കണാൻ കഴിയണേ!!!ഈ ചെറുപ്രായത്തിൽ എന്നെ തിരിച്ച്‌ വിളിക്കരുതേ ദൈവമേ!!ഞാൻ നന്നായിക്കോളാമേ!!

ഓർമ്മകൾ മങ്ങിത്തുടങ്ങി.ഒരു ഗുഹയ്ക്കുള്ളിലൂടെ പറന്ന് പോകുകയാണു ഞാൻ.

കണ്ണു തുറന്നപ്പോൾ ജീവൻ എഴുന്നേറ്റിരിപ്പുണ്ട്‌.

"ഗുഡ്മോണിംഗ്‌ "

"ഗുഡാഫ്റ്റർന്നൂൺ "

"ങേ!അത്രേമൊക്കെ ആയോ ?"

"സമയം ആർക്ക്‌ വേണ്ടിയും കാത്ത്‌ നിൽക്കാറില്ല കണ്ണാ."
(ദൈവമെ ബെക്കാഡിയ്ക്കിത്ര ശക്തിയോ???)

എഴുന്നേൽക്കാൻ നോക്കി.കഴിയുന്നില്ല.

ഒരു വിധത്തിൽ അടുക്കളയിലെത്തി.ഫ്രിഡ്ജ്‌ തുറന്ന് ഒരു കുപ്പി തണുത്ത വെള്ളം എടുത്ത്‌ മുഖത്തൊഴിച്ചു.വാ കഴുകി.ബാക്കി വെള്ളം കുടിച്ചു.ദാഹം മാറുന്നില്ല.

കുളിയ്ക്കാൻ കയറി.ഷവറിനു കീഴെ കുറേ സമയം നിന്നു.കുറച്ച് ആശ്വാസം കിട്ടി.

ആന്റി പുട്ടും പഴവും എടുത്ത്‌ വെച്ചിട്ടാണ് ജോലിയ്ക്ക്‌ പോയത്‌.പഴം കഴിച്ചു.

പിന്നേം രണ്ട്‌ പേരും വന്ന് കിടന്നു.

വൈകിട്ട്‌ ആന്റിയും മാമനും സിന്ധുവും വന്നു.എഴുന്നേറ്റ്‌ ചെല്ലണമെന്നുണ്ടായിരുന്നെങ്കിലും ആരോഗ്യാവസ്ഥ സമ്മതിച്ചില്ല.

"രാത്രി മുഴുവൻ സിനിമയുടെ ബഹളവും ചിരിയും കേട്ടു.ഉറങ്ങിക്കോട്ടെ.വിളിയ്ക്കണ്ട."

ങേ!! ഓക്കാനിയ്ക്കുന്നതിനിവിടെ ചിരി എന്നാണോ പറയുന്നത്‌!!!!!!!!

പിറ്റേന്ന് രാവിലെ  വീട്ടിലേയ്ക്ക്‌ തിരിച്ച്‌ പോന്നു..
                              ★
"എന്നിട്ടെന്തായെടാ"?മാക്കാൻ ചോദിച്ചു.

മാക്കാനു മാത്രമല്ല എല്ലാവർക്കുമുണ്ടായിരുന്നു ആകാംക്ഷ.

"എന്നിട്ടെന്താവാൻ!!ജീവനിക്കാര്യം അവന്റെ കൂട്ടുകാരൻ ഒരു മനോജിനോട്‌ പറഞ്ഞു.അവൻ രാജാവിനേക്കാളും രാജഭക്തി കാണിച്ചു .ജീവന്റെ അച്ഛനോട്‌ പറഞ്ഞു.അവൻ കുടിയ്ക്കുമെന്നറിയില്ലായിരുന്ന അവർക്ക്‌ ഇതൊരു വലിയ ഷോക്കായി.ആ വീട്‌ താളം തെറ്റി.രണ്ട്‌ വർഷമായി ആ വീട്ടിൽ താമസിച്ച്‌ ജോലിക്ക്‌ പോയിരുന്ന എന്റെ അനിയത്തിയ്ക്ക്‌ വലിയ ബുദ്ധിമുട്ടുണ്ടായി.അവർ അവളോട്‌ എന്നോടുള്ള ദേഷ്യം തീർത്തു.ഇന്നലെ അവളെ ഹോസ്പീറ്റലിന്റെ ഹോസ്റ്റലിൽ കൊണ്ട്‌ ചെന്നാക്കി..."

