അച്ഛൻ പണി കഴിഞ്ഞു വരാൻ ഇന്നെന്നാ ഇത്ര താമസം?എന്തിനായിരിക്കും ജോസ് കുര്യൻ സർ അച്ഛനെ കാണണം എന്നു പറഞ്ഞത്? സ്കൂളിൽ വട്ടുകളിച്ചതിനു അടി കൊണ്ട കാര്യം പറയാനായിരിക്കുമോ?അതോ ശവക്കോട്ടയിൽ പൊയി സ്ലാബ് പൊക്കി നോക്കിയതിനായിരിക്കുമോ?എന്നതായാലും ഇന്നു അടിയുടെ പെരുന്നാളായിരിക്കും.
ശ്വാസം മുട്ടി വെപ്രാളപ്പെടുന്നത് കണ്ട അമ്മിക്ക് സംശയം.
"കൊച്ചേ ,എന്നാ പറ്റി?ക്ലാസിൽ ആരെങ്കിലുമായി അടിയുണ്ടാക്കിയോ?"
"ഏയ്.ഇല്ല."
ശ്ശോ.രാത്രി ആകുന്നില്ലല്ലോ.അച്ഛൻ വന്നു കിട്ടാനുള്ളതു മേടിച്ചു കഴിഞ്ഞാൽ കിടന്നുറങ്ങാമായിരുന്നു.
സന്ധ്യ ആകുന്നു.മുറ്റത്തൂടെ വട്ടവും നീളവും നടക്കുന്നതിനിടെ ആ കാഴ്ച കണ്ടു.മൂന്തോട്ടിൽ നിന്നും വളവ് തിരിഞ്ഞ് അച്ഛൻ വരുന്നു.ചങ്കിൽ നിന്നും ഒരു ഇടിവാൾ പറന്നു.വേഗം മുറിക്കകത്തു കയറി.ഒരു പുസ്തകം തുറന്ന് വെച്ചു.ഒന്നും വായിക്കാൻ പറ്റുന്നില്ല.അക്ഷരങ്ങൾ മാഞ്ഞു പോകുന്നതു പോലെ.
അങ്ങനെ ആ സമയം എത്തി.മുറ്റത്തെ ചരലിൽ അച്ഛൻ നടക്കുമ്പോൾ മാത്രം ഉണ്ടാകുന്ന ആ ശബ്ദം.
ഏറുകണ്ണിട്ട് ഒന്നു നോക്കി.നല്ല ഗൗരവം തന്നെ മുഖത്ത്.മൂന്നാം ക്ലാസിൽ പഠിക്കുന്ന അനിയത്തിയും,ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന അനിയനും അച്ഛനു ചുറ്റും വട്ടം കൂടിയിട്ടുണ്ട്.
അമ്മി കാപ്പിയുമായി വന്നു.കുടിച്ചു കൊണ്ടിരിക്കുമ്പോൾ ആ വിളി വന്നു.
"കൊച്ചേ ,ഡാ...കൊച്ചേ ...."
"എടീ ജോസ് കുര്യൻ സാർ വിളിപ്പിച്ചത് എന്നാത്തിനാന്നറിയാവോ,ഇവനേക്കൂടി ഇത്തവണത്തെ വർക്ക് എക്സ്പീരിയൻസിനു വിടണമെന്ന് പറയാൻ.തടി കൊണ്ട് എന്നേലും ഉണ്ടാക്കിയാൽ മതിയെന്ന് "
"അതിനു ഇവനു വല്ലതും ഉണ്ടാക്കാൻ അറിയാവോ?ഒരു ആണി തറയ്ക്കാൻ പോലും അറിയാന്ന് എനിക്ക് തോന്നുന്നില്ല."
അപ്പോൾ അതാണു കാര്യം.എനിക്ക് ജീവൻ വീണു.നാക്ക് പൊങ്ങി.
"സാരമില്ലച്ഛാ.ഞാനുണ്ടാക്കാം."
"ഞാൻ നിന്നേക്കൊണ്ട് ഒരു കട്ടിലാ ഉണ്ടാക്കിക്കാൻ പോകുന്നത്."
"കട്ടിലോ? ചേട്ടനെന്നാ വട്ടായോ?ഇവിടെ മനുഷ്യനു കട്ടിലില്ല.അപ്പോളാ സ്കൂളിൽ കട്ടിലുണ്ടാക്കാൻ പോകുന്നത് "
അന്നത്തെ എന്റെ ബുദ്ധിക്ക് ഞാനും അമ്പരന്നു.ഞാനോ?,കട്ടിലോ?
"കട്ടിലിന്റെ ചെറിയ മോഡൽ.കുറച്ചു തടി മതി.ഒത്താൽ ഒരു സമ്മാനവും കിട്ടും"
അമ്മി എന്നെ നോക്കി.ഒരു വല്ലാത്ത ഭാവം. കഴിഞ്ഞ വർഷം വരെ കട്ടിലിൽ കിടന്ന് മുള്ളിയിരുന്ന ഈ പത്തു വയസുകാരൻ കട്ടിൽ ഉണ്ടാക്കിയതു തന്നെ എന്നായിരുന്നു ആ ഭാവമെന്ന് എനിക്ക് മനസിലായി.
പരിഹാസമോ???
എന്നാൽ കണ്ടിട്ട് തന്നെ കാര്യം!!
പിറ്റേ ദിവസം തന്നെ പരിശീലനം ആരംഭിച്ചു.ആദ്യ പടിയായി അച്ഛൻ ഒരു പലക എടുത്തു തന്നു.ഒരു ചുറ്റികയും.
"നീ ആണി തറയ്ക്കാൻ ആദ്യം പഠിക്ക്."
അന്നു ശനിയാഴ്ച ആയതു കാരണം ക്ലാസ്സില്ലായിരുന്നു.
അനിക്സ്പ്രേ മേടിച്ചപ്പോൾ കിട്ടിയ വലിയ ഒരു പാത്രം നിറയെ ആണി അമ്മി എടുത്തു തന്നു.
കഠിനപരിശീലനം.
അച്ഛൻ വരുന്നതിനു മുൻപ് നന്നായി പരിശീലിച്ചു.
സന്ധ്യ ആയി.അതാ അച്ഛൻ വരുന്നു.കൂടെ പണിയുന്ന ഒരു ബന്ധുവും ഉണ്ട്.
അച്ഛനും കുട്ടനും വന്നു കയറി.അവർക്ക് അമ്മി കാപ്പി കൊടുത്തു.
കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ കാത്തിരുന്ന ആ ചോദ്യം .
"ഡാ...നീ ആണി തറക്കാൻ പഠിച്ചോ??"
"ഇന്നു മുഴുവൻ പഠിക്കുവാരുന്നു അച്ഛാ."
കുട്ടൻ തറച്ചു കാണിക്കാൻ ആവശ്യപ്പെട്ടു.
ഒരു പകൽ മുഴുവൻ ആണി തറ പ്രാക്റ്റീസ് ചെയ്ത എന്നോടാ കളി.പകൽ തറച്ച പലക തന്നെ എടുത്തു കൊണ്ടു വന്നു.അഭിമാന വിജൃംഭിതനായ ഞാൻ അതു അവർക്ക് നേരെ നീട്ടി...
(((((()))))))) വീട് കുലുങ്ങുന്ന രീതിയിലുള്ള അട്ടഹസമായിരുന്നു,പിന്നെടെല്ലാവരും. കുട്ടനു ഞാൻ കൊണ്ടുവന്ന പലക കണ്ടിട്ടും കണ്ടിട്ടും കൊതി തീരുന്നില്ല.ഒരു മൊട്ടു സൂചി കുത്താൻ ഇടം പോലുമില്ലാത്ത രീതിയിൽ അതിൽ ആണി തറച്ചു വെച്ചിട്ടുണ്ടായിരുന്നു.
അവർ എത്ര നേരം ചിരിച്ചെന്ന് എനിക്കോർമ്മയില്ല.
എനിക്ക് സഹിക്കാൻ കഴിയാതെ വന്നത് അനിയനും അനിയത്തിയും കൂവിച്ചിരിച്ചതാണു.എന്ത് മനസ്സിലായിട്ടാണാവോ?
അങ്ങനെ പരിശീലനത്തിന്റെ ഒന്നാം ഘട്ടം കഴിഞ്ഞു.
ഇനി തടിയും ഉളിയും തമ്മിലുള്ള ഘോരയുദ്ധമാണു...ഒരു കട്ടിലിനു വേണ്ട കുഞ്ഞു കുഞ്ഞു തടിക്കഷ്ണങ്ങൾ അച്ഛൻ കൊണ്ട് വന്നിട്ടുണ്ടായിരുന്നു.
ആദ്യം ഒരു കുഞ്ഞു കട്ടിൽ ഉണ്ടാക്കി കാണിച്ചു.
ഓ!!!!ഇത്രേ ഉള്ളോ:::::
അത് ഒരു മോഡൽ ആക്കി പരിശീലനം ആരംഭിച്ചു.
തട്ടിൻപുറത്തു കിടന്ന തടിക്കഷ്ണങ്ങൾ അതിവേഗം അടുപ്പിലേക്ക് കയറാൻ തുടങ്ങി.അമ്മിക്കും സന്തോഷം.വിറക് അന്വേഷിച്ചു പുന്നശ്ശേരിപ്പറമ്പിൽ പോകണ്ടല്ലൊ.
അവസാനം അമ്മിക്കും പരാതി.
തേക്കിൻതടി കത്തിച്ചാൽ പാത്രങ്ങളുടെ അടിവശത്തു കരി കുഴഞ്ഞിരിക്കുമത്രേ.
അങ്ങനെ കുറേ നാളു കൊണ്ട് ഞാൻ കട്ടിൽ ഉണ്ടാക്കാൻ പഠിച്ചു..
ആ ദിവസം വന്നെത്തി.
ഏറ്റുമാനൂർ ഉപജില്ലാ പ്രവൃത്തിപരിചയമേള.ആതിഥേയർ എന്റെ സ്വന്തം സ്കൂളായ സെന്റ്:ജോസഫ്.യു.പി.സ്കൂൾ,കൂടല്ലൂർ.വിവിധ സ്കൂളുകളിൽ നിന്ന് നൂറുകണക്കിനു കുട്ടികൾ വന്നെത്താൻ തുടങ്ങി.
എനിക്കും കിട്ടി ഒരു ബാഡ്ജ്ജ്.ഞാൻ അതും കുത്തി അതിലേ ഇതിലേ ഓടിപ്പാഞ്ഞ് നടന്നു.
അച്ഛന്‍ എല്ലാ കഷ്ണങ്ങളും ഉണ്ടാക്കിത്തന്നുവിട്ടിരുന്നു.ആവശ്യസമയത്തു മാത്രമേ ഓരോന്നും പുറത്തെടുക്കാവൂ
എന്നു പ്രത്യേകം പറഞ്ഞിരുന്നു.
ഞാൻ അതൊന്നും കൂട്ടാക്കിയില്ല.എല്ലാം എടുത്ത് നിരത്തി വെച്ചു.
ഒരു സർ അതു കണ്ടു.എന്നോട് എന്താ ഉണ്ടാക്കുന്നതെന്ന് ചോദിച്ചു.കട്ടിൽ ആണെന്ന് പറഞ്ഞു.ഇതൊക്കെ ആരാ തന്നു വിട്ടതെന്ന് തടിക്കഷ്ണങ്ങൾ ചൂണ്ടിക്കാട്ടി ചോദിച്ചു.അച്ഛൻ ആണെന്ന് മറുപടി.
ആദ്യം ബെഡ്ഡ് കൂട്ടി.ഇനി രണ്ടു വശവും ഉണ്ടാക്കണം.അതും ഉണ്ടാക്കി.
അടുത്തതായി സൈഡ് ബെഡ്ഡിൽ ആണി തറച്ചു പിടിപ്പിയ്ക്കണം.ഒരെണ്ണം തറച്ചു.മറ്റേ വശം തറച്ചത് തിരിഞ്ഞു പോയി.കട്ടിലിന്റെ നിലത്തു വരേണ്ട ഭാഗം അതാ മുകളിൽ.
കുട്ടനും അവിടെ ഓഡിറ്റോറിയത്തിനു മുന്നിൽ ഉണ്ടായിരുന്നു.മിസ്റ്റേക്ക് കണ്ട കുട്ടൻ ഒരു കുഞ്ഞു കല്ലെടുത്ത് എന്റെ നേരേ എറിഞ്ഞു.ഏറു കൊണ്ട ഞാൻ നോക്കി.കുട്ടൻ വിവിധയിനം ആംഗ്യങ്ങളാൽ തിരിച്ചു തറയ്ക്കാൻ പറയുന്നുണ്ട്.എനിക്ക് മനസിലാകണ്ടേ!!!!!
അവസാനം ഞാൻ എഴുന്നേറ്റു ചെന്നു.കാര്യം മനസിലാക്കി .
ശരിയാക്കി തറച്ചു.
മത്സരം കഴിഞ്ഞു.
എന്റെ കൂട്ടുകാരനായ മാത്തുക്കുട്ടി എന്റെ കൂടെ കൂടി.എനിക്ക് സമ്മാനം ഉറപ്പാണെന്ന് എല്ലാവരും പറയുന്നുണ്ട്.
സബ്ജൂനിയർ വിഭാഗത്തിലെ സമ്മാനങ്ങൾ കൊടുത്തു.
ജൂനിയർ വിഭാഗത്തിലെ കൊടുത്തു.എന്റെ പേരില്ല.സീനിയർ വിഭാഗത്തിലെ വിളിക്കാൻ തുടങ്ങി.കട്ടിൽ അല്ലേ ഉണ്ടാക്കിയത്,എന്നെ സീനിയർ ആക്കിക്കാണുമെന്ന് മാത്തുക്കുട്ടി പറഞ്ഞു.അതും കഴിഞ്ഞു.എന്നെ വിളിച്ചില്ല.
പ്രതീക്ഷ കൈവിട്ടില്ല.
സമ്മാനങ്ങൾ വെച്ചിരുന്ന മേശപ്പുറത്ത് ഒരു വലിയ ട്രോഫിയും,രണ്ടു കുഞ്ഞു ട്രോഫികളും ഇരിപ്പുണ്ട്.ആരെയൊക്കെയോ വിളിച്ച് കുഞ്ഞു ട്രോഫികൾ കൊടുത്തു.
ഇനി അതായിരിക്കും എന്നെ കാത്തിരിക്കുന്നത്.മാത്തുക്കുട്ടി എന്നെ തോണ്ടി.ട്രോഫി എനിക്കാണെന്ന് ആൻസിടീച്ചർ അവനോട് പറഞ്ഞത്രേ.
അവസാനം ഞാൻ കാത്തിരുന്ന ആ മുഹൂർത്തം ആയി.അനൗൺസർ പേരു വിളിച്ചു.ഏതോ ഒരു സ്കൂളിന്റെ.ആരൊക്കെയോ ചെന്ന് അതു വാങ്ങി.
തലകറങ്ങുന്നതുപോലെ.ഞാൻ മാത്തുക്കുട്ടിയുടെ ദേഹത്തേക്ക് ചാഞ്ഞു.അവൻ പിടിച്ചിട്ടും നിന്നില്ല.ആരൊക്കെയോ വന്നു എന്നെ എടുത്ത് ഓഫീസ് റൂമിൽ കൊണ്ടുപോയി.ക്ഷീണം മാറിയപ്പോൾ കുട്ടനുമൊന്നിച്ച് വീട്ടിലേക്ക് നടന്നുhttp://sudhiarackal100.blogspot.com
22 വർഷം മുൻപത്തെ ഒരു ഓർമ്മച്ചിത്രം.
മറുപടിഇല്ലാതാക്കൂKollm, nannaayi ezhuthi..
മറുപടിഇല്ലാതാക്കൂനന്ദി ദീപു.ഇനിയും വരണേ.
മറുപടിഇല്ലാതാക്കൂ12 പോസ്റ്റുകൾഡ്രാഫ്റ്റ് ചെയ്തിട്ടുണ്ട്.എഡിറ്റ് ചെയ്ത് ഉടനേ ഇടും.
അനുഭവകഥയാണല്ലെ.
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട്. എഴുതാനുമറിയാം.
എല്ലാ ഭാവുകങ്ങളും നേരുന്നു.
എഴുതിവച്ചവ ഉടനേ ഇടാതെ ചെറിയൊരു ഇടവേള കൃത്യമായി പാലിച്ച് പബ്ലീഷ് ചെയ്യുകയായിരിക്കും നല്ലത്. അല്ലെങ്കിൽ എഴുതിവച്ചവ വേഗം തീർന്നുപോകും. ആശംസകൾ...
നന്ദി വീകേജി...
മറുപടിഇല്ലാതാക്കൂഅങ്ങനെയെ ചെയ്യൂ.
വന്നതിനു വളരെ നന്ദി.!!!
അങ്ങനെയല്ല്ലേ നമ്മളൊക്കെ പ്രവൃത്തി പരിചയിക്കുന്നത്. പരaജയം വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന് മൊഴിയുമുണ്ടല്ലോ!!
മറുപടിഇല്ലാതാക്കൂനന്നായി വിവരിച്ചു സംഭവം!
അജിത്തേട്ടാ,വളരെ സന്തോഷം ട്ടോ.ഇനിയും സാന്നിധ്യം പ്രതീക്ഷിച്ചോട്ടേ!!!!
ഇല്ലാതാക്കൂഓർമ്മ ചെപ്പിലെ ഒരു അനുഭവം
മറുപടിഇല്ലാതാക്കൂനന്നായി പറഞ്ഞിരിക്കുന്നു കേട്ടൊ സുധി
അന്നുണ്ടാക്കിയ ആ കുഞ്ഞു കട്ടിലുകളിലൊന്നു മാത്രേ അവശേഷിക്കുന്നുള്ളു.അതെന്റെ അമ്മി സൂക്ഷിച്ച് വെച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസം അമ്മി അതെടുത്ത് പൊടി തുടച്ചു വെക്കുന്നതു കണ്ടപ്പോൾ എഴുതിപ്പോയതാ.
മറുപടിഇല്ലാതാക്കൂഅഭിപ്രായത്തിനു നന്ദി.
കട്ടില്‍ വിശേഷങ്ങൾ നന്നായിരിക്കുന്നു... സൂക്ഷിച്ചു വച്ച കുഞ്ഞുകട്ടിലിന്‍റെ ഫോട്ടോ കൂടി ഉണ്ടായിരുന്നെങ്കില്‍.....
മറുപടിഇല്ലാതാക്കൂനോക്കൂ..
ഇല്ലാതാക്കൂകണ്ടു.. സന്തോഷായി...
ഇല്ലാതാക്കൂനന്ദി.കല്ലോലിനി.
ഇല്ലാതാക്കൂകമ്പ്യൂട്ടറിലും ടാബ് ലറ്റിലും രണ്ട് തരത്തിലാണു ബ്ലോഗ് വർക്ക് ചെയ്യുന്നതെന്നാണു എനിക്ക് തോന്നുന്നത്..ഞാൻ ആ കട്ടിൽ ഡൈനിങ്ങ്റ്റേബിളിന്റെ മുകളിൽ വെച്ച് എടുത്ത ഫോട്ടോ സഹിതമാണു പോസ്റ്റ് ചെയ്തത്.ചതിയനായ എന്റെ ബ്രൗസർ ചന്തുവായി.ചതിച്ചു.
മറുപടിഇല്ലാതാക്കൂകമ്പ്യൂട്ടറിൽ മലയാളം ടൈപ്പ് ചെയ്യാൻ അറിയത്തുമില്ല
Google IME എന്ന് സെർച് ചെയ്താൽ ആദ്യം കിട്ടുന്ന ലിങ്ക് എടുത്ത് പോയി download ചെയ്താൽ മംഗ്ലീഷ് type ചെയ്താൽ മലയാളം വരും. അല്ലേൽ ഓൺലൈനിൽ ഗൂഗിൾ മലയാളം ഉണ്ട്. അതും അല്ലേൽ ബ്ലോഗ്ഗറിൽ local languages enable cheythaalമംഗ്ലീഷ് type ചെയ്താൽ മലയാളം വരും.
ഇല്ലാതാക്കൂഞാനും സ്കൂളിൽ പഠിക്കുമ്പോൾ പ്രവൃത്തിപരിചയ മേളയ്ക്ക് ചേർന്നിരുന്നു...പേപ്പർ ക്രാഫ്റ്റ്സ് ആയിരുന്നു ഇനം. അതൊക്കെ ഓർമ്മ വന്നു ഇത് വായിച്ചപ്പോൾ...നന്നായി എഴുതി...
മറുപടിഇല്ലാതാക്കൂവളരെ സന്തോഷം സംഗീത്..
ഇല്ലാതാക്കൂകൊച്ച് കൊച്ച് ഒർമ്മകളല്ലേ നമ്മുടെ
ജീവിതം
സന്തോഷഭരിതമാക്കുന്നത് !താങ്കളുടെ എല്ലാ പോസ്റ്റും വായിച്ചു.ഒരെണ്ണത്തിൽ മാത്രമേ കമന്റ് ഇടാൻ കഴിഞ്ഞുള്ളൂ...എന്തോ പ്രശ്നം പോലെ.
വായിച്ച എല്ലാ പോസ്റ്റിലും ഞാൻ അഭിപ്രായം കൊടുക്കാൻ ശ്രമിക്കാറുണ്ട്.
കട്ടിലു കലക്കി.,..ഒന്നു പനിച്ചിരുന്നെങ്കില്‍ കട്ടിലില്‍..... കിടക്കാമായിരുന്നു....ആശംസകൾ
മറുപടിഇല്ലാതാക്കൂവിനോദ്ചേട്ടാ!!!നന്ദി..
മറുപടിഇല്ലാതാക്കൂസമ്മാനം ഉറപ്പായും കിട്ടുമെന്ന് പ്രതീക്ഷിച്ച് അതുകിട്ടാതെ വരുമ്പോള്‍ വിഷമം ഏറുമെന്നത് തീര്‍ച്ചയാണ്...
മറുപടിഇല്ലാതാക്കൂആശംസകള്
മത്സരം കഴിഞ്ഞ് ഒരാഴ്ച സ്കൂളിൽ പോയില്ല.നാണക്കേട്!!
ഇല്ലാതാക്കൂഇപ്പോൾ അതൊക്കെ ഓർക്കുമ്പോൾ എന്തു സുഖമാ!!!
കലാഭവന്‍മണിക്ക് അവാര്‍ഡ് കിട്ടിയ പോലെ ആയല്ലോ..
മറുപടിഇല്ലാതാക്കൂഏതായാലും കാര്‍പ്പെന്റര്‍മാരോട് എനിക്ക് പണ്ടേ വല്ലാത്ത ആരാധനയാണ് കേട്ടോ..
ഒക്കെ ഈ പോസ്റ്റിലുണ്ട്
പ്രിയ Joselet Mamprayil
മറുപടിഇല്ലാതാക്കൂനല്ല ഓർമ്മകൾ ഒരിക്കലും മരിക്കുന്നില്ല.
താങ്കൾ ഇട്ട ലിങ്കിൽ കയറി കുര്യക്കോയ്ക്കൊപ്പം കയർ പിടിക്കാൻ നിൽക്കണമെന്നുണ്ടായിരുന്നു.എന്നാലും സമ്മതിച്ചാശാനേ,സമ്മതിച്ചു.
ചിരിപ്പിച്ചു പണ്ടാരടക്കി.!!!!
valare nannayirikkunnu
മറുപടിഇല്ലാതാക്കൂനന്ദി!!ഷജിത!!!!!!!
ഇല്ലാതാക്കൂഞാനും സ്കൂളിൽ പഠിക്കുമ്പോ പോയിട്ടുണ്ട്.. Hand embroidery, teaching aid അങ്ങനെ ചിലതൊക്കെ. വീണ്ടും കൂട്ടിനെത്തുന്ന ഓർമകൾ..
മറുപടിഇല്ലാതാക്കൂആ ഒരു മത്സരത്തിനു മാത്രേ ഞാൻ ആകെ ഇത് വരെ പങ്കെടുത്തിട്ടുള്ളൂ.അതേ സ്കൂളിൽ ഏഴിലെത്തിയപ്പോൾ അനിയത്തി സിന്ധു വാഴനാരു കൊണ്ട് ചെറിയ ബാഗ് ഉണ്ടാക്കാനുള്ള മത്സരത്തിനു ചേർന്നു..വാഴയുടെ പോള എടുത്ത് ചീപ്പ് കൊണ്ട് ചീകി നാരാക്കി വെയിലത്ത് വെച്ചുണക്കി നിറങ്ങൾ നൽകി കൊടുക്കുന്ന ചുമതല എനിക്കായിരുന്നു. ക്ലാസ്സിൽ കയറതെ രണ്ടാഴ്ചയെങ്കിലും ഓഫീസ് റൂമിന്റെ വരാന്തയിൽ മറ്റുള്ള കുട്ടികളുടെ കൂടെ സമയം കളഞ്ഞിരുന്നു...സിന്ധുവിനു ഒന്നാം സമ്മാനവും കിട്ടി.ആ ബാഗുകളിലൊന്നും സൂക്ഷിച്ച് വെച്ചിട്ടുണ്ട്.
ഇല്ലാതാക്കൂവായനക്ക് നന്ദി കുഞ്ഞുറുമ്പേ!!!!!
അനിക്സ്പ്രേ, പുന്നശ്ശേരിപ്പറമ്പ്, ........ കൊള്ളാം...... അനിക്സ്പ്രേ ഇപ്പോഴുണ്ടോ?
മറുപടിഇല്ലാതാക്കൂഇത് ഓർമ്മകൾ അയവിറക്കലാണോ? ജീവചരിത്രമാണോ? കഥയാണോ? കാര്യമാണോ? എന്തായാലും രസമായി എഴുതിയിട്ടുണ്ട്.
ഞാൻ എഴുതുന്നതെല്ലാം ഞാൻ അനുഭവിച്ച കാര്യങ്ങൾ ആണ്. നന്ദി ചേട്ടാ.
മറുപടിഇല്ലാതാക്കൂ