ആരും ഒന്നും മിണ്ടുന്നില്ല.

"അവനിക്കാര്യമാണോ  ഇപ്പൊ നിന്നെ വിളിച്ച്‌ പറഞ്ഞത്‌ "?

"അതെ.എന്റെ വീട്ടിലും തറവാട്ടിലും എല്ലാവരും അറിഞ്ഞു.ഞാനിനി അങ്ങോട്ട്‌ പോകുന്നില്ല.ഇവിടെയെങ്ങാനും കൂടുന്നേ ഉള്ളൂ."

"സാരമില്ലെടാ.നിന്റെ അനിയത്തീടെ കാര്യം ഓർക്കുമ്പഴാ.ഇത്ര നാളും അവിടെ നിന്നിട്ട്‌ പിന്നെ ഹോസ്റ്റലിൽ ചെന്ന് നിൽക്കുമ്പോ അവരൊക്കെ എന്നാ വിചാരിക്കുമോ ആവോ??"

"ആ.എന്നതായാലും നമുക്ക്‌ നോക്കാം."


                               ★


      2010 ഡിസംബർ 24 രാത്രി 11മണി.

റോബിന്റെ വീട്ടിൽ പുൽക്കൂടുണ്ടാകുകയായിരുന്ന എന്റെ ഫോണിൽ വന്ദനം സിനിമയിലെ തീം സോങ്ങ്‌ ഉയർന്നു.

"സിന്ധൂ "

"പാപ്പ ഇപ്പോ എവിടെയാ?"

"റോബിന്റെ വീട്ടിൽ.പുൽക്കൂടുണ്ടാക്കുകയാ."

"കുടിയുണ്ടോ?"

"ഇല്ല"

"പിന്നേ.ഇല്ലാ."

"എടീ,ഞാനങ്ങനെ വലിയ കുടിയനൊന്നുമല്ല.വല്ലപ്പോഴും മാത്രം."

"എന്നാ വേഗം വീട്ടീ പോ "

"ഇപ്പ പോകാന്നേ"

"വേണ്ട.ഇപ്പത്തന്നെ പോ "

"എടീ.ഇച്ചിരി കലാപരമായിട്ട്‌ ഒക്കെ ഉണ്ടാക്കണ്ടേ?അതിനാ ഞാനിവിടെ നിക്കുന്നേ "

"അതവരുണ്ടാക്കിക്കോളും.കുറേ നാളായ്‌ ഞാനൊരു കാര്യം ആലോചിയ്ക്കാൻ തുടങ്ങിയിട്ട്‌".

"എന്നാ കാര്യവാ "?

"പാപ്പ ഒരു കുടിയനായി മാറിക്കൊണ്ടിരിക്കുവാന്ന് അമ്മി പറയുന്നുണ്ട്‌."

"അമ്മി ചുമ്മാ പറ്റിയ്ക്കാൻ പറയുന്നതാടീ ".

"പാപ്പയേക്കണ്ട്‌ ടുട്ടു കുടിയ്ക്കാൻ തുടങ്ങുമോന്നാ അമ്മിയ്ക്ക്‌ പേടി ".

"പേടിയ്ക്കാൻ തുടങ്ങിയാൽ ജീവിയ്ക്കാൻ പറ്റില്ലെന്ന് മഹാകവി ചുള്ളിക്കാട്‌ പറഞ്ഞിട്ടുണ്ട്‌.ഒരു ഏലസ്‌ ജപിച്ച്‌ കെട്ടാൻ പറയാം."

"എന്നെ വേണോ?കുടി വേണോ ?"

"നിന്നെ മതി "

"എങ്കിൽ കൈ നീട്ട്‌.എന്റെ തലയിൽ കൈ വെക്ക്‌."

"ഈ ഫോണീക്കൂടെയെങ്ങനെയാ കൈ തലേ വെക്കുന്നേ?"

"അതൊക്കെ എനിയ്ക്കറിയാം.കൈനീട്ട്‌."

"ന്നാ നീട്ടി."

"തലേ വന്നില്ലല്ലോ "

"ഇപ്പളോ?"

"ആം.ഇപ്പോ വന്നു.ഇനി ഞാൻ കുടിയ്ക്കത്തില്ല.സത്യം."

"ങേ!!അതിനിടയ്ക്ക്‌ നീ കുടി തുടങ്ങ്യാരുന്നോ?"

"തമാശിക്കാതെ.പാപ്പയോട്‌ ഏറ്റ്‌ ചൊല്ലാനാ പറഞ്ഞത്‌ "

"ഇനി ഞാൻ കുടിയ്ക്കത്തില്ല.(അ)സത്യം..."

"ഏയ്‌.പാപ്പയ്ക്കത്‌ പോരാ.ഇങ്ങനെ ഏറ്റ്‌ ചൊല്ല്.ഇനി ഞാൻ കുടിക്കത്തില്ല.ഇനി എന്നെങ്കിലും കുടിച്ചാൽ ഏക അനിയത്തിയ്ക്ക്‌ എന്തെങ്കിലും സംഭവിയ്ക്കട്ടെ."


.......................................................


"പറയാൻ."


........................................................

"പാപ്പേ,മിണ്ടാതിരിക്കുന്നോ?പറയാൻ."

"ഇനിയെന്റെ മരണം വരെ കുടിക്കത്തില്ല.നീയാണേ സത്യം..."

"എനിയ്ക്കറിയാരുന്നു,ഞാൻ പറഞ്ഞാൽ പാപ്പ കേൾക്കുമെന്ന്.ഇനി വീട്ടീപ്പൊക്കോ കേട്ടോ!!!എന്റെ ഡ്യൂട്ടി റ്റൈം കഴിഞ്ഞു.ഇനി ഹോസ്റ്റലിലേയ്ക്ക്‌ പോകട്ടെ."

പുൽക്കൂടിന്റെ പണി കഴിഞ്ഞിരുന്നു.അതിൽ എടുത്ത്‌ വെച്ചിരുന്ന ഉണ്ണീശോ എന്നെ നോക്കി പുഞ്ചിരിയ്ക്കുന്നതായി തോന്നി.
കണ്ണുകൾ നിറഞ്ഞ്‌ വന്നത്‌ ആരും കാണാതിരിയ്ക്കാനായി
തിരിഞ്ഞ്‌ വീട്ടിലേയ്ക്ക്‌ നടന്നു....

ആ സംഭാഷണത്തോടെ എന്റെ ജീവിതത്തിൽ നിന്നും മദ്യം വിട പറഞ്ഞു.ഈ പോസ്റ്റോടെ എന്റെ ബ്ലോഗിൽ നിന്നും...

(നിയമപരമായ മുന്നറിയിപ്പ്‌:മദ്യപാനവും പുകവലിയും ആരോഗ്യത്തിനു ഹാനീകരം.)                                                                                                                                                                                                         ---------------------------------------------------------------------------------------------------------------                                                                                                                                                        പ്രതിലിപി എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തില്‍ ഈ പോസ്റ്റ്‌ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എന്റെ   പ്രൊഫൈല്‍ ഇവിടെയുണ്ട്                                                                                                        ഇവിടെ  ക്ലിക്ക്  ചെയ്‌താല്‍ ഈ പോസ്റ്റ്‌ വായിക്കാം